ഇരുണ്ട ചുണ്ണാമ്പുകല്ലുകള്‍കൊണ്ടും മാര്‍ബിള്‍ കൊണ്ടും പതിനായിരത്തോളം ഓക്കുമരങ്ങള്‍ക്കൊണ്ടും രണ്ടു നൂറ്റാണ്ടോളമെടുത്ത് പണിതീര്‍ത്ത ദേവാലയം, പാരീസിലെ നോത്രദാം. പതിമൂന്നാം നൂറ്റാണ്ടില്‍ പണിതുതീര്‍ത്ത, ചരിത്രവും വിശ്വാസവും ഒന്നിച്ചുവാഴുന്ന ദേവാലയം. വിഖ്യാത എഴുത്തുകാരന്‍ വിക്ടര്‍ ഹ്യൂഗോയിലൂടെ ലോകജനത മനസ്സില്‍ ചേര്‍ത്തുവെച്ചയിടം. തീര്‍ഥാടകരും സഞ്ചാരികളും ഒരേപോലെ കാണാന്‍ കാത്തിരുന്ന നോത്രദാം അഞ്ചരക്കൊല്ലത്തിനുശേഷം വീണ്ടും തുറക്കുകയാണ്.

To advertise here,

2019-ലുണ്ടായ വലിയ തീപ്പിടുത്തം ഈ പുരാതനദേവാലയത്തിന് വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഭാഗികമായെങ്കിലും നോത്രദാമിനു സംഭവിച്ച നഷ്ടങ്ങളെ അന്ന് ലോകത്തിന് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. 600-ഓളം അഗ്നിരക്ഷാപ്രവര്‍ത്തകര്‍ 15 മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. മേല്‍ക്കൂരയുടെ മൂന്നില്‍ രണ്ടുഭാഗവും കത്തിനശിച്ചു. കുരിശിലേറ്റുന്ന സമയത്ത് യേശുക്രിസ്തു ധരിച്ചെന്നു കരുതപ്പെടുന്ന മുള്‍മുടി കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കാനായി. പരിക്കുകള്‍ നികത്തി, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരടക്കമുള്ളവരെക്കൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ദേവാലയം വീണ്ടും ഉണരാനൊരുങ്ങുന്നത്. 

ഫ്രാന്‍സിന്റെ പൈതൃകവും പ്രതീകവും, മത-സാംസ്‌കാരിക പ്രതീകങ്ങളില്‍ ഒന്നുമായ അതിപുരാതന കത്തീഡ്രല്‍ ഡിസംബര്‍ ഏഴോടെ തുറക്കുമെന്നാണ് കരുതുന്നത്. പോപ് അലക്‌സാണ്ടര്‍ മൂന്നാമനാണ് 1163-ല്‍ കത്തീഡ്രലിന് തറക്കല്ലിട്ടത്. ഗോഥിക് വാസ്തുവിദ്യയില്‍ നിര്‍മിച്ച ദേവാലയത്തിന്റെ പണി രണ്ടു നൂറ്റാണ്ടോളമെടുത്ത് 1345-ഓടെയാണ് പൂര്‍ത്തിയായത്.  

നോത്രദാമിലെ ഗോപുരമണികള്‍ ഏറെ പ്രശസ്തമാണ്. 387 ചവിട്ടുപടികളുള്ള ഗോവണിയിലൂടെ കയറിച്ചെന്നാല്‍ അവയ്ക്കു സമീപമെത്താം. നാല് കൂറ്റന്‍ വെങ്കലമണികളാണിവിടെയുള്ളത്. അവ ദിവസത്തില്‍ മൂന്നുതവണ മാറിമാറി നഗരത്തെ വിളിച്ചുണര്‍ത്തും. പതിമൂന്നു ടണ്‍ ഭാരമുള്ള ഇമ്മാനുവല്‍ മണിയാണ് അതിലേറ്റവും വലിയ ശബ്ദമുണ്ടാക്കുക. ഫ്രഞ്ച് വിപ്ലവത്തില്‍ കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോള്‍ ഇമ്മാനുവല്‍ മണിയാണ് നഗരത്തേയും ലോകത്തേയും അതാദ്യമറിയിച്ചത്. 

ജറുസലേമില്‍ നിന്ന് കുരിശുയുദ്ധക്കാലത്ത് കൊണ്ടുവന്ന മുള്‍മുടി യൂറോപ്പിലെ പല ചക്രവര്‍ത്തിമാരിലൂടെ കൈമാറി 1235-ല്‍ ലൂയി ഒമ്പതാമനില്‍ എത്തിച്ചേരുകയായിരുന്നു. അദ്ദേഹമാണ് നോത്രദാം ദേവാലയത്തില്‍ അവ സംരക്ഷിക്കാനേല്‍പ്പിച്ചത്. ക്രിസ്തുവിനെ തറച്ച മൂന്ന് കുരിശാണികളിലൊന്നും നോത്രദാമിലുണ്ട്.