കഴിഞ്ഞ ദിവസം മോഹൻലാൽ അഭിനയിച്ച, വിൻസ്മേര ജുവൽസിന്റെ ഒരു പരസ്യചിത്രം വൈറലാവുകയുണ്ടായി. അതിനുപിന്നാലെ മോഹൻലാലിന്റെ സ്ത്രൈണഭാവങ്ങളും ചർച്ചയായി. സാധാരണയിൽ നിന്നു വ്യത്യസ്തമായ ഒരു മേക്കിങ്. സ്റ്റീരിയോടൈപ്പുകൾ ബ്രേക്ക് ചെയ്യപ്പെടേണ്ടത് തന്നെയാണെന്ന് ഒരിക്കൽക്കൂടി ശക്തമായി പറഞ്ഞുവെക്കുന്ന പ്രമേയം. നിറയെ  പ്രതികരണങ്ങളും നിമിഷങ്ങൾക്കകം തന്നെ ഇതിനു ലഭിക്കുകയുണ്ടായി.

ഒട്ടുമിക്ക പേരും ആ പരസ്യചിത്രത്തിന്റെ ഉള്ളടക്കത്തെ ഉൾക്കൊണ്ട് അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാൽ, എതിർത്തും ചിലരെത്തി. മോഹൻലാലിന്റെ അഭിനയത്തിലുണ്ടായ അപാകതയെന്നോ പരസ്യത്തിന്റെ മേക്കിങ്ങിലുള്ള വ്യക്തത കുറവെന്നോ ഒന്നുമല്ല ഇത്തരക്കാരുടെ വാദം. മോഹൻലാലിനെ പോലൊരു അഭിനോതാവ് ഫെമിനൈനിറ്റി അഭിനയിച്ചു എന്നതുമാത്രം. എന്താണ് ആളുകൾക്ക് ഫെമിനൈനിറ്റിയോട് ഇത്രയും അസഹിഷ്ണുത? മാസ്‌ക്യുലിനിറ്റി ആഘോഷിക്കപ്പെടുന്ന സമൂഹമാണ് നമ്മുടേത്. അത് ആണ് കാണിച്ചാലും പെണ്ണ് കാണിച്ചാലും ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ ഫെമിനൈനിറ്റി നേരെ തിരിച്ചാണ്. അത് ആണിനു ചേരില്ലെന്ന അനാവശ്യമായ ഒരു മുൻധാരണ എല്ലായിടത്തും അദൃശ്യമായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

പൗരുഷത്തിന്റെ പ്രതീകമായി ആഘോഷിക്കപ്പെടുന്ന ഒരുനടൻ അത് ഭേദിച്ച് പുറത്തുകടക്കുന്നത് ഒരുതരത്തിൽ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് തന്നെയാണ്. സ്‌ത്രൈണഭാവം ഇത്രയും വ്യക്തമായി അഭിനയിച്ചു ഫലിപ്പിക്കാൻ സാധിച്ച അഭിനേതാവിന്റെ കഴിവിനെ ഒരിക്കലും കണ്ടില്ലെന്നു നടിക്കാൻ സാധ്യമല്ല. ഓരോ പുരുഷനിലുമുള്ള സ്‌ത്രൈണഭാവത്തിന് അർഹിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും നൽകിക്കൊണ്ട് ഏറെ കരുതലോടെയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ക്ലോസപ് ഷോട്ടുകളിൽ മോഹൻലാലിന്റെ കൈകൾ ഒരു നർത്തകിയുടെ അനായാസതയിൽ ചലിയ്ക്കുന്നത് കാണാം. ഒപ്പം കണ്ണാടിയിൽ നോക്കുമ്പോൾ കൊടുക്കുന്ന ഭാവങ്ങൾ അത്രയും മിതത്വത്തോടെ ശ്രദ്ധിച്ചു തന്നെയാണ് അഭിനയിച്ചിരിക്കുന്നതും.

ജ്വല്ലറികളുടെ പരസ്യങ്ങളിൽ സ്ത്രീകൾ മതി എന്ന ചിന്താഗതി മനസിൽ ഉറപ്പിച്ച സമൂഹത്തിന് മുൻപിലേക്കാണ് പരസ്യസംവിധായകൻ പ്രകാശ് വർമ, മോഹൻലാലിനെ ഈ വിധം അവതരിപ്പിക്കുന്നത്. പുരുഷന്മാരിലെ സ്‌ത്രൈണതയെ നെറ്റിചുളിച്ച് കാണുന്നവരുടെ മുൻപിലേക്ക് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ തന്നെ സ്‌ത്രൈണഭാവങ്ങളുമായി എത്തുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന പോസിറ്റീവ് സ്വാധീനം വളരെ വലുതാണ്.

ലോകമെമ്പാടും, പുരുഷന്മാരിലെ സ്‌ത്രൈണ ഗുണങ്ങളെ വിമർശിക്കുന്നത് ഒരു സാമൂഹിക പ്രതിഭാസമാണ്. പുരുഷന്മാർ സാമ്പ്രദായികമായി പുരുഷത്വത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, സൗമ്യത, വൈകാരികത, അല്ലെങ്കിൽ സൗന്ദര്യാഭിരുചി തുടങ്ങി സ്‌ത്രൈണമായ ഗുണങ്ങൾ പുരുഷന്മാർ പ്രകടിപ്പിക്കുമ്പോൾ അവ അപമാനകരമായോ ദൗർബല്യമായോ കണക്കാക്കപ്പെടുന്നു. ഈ വിമർശനത്തിന്റെ വേരുകൾ ചരിത്രപരവും സാംസ്‌കാരികവുമായ സാഹചര്യങ്ങളിലാണ്. പുരുഷന്മാരിലെ സ്‌ത്രൈണതയെ വിമർശിക്കുന്നതിന്റെ ചരിത്രപരമായ പശ്ചാത്തലവും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും പരിശോധിക്കുമ്പോൾ മനസിലാവുന്നത് ലിംഗഭേദങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ ചരിത്രത്തിൽ വ്യത്യസ്ത സംസ്‌കാരങ്ങളിൽ വ്യത്യസ്തമായിരുന്നു എന്നാണ്.

പുരാതന ഗ്രീസിൽ, പുരുഷന്മാർ സൗന്ദര്യാഭിരുചിയും വൈകാരികതയും പ്രകടിപ്പിക്കുന്നത് സാമൂഹികമായി അംഗീകരിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ഗ്രീക്ക് ദാർശനികനായ പ്ലേറ്റോയുടെ സിമ്പോസിയം എന്ന കൃതിയിൽ, പുരുഷന്മാർ തമ്മിലുള്ള വൈകാരികവും സൗന്ദര്യാത്മകവുമായ ബന്ധങ്ങൾ ഉയർന്ന മൂല്യമുള്ളവയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, മധ്യകാല യൂറോപ്പിൽ, ശക്തി, ആധിപത്യം, യുദ്ധവീര്യം എന്നിവയുമായി ബന്ധപ്പെടുത്തപ്പെട്ടു പുരുഷത്വം. സ്‌ത്രൈണ ഗുണങ്ങൾ പുരുഷന്മാരിൽ പ്രകടമാകുമ്പോൾ, അത് പലപ്പോഴും ദൈവനിന്ദയായോ ദൗർബല്യമായോ കണക്കാക്കപ്പെട്ടു.

19ആം നൂറ്റാണ്ടിൽ, കൊളോണിയൽ ഭരണത്തിന്റെ സ്വാധീനത്തോടെ, പുരുഷത്വത്തിന്റെ ആശയങ്ങൾ കൂടുതൽ കർക്കശമായി. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിലെ പുരുഷന്മാരെ മൃദുലമോ സ്‌ത്രൈണമോ ആയി ചിത്രീകരിക്കുന്നത് ഒരു വിമർശനമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ബംഗാളി പുരുഷന്മാരെ 'എഫെമിനേറ്റ്' എന്ന് വിളിച്ച് ബ്രിട്ടീഷുകാർ അവരുടെ ആധിപത്യത്തെ ന്യായീകരിച്ചിട്ടുണ്ട്. ഇത്, പുരുഷന്മാരിലെ സ്‌ത്രൈണ ഗുണങ്ങളെ അപമാനകരമായി ചിത്രീകരിക്കുന്നതിന് ഒരു ചരിത്രപരമായ ഉദാഹരണമാണ്. സമൂഹം പുരുഷന്മാരോട് വൈകാരികത അടക്കിവയ്ക്കാനും 'ശക്തനായിരിക്കാനും' ആവശ്യപ്പെടുമ്പോൾ അത് മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ആധുനിക കാലത്ത്, ഫെമിനിസ്റ്റ്, ക്വിയർ പഠനങ്ങൾ എന്നിവയിലൂടെ ഈ വിമർശനങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പുരുഷന്മാർക്ക് സ്‌ത്രൈണ ഗുണങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, ലിംഗസമത്വത്തിന്റെ ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. പുരുഷന്മാരിലെ സ്‌ത്രൈണതയെ വിമർശിക്കുന്നത് ചരിത്രപരമായി ഉടലെടുത്ത ലിംഗമാനദണ്ഡങ്ങളുടെ ഫലമാണ്. എന്നാൽ, ആധുനിക സമൂഹത്തിൽ, ഈ മാനദണ്ഡങ്ങൾ പുനർനിർവചിക്കപ്പെടേണ്ടതുണ്ട്. പുരുഷന്മാർക്കും സ്‌ത്രൈണ ഗുണങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ടെന്ന് അംഗീകരിക്കുന്നത് കൂടുതൽ സമത്വപരവും സമാധാനപരവുമായ ഒരു സമൂഹത്തിന് വഴിയൊരുക്കും.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi