താരനിശകളിലും സെലിബ്രിറ്റികളുടെ വെഡ്ഡിങ് പാർട്ടികളിലുമെല്ലാം സജീവമായി പങ്കെടുക്കുകയും ചിത്രങ്ങളിലൂടെ പ്രശസ്തനാവുകയും ചെയ്ത വ്യക്തിയാണ് ഒാറി (Orhan Awatramani). യഥാർത്ഥത്തിൽ ഓറി എന്തു ജോലിയാണ് ചെയ്യുന്നതെന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ടോക്ക് ഷോകളിൽ തൊഴിലിനെക്കുറിച്ച് ചോദ്യം വരുമ്പോൾ അവ്യക്തമായ ഉത്തരങ്ങളാണ് അദ്ദേഹം പലപ്പോഴും നൽകാറ്. താൻ എങ്ങനെയാണ് പണമുണ്ടാക്കുന്നതെന്ന് ഒരു പോഡ്കാസ്റ്റിലൂടെ ഓറി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. 

തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം ബ്രാൻഡ് സഹകരണങ്ങളിൽ നിന്നും പെയ്ഡ് അപ്പിയറൻസുകളിൽ നിന്നുമാണെന്ന് ഓറി പറയുന്നു. "കഴിഞ്ഞ മാസം ഒരു ഡീലിൽ നിന്ന്, അതായത് ഒരു റീലിൽ നിന്ന് മാത്രം ഞാൻ 76 ലക്ഷം രൂപ സമ്പാദിച്ചു" ബ്രാൻഡ് പങ്കാളിത്തങ്ങളെയും സ്പോൺസർ ചെയ്ത ഉള്ളടക്കത്തെയും കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഓറി തന്റെ ഓൺലൈൻ ജനപ്രീതി ബിസിനസ്സാക്കി മാറ്റുകയാണിവിടെ. സ്വകാര്യ ഇവന്റുകളിൽ പങ്കെടുക്കുന്നതിനും ലഞ്ച്, ഡിന്നർ, ജന്മദിന പാർട്ടികൾ, വിവാഹങ്ങൾ, മറ്റ് സാമൂഹിക ഒത്തുചേരലുകൾ എന്നിവയിൽ പ്രത്യക്ഷപ്പെടുന്നതിനുമൊക്കെ 15 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. 

"15 മുതൽ 25 വരെ ലക്ഷം രൂപയ്ക്ക്, നിങ്ങൾക്ക് ഉച്ചഭക്ഷണത്തിന് എന്നെ വാങ്ങാം, നിങ്ങൾക്ക് അത്താഴത്തിന് എന്നെ വാങ്ങാം, ഞാൻ നിങ്ങളുടെ വിവാഹത്തിന് വരും, ജന്മദിനത്തിന് വരും, ഞങ്ങൾ ബാല്യകാല സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ഞാൻ പ്രസംഗിക്കും. നിങ്ങളോടൊപ്പം സമയം ചെലവഴിക്കുകയും നിങ്ങളുടെ മാതാപിതാക്കളോടൊപ്പം മദ്യപിക്കുകയും ചെയ്യും. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാവരെയും സ്പർശിക്കുകയും ചെയ്യും. ഇത് വാങ്ങാൻ കഴിയുന്ന ഒരു അനുഭവമാണ്."-ഓറി പറഞ്ഞു.

ഓറിയുടെ സിഗ്നേച്ചർ പോസ്

ഓറി ഷാരൂഖ് ഖാനുമായാണ് തന്നെ താരതമ്യപ്പെടുത്തുന്നത്. ഇന്ത്യയിൽ രണ്ട് പേർ മാത്രമേ പോസിന് പേരുകേട്ടവരായിട്ടുള്ളൂ, അത് താനും ഷാരൂഖ് ഖാനുമാണെന്നാണ് ഓറിയുടെ അവകാശവാദം. ചിത്രങ്ങൾക്കായി പോസ് ചെയ്യുമ്പോൾ സെലിബ്രിറ്റിയുടെ നെഞ്ചിൽ കൈവെക്കുന്നതാണ് ഓറിയുടെ സിഗ്നേച്ചർ പോസ്.  

തന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് മാതാപിതാക്കളാണെന്നും ഓറി പറയുന്നു.

ഇൻസ്റ്റാഗ്രാമിൽ 2.5 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഓറിക്കുള്ളത്. അംബാനി കുടുംബത്തിന്റെ ബിസിനസ് വൃത്തത്തിന്റെ ഭാഗമാണിയാളെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ ചെയർപേഴ്സൺസ് ഓഫീസിൽ സ്പെഷ്യൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുകയാണെന്നും വിവരമുണ്ട്. 

അംബാനി കുടുംബത്തിന്റെ ഇവന്റുകളിലെല്ലാം ഓറി സജീവമാണ്. ജാൻവി കപൂർ, ഖുഷി കപൂർ തുടങ്ങിയ സെലിബ്രിറ്റികൾക്കൊപ്പം ഓറി പലപ്പോഴും പോസ് ചെയ്യാറുണ്ട്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi