പൂച്ചകളെയും പട്ടികളെയും ഒക്കെ വളർത്തുമൃഗങ്ങളാക്കുന്നത് ലോകത്ത് വ്യാപകമാണ്. എന്നാൽ ഒരു ചെറുപ്രാണിയെ ഇതുപോലെ വളർത്തുന്നത് ചിന്തിച്ചിട്ടുണ്ടോ? എത്ര ശ്രമകരമായിരിക്കുമത്. എന്നാൽ ജപ്പാനിലെ ആളുകൾക്ക് ഇത് പ്രിയമാണ്. വളർത്തുമൃഗങ്ങളിൽ അവരുടെ ജനപ്രീയമായ തിരഞ്ഞെടുപ്പാണ് ഇത്തരം പ്രാണികൾ. ജാപ്പനീസ് സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗം കൂടിയാണിവ. ഹിയാൻ കാലഘട്ടത്തിലെ ക്ലാസിക് കൃതിയായ 'ദി ടെയിൽ ഓഫ് ഗെൻജി' മുതൽ പ്രാണികളെപ്പോലെയുള്ള അമാനുഷിക ജീവികളെ അവതരിപ്പിക്കുന്ന 'മുഷിഷി' പോലുള്ള ആധുനിക മാംഗകളിലും ആനിമേഷനുകളിലും വരെ ഇതിന്റെ പ്രതിഫലനം നമുക്ക് കാണാം. വളർത്തുക മാത്രമല്ല കടകളിൽ ഇവയെ വില്പനയ്ക്ക് വെച്ചതും നമുക്ക് കാണാം.

To advertise here,

ഈ വളർത്തു പ്രാണികൾക്ക് തണ്ണിമത്തൻ നൽകാറുണ്ട്. അതുകൂടാതെ പ്രാണികൾക്കായുള്ള പ്രത്യേക ജെല്ലി രൂപത്തിലുള്ള ഭക്ഷണവും കടകളിൽ ലഭ്യമാണ്. വിൽപ്പനയ്ക്കു വെച്ച പ്രാണികളിൽ കൂട്ടത്തിൽ അപൂർവമായവയ്ക്ക് 20,000 യെൻ അതായത് 11,650 രൂപ വരെ വിലയുമുണ്ട്. പുറത്തു നിന്നുള്ളവർക്ക് ഇത് വിചിത്രമായി തോന്നാം. പ്രാണികളെ പിടിക്കുന്നത് തങ്ങളുടെ ഹോബിയാണെന്ന് ഇവിടെ പ്രശസ്തരായ വ്യക്തികൾ പോലും അഭിമാനത്തോടെ പറയാറുണ്ട്. പ്രാണികൾ വളരെ ചെറുതാണ്. അവയെ പിടിച്ച് പഠിക്കുകയാണെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും പുതിയ എന്തെങ്കിലും കണ്ടെത്താനാകുമെന്നാണ് ജപ്പാൻകാരുടെ അഭിപ്രായം. 

ജപ്പാനിൽ, കുട്ടികൾക്ക് പ്രാണികളെ ഇഷ്ടമാണ്. കുട്ടിക്കാലം മുതൽ പ്രാണികളുമായി ഇടപഴകാൻ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ജപ്പാൻ പല പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കുട്ടികൾക്കായി എഴുതിയ ധാരാളം പുസ്തകങ്ങളും ക്ലാസുകളും ടൂറുകളും ഇവിടെയുണ്ട്. പ്രാണികളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നത് ആഗോളതാപനത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. അതേസമയം, തേനീച്ച, ഉറുമ്പ് പോലുള്ള പ്രാണികൾ ആശയവിനിമയം നടത്തുന്ന രീതിയിലും, കൂട്ടിലേക്ക് മടങ്ങാനുള്ള വഴികൾ ഓർക്കുന്നതിലും, ഭൂമിക്കടിയിൽ പാതകൾ നിർമ്മിക്കുന്നതിലും ബുദ്ധി പ്രകടിപ്പിക്കുന്നു. ഭൂമിയിൽ നിന്ന് എല്ലാ പ്രാണികളും അപ്രത്യക്ഷമായാൽ മനുഷ്യജീവിതം ആത്യന്തികമായി നിലനിൽക്കില്ലെന്നുമാണ് ജപ്പാൻകാരുടെ വിശ്വാസം.

പ്രാണികളോടുള്ള ഈ ഇഷ്ടം ടോക്കിയോയിലെ ഒരു പ്രദർശനത്തിൽ വ്യക്തമായിരുന്നു. സ്‌കൈ ട്രീ ടവറിൽ ഈ മാസം അവസാനം വരെ നടക്കുന്ന 'മഹത്തായ പ്രാണി പ്രദർശനം' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ, വിവിധതരം വണ്ടുകളെ നിരീക്ഷിക്കാനും തൊട്ടുനോക്കാനുമായി നിരവധി ആളുകൾ തടിച്ചുകൂടാറുണ്ട്. പൂന്തോട്ടത്തിൽ അഴിച്ചുവിടുന്ന മിന്നാമിനുങ്ങുകളുടെ തിളക്കമോ ഒരു ചെറിയ കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന ചീവീടുകളുടെ മൃദുലമായ ചിലച്ചയോ പോലും ജാപ്പനീസ് ജനത ആസ്വദിക്കുന്നു. ജാപ്പനീസ് സംസ്‌കാരത്തിൽ പ്രാണികളെ ഉൾപ്പെടുത്തുന്ന ഹോബികൾ എപ്പോഴും പ്രചാരത്തിലുണ്ട്. അവയിലൊന്നാണ് വണ്ടുകളെ ഗുസ്തി എന്ന് വിളിക്കുന്ന ബഗ്‌ഫൈറ്റിങ്. രണ്ട് വണ്ടുകളെ എതിരാളിയെ മറിച്ചിടാനോ വലിച്ചെറിയാനോ ശ്രമിക്കുന്നതിനായി പ്രകോപിപ്പിക്കുന്ന ഒരു തരം മത്സരമാണിത്.

പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും ജപ്പാനിലെ മൃഗ വ്യാപാര മേഖലയിൽ പക്ഷികളുടെ വ്യാപാരത്തോടൊപ്പം, കേൾക്കാവുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന പ്രാണികളെ പിടികൂടി വിൽക്കുന്നതും ഒരു ജനപ്രിയ രീതിയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi