കായികലോകത്തെ താരങ്ങളോട് അന്ധമായ ആരാധന വെച്ചുപുലര്‍ത്തുന്നവരുണ്ട്. ആരാധന മൂത്ത് ഭക്തിയോളം വളര്‍ന്നവരുമുണ്ട്. ഇഷ്ടതാരം കളിയില്‍ നിന്ന് വിരമിച്ചാലും ആരാധകര്‍ വിട്ടൊഴിയില്ല. പതിനാറാം വയസ്സില്‍ കളിച്ചുതുടങ്ങി ഇരുപതിനാലുവര്‍ഷം നീണ്ട കരിയറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ ആരാധകര്‍ക്ക് കണക്കില്ല. കളി നിര്‍ത്തിയിട്ടും സച്ചിന്‍ ദൈവം തന്നെ.

To advertise here,

സച്ചിനെപ്പോലെ ദീര്‍ഘമായ ഇരുപത്തിനാലുവര്‍ഷ കരിയറാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെതും. അക്കാലയളവില്‍ ലക്ഷോപലക്ഷം ആരാധകരെ അദ്ദേഹം നേടി. അതില്‍ ജീസസ് അപാരിചിയോ എന്ന ആരാധകന്‍ ഒത്തിരി സ്‌പെഷ്യലാണ്.

കടുത്ത റോജര്‍ ഫെഡറര്‍ ആരാധകനായിരുന്നു ജീസസ്. 2004 ഡിസംബര്‍ 12-ന് സ്വന്തം ജന്മദിനം സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിച്ച്‌ മടങ്ങും വഴി ജീസസ് കാറപകടത്തില്‍ പെട്ടു. പതിനെട്ടു വയസ്സ് തികഞ്ഞ നാളുണ്ടായ അപകടം. ജീവന്‍ രക്ഷിച്ചെടുക്കാനായെങ്കിലും ജീസസ് കോമയിലായി.

ആ കോമയില്‍ നിന്ന് ജീസസ് എഴുന്നേല്‍ക്കുന്നത് 2015 ഓഗസ്റ്റ് 27-നാണ്. അപ്പോഴേക്കും 11 വര്‍ഷങ്ങള്‍ കഴിഞ്ഞുപോയിരുന്നു. കോമയില്‍ നിന്നെഴുന്നേറ്റെങ്കിലും ജീസസിന് സംസാരശേഷി വീണ്ടുകിട്ടാന്‍ അല്പം സമയമെടുത്തു. സംസാരിക്കാന്‍ കഴിയുമെന്നായപ്പോള്‍ ജീസസ് കുടുംബത്തോട് സംസാരിച്ചു. സുഹൃത്തുക്കളെക്കുറിച്ച അന്വേഷിച്ചു. പിന്നെ തന്റെ ഇഷ്ടതാരം റോജര്‍ ഫെഡററെക്കുറിച്ച് ചോദിച്ചു.

placeholder
റോജര്‍ ഫെഡറര്‍

11 വര്‍ഷം മുന്‍പ്, ജീസസിന്റെ അപകടത്തിന് മുന്‍പ്, ഫെഡറര്‍ക്ക് രണ്ടു ഗ്രാന്‍ഡ് സ്ലാം ആയിരുന്നു സമ്പാദ്യം. ഫെഡറര്‍ ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമാകുന്നത് ജീസസ് കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് 34 വയസ്സായ സ്ഥിതിക്ക് വിരമിച്ചു കാണുമെന്നായിരുന്നു ജീസസിന്റെ ധാരണ. സാധാരണ അതൊക്കെ ടെന്നീസില്‍ വലിയ പ്രായമാണല്ലോ. പക്ഷേ പതിനേഴ് ഗ്രാന്‍ഡ് സ്ലാം നേടി ലോക രണ്ടാംനമ്പര്‍ താരമായി ഫെഡറര്‍ ഇപ്പോഴും തുടരുന്നു എന്ന് കേട്ടപ്പോള്‍ ജീസസ് ഞെട്ടി.

ആരോഗ്യം മെച്ചപ്പെട്ടപ്പോള്‍ ഫെഡററുടെ കളി കാണാന്‍ ജീസസ് പോയി. യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഫെഡററും ദ്യോക്കോവിച്ചും നേരിടുന്നത് കാണാന്‍ ജീസസ് ഗാലറിയിലുണ്ടായിരുന്നു. ദ്യോകോവിച്ച് എന്ന കളിക്കാരനെ ജീസസിന് അറിയുകയേ ഇല്ലായിരുന്നു. ആ കളിയില്‍ ജയം ദ്യോക്കോവിച്ചിനായിരുന്നു. കാലങ്ങള്‍ക്കിപ്പുറവും ഫെഡറര്‍ അതേ അഴകോടെ കളിക്കുന്നത് കണ്ട് മനംനിറഞ്ഞാണ് ജീസസ് മടങ്ങിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi