അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു, 24 വർഷങ്ങൾക്ക് മുമ്പ് 2001 സെപ്റ്റംബർ 11-ന് നടന്നത്. അമേരിക്കയെ മാത്രമല്ല, ലോകത്തെ മുഴുവൻ അത് നടുക്കി.

റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ന്യൂയോർക്കിലുള്ള വേൾഡ് ട്രേഡ് സെന്ററിലേക്കും വിർജീനിയയിലെ പെന്റഗൺ മന്ദിരത്തിലേക്കും ഇടിച്ചിറക്കുകയായിരുന്നു. മൂന്ന് വിമാനങ്ങൾ ഉപയോഗിച്ചാണ് അൽ-ഖയ്ദ ഈ ആക്രമണം നടത്തിയത്. രണ്ടുവിമാനങ്ങൾ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചുകയറ്റി. ഏകദേശം അതേ സമയത്തുതന്നെ അടുത്ത വിമാനം പെന്റഗണിലേക്കും ഇടിച്ചുകയറി. വേൾഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമണത്തിൽ നിലംപൊത്തി. 3000-ത്തോളം പേരാണ് അന്ന് മരിച്ചത്. അതിലേറെ ആളുകൾക്ക് പരിക്കേറ്റു. ദുരന്തത്തിനുശേഷം അപ്രത്യക്ഷരായവരുമുണ്ട്.

ഈ ആക്രമണങ്ങളുടെ ഭീകരത അതേപടി ജനങ്ങളിലേക്കെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചത് ചില ചിത്രങ്ങളാണ്. പത്രമാധ്യമങ്ങളിലെ ഫോട്ടോഗ്രാഫർമാരുടെയും ഫ്രീലാൻസ് ഫോട്ടാഗ്രാഫർമാരുടെയും പല ചിത്രങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റി.

2002-ൽ ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള പുലിറ്റ്‌സർ പുരസ്‌കാരം ലഭിച്ചത് 'ദ ന്യൂയോർക്ക് ടൈംസി'നാണ്. അതിൽ തന്നെ കെല്ലി ഗുന്തർ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ, പിന്നീട് ആക്രമണത്തിന്റെ നേർച്ചിത്രങ്ങളായി മാറി. ആദ്യത്തെ വിമാനം ഇരട്ടടവറുകളിലൊന്നിലേക്ക് ഇടിച്ചുകയറുമ്പോഴാണ് കെല്ലി ഇത് കാണുന്നത്.

''ഞങ്ങള്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വിമാനം വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചുകയറുന്നത് കണ്ടത്. ഞാന്‍ ക്യാമറയുമെടുത്ത് ബ്രൂക്ക്‌ലിന്‍ ഹൈറ്റ്‌സ് പ്രൊമനേഡിലേക്ക് ഓടി. അപ്പോഴാണ് എന്റെ പങ്കാളി ദൂരേക്ക് ചൂണ്ടിക്കാണിച്ചത്. ഒരു വിമാനം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മുകളിലൂടെ താഴ്ന്നു പറക്കുന്നു. അപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്.

ഒരു വലിയ ആക്രമണത്തിന്, ഒട്ടേറെ പേരുടെ മരണത്തിന് സാക്ഷിയാവാന്‍ പോവുകയാണ് ഞാന്‍. ആദ്യമൊരു ഞെട്ടലായിരുന്നു. അല്പനേരം മാത്രം. പതുക്കെ ഞാന്‍ ശ്വാസമെടുത്തു, എന്നിട്ട് മനസ്സില്‍ പറഞ്ഞു, 'ഇത് ചരിത്രമാണ്, നിന്റെ ഡ്യൂട്ടി ചെയ്യൂ'. ക്യാമറയെടുത്ത് ഫോക്കസ് ചെയ്തു, പതുക്കെ വിമാനം എന്റെ ഫ്രെയിമിലെത്തി'', കെല്ലി വിവരിച്ചു.

 

ബ്രൂക്ക്‌ലിന്‍ ഹൈറ്റ്‌സില്‍ നിന്നാല്‍ ന്യൂയോര്‍ക്ക് ഹാര്‍ബറും ലോവര്‍ മാന്‍ഹട്ടന്റെ ആകാശദൃശ്യവും വ്യക്തമായി കാണാം. അതുകൊണ്ടാണ് കെല്ലി അങ്ങോട്ടേക്കോടിയത്. അവിടെത്തിയപ്പോഴേക്കും രണ്ടാമത്തെ വിമാനവും വരുന്നത് കണ്ടു. കെല്ലിയുടെ ക്യാമറയില്‍നിന്നുള്ള ഈ ചിത്രമാണ് പിറ്റേദിവസത്തെ പല പ്രമുഖപത്രങ്ങളുടെയും ആദ്യത്തെ പേജില്‍ നിരന്നത്. ചില പത്രങ്ങള്‍ അത് ക്രോപ്പ് ചെയ്തും മറ്റു ചില പത്രങ്ങള്‍ അതിന്റെ രണ്ടു-മൂന്ന് ഷോട്ടുകള്‍ ഒരുമിച്ച് ചേര്‍ത്തുമാണ് പ്രസിദ്ധീകരിച്ചത്. 

''എന്നെ സംബന്ധിച്ചിടത്തോളം ആ ദൃശ്യം ഒരു കഥ തന്നെയായിരുന്നു. നീലാകാശം, ന്യൂയോര്‍ക്ക് സിറ്റിയുടെ സ്‌കൈലൈന്‍, കൂടെ ആ കറുത്ത വിമാനവും...ലോകം ഒരു വലിയ ആക്രമണത്തിന് സാക്ഷിയാവുന്നതിനു തൊട്ടുമുമ്പുള്ള നിമിഷങ്ങള്‍'', കെല്ലി ഓര്‍ക്കുന്നു. 

ന്യൂയോര്‍ക്ക് ടൈംസിന്റെ മറ്റൊരു ഫോട്ടോഗ്രാഫറായ ചാങ് ഡബ്ല്യു.ലീയുടെ ചിത്രം ദുരന്തത്തിന്റെ ഭീകരത അതേപോലെ പകര്‍ത്തി. ''അതിനു തൊട്ടുമുമ്പുള്ള ദിവസം ഞാന്‍ കുടുംബത്തോടൊപ്പം ഒരു യാത്ര പോയിരുന്നു. അതുകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ സന്ധ്യയാവാറായിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററിനുമുകളിലൂടെ മനോഹരമായ സൂര്യാസ്തമയം കണ്ടു. അപ്പോള്‍ ഞാന്‍ ഭാര്യയോട് പറയുകയും ചെയ്തു, എന്തൊരു ഭംഗിയാണ് വേള്‍ഡ് ട്രേഡ് സെന്ററിന്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് താമസിക്കുന്നതെന്ന ഒരു അഹങ്കാരമുണ്ടായിരുന്നു എനിക്ക്''. ആ ചിന്തകളെല്ലാം പിറ്റേദിവസം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു.

ഈ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ മരിച്ച ഏക ഫോട്ടോജേര്‍ണലിസ്റ്റാണ് വില്യം ബിഗ്ഗാര്‍ട്ട് എന്ന ബില്‍ ബിഗ്ഗാര്‍ട്ട്. സംഭവത്തിന്റെ ഒട്ടേറെ ചിത്രങ്ങളാണ് ബില്‍ പകര്‍ത്തിയത്. ഒടുവില്‍ തന്റെ കരിയറിലെ മികച്ച ചിത്രങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തിയശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ രണ്ടാമത്തെ ടവര്‍ വീണപ്പോള്‍, അതിനടിയില്‍പ്പെട്ടാണ് അദ്ദേഹം മരിക്കുന്നത്. നാലുദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങളും ക്യാമറ അടങ്ങിയ ബാഗുമെല്ലാം രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്തു. അതില്‍നിന്ന് അദ്ദേഹമെടുത്ത ചിത്രങ്ങളും കിട്ടി. 

സെപ്റ്റംബര്‍ 11-ന് മറ്റൊരാള്‍ പറഞ്ഞാണ് ബില്‍ അപകടത്തെക്കുറിച്ച് അറിയുന്നത്. ഉടന്‍ വീട്ടിലേക്കോടി. മൂന്ന് ക്യാമറകളടങ്ങിയ ബാഗുമെടുത്ത് തിരിച്ച് മൂന്നുകിലോമീറ്ററോളം ഓടിയാണ് വേള്‍ഡ് ട്രേഡ് സെന്ററിലെത്തുന്നത്. വഴിയിലെങ്ങും ഫയര്‍ ട്രെക്കുകളുണ്ടായിരുന്നു. അതിനിടയിലൂടെ എങ്ങനെയൊക്കെയോ സംഭവസ്ഥലത്തെത്തി. വഴിയില്‍ കാണുന്ന ചിത്രങ്ങളെല്ലാമെടുത്തു. അപ്പോഴേക്കും ട്വിന്‍ ടവറിലെ ആദ്യത്തേത് കത്തിയമര്‍ന്നിരുന്നു. അതിന്റെ ചിത്രങ്ങളെടുക്കുമ്പോഴാണ് ഭാര്യ വിളിക്കുന്നത്.

സുരക്ഷിതനാണെന്നും ഫയര്‍മാനൊപ്പമാണെന്നും 20 മിനിറ്റിനുള്ളില്‍ തിരിച്ചെത്തുമെന്നും ബില്‍ ഭാര്യയോട് പറഞ്ഞു. ഭാര്യയുമായുള്ള അവസാനത്തെ ഫോണ്‍സംഭാഷണം. അപ്പോഴേക്കും അടുത്ത ടവറും തകര്‍ന്ന് താഴേക്ക് വീഴാന്‍ തുടങ്ങിയിരുന്നു. ബില്‍ അതിന്റെ ചിത്രങ്ങളെടുക്കാന്‍ തുടങ്ങി. പിന്നാലെ ടവറിന്റെ അവശിഷ്ടങ്ങളെല്ലാം കൂടി താഴേക്ക് പതിച്ചു. അതിനിടയില്‍ ബില്‍ അകപ്പെടുകയും ചെയ്തു. സംഭവത്തിന്റെ 300-ലേറെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ബില്‍ മരണത്തിലേക്ക് പോയത്.  

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi