ശാസ്ത്ര- സാങ്കേതിക മേഖലകളില്‍ ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ സ്ത്രീകള്‍ ധാരാളമുണ്ട്. കാരണം ഇന്നും പുരുഷന്റെ കുത്തകയാണ് ശാസത്രമേഖല. ശൂന്യാകാശത്തുപോയ എത്ര പെണ്ണുങ്ങളുണ്ടെന്ന് പുച്ഛിക്കുന്നവര്‍ ഇന്നും നമുക്കുചുറ്റും ധാരാളമുണ്ട്. ഇത്തരത്തില്‍ ശാസ്ത്രമേഖലയില്‍ സ്ത്രീകള്‍ നടുവൊടിഞ്ഞു പണിയെടുക്കുകയും ക്രെഡിറ്റെല്ലാം പുരുഷന്‍ കൊണ്ടുപോവുകയും ചെയ്യുന്ന പ്രതിഭാസമാണ് മെറ്റില്‍ഡ എഫക്ട്. സ്ത്രീകളുടെ ശാസ്ത്രനേട്ടങ്ങള്‍ പുരുഷന്മാരുടെ നിഴലിലേക്ക് ഒതുക്കിക്കളയുന്ന സമൂഹത്തിന്റെ രീതിയെ മെറ്റില്‍ഡ എഫക്ട് എന്ന് ആദ്യം വിശേഷിപ്പിച്ചത് മാര്‍ഗരറ്റ് റോസിറ്റര്‍ എന്ന ചരിത്രകാരിയാണ്.

ആരാണീ മെറ്റില്‍ഡ

19-ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന എഴുത്തുകാരിയും സ്ത്രീവിമോചകപ്രവര്‍ത്തകയുമായ മെറ്റില്‍ഡ ജോസ്ലിന്‍ ഗേജിന്റെ പേരില്‍ നിന്നാണ് മെറ്റില്‍ഡ എഫക്ട് കടംകൊണ്ടത്. ശാസ്ത്രമേഖലകളില്‍ സ്ത്രീകള്‍ തഴയപ്പെടുന്നുണ്ടെന്നും അവരുടെ നേട്ടങ്ങള്‍ പുരുഷന്മാര്‍ കൈയടക്കുന്നുണ്ടെന്നും ആദ്യം തുറന്നുപറഞ്ഞത് മെറ്റില്‍ഡയാണ്. മെറ്റില്‍ഡയുടെ ഈ നിഗമനങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കുകയും ചര്‍ച്ചാവിഷയമാക്കുകയും ചെയ്യുകയായിരുന്നു മാര്‍ഗരറ്റ് റോസിറ്റര്‍ ചെയ്തത്. ഇതിനെ ശരിവയ്ക്കും വിധം നിരവധി ഉദാഹരണങ്ങളും മാര്‍ഗരറ്റ് ഉയര്‍ത്തി. നൂക്ലിയര്‍ ഫിഷന്‍ കണ്ടെത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചത് ലിസി മെയ്റ്റ്‌നര്‍ എന്ന ഭൗതികശാസ്ത്രജ്ഞയാണ്. എന്നാല്‍ നൊബേല്‍ പുരസ്‌ക്കാരം നേടിയതോ, അവരുടെ സഹപ്രവര്‍ത്തകനായിരുന്ന ഒട്ടോ ഹാനും. അതും കെമിസ്ട്രിയില്‍. പിന്നീട് ഓട്ടോ ഹാന് ഇതില്‍ വളരെക്കുറച്ച് സംഭാവന മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന് കണ്ടെത്തിയെങ്കിലും ചരിത്രം രേഖപ്പെടുത്തിയത് ഓട്ടോ ഹാനെ മാത്രമാണ്. ഇതൊരു സംഭവം മാത്രമല്ല. റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍ എന്ന വനിതയാണ് ഡിഎന്‍എയുടെ ഇരട്ടഗോവണി (double helix) രൂപം കണ്ടെത്തിയത്. എന്നാല്‍ നൊബേല്‍ നേടിയതോ ജെയിംസ് വാട്‌സണും ഫ്രാന്‍സിസ് ക്രിക്കിനും. പിന്നീട് കണ്ടെത്തല്‍ റോസിലിന്‍ഡേയുടെ ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും ചരിത്രം ഇന്നും പുരുഷന്റേതായി തന്നെയാണ് അറിയപ്പെടുന്നത്.

ഒരുകാലം വരെ സ്ത്രീകളെ ശാസ്ത്രമേഖലകളില്‍ വ്യാപകമായി തഴഞ്ഞുകളഞ്ഞിരുന്നു. ഇത്തരം ധാരാളം സംഭവങ്ങള്‍ റോസിറ്റര്‍ തന്റെ ചര്‍ച്ചയിലേക്ക് എത്തിച്ചിരുന്നു. പല ലാബോറട്ടറികളിലും സ്ത്രീകള്‍ക്ക് പ്രവേശനം പോലും നിഷേധിച്ചിരുന്ന കാലം. ഇനി സ്വന്തമായി ഗവേണം തുടങ്ങിയാല്‍ ഫണ്ട് നല്‍കാതിരിക്കല്‍. അവരുടെ പഠനങ്ങള്‍ പുരുഷന്മാരായ സഹപ്രവര്‍ത്തകരുടെ പേരില്‍ മാത്ര പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്ന ജേര്‍ണലുകള്‍. അവാര്‍ഡുകളുടെ കാര്യം പിന്നെ പറയാനുമില്ല. ഇങ്ങനെ കാലം രേഖപ്പെടുത്താതെ പോയ ധാരാളം വനിതാ ഗവേഷകര്‍ ലോകത്തിലുണ്ടെന്നും റോസിറ്റര്‍ പറയുന്നു.

പഴങ്കഥയല്ല
ഇതൊക്കെ പണ്ടത്തെക്കാര്യമല്ലേ എന്ന് പറഞ്ഞ് ചിരിച്ചു തള്ളാന്‍ വരട്ടെ. നമ്മുടെ നാട്ടില്‍ തന്നെ എഞ്ചിനീയറിങ് പോലുള്ളവയില്‍ ധാരാളം പെണ്‍കുട്ടികള്‍ പഠനത്തിനായെത്തുന്നുണ്ട്. ഡിഗ്രി കോഴ്‌സുകളില്‍ സയന്‍സ് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവരും ഏറെ. എന്നാല്‍ അവരിലെത്ര പേര്‍ ഗവേഷണരംഗത്തേക്കും മറ്റും എത്തിപ്പെടുന്നുണ്ട്. എന്തിനേറെ ആ മേഖലയിലെ ഉയര്‍ന്ന ജോലികളിലെത്തുന്നവര്‍ എത്രയുണ്ടാവും. കണക്കുകളനുസരിച്ച് ലോകത്ത് 50 ശതമാനം സയന്‍സ് മേഖലകളിലും സ്ത്രീകള്‍ പഠനത്തിനായി എത്തുന്നുണ്ട്. എന്നാല്‍ ഗവേണ രംഗത്തേക്ക് എത്തുന്നത് വെറും 14 ശതമാനം മാത്രമാണ്.

STEM (Science, technology, engineering, and mathematics) മേഖലയില്‍ ഇന്നും സത്രീകളുടെ സാന്നിധ്യം കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.യുനെസ്കോ നടത്തിയ ഒരു പഠനത്തില്‍ 15 ശതമാനം സ്ത്രീകള്‍ മാത്രമാണ് കംപ്യൂട്ടര്‍ സയസന്‍സ് പോലുള്ള വിഷയങ്ങള്‍ പഠിക്കാനായി എത്തുന്നത്. 30 ശതമാനം സാങ്കേതികവിദ്യാരംഗത്ത് എത്തുന്നു. അവരിലും എത്രയോ കുറവാണ് ഉയര്‍ന്ന ഗവേഷണ രംഗങ്ങളില്‍.

നമ്മള്‍ അറിയാത്ത ചിലര്‍

മോഡേണ്‍ ഇലക്ട്രിക്ക് റഫ്രിജറേറ്റര്‍ കണ്ടെത്തിയത് അമേരിക്കക്കാരിയായ ഫ്‌ളോറെന്‍സ് പാര്‍പാര്‍ട്ടാണ്. ഇതിലെ കൂളിങ് നിലനിര്‍ത്തി ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാന്‍ ഐസ്‌കട്ടകളാണ് പാര്‍പാര്‍ട്ട് ഉപയോഗിച്ചത്. എന്നാല്‍ ഫ്രിഡ്ജിന്റെ പിതാവെന്ന് ലോകത്തറിയപ്പെടുന്നത് ജേക്കബ് പെര്‍ക്കിന്‍സാണ്. ലിക്വിഫൈഡ് അമോണിയ ഉപയോഗിച്ച് ഫ്രിഡ്ജിലെ കൂളിങ് നിലനിര്‍ത്താനാവും എന്ന കണ്ടുപിടുത്തമായിരുന്നു പെര്‍ക്കിന്‍സ് നടത്തിയത്. പക്ഷേ രണ്ടിന്റെയും ക്രെഡിറ്റ് അദ്ദേഹത്തിന് ചരിത്രം സമ്മാനിച്ചെന്നു മാത്രം.

ഡിസ്‌പോസിബിള്‍ ഡയപ്പറുകള്‍ കുഞ്ഞുങ്ങളുള്ള വീടുകളിലെ സര്‍വസാധാരണ കാഴ്ചയാണ്. ഇതു കണ്ടെത്തിയതും ഒരു സ്ത്രീയാണ്. മാരിയോണ്‍ ഒബ്രിയന്‍ ഡൊണോവന്‍ എന്ന അമേരിക്കക്കാരി.

വീട്ടിലെ തയ്യല്‍ മെഷീനില്‍ ഷവര്‍ കര്‍ട്ടന്‍ തുണി ഉപയോഗിച്ചാണ് ആദ്യ വാട്ടര്‍പ്രൂഫ് ഡയപ്പര്‍ ഡോണോവാന്‍ ഉണ്ടാക്കിയത്. തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ അവരെ ഡിസ്‌പോസബിള്‍ ഡയപ്പറിലേക്കു നയിച്ചു. അതവര്‍ ബിസിനസാക്കി. പിന്നീട് 1961-ല്‍ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് വിക്ടര്‍ മില്‍സ് എന്നയാള്‍ക്കു പത്തു മില്യണ്‍ ഡോളറിന് വിറ്റു. അങ്ങനെ നമുക്കെല്ലാം സുപരിചിതമായ 'പാമ്പേഴ്‌സ്' എന്ന ബ്രാന്‍ഡുണ്ടായി.

നമ്മുടെ ഇപ്പോഴത്തെ സിസിടിവി സംവിധാനത്തിനു പിന്നിലും ഒരു വനിതയാണ്. മേരി വാന്‍ ബ്രിട്ടണ്‍ ബ്രൗണ്‍ എന്ന അമേരിക്കക്കാരി. ആദ്യത്തെ ക്ലോസ്ഡ് സര്‍ക്യൂട്ട് സെക്യൂരിറ്റി സിസ്റ്റം നിര്‍മിച്ച് തന്റെ വീടിന് മുന്നില്‍ സ്ഥാപിക്കുകയും അതിനു പേറ്റന്റ് നേടുകയും ചെയ്തു മേരി. മേരിക്ക് സഹായിയായി ഭര്‍ത്താവ് ആല്‍ബര്‍ട്ട് എല്‍ ബ്രൗണും ഒപ്പം നിന്നു. ഭര്‍ത്താവ് ജോലിക്കുപോകുമ്പോള്‍ ഒറ്റയ്ക്കു വീട്ടിലിരിക്കാനുള്ള ഭയത്തില്‍ നിന്നായിരുന്നു ഈ കണ്ടുപിടുത്തം.

വാഹനങ്ങളിലെ വൈപ്പര്‍ സംവിധാനത്തിനു പിന്നിലുമുണ്ട് ഒരു സ്ത്രീയുടെ കൈ. 1903-ല്‍ മേരി ആന്‍ഡേഴ്‌സണ്‍ എന്ന അമേരിക്കക്കാരിയാണ് ഓട്ടോമാറ്റിക്ക് കാര്‍ വിന്‍ഡ് ക്ലീനിങ് ഡിവൈസെന്ന ഇപ്പോഴത്തെ വൈപ്പര്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ രൂപഘടന. അത്രയും കാലം കാറോടിച്ചിരുന്ന ആണുങ്ങള്‍ക്കൊന്നും തോന്നാതിരുന്ന ബുദ്ധി. രസകരമായ സംഭവം ഇതുമാത്രമല്ല. 1900ത്തിലാണ് അമേരിക്കയില്‍ ആദ്യമായി ഒരു വനിതാ ഡ്രൈവര്‍ ഉണ്ടാവുന്നത്. പിന്നെയും പത്ത് വര്‍ഷം കഴിഞ്ഞ് 1910 ലാണ് സ്ത്രീകള്‍ക്ക് അമേരിക്കയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചുതുടങ്ങിയത്.

റോള്‍മോഡലുകള്‍ കുറവോ

നമ്മുടെ പാഠപുസ്തകങ്ങളില്‍ സ്ത്രീ ശാസ്ത്രജ്ഞരുടെ എണ്ണം വളരെക്കുറവാണ്. ഉള്ളവരെപ്പറ്റിപ്പോലും പഠിക്കാനില്ല. കുട്ടികള്‍ അവരെപ്പറ്റി അറിയുന്നതും പഠിക്കുന്നതുമെല്ലാം കുറച്ചു മാത്രമാണ്. പെണ്‍കുട്ടികള്‍ക്ക് STEM മേഖലയോട് ഇഷ്ടം തോന്നാനുള്ള പ്രചോദനമൊന്നും നമുക്കു ചുറ്റുനിന്നും ലഭിക്കുന്നില്ല. കുടുതല്‍ സ്ത്രീശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും കണ്ടും കേട്ടും അവരുടെ നേട്ടങ്ങളറിഞ്ഞും വളരാന്‍ അവര്‍ക്കവസരമുണ്ടാവണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എങ്കില്‍ മാത്രമേ കൂടുതല്‍ സ്ത്രീകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ കഴിയൂ.

യുഎന്‍ നടത്തിയ ഒരു പഠനമനുസരിച്ച് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്ത്രീകളുടെ എണ്ണം കൂടിവരുന്നുണ്ട്. എങ്കിലും അതൊരു സാവധാനത്തിലുള്ള പ്രക്രിയയാണ്. പഴയകാലത്തെ അപേക്ഷിച്ച് ഈ വേര്‍തിരിവുകളെ എതിര്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ധൈര്യമുണ്ടെന്നും പഠനം പറയുന്നു. ശാസ്ത്ര-സാങ്കേതികമേഖലകള്‍ ഇന്നും പുരുഷാധിപത്യത്തില്‍ തന്നെയാണ്, എങ്കിലും കാലം മാറ്റംകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ലോകം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi