രാവിലെ തിരക്കേറിയ ബസ്സിൽ, ഒരാൾ വളരെ ശ്രദ്ധയോടെ മറ്റൊരാളുടെ പോക്കറ്റിലേക്ക് കൈ ഇടുന്നു. കിട്ടിയതോ ഒരു ചുളിഞ്ഞ ബസ് ടിക്കറ്റ് മാത്രം. പോക്കറ്റിൽ അമ്പത് പൈസപോലെ കരുതാതെ എവിടേക്ക് പോകാനും എന്തും വാങ്ങാനും അവസരമൊരുക്കിയ കാലത്തിന് നന്ദിപറയാതെ എന്തുചെയ്യാൻ. പോക്കറ്റിൽ നിന്ന് കറൻസി  ഫോണിലേക്ക് ചേക്കേറിയ കാലമാണിത്. നമ്മുടെ ദൈനംദിന വ്യാപാരങ്ങളിലെല്ലാം ഈ മാറ്റത്തിന്റെ മാറ്റൊലി പ്രകടമാണ്.
പണ്ട് കടയിൽ പോയി സാധനം വാങ്ങുമ്പോൾ ബാക്കി തരാൻ ചില്ലറ ഇല്ലാതെവരുമ്പോൾ കൈയിലേക്ക് രണ്ട് മാങ്ങാ മിഠായി വെച്ച് തരുന്ന കടക്കാരുണ്ടായിരുന്നു. ഒരു രൂപയുടെ ബാക്കി തരാനുണ്ടെങ്കിൽ രണ്ട് മിഠായി, അഞ്ച് രൂപയ്ക്ക് ഒരു ബിസ്കറ്റ്. ബാക്കി പണം രുചിയായി നുണഞ്ഞ് വീട്ടിലേക്ക് പോകും.
ആ കാലമൊക്കെ പോയി. ഇന്ന് പത്ത് രൂപയുടെ മിഠായിക്ക് പോലും GPay ചെയ്യും. രാവിലെ പാലുകാരന്, ഉച്ചയ്ക്ക് ബസ്സിന്, വൈകുന്നേരം പൂക്കാരിക്ക് വരെ ഒറ്റക്ലിക്കിൽ പണം അയയ്ക്കും. അഞ്ച് വയസ്സുകാരൻ മുതൽ എൺപത് വയസ്സുകാരി വരെയുള്ളവരുടെ പണമിടപാട് ഫോണിലൂടെയാണ്.
കറൻസി പോക്കറ്റിൽ നിന്ന് അക്കൗണ്ടിലേക്ക് മാറി. ഇനി ആർക്കും ചില്ലറയുടെ പേരിൽ മിഠായി തരാൻ പറ്റില്ലെന്ന് സാരം. കാരണം കണക്ക് ഇപ്പോൾ പൈസയായിത്തന്നെ അക്കൗണ്ടിലേക്ക് വരും.
പോക്കറ്റിൽ നിന്ന് ഫോണിലേക്ക്
നമ്മൾ ഇന്ന് ഉപയോഗിക്കുന്ന GPay-യുടെ ആദ്യ പേര് GPay ആയിരുന്നില്ല, 'Tez' എന്നായിരുന്നു. ഹിന്ദിയിൽ വേഗത എന്നർഥം. 2017 സെപ്റ്റംബർ 18-ന് Google ഇന്ത്യക്കാർക്ക് വേണ്ടി മാത്രമായി കൊണ്ടുവന്ന ഈ ആപ്പ്, അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആണ് ഡൽഹിയിൽ വെച്ച് രാജ്യത്തിന് സമർപ്പിച്ചത്. പിന്നീട് 2018 ഓഗസ്റ്റ് 28-ന് അതുതന്നെ Google Pay ആയി മാറി. ഇത് ഒരു ബാങ്കല്ല. ഇതിന്റെ പ്രവർത്തനം UPI എന്ന സംവിധാനത്തിലൂടെയാണ്. ഈ UPI വികസിപ്പിച്ചതും നിയന്ത്രിക്കുന്നതും NPCI ആണ്, RBI-യുടെ മേൽനോട്ടത്തിലും കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയും.

ആ തരംഗം
2016-ലെ നോട്ട് നിരോധനത്തിന് ശേഷം കേന്ദ്ര സർക്കാരിന്റെ Digital India എന്ന സ്വപ്നത്തിന്റെ ഭാഗമായി ക്യാഷ്‌ലെസ്സ് ഇക്കോണമി ശക്തമായപ്പോഴാണ് UPI-ക്കും BHIM ആപ്പിനും പ്രചാരം ലഭിച്ചത്. ആ തരംഗത്തിലാണ് Google Tez-മായി എത്തിയതും. അതോടെ കടയിലെ മിഠായിക്കണക്കും, ബസ്സിലെ പോക്കറ്റടിക്കാരന്റെ കണക്കും ഒരുമിച്ച് തെറ്റി.

ആ തരംഗം
വ്യാജ QR കോഡുകളും തട്ടിപ്പ് ലിങ്കുകളുമൊക്കെയായി തട്ടിപ്പിന്റെ വഴികളും ഇതിനൊപ്പം വളരുന്നുണ്ട്. കാലം കള്ളന്മാരെയും ഡിജിറ്റൽ ആക്കി എന്ന് ചുരുക്കം. അങ്ങനെ നോക്കുമ്പോൾ GPay ഒരു ആപ്പ് മാത്രമല്ല, സുരക്ഷ കൂടിയാണ്. ഒരു 'ടിം' ശബ്ദം കൊണ്ട് ഒരു തെറ്റായ തൊഴിൽ ഇല്ലാതായി എന്നതിൽ സന്തോഷിക്കാം. പക്ഷേ ഓർക്കുക, കള്ളന്മാർ ഇപ്പോൾ പോക്കറ്റിലല്ല നോക്കുന്നത്, നമ്മുടെ അശ്രദ്ധയിലേക്കാണ്.
QR കോഡ് സ്‌കാൻ ചെയ്യുമ്പോൾ ഒന്നുകൂടി ഉറപ്പാക്കുക, അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഡിജിറ്റൽ യുഗത്തിൽ സൂക്ഷ്മതയാണ് ഏറ്റവും വലിയ സുരക്ഷ. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi