'ശ്രീവിഹാറിന്റെ ജനലുകൾ തുറന്നിട്ടാൽ പടിഞ്ഞാറേചിറ. മിന്നലിൽ തിളങ്ങുന്ന ജലം. മഴ ജ്വലിച്ചുവീഴുകയാണ്. ഓർമ്മകളിലേക്ക് നിഴലും നിലാവും മഴയുമായി രാജൻ വരുന്നു. ഏതു കൊടുങ്കാടിന്റെ നിഗൂഢതയിലാണ് പൊള്ളലേറ്റ ഒരാത്മാവ് പിടഞ്ഞുകൊണ്ട് നിലവിളിക്കുന്നത്. ആത്മാവിന് വഴിയറിയുന്ന കാഴ്ചയുണ്ടെങ്കിൽ അവന് ഇവിടെ വരാം. അവൻ സ്‌നേഹിച്ച, അവനെയോർത്ത് നിത്യമായ ഇരുട്ടിന്റെ ഇടവഴികളിലേക്ക് നടന്നുപോയ ഒരമ്മ ഇതുവരേക്കും ഇവിടെ ഉണ്ടായിരുന്നു. പിന്നെ ഈ അച്ഛൻ. പരസഹായത്തോടെ മാത്രം മുന്നോട്ട് ഒരടിവയ്ക്കാൻ കഴിയുന്ന ദുർബലനായ ഒരച്ഛൻ. പക്ഷേ, ഈ കൈകൾ ഇപ്പോഴും വിറയ്ക്കുന്നുണ്ട്. അവനെ കോരിയെടുത്ത് നെഞ്ചോട് ചേർത്തുപിടിച്ച ഈ കൈകൾ എന്തിനോ പിടയ്ക്കുന്നു. കുഞ്ഞിമോനേ, നീയെന്താണ് വരാത്തത്?'

To advertise here,

-പ്രൊഫ. ടി.വി. ഈച്ചരവാര്യരുടെ 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ മകൻ രാജനെ കുറിച്ചുള്ള വ്യഥകളും വാൽസല്യവും ഊറുന്ന വരികൾ.

അടിയന്തരാവസ്ഥ കേരളത്തിലും കരിനിഴൽ വീഴ്ത്തിയ കാലം. അന്ന് മുഖ്യമന്ത്രി സി. അച്യുതമേനോൻ, ആഭ്യന്തരമന്ത്രി കെ. കരുണാകരൻ. നിരവധിപേർ പൊലീസ്‌കസ്റ്റഡിയിലായി, ക്രൂരമർദ്ദനത്തിനിരയായി. അക്കൂട്ടത്തിൽ ഒരാളായിരുന്നു പി.രാജൻ എന്ന എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും. കേരളത്തെ പിടിച്ചുലച്ച അടിയന്തരാവസ്ഥയിലെ കറുത്ത ഏടുകളിലൊന്ന്. കനലുകൾ നീറുന്ന ഓർമ്മയാണത് രാജന്റെ കുടുംബത്തിന്. വേർപാടിന്റെ നോവുന്ന ഓർമ്മകൾക്ക് 2026 മാർച്ച് ഒന്നിന് 50വർഷം.

'അകാലത്തിൽ മാഞ്ഞുപോയ രാജന്റെ നീറുന്ന ഓർമ്മകളിലായിരുന്നു അവസാനശ്വാസം വരെ അച്ഛൻ'- പ്രൊഫ. ഈച്ചരവാര്യരുടെ മകൾ പി. രമാദേവിയുടെ വാക്കുകൾ. 'അമ്പതുവർഷം മുമ്പുള്ള ഒരു പ്രഭാതത്തിലാണ് രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്-1976 മാർച്ച് 1, ഒരിക്കലും മറക്കാനാകാത്ത ദിനം. രാജനെതേടി അച്ഛൻ അന്ന് ചെല്ലാത്തിടങ്ങളില്ല, മുട്ടാത്ത വാതിലുകളില്ല. അധികാരകേന്ദ്രങ്ങളിലുള്ളവരെല്ലാം തിരിഞ്ഞുനിന്നു. ഒടുവിലാണ് കക്കയംക്യാമ്പിലെ പൊലീസിന്റെ ക്രൂരതയും കിരാതനമുറകളും കേട്ടറിഞ്ഞത്. ഉള്ളുലഞ്ഞു, എല്ലാം കഴിഞ്ഞുവെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല'-രമാദേവിയുടെ ഹൃദയംനുറുങ്ങുന്ന വാക്കുകൾ. ഓർമിക്കാനും മറക്കാനും ഒരിക്കലും കഴിയാത്ത തീരാനോവ്.

നോവുന്ന ഓർമ്മയിൽ
'അന്ന് എറണാകുളത്താണ് ഞങ്ങൾ താമസിച്ചിരുന്നത്, 'സൗഹൃദനിലയം' എന്ന വീട്ടിൽ. അച്ഛൻ ഈച്ചരവാര്യരും അമ്മ രാധാവാരസ്യാരും അനുജത്തി ചാന്ദ്‌നിയും എറണാകുളത്തെ വീട്ടിലുണ്ട്. കോഴിക്കോട് ചാത്തമംഗലം റീജണൽ എൻജിനീയറിങ് കോളേജ് അവസാനവർഷ വിദ്യാർത്ഥിയായ രാജൻ, കോളേജ്‌ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. കോഴിക്കോട് ആർട്‌സ് ആന്റ് സയൻസ് കോളേജിലെ ഹിന്ദിഅധ്യാപകനായിരുന്നു അച്ഛൻ. ഞാൻ തിരുവനന്തപുരത്ത് ഐഎസ്ആർഒയിൽ ഉദ്യോഗസ്ഥയാണ്.

അന്ന് എന്റെ ശമ്പളത്തിൽ നിന്ന് ഒരു ഭാഗം എല്ലാമാസവും രാജന് ഡ്രാഫ്റ്റ് അയക്കും. എല്ലാമാസവും രാജന്റെ മറുപടിയും വരും. 1976-ലെ മാർച്ച്മാസം, അയച്ചതിന് ദിവസങ്ങൾ കഴിഞ്ഞിട്ടും മറുപടിയില്ല.

അച്ഛനോട് അന്വേഷിച്ചപ്പോൾ-'അവന് പരീക്ഷയാണ്. ഡ്രാഫ്റ്റ് കിട്ടിയെന്നറിയിക്കാൻ അവൻ പറഞ്ഞിരുന്നു'- എന്നായിരുന്നു മറുപടി. പഠനത്തിന്റെ തിരക്കിലാകുമെന്ന് ഞാനും കരുതി. ഒരു മാസത്തോളം അങ്ങിനെപോയി. എന്തോ ഒരു പന്തികേട് എനിക്ക് തോന്നിത്തുടങ്ങി.

എനിക്ക് വിവാഹാലോചനകൾ നടക്കുന്നുണ്ട് അന്ന്. ആളുകൾ കാണാനും വന്നു. എറണാകുളത്തെ സൗഹൃദനിലയത്തിൽ കുടുംബക്കാരെല്ലാമുണ്ട്. എന്നാൽ അനുജൻ രാജൻ വന്നിട്ടില്ല. അച്ഛൻ ഞങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു- 'രാജൻ ഇപ്പോൾ വരും, ഇന്ന് വരും, നാളെ വരും'-എന്നൊക്കെ പറഞ്ഞ്.

ഇതിനിടെ എറണാകുളത്ത് ക്ഷേത്രത്തിൽവച്ച് വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളും അടുത്തസുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങ്. ചേച്ചി എന്ന വിളിയോടെ രാജൻ വിവാഹചടങ്ങിലേക്ക് എത്തുമെന്ന് ഏറെ പ്രതീക്ഷിച്ചു. എന്നാൽ ഒന്നുമുണ്ടായില്ല. ആരുടെയും മുഖത്ത് കല്ല്യാണത്തിന്റെ സന്തോഷമുണ്ടായില്ല. രാജൻ എവിടെയെന്നറിയാതെ, അഭ്യൂഹങ്ങൾക്കിടെ, എല്ലാവരും വിങ്ങുന്ന വേദനയിൽ മൂകതയിലായിരുന്നു.

ഞാൻ രാജനെ അവസാനമായി കണ്ടത് 1975 ഡിസംബറിലാണ്. ക്രിസ്മസ് അവധി കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേക്ക് ജോലിക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിൽ നിന്ന് ബസ് കയറ്റി വിടാൻ പതിവുപോലെ രാജനാണ് അന്നും വന്നത്. ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞുപോകുന്ന അവന്റ മുഖം മനസ്സിൽ തെളിഞ്ഞുവന്നു.

അനുജനെ പൊലീസ് കൊണ്ടുപോയെന്നറിയുക, ഒരു വിവരവും കിട്ടാതിരിക്കുക, എത്രത്തോളം വേദനിപ്പിക്കുന്നതാണത്'- രമാദേവിയുടെ വാക്കുകളിൽ കണ്ണീർനനവ്.

മാർച്ച്മാസം കഴിഞ്ഞു. രാജനെ കാണുന്നില്ല. അവന് 'പരീക്ഷയുടെ തിരക്കാണ്', 'ഇപ്പോൾ വരും' എന്ന അച്ഛന്റെ വാക്കുകൾക്കൊന്നും എന്നെയും അനുജത്തിയെയും സമാധാനിപ്പിക്കാനായില്ല. ഒടുവിലാണ് അടുപ്പമുള്ള ചിലർ ഞങ്ങളോട് പറയുന്നത്. അതുകേട്ട് ഞാനും അനുജത്തിയും ഞെട്ടിത്തരിച്ചുപ്പോയി.

1976 മാർച്ച് 1- അന്നാണ്, ഫാറൂഖ് കോളേജിൽ യൂണിവേഴ്‌സിറ്റി ഡിസോൺ കഴിഞ്ഞ് കോളേജ് ബസ്സിൽ വന്നിറങ്ങിയ രാജനെ, അധ്യാപകരുടെയും സഹപാഠികളുടെയും മുന്നിൽവച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയത്. അന്നുമുതൽ ഞങ്ങളെയറിയിക്കാതെ എല്ലാവേദനയും ഉള്ളിലൊതുക്കി രാജനെ തേടിയുള്ള യാത്രകളിലായിരുന്നു അച്ഛൻ.

1976 ഫെബ്രുവരി 28-ന് പുലർച്ചെയുണ്ടായ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായായിരുന്നു അന്ന് ആർ.ഇ.സി.യിലേക്ക് പൊലീസ് എത്തിയത്. നക്‌സലുകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ നിഗമനം. സംശയം തോന്നുന്നവരെയെല്ലാം പൊലീസ് ചോദ്യംചെയ്യാനായി പിടിച്ചുകൊണ്ടുപോയി. വിദ്യാർത്ഥികളെന്നുള്ള പരിഗണനയൊന്നുമുണ്ടായില്ല. ഡിസോൺ കലോൽസവത്തിൽ രാജൻ സജീവപങ്കാളിയായിരുന്നത് സഹപാഠികൾക്കും അധ്യാപകർക്കും അറിയാമായിരുന്നു. എന്നാൽ ഒരു ചോദ്യവുമില്ല, അന്വേഷണവുമില്ല. കുറ്റക്കാർ ആരാണ്, നിരപരാധികൾ ആരാണ് എന്നുമില്ല, നിയമനടപടികളും പാലിച്ചില്ല. ഏതോ ഒരു രാജനെ തേടിയുള്ള അന്വേഷണത്തിൽ കുറെ രാജൻമാരെ പൊലീസ് പിടിച്ചു. ഞങ്ങളുടെ രാജനും അക്കൂട്ടത്തിൽപ്പെട്ടുപോയി. രാജൻ എന്ന പേരാണ് അവന് കുരുക്കായത്'- രമാദേവി ഓർക്കുന്നു.

രാജനെ തേടി
'1976 ഫെബ്രുവരി 26-അന്നായിരുന്നു അച്ഛൻ രാജനെ അവസാനമായി കണ്ടത്. കോളേജ് അധ്യാപകനായിരുന്ന അച്ഛൻ അന്ന് കോഴിക്കോട്ട്, ലോഡ്ജിലാണ് താമസം. അച്ഛനെ കാണാൻ രാജൻ ഇടയ്ക്കിടെ വരും. അന്നും അങ്ങിനെ വന്നതായിരുന്നു. കുറച്ചുനേരം അച്ഛനുമായി സംസാരിച്ചിരുന്നു. 'അവധിക്ക് വീട്ടിൽ വരാം' എന്നുപറഞ്ഞാണ് അവൻ കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങിയത്. രണ്ടുദിവസം കഴിഞ്ഞ് രാജനെ പോലീസ് കൊണ്ടുപോയെന്ന വിവരമാണ് അച്ഛൻ അറിഞ്ഞത്.

അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ മുതൽ ആഭ്യന്തരമന്ത്രി കെ. കരുണാകരൻ വരെയുള്ളവരെ അച്ഛൻ ചെന്നുകണ്ടു. കണ്ണീരണിഞ്ഞ അപേക്ഷകൾ ആരും കേട്ടില്ല. ഭരണാധികാരികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മനസ്സലിഞ്ഞില്ല.

മനസ്സുരുകി കഴിഞ്ഞദിനങ്ങൾ. ഉറങ്ങാനായില്ല, ഭക്ഷണമിറങ്ങില്ല. രാജനെകുറിച്ച് ചോദിച്ച് ഞാനും അനുജത്തിയും എപ്പോഴും കരഞ്ഞു. ആകുലചിന്തകൾ ഞങ്ങളെ പിടികൂടി. അച്ഛൻ, മാസങ്ങളായി രാജനെ തേടിയുള്ള അലച്ചിൽ തുടരുകയായിരുന്നു.

ഇതിനിടെ അടിയന്തരാവസ്ഥ പിൻവലിച്ചുവെന്ന വാർത്തകേട്ടു, വീണ്ടും പ്രതീക്ഷകളുടെ പുലരി. രാജനെ തിരിച്ചുകിട്ടാൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകാനായിരുന്നു തീരുമാനം. അടിയന്തരാവസ്ഥ പിൻവലിച്ചതിന് ശേഷമുള്ള ആദ്യഹർജിയായി അത്', രമാദേവി പറഞ്ഞു. അഡ്വ. ഈശ്വരയ്യരും അഡ്വ.രാംകുമാറും എല്ലാ നിയമസഹായങ്ങളും നൽകി.

'രാജനെ അറസ്റ്റു ചെയ്തിട്ടില്ല-എല്ലാവരിലും സംശയങ്ങൾ ഉയർത്തിയതായിരുന്നു കെ. കരുണാകരന്റെ ഈ വാക്കുകൾ'-രമാദേവി ഓർക്കുന്നു. നിയമസഭയിലും ചോദ്യം ഉന്നയിക്കപ്പെട്ടതോടെയാണ് കരുണാകരൻ അന്ന് ചാടിയെഴുന്നേറ്റ് ഇങ്ങിനെ പ്രഖ്യാപിച്ചത്. തുടർന്നായിരുന്നു കെ. 'കരുണാകരനെയും പ്രതിയാക്കി ഭേദഗതിയോടെ ഹർജി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. ഡിഐജി ജയറാം പടിക്കൽ, ലക്ഷ്മണ, പുലിക്കോടൻ നാരായണൻ എന്നിവരുൾപ്പെടെ ഹർജിയിൽ പ്രതികളാക്കിയിരുന്നു. എങ്ങിനെയായാലും സത്യം പുറത്തുവരണമെന്ന് അച്ഛൻ ഉറപ്പിച്ചിരുന്നു. അത് നേരായ വഴിയിലൂടെ വേണമെന്നും നിർബന്ധമായിരുന്നു. നീതി കിട്ടുമെന്നും വിശ്വസിച്ചു.

അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന്റെ ജയത്തെ തുടർന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. എന്നാൽ ദിവസങ്ങൾ നീണ്ടുനിന്നില്ല. കോടതിവിധിയെ തുടർന്ന് കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. അച്ഛൻ ഇതേക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്.

രാജനെ പൊലീസ് കൊണ്ടുപോയിട്ടുണ്ടെന്നും രാജനെ ഹാജരാക്കണമെന്നും ഹൈക്കോടതി വിധി പറഞ്ഞിരുന്നു. സുപ്രീംകോടതിയും ഇതു ശരിവച്ചു. കള്ളസത്യവാങ്മൂലമാണ് നൽകിയതെന്നും രാജനെ ഹാജരാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. തുടർന്നായിരുന്നു കെ.കരുണാകരന്റെ രാജി. ഞങ്ങളിൽ ഏറെ ആശ്വാസമുണ്ടാക്കിയ വിധിയായിരുന്നു അത്.

എന്നാൽ അവസാനപ്രതീക്ഷകളും അസ്തമിക്കുന്നതായിരുന്നു തുടർന്ന് നടന്നത്. ആദ്യഘട്ടത്തിൽ കോടതിവിധികൾ അച്ഛന് അനുകൂലമായിരുന്നു. എന്നാൽ അന്തിമവിചാരണക്കൊടുവിൽ എതിർകക്ഷികൾ കുറ്റവിമുക്തരാകുന്നതാണ് കണ്ടത്'-രമാദേവിയുടെ വാക്കുകൾ.

'നെഞ്ചുപൊട്ടുന്ന വേദനയിൽ'
കോടതിയിൽ വിചാരണവേളയിലെ ചില സാക്ഷിമൊഴികളിൽ നിന്ന്, നെഞ്ചുപൊട്ടുന്ന വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു, അനുജൻ രാജൻ ഇനിയില്ല. കക്കയംക്യാമ്പിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായാണ് രാജൻ മരിച്ചതെന്ന് പിന്നീട് എല്ലാവരുമറിഞ്ഞു. ക്യാമ്പിൽ അന്ന് മർദ്ദനത്തിനിരയായവരിൽ ചിലരാണ് കൊടുംഭീകരതകളെ കുറിച്ച് അച്ഛനോട് പറഞ്ഞത്. രാജനെ തേടിയുള്ള അന്വേഷണങ്ങളിൽ കക്കയംക്യാമ്പിലുണ്ടായ പൊലീസ് ക്രൂരതകളും മർദ്ദനങ്ങളും അച്ഛൻ അറിഞ്ഞിരുന്നു. രാജന് നേരെയുണ്ടായ ഭീകരത കേട്ട് ആ ഹൃദയം വേദനയിൽ നുറുങ്ങിയിട്ടുണ്ടാകും. അതാകാം ഞങ്ങളെ ആശ്വസിപ്പിക്കാനും സ്വയം ആശ്വസിക്കാനും പറയാറുണ്ടായിരുന്ന 'രാജൻ വരും' എന്ന് അച്ഛൻ പിന്നീട് പറയാതെയായത്. കക്കയംക്യാമ്പിനെ കുറിച്ച് കേട്ട് ഉള്ളൊന്ന് വിറച്ചു. രാജനെ തേടി അച്ഛൻ അവിടേക്ക് പോയതും ഞങ്ങളറിഞ്ഞു. കക്കയംക്യാമ്പ് എന്ന് കേൾക്കുന്നതുപോലും ഭീതിദമായി തോന്നി.

കുറ്റം ചെയ്തവർ അന്ന് രക്ഷനേടിയിരിക്കാം. അവർ ഒരിക്കലും അതേറ്റു പറഞ്ഞില്ല. ഒരിക്കലും അവർ തിരിഞ്ഞുനോക്കിയില്ല. എന്നാൽ സത്യത്തെ മറച്ചുവയ്ക്കാനാവില്ലല്ലോ. എല്ലാം എല്ലാവർക്കും അറിയാം, അന്നും ഇന്നും എന്നും. ഈ നാടും ജനതയും ഒപ്പംനിന്നു, സ്‌നേഹത്തോടെ ചേർത്തുപിടിച്ചു. അതായിരുന്നു എന്നും അച്ഛന്റെ ആശ്വാസം. അന്ന് കോടതിവിധിപ്രകാരം നഷ്ടപരിഹാരമായി ലഭിച്ച തുക അച്ഛൻ, എറണാകുളം ജനറൽ ആശുപത്രിക്ക് രാജന്റെ പേരിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റ് നിർമ്മാണത്തിന് കൈമാറി.

അമ്മയാണ് ആദ്യം പോയത്. അമ്മയെ ഒരിക്കലും ഒന്നും അറിയിച്ചില്ല. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അമ്മ, സൂക്ഷിച്ചുവച്ചിരുന്ന ആകെയുള്ള സമ്പാദ്യമായ നാണയത്തുട്ടുകളുടെ ഒരുപൊതി രാജന് നൽകാനായി അച്ഛനെ ഏൽപ്പിച്ചിരുന്നു. പിന്നീടുള്ള കാലം അച്ഛൻ അത് സൂക്ഷിച്ചുവച്ചു.

20 വർഷം മുമ്പ് 85-ാം വയസ്സിലാണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്. അച്ഛന്റെ ജീവിതയാത്ര എന്നും സജീവമായിരുന്നു. രാജനെ തേടിയുള്ള യാത്ര ആരംഭിക്കുന്ന 1976 മാർച്ച് മാസമായിരുന്നു അധ്യാപകനായിരുന്ന അച്ഛൻ വിരമിച്ചത്. വർഷങ്ങൾ കഴിഞ്ഞ് അച്ഛനും അന്നത്തെ സഹപ്രവർത്തകരും വിദ്യാർത്ഥികളും ഒത്തുകൂടി. അന്ന് നൽകാൻ കഴിയാത്ത യാത്രയയപ്പ് യോഗത്തിന് പകരമായി, അച്ഛനോടുള്ള അവരുടെ സ്‌നേഹാദരവിന്റെ യോഗമായിരുന്നു അത്.

ഞങ്ങൾക്ക് തണലായി എന്നും അച്ഛന്റെ ഓർമ്മകളുണ്ട്. തൃശൂർ പടിഞ്ഞാറെച്ചിറക്ക് അടുത്തുള്ള 'ശ്രീവീഹാറിൽ' ചാരുകസേരയിലിരിക്കുന്ന അച്ഛന്റെ മുഖമാണ് മനസ്സിൽ. വീട്ടിലുള്ളപ്പോഴൊക്കെ അച്ഛൻ ചാരുകസേരയിൽ പടിഞ്ഞാറെചിറയിലേക്ക് നോക്കിയിരിക്കും, രാജനെ കുറിച്ചുള്ള വിട്ടൊഴിയാത്ത ഓർമ്മകളായിരിക്കണം മനസ്സിൽ'-രമാദേവിയുടെ കണ്ണീർനനവാർന്ന വാക്കുകൾ.

'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ' പ്രൊഫ. ടി.വി. ഈച്ചരവാര്യർ അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ്.-

'ഞാൻ അവസാനിപ്പിക്കുകയാണ്. ഈ കർക്കിടകത്തിൽ മഴ തകർത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളിൽ പെയ്തുവീഴുമ്പോഴൊക്കെ ഞാൻ മോനെ ഓർക്കുന്നു. പടിവാതിൽ അടച്ചുപൂട്ടിയാലും ആരോ വന്ന് അത് തുറന്ന് പൂമുഖപ്പടിയിൽ മുട്ടുന്നതുപോലെ. ആത്മാവിന് പൂർവജന്മ ബന്ധങ്ങളില്ലാ എന്നെഴുതുന്നത് ശരിയാവില്ല.

മഴ പൊഴിയുന്ന ഈ രാത്രിയിൽ ഞാൻ അവന്റെ കാസറ്റിലാക്കിയ പാട്ടു വെയ്ക്കുന്നു. മൂളുന്ന ടേപ്‌റെക്കാർഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാൻ തൊട്ടെടുക്കാൻ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാൻ കേൾക്കാതെ പോയ പാട്ടുകൾക്കൊണ്ട് എന്റെ ഭൂമി നിറയുകയാണ്.

പുറത്ത് മഴ നനഞ്ഞ് എന്റെ മകൻ നിൽക്കുന്നു. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിറുത്തിയിരിക്കുന്നത്.

ഞാൻ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകൾ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ'.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi