കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ സ്വത്തുക്കൾക്കായുള്ള പോരാട്ടം കൂടുതൽ വഷളാവുന്നു. സഞ്ജയുടെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തിൽ വിഹിതമാവശ്യപ്പെട്ട് മക്കളായ സമൈറയും കിയാനും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. രണ്ടാനമ്മ പ്രിയ സച്ച്ദേവ് വിൽപ്പത്രം വ്യാജമായി നിർമിക്കുകയും അതിൽ നിന്ന് തങ്ങളെ ഒഴിവാക്കുകയും ചെയ്തെന്നാണ് ആരോപണം.
പിതാവിന്റെ സ്വത്തിൽ ന്യായമായ വിഹിതം വേണം. തുടക്കത്തിൽ വിൽപ്പത്രം ഉണ്ടെന്ന കാര്യം പ്രിയ നിഷേധിച്ചിരുന്നു, പിന്നീട് ഒരു രേഖ വിൽപ്പത്രമാണെന്ന് വിശേഷിപ്പിച്ച് ഹാജരാക്കി. സഞ്ജയ് തങ്ങളുടെ സാമ്പത്തിക സുരക്ഷയെക്കുറിച്ചും ഭാവിയെക്കുറിച്ചും ആവർത്തിച്ച് ഉറപ്പുനൽകിയിരുന്നു. അദ്ദേഹം തങ്ങളുടെ പേരിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുകയും വ്യക്തിപരമായും കോർപ്പറേറ്റ് സ്ഥാപനങ്ങൾ വഴിയും സ്വത്തുക്കൾ സമ്പാദിക്കുകയും കുടുംബ ട്രസ്റ്റിന്റെ ഗുണഭോക്താക്കളായി നിയമിക്കുകയും ചെയ്തിരുന്നു.
പ്രിയ വിവരങ്ങൾ മറച്ചുവെച്ചു, സ്വത്തുക്കളുടെ പൂർണ്ണമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും കേസിൽ ആരോപിക്കുന്നു. പ്രിയയ്ക്കു പുറമെ, പ്രിയയുടെ പ്രായപൂർത്തിയാകാത്ത മകൻ, സഞ്ജയുടെ അമ്മ റാണി കപൂർ, വിൽപ്പത്രത്തിന്റെ നിർവ്വാഹകയെന്ന് പറയപ്പെടുന്ന ശ്രദ്ധ സൂരി മർവ എന്നിവരും കേസിൽ പ്രതികളാണ്.
മരണസമയത്തെ അച്ഛന്റെ സ്വത്തുക്കളെക്കുറിച്ച് തങ്ങൾക്ക് പൂർണ്ണമായ അറിവില്ല. സ്വത്തുക്കൾ മുഴുവനായി സ്വന്തമാക്കാനാണ് രണ്ടാനമ്മയുടെ ശ്രമമെന്നും മക്കൾ പറയുന്നു. ജൂണിൽ ലണ്ടനിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് സഞ്ജയ് കപൂർ മരിക്കുന്നത്. ലോകത്തെ പ്രമുഖ വാഹന നിർമ്മാതാക്കളിലൊന്നായ സോനാ കോംസ്റ്റാറിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂല്യം ഏകദേശം 30,000 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സഞ്ജയ് മരിച്ചതിനു പിന്നാലെതന്നെ പ്രിയ ട്രസ്റ്റിൽ നിന്നടക്കം തങ്ങളെ അകറ്റാൻ തുടങ്ങിയെന്ന് മക്കൾ പറയുന്നു. അച്ഛന്റെ സ്വത്തിന്മേൽ ഒന്നാം ക്ലാസ് അവകാശികളായി തങ്ങളെ പ്രഖ്യാപിക്കണമെന്നും സഹോദരങ്ങൾ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്.
ലൈവ്ലോയുടെ റിപ്പോർട്ട് പ്രകാരം, സഞ്ജയുടെ മരണശേഷം കരിഷ്മയും പ്രിയയും ഫാമിലി ട്രസ്റ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പക്ഷേ, വിൽപ്പത്രത്തെക്കുറിച്ച് പരാമർശമൊന്നും ഉണ്ടായില്ല. പിന്നീട് സഞ്ജയുടെ അവസാനത്തെ വിൽപ്പത്രമാണെന്ന് അവകാശപ്പെട്ട് ഒരു രേഖ കാണിച്ചു, ഇത് കരിഷ്മയെ ആശയക്കുഴപ്പത്തിലാക്കിയെന്നും പറയപ്പെടുന്നു.
സഞ്ജയുടെ മൂന്നാം ഭാര്യയാണ് പ്രിയ. 2017-ലായിരുന്നു ഇരുവരുടെയും വിവാഹം. കരിഷ്മയും സഞ്ജയും 2003 മുതൽ 2016 വരെ വിവാഹിതരായിരുന്നു. 2005-ലും 2011-ലുമാണ് മക്കൾ ജനിച്ചത്. വിവാഹമോചനശേഷം കുട്ടികളുടെ സംരക്ഷണച്ചുമതല കരിഷ്മയ്ക്ക് ലഭിച്ചു, സഞ്ജയ്ക്ക് അവരെ സന്ദർശിക്കാനുള്ള അവകാശവും ലഭിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 10 Sept 2025, 02:07 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented