വീട്ടു കാവലിനൊരു നായ, എലിയെ പിടിക്കാനൊരു പൂച്ച, കൗതുകത്തിനൊരു പക്ഷിക്കൂട് ... എന്ന വിധത്തിലുമുള്ള സങ്കല്‍പ്പങ്ങള്‍ മാറിയിരിക്കുന്നു. യാത്രകളില്‍ ഒപ്പം കൂടുന്ന, കിടക്കയില്‍ കൂടെയുറങ്ങുന്ന റെഡിമെയ്ഡ് തീറ്റയും അനുബന്ധ സൗകര്യങ്ങളും നല്‍കി കുടുംബത്തിലെ ഒരംഗത്തേപ്പോലെ കരുതപ്പെടുന്ന സുഹൃത്തുക്കളായി വളര്‍ത്തുമൃഗങ്ങള്‍ മാറി. മൃഗങ്ങളുടെയും, പക്ഷികളുടെയും മികച്ച ബ്രീഡര്‍ എന്ന പേരോടെ ഈ ഹോബിയെ സ്വയം തൊഴിലാക്കി മാറ്റിയവരും ധാരാളമുണ്ട്. ഇന്ന് പെറ്റ് വിപണി പെറ്റ് ടൂറിസവും തെറാപ്പിയും സംഘടനകളും എല്ലാമടങ്ങുന്ന വിശാലമായ ഹൈടെക്ക് ലോകമാണ്.

To advertise here,

കുതിക്കുന്ന പെറ്റ് വിപണി

2025- ഓടെ ഇന്ത്യയിലെ പെറ്റ് വിപണിയുടെ മൂല്യം 20000 കോടി രൂപയോളമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രതിമാസവരുമാനത്തിന്റെ പകുതിയിലധികവും പെറ്റ്സിനായി ചെലവഴിക്കുന്നവരുടേയും, മാസം പതിനായിരം രൂപവരെ മൃഗങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നവരുടേയും എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. പതിനഞ്ചു ശതമാനത്തിലധികമാണ് പെറ്റ് വിപണിയുടെ ഇന്ത്യയിലെ വളര്‍ച്ചാ നിരക്ക്. മുറ്റത്തെ കൂടുകളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് പ്രവേശിക്കുന്ന പെറ്റ്കള്‍ച്ചര്‍ ഇന്ത്യയിലും കേരളത്തിലും അതിവേഗത്തില്‍വളരുന്നുവെന്ന് ചുരുക്കം.

നാടൻ മുതൽ സങ്കരയിനം വരെ

മനുഷ്യന്റെ മനസ്സില്‍ സ്ഥാനം പിടിച്ച മൃഗങ്ങളില്‍ എണ്‍പതുശതമാനം നായകളാണ്. പൂച്ചകള്‍ പതിനഞ്ചുശതമാനവും പക്ഷികള്‍, അലങ്കാര മത്സ്യങ്ങള്‍ അഞ്ചു ശതമാനവുംവരും. നൂറിലധികം വിദേശ ജനുസ്സുകളാണ് ഇന്ത്യന്‍ വിപണിയിലെ നായകളിലെ താരങ്ങള്‍. ഒപ്പം രാജപാളയം പോലെയുള്ള നാടന്‍ ഇനങ്ങളുണ്ട്. ഉടമസ്ഥന്റെ അഭിരുചിയ്ക്കനുസരിച്ച് നായകളെ തിരഞ്ഞെടുക്കാം കാവലിന് യോജിച്ചവ, വീടിനുള്ളിലും ഫ്ളാറ്റുകളിലും വളര്‍ത്താന്‍ കഴിയുന്നവ, ഇണക്കമേറെയുള്ളവ, രോമം കൂടുതലുള്ളവ തുടങ്ങി മാനദണ്ഡങ്ങള്‍ അനേകം. സങ്കരയിനങ്ങള്‍ കൂടുതലുള്ള പൂച്ച വിപണിയില്‍ നീണ്ട രോമക്കുപ്പായവും, വെണ്‍ചാമരം പോലെ വാലുകളുമുള്ള പേര്‍ഷ്യന്‍ പൂച്ചകളാണ് താരങ്ങള്‍. അലങ്കാര പ്രാവുകളും വിദേശ ഇനം തത്തകളും, ഫാന്‍സി കോഴികളുമാണ് പക്ഷി വിപണിയില്‍ ഏറെ തിരഞ്ഞെടുക്കപ്പെടുന്നത്. ചെറു തത്തകളായ ബഡ്ജറിഗര്‍, ആഫ്രിക്കന്‍ ലവ്ബേര്‍ഡ്സ് എന്നിവയെക്കൂടാതെ വിലയേറിയ കൊക്കറ്റൂ, മക്കാതത്തകള്‍, ആമസോണ്‍ കൊന്യൂര്‍ തുടങ്ങിയവയും വളര്‍ത്തുന്നവരുണ്ട്. ശുദ്ധജല അലങ്കാരമത്സ്യങ്ങള്‍ക്കൊപ്പം സമുദ്രജല മത്സ്യങ്ങളും അക്വേറിങ്ങളില്‍ സ്ഥാനം നേടിയിരിക്കുന്നു. മനസ്സിനിണങ്ങിയവയെ കണ്ടെത്താന്‍ പഠനമേറെ വേണമെന്ന് ചുരുക്കം. ഒപ്പം ഇന്ത്യയിലെ വനം, വന്യജീവി സംരക്ഷണ നിയമം അനുശാസിക്കുന്ന ജീവികളെ മാത്രമേ വീടുകളില്‍ വളര്‍ത്താന്‍ കഴിയൂ.

ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍
ഒരു തീറ്റപ്പാത്രവും, ബെല്‍ട്ടും, തുടലും മാത്രം അനുബന്ധ സൗകര്യങ്ങളായിരുന്ന കാലം നായവളര്‍ത്തലില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഡേ കെയറുകള്‍, പരിശീലന കേന്ദ്രങ്ങള്‍, താല്‍ക്കാലിക താമസത്തിന് ഹോസ്റ്റലുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ മെട്രോ നഗരങ്ങളില്‍ ഒരുങ്ങിയിരിക്കുന്നു. യജമാനനും കുടുംബവും വിനോദയാത്ര നടത്തുമ്പോള്‍ ഇനി നായകള്‍ക്കും ഒപ്പം കൂടാം. ടൂറിസം പാക്കേജുകളില്‍ നായകള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അരുമകളുടെ സൗന്ദര്യ സംരക്ഷണത്തിന് ഇന്ന് ബ്യൂട്ടി പാര്‍ലറുകളുമുണ്ട്. കാറുകളില്‍ പ്രത്യേക സീറ്റ് ബെല്‍റ്റ് വരെ. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പെറ്റ്സിനു മാത്രമായി പ്രത്യേക വിഭാഗം എണ്ണിയാല്‍ തീരാത്ത സാമഗ്രികളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. കിടക്ക, ഫര്‍ണീച്ചറുകള്‍, നായകള്‍ക്ക് കടിച്ചു കളിക്കാന്‍ ബോണ്‍ ടോയ്, പൂച്ചകള്‍ക്ക് മാന്തി കൊതി തീര്‍ക്കാന്‍ സ്‌ക്രാച്ച് പോസ്റ്റുകള്‍, മണികെട്ടിയ കോളറുകള്‍, ബാത്ത് ടബുകള്‍, ഡയപറുകള്‍, സോപ്പ്, ക്രീം, ടൂത്ത് ബ്രഷ്, കണ്ടീഷണര്‍ തുടങ്ങി ഉടമയുടെ പണം ചോര്‍ത്താന്‍ വഴികള്‍ നിരവധി. പുതുവസ്ത്രങ്ങള്‍, ഷൂസ്, സ്‌ക്വാര്‍ഫ് എന്നിവ വാങ്ങി നല്‍കുന്നവരുമുണ്ട്. പക്ഷികള്‍ക്കുള്ള ഫാന്‍സി കൂടുകളും, അക്വേറിയവും അനുബന്ധ ഉപകരണങ്ങളും വിപണിയില്‍ പ്രിയമുള്ളവയാണ്. ഏറെ കരുതുന്ന അരുമകള്‍ക്കായി പണം മുടക്കാന്‍ പരിധികള്‍ വയ്ക്കാത്ത ഉടമകളുടെ കാലമാണിത്.

മൃഗസ്നേഹികളുടെ കൂട്ടായ്മകള്‍

അരുമ മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുന്നവരുടെ നിരവധി കൂട്ടായ്മകളും നിലവില്‍ വന്നിരിക്കുന്നു. പഠനം, സാങ്കേതിക വിജ്ഞാനം പകരല്‍, പ്രദര്‍ശനങ്ങള്‍ ഇവയൊക്കെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം കെന്നല്‍ ക്ലബുകളില്‍ രജിസ്റ്റര്‍ ചെയ്ത് തൊലിക്കടിയില്‍ മൈക്രോചിപ്പ് കടത്തി പ്രത്യേക നമ്പര്‍ നേടിയ നായകള്‍ക്കാണ് വിപണിയില്‍ മൂല്യം. പ്രാവു വളര്‍ത്തുന്നവരുടെ കൂട്ടായ്മകളാണ് പീജിയണ്‍സ് സൊസൈറ്റിയും, ഫൗണ്ടേഷനും. പക്ഷിപ്രേമികളുടെ കൂട്ടായ്മകള്‍, വില്‍ക്കുന്ന പക്ഷികളില്‍ മുദ്ര വച്ച കാല്‍വളയങ്ങള്‍ നല്‍കി വിശ്വാസ്യതയുടെ അടയാളം നല്‍കുന്നു. നായകള്‍, പൂച്ചകള്‍ തുടങ്ങി പക്ഷികളേക്കുറിച്ചുള്ള വിവരങ്ങള്‍ വരെ അടങ്ങിയ നിരവധി പുസ്തകങ്ങള്‍ ഇന്ന് ലഭ്യമാണ്.

പെറ്റ് ടൂറിസവും പെറ്റ് തെറാപ്പിയും

ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശകരെ മാടി വിളിക്കുമ്പോള്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമായ ഫാം ടൂറിസത്തിന്റെ ഭാഗമായി പെറ്റ് ടൂറിസവും വളരുന്നു. പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന് കൃഷിഭൂമിയില്‍ നിറയുന്ന വിവിധ മൃഗങ്ങളും പക്ഷികളും സന്ദര്‍ശകര്‍ക്കും ഉടമയ്ക്കും ഓമന പ്രിയപ്പെട്ടവയാണ്. മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുമ്പോള്‍ ലഭിക്കുന്ന മാനസിക, ശാരീരിക ശാന്തി രോഗശമനത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. രോഗികള്‍ക്കും വയോജനങ്ങള്‍ക്കും കൂട്ടായി മൃഗങ്ങളെത്തുന്നത് ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം, അല്‍ഷിമേഴസ്, വൈകാരിക പ്രശ്നങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കും. ഇതുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികളിലും വളര്‍ത്തുമൃഗങ്ങളെ കാണപ്പെടുന്നു.

കുതിക്കുന്ന പെറ്റ് ഫുഡ് വിപണി

വീട്ടിലെ ഭക്ഷണാവശിഷ്ടവും അല്‍പ്പം മാംസവും നല്‍കി നായകളെ വളര്‍ത്തുന്ന രീതിയും മാറുന്നു. വിപണിയില്‍ ലഭ്യമായ പെറ്റ് ഫുഡുകളുടെ വില മൂന്നക്കത്തിലാണ്. ഒപ്പം അലങ്കാര മത്സ്യതീറ്റകളും. പക്ഷികള്‍ക്കുള്ള മൃദു തീറ്റകളുമുണ്ട്. മനോഹരമായ കവറുകളില്‍ സ്വദേശി, വിദേശി കമ്പനികള്‍ പുറത്തിറക്കുന്ന തീറ്റകള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്രായത്തിനനുസരിച്ചും വലിപ്പം, ജനുസ്സ് എന്നിവയ്ക്കനുസരിച്ചും തീറ്റകള്‍ തെരഞ്ഞെടുക്കാം. രോഗാവസ്ഥയ്ക്കനുസരിച്ചും, ഗര്‍ഭകാലം, പ്രസവ ശുശ്രൂഷ ഇവയ്ക്കനുസരിച്ചും പ്രത്യേക തീറ്റകള്‍ ലഭിക്കും. രോമം, ചര്‍മം, വായയുടെ ശുചിത്വം, ആമാശയത്തിന്റെ പ്രശ്നങ്ങള്‍ ഇവയൊക്കെ ലക്ഷ്യം വെച്ചുള്ള പ്രത്യേക തീറ്റകള്‍ പുറത്തിറക്കിയാണ് വിപണിയില്‍ ബ്രാന്‍ഡുകളുടെ മത്സരം.

ആരോഗ്യരക്ഷയും ഹൈടെക്കാവുന്നു

സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെ പിന്നിലാക്കുന്ന വിധത്തിലുള്ള പെറ്റ് ഹോസ്പിറ്റലുകളാണ് കേരളത്തിലും ആരംഭിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലുള്ള മൃഗാശുപത്രികള്‍ കൂടാതെ വെറ്ററിനറി സര്‍വ്വകലശാലയുടെ മൃഗാശുപത്രികളിലും മറ്റും ആധുനിക സജജീകരണങ്ങളാണ് മൃഗങ്ങളെ ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്നത്. അത്യാവശ്യ ശസ്ത്രക്രിയകള്‍ കൂടാതെ സൗന്ദര്യ വര്‍ദ്ധനവിനായി കോസ്മറ്റിക് സര്‍ജറികളും ചെയ്യാന്‍ ഇപ്പോള്‍ സൗകര്യങ്ങളുണ്ട്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഇസിജി, ഡോപ്ളര്‍, അള്‍ട്രാ സൗണ്ട്, കംപ്യൂട്ടര്‍, റേഡിയോഗ്രഫി, നിയോനേറ്റല്‍ ഐസിയു തുടങ്ങി അത്യാധുനിക ലാബോറട്ടറികള്‍ വരെ പല പെറ്റ് ആശുപത്രികളിലും ലഭ്യമാണ്.

മൃഗക്ഷേമം പ്രധാനം

മൃഗങ്ങളെ സ്വന്തമാക്കിയ ശേഷം ഉത്തരവാദിത്തരഹിതമായി പെരുമാറാന്‍ ഇനി കഴിയില്ല. ജന്തുക്ഷേമം ഉറപ്പാക്കിയില്ലെങ്കില്‍  ബ്ലൂക്രോസ്സ് സൊസൈറ്റി പോലെയുള്ള സംഘടനകള്‍ പ്രതികരിക്കും. മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരത ഒഴിവാക്കാന്‍ നിരവധി സംഘടനകള്‍ ഇന്ന് നിലവിലുണ്ട്. അനാഥ മൃഗങ്ങള്‍ക്കായി അഭയ കേന്ദ്രങ്ങളും മറ്റും തുടങ്ങിയിട്ടുണ്ട്. ഓരോ മൃഗത്തിന്റേയും ശാരീരിക, മാനസിക സ്വഭാവ പ്രത്യേകതകള്‍ മനസ്സിലാക്കാനുള്ള അറിവ് നേടി അവയെ ബഹുമാനിക്കുന്നവര്‍ക്കു മാത്രമേ പെറ്റ് ഉടമയാകാന്‍ അവകാശമുള്ളൂ. ഒരു മൃഗത്തെ വളര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍, നീണ്ട വര്‍ഷങ്ങളിലേക്കുള്ള ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത് എന്നറിയുക.

(ലേഖകൻ, വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ പ്രൊഫസറാണ്.)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi