തക്കം നോക്കി നിറം മാറുന്ന ഓന്തുകളെ കണ്ടിട്ടില്ലേ.. അതുപോലെത്തന്നെയാണ് സെഫാലോപോഡ് വിഭാഗത്തിൽ പെട്ട സമുദ്രജീവികളും. ഓന്തിനേക്കാളും ഒരുപടി മുമ്പിലാണെന്നുമാത്രം. ചർമ്മത്തിന്റെ നിറം മാത്രമല്ല, ആകൃതിയും ഘടനയും പാറ്റേണുകളുമെല്ലാം മാറ്റാനുള്ള അവിശ്വസനീയമായ കഴിവുണ്ട് ഇവയ്ക്ക്. കണ്ണിമ വെട്ടുന്നതിനേക്കാൾ വേഗത്തിലാണ് അവ ശരീരം പൂർണ്ണമായി മാറ്റിക്കളയുക. നീരാളിയും കണവയും കട്ടിൽഫിഷുകളും നോട്ടിലസുകളുമൊക്കെ അടങ്ങുന്ന വിഭാഗമാണിത്. ജീവിവർഗങ്ങളിൽ ഏറ്റവും പെട്ടെന്ന് രൂപവും നിറവും മാറുന്നവരാണ് ഇക്കൂട്ടർ.

നിറമറിയാത്തവരെങ്ങനെ നിറംമാറുന്നു?

മിക്ക സെഫാലോപോഡുകളും നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്തവയാണ് എന്നതാണ് മറ്റൊരു വസ്തുത. നിറം മനസ്സിലാവാത്തവർക്കെങ്ങനെ ഈ കഴിവ് ലഭിച്ചുവെന്നത് ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിക്കുന്നു. തങ്ങൾ നിൽക്കുന്ന പശ്ചാത്തലത്തിന്റെ നിറമെന്തെന്ന് പൂർണമായും അറിയാതെ എങ്ങനെയാണവർ ശരീരത്തിൽ അതിന്റെ പകർപ്പുണ്ടാക്കുന്നത് എന്നതാണ് അത്ഭുതം. ഓരോ സെഫാലോപോഡ് ഇനവും തങ്ങൾ അധിവസിക്കുന്നയിടത്ത് മറഞ്ഞിരിക്കാൻ 30 വ്യത്യസ്ത പാറ്റേണുകൾ വരെ സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

മൃദുവായ ശരീരമുള്ള ഈ ജീവികളുടെ തൊലിയിൽ പിക്സൽ പോലുള്ള കോശങ്ങളുണ്ട്, ചെറിയ പേശി നാരുകളാൽ ചുറ്റപ്പെട്ട അവ ക്രോമാറ്റോഫോറുകൾ എന്നാണ് അറിയപ്പെടുന്നത്. വർണ്ണവസ്തുക്കൾ നിറഞ്ഞ സഞ്ചികൾ പോലെയാണത്. പേശീനാരുകൾക്ക് ക്രോമാറ്റോഫോറിനെ വലിച്ചുനീട്ടി നിറം നിറയ്ക്കാനും സങ്കീർണ്ണമായ പാറ്റേണുകൾ സൃഷ്ടിക്കാനും സങ്കോചിച്ച് ഒരു പുള്ളിയായി ചുരുങ്ങാനും കഴിയും. ഓക്ടോപസുകളുടെയും കട്ടിൽഫിഷുകളുടെയും ശരീരത്തിൽ പാപ്പില്ലകൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ മുഴകളും, മടക്കുകളും, വരമ്പുകളുമൊക്കെയുണ്ട്. ഇവ മുകളിലേക്ക് ഉയർത്തുകയും പരത്തുകയുമൊക്കെ ചെയ്ത് ചർമ്മത്തിന്റെ ഘടനയിലും മാറ്റങ്ങൾ വരുത്താനാവും.

പരന്ന മണലുള്ള പ്രതലങ്ങളിൽ ഏതാണ്ട് സുതാര്യമായ രൂപത്തിലേക്ക് മാറാൻ ഒക്ടോപസുകൾക്കാവും, അതുപോലെ പാറക്കെട്ടുകളിൽ കടുത്ത നിറത്തിൽ പരുപരുത്തവരാവാനും. പവിഴപ്പുറ്റുകളിൽ നീരാളികൾ ഓറഞ്ചും ചുവപ്പും തവിട്ടും പൂശാറുണ്ട്. കട്ടിൽഫിഷുകളുടെ കൈവശവും ഇത്തരം വിദ്യകളുണ്ട്. കടൽപ്പായലുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന കട്ടിൽഫിഷുകൾ (Sepia apama) പായലിന്റെ ചലനം അനുകരിക്കാനായി തവിട്ടു കലർന്ന പച്ചയിൽ ശരീരത്തിൽ തരംഗങ്ങൾ ഉണ്ടാക്കാറുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്തിനുവേണ്ടി?

ശത്രുക്കളെ പേടിപ്പിക്കാൻ- ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും അവയെ പേടിപ്പിക്കാനുമൊക്കെയാണ് പ്രധാനമായും ഇവ നിറംമാറുന്നത്. ശക്തിയുള്ള, അപകടകാരികളായ ജീവികളെ അനുകരിച്ച് ശത്രുവിനെ പേടിപ്പിക്കാൻ നോക്കാറുണ്ട് ഈ പ്രച്ഛന്നവേഷക്കാർ. ലയൺഫിഷിനെയടക്കം അവർ അനുകരിക്കും. മറഞ്ഞിരിക്കുമ്പോൾ പിടിക്കപ്പെട്ടാൽ പലയിനം നീരാളികൾക്കും അവരുടെ ശരീരങ്ങൾ കറുപ്പിക്കാനും മങ്ങിയതാക്കാനും കണ്ണുകൾ ഇരുണ്ടതാക്കാനും സാധിക്കാറുണ്ട്.

ഇരപിടിക്കാൻ- മറഞ്ഞിരുന്ന് ഇരപിടിക്കാനും ഇവ നിറംമാറും. അപകടകാരികളല്ലാത്ത ജീവികളെപ്പോലെ ഇരകൾക്കു മുമ്പിൽ പെരുമാറും. ഇരകൾ ഓടി രക്ഷപ്പെടാതിരിക്കാനാണിത്. ഇരയുമായുള്ള ദൂരം യഥാർഥദൂരത്തേക്കാൾ കുറവാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രദ്ധതിരിക്കാനും ഇത്തരം ജീവികൾ ശ്രമിക്കാറുണ്ട്.