വിവാഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കേണ്ടതില്ലെന്ന വിവാദനയവുമായി ആപ്പിളിന്റെ ഇന്ത്യയിലെ വിതരണക്കമ്പനിയായ ഫോക്‌സ്‌കോണ്‍. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. ആപ്പിള്‍ ഐഫോണുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിതരണക്കമ്പനിയാണിത്. 

അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് വിവാഹിതകള്‍ക്ക് കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ കൂടുതലാണ്, അവര്‍ ആഭരണങ്ങള്‍ ധരിക്കുന്നു തുടങ്ങിയവയാണ് അവര്‍ക്ക് നിയമനം നല്‍കാത്തതിന് കമ്പനി പറയുന്ന കാരണങ്ങള്‍. കുടുംബം, ഗര്‍ഭധാരണം, അവധിയെടുക്കല്‍ തുടങ്ങിയവ റിസ്‌ക് ഫാക്ടറുകളാണെന്നും മുന്‍ എച്ച്.ആര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

2017-ലാണ് ഫോക്സ്‌കോണ്‍ തമിഴ്നാട്ടില്‍ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത്. ശേഷം ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. കമ്പനിയുടെ രാജ്യത്തെ വലിയ പ്ലാന്റാണ് തമിഴ്‌നാട്ടിലേത്. 2023-ലും 24-ലും കമ്പനിയില്‍ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിശദമായ അന്വേഷണത്തില്‍ റോയിട്ടേഴ്‌സ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. 2023-ലാണ് പ്ലാന്റില്‍ ഐഫോണ്‍ 15 അസംബിള്‍ ചെയ്യാന്‍ തുടങ്ങിയത്. ഈ വര്‍ഷമാദ്യം തമിഴ്നാട്ടില്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഫോക്സ്‌കോണ്‍ ഗൂഗിളുമായി കൈകോര്‍ക്കുകയും ചെയ്തു. ഇത് ആദ്യമായല്ല കമ്പനി തൊഴില്‍ സംബന്ധിച്ച വിവാദങ്ങളില്‍ പെടുന്നത്. കമ്പനിയുടെ ചൈനയിലെ പ്ലാന്റില്‍ തൊഴിലാളികളെ അമിതമായി തൊഴിലെടുപ്പിക്കുകയും കൃത്യമായി ശമ്പളം നല്‍കാതിരിക്കുകയും ചെയ്യുന്നതായി ആരോപണമുയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി
വിവാഹിതകളെ ജോലിക്കെടുക്കാത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും റിക്രൂട്ട് ചെയ്യുമ്പോള്‍ യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കരുതെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയം പ്രതികരിച്ചു.  

ആരോപണം നിഷേധിച്ച് ആപ്പിള്‍
അതേസമയം ആപ്പിള്‍ ആരോപണം നിഷേധിക്കുകയാണ്. ഇന്ത്യയില്‍ കുറച്ച് വിവാഹിതരായ സ്ത്രീകളെ ആപ്പിള്‍ ജോലിക്കെടുത്തിട്ടുണ്ട്. പുതുതായി ജോലിക്കെടുക്കുന്നവരില്‍ 25 ശതമാനവും വിവാഹിതരായവരാണ്. ഫോക്‌സ്‌കോണ്‍ അടക്കം ഇന്ത്യയിലെ തങ്ങളുടെ എല്ലാ വിതരണക്കാരും വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍ ജോലി കിട്ടാത്തവരാണെന്നും കമ്പനി ആരോപിക്കുന്നുണ്ട്.