ആഴ്ചയില്‍ രണ്ട് ദിവസം മാത്രം കുളിക്കുന്ന മനുഷ്യര്‍. എല്ലാ വീടുകളിലും സ്റ്റീംബാത്ത് ചെയ്യാന്‍ സൗകര്യം. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലമായ സൈബീരിയയെക്കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയുടെ വടക്കായി പരന്നുകിടക്കുന്ന സൈബീരിയ.

ഇവിടെ കുപ്രസിദ്ധമായൊരു റോഡുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരുടെ അസ്ഥികൾകൊണ്ട് നിർമിച്ച റോ‍ഡ് ഓഫ് ഡെത്ത്. സ്റ്റാലിന്‍ ഭരണകാലത്തെ ക്രൂരതയുടെ മുഖംമൂടിയായി മാറിയ റോഡ്.

റോഡ് ഓഫ് ബോണ്‍സ്
വലിയൊരു ദുരന്തത്തിന്റെ കഥപറയാനുണ്ട് സൈബീരിയയിലെ കോലിമ ഹൈവേയ്ക്ക്. ഇത് റോഡ് ഓഫ് ബോൺസ് എന്നും അറിയപ്പെടുന്നു. പത്തുലക്ഷം മനുഷ്യരുടെ അസ്ഥികൊണ്ട് നിര്‍മിച്ചതാണീ ഈ റോഡ്. 1930-ല്‍ ജോസഫ് സ്റ്റാലിന്റെ ഭരണകാലത്താണ് കോലിമ ഹൈവേയുടെ നിര്‍മാണം ആരംഭിക്കുന്നത്. വടക്കന്‍ കിഴക്കന്‍ സൈബീരിയയിലെ സമ്പുഷ്ടമായ കോലിമ ഭൂപ്രദേശം വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇന്നാല്‍ ഇതിന്റെ നിര്‍മാണം വിചിത്രമായിരുന്നു.

ഏറ്റവും തണുപ്പുള്ള പ്രദേശമായ സൈബീരിയയില്‍ സാധാരണ -50 ഡിഗ്രി സെല്‍ഷ്യസാണ് താപനില. വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്. മതിയായ സാങ്കേതികവിദ്യകളും പുത്തന്‍നിര്‍മാണ രീതികളും ഇല്ലാത്തതുകൊണ്ടുതന്നെ കൊടുംതണുപ്പില്‍ മഞ്ഞുമൂടിയ റോഡുപണി അസാധ്യമായിരുന്നു. ഈ സാഹചര്യത്തില്‍ സൈബീരിയയിലെ എഞ്ചിനീയര്‍മാരുടെ തലയില്‍ ഉദിച്ച ആശയമായിരുന്നു അസ്ഥികള്‍കൊണ്ടുള്ള റോഡ് നിര്‍മാണം. അസ്ഥികള്‍കൊണ്ട് റോഡ് നിര്‍മിച്ചാല്‍ കൂടുതല്‍ ഉറപ്പും മഞ്ഞില്‍ നിന്നും രക്ഷയും ലഭിക്കുമെന്നായിരുന്നു അവരുടെ കണ്ടുപിടുത്തം.

സോവിയറ്റ് യൂണിയനിലെ ലേബര്‍ ക്യാമ്പുകളെ ഗുലാക്‌സ് എന്നാണ് വിളിച്ചിരുന്നത്. ഭരണകൂടത്തെ എതിര്‍ത്തിരുന്നവരും കുറ്റവാളികളെയും അധിവസിപ്പിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഗുലാക്‌സിലെ തടവുകാരുടെ അസ്ഥികള്‍ കൊണ്ടാണ് 2031 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് നിര്‍മിച്ചിരിക്കുന്നത്. ഓരോ മീറ്ററിനും ഒരു മൃതശരീരം എന്ന കണക്കിലാണ് ഉപയോഗിച്ചിട്ടുള്ളത്. ലേബര്‍ ക്യാമ്പിൽ പണിയെടുത്തിരുന്ന ലക്ഷക്കണക്കിന് വരുന്ന ആളുകളെ കൊടുംതണുപ്പില്‍ അടിമപ്പണി എടുപ്പിച്ചും ഭക്ഷണവും വസ്ത്രവും കൊടുക്കാതെ പീഡിപ്പിക്കുകയും ചെയ്തു. അമിതമായ ജോലിഭാരവും പോഷകാഹാരക്കുറവും മൂലം ഓരോ ദിവസവും തടവുകാരുടെ ജീവന്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഗുലാക്‌സില്‍ അകപ്പെട്ട ഒരു മനുഷ്യന്‍ പോലും ജീവനോടെ രക്ഷപ്പെട്ടിട്ടില്ല. മരിച്ചവരോരുത്തരായി റോഡിന്റെ നിര്‍മാണത്തിന് ഇരയാക്കപ്പെട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായി കുഴിച്ചുമൂടപ്പെട്ട മൃതശരീരങ്ങളായവര്‍ മാറി. നിര്‍ഭാഗ്യവശാല്‍ കോലിമ ഹൈവേ ഇന്നും ഉപയോഗിക്കുന്നുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi