പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയുമെല്ലാം പ്രതീകമായ റോസാപ്പൂവുകൾ. മഞ്ഞ, പിങ്ക്, റോസ്, ചുവപ്പ്, ഓറഞ്ച്...തുടങ്ങി പല നിറങ്ങളിലുള്ള റോസാപ്പൂവുകൾ നമുക്ക് പരിചയമാണ്. എന്നാൽ, കറുത്ത റോസാപ്പൂവുണ്ടോ? അതിന് ഉത്തരങ്ങൾ പലതാണ്.
തുർക്കിയിലെ ഹൽഫെതി ഗ്രാമത്തിൽ മാത്രം ഇതുകാണാമെന്നാണ് ചിലർ പറയുന്നത്. എന്നാൽ, കറുത്ത നിറം കൃത്രിമമായി ഉണ്ടാക്കുന്നതാണെന്ന് മറ്റു ചിലരും പറയുന്നു.
തുർക്കിയിലെ ഹൽഫേതി എന്ന ഗ്രാമത്തിലാണ് കറുത്ത റോസ് ഉണ്ടെന്ന് പറയപ്പെടുന്നത്. വേനലിൽ മാത്രമേ ഇവ പൂക്കുകയുള്ളൂവത്രെ. അവിടുത്തെ മണ്ണും മറ്റ് കാലാവസ്ഥാസവിശേഷതകളുമാണ് കറുപ്പുനിറത്തിനു കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ പ്രദേശത്ത് കറുത്ത റോസ് ഉണ്ടായതിനുപിന്നിലൊരു കഥയുണ്ട്. പ്രാഗ് എന്ന സ്ഥലത്തിനു സമീപം കോനോപിസ്റ്റേ എന്ന കൊട്ടാരമുണ്ടായിരുന്നു. ഈ കൊട്ടാരത്തിനു ചുറ്റുമായി ഓസ്ട്രിയൻ കിരീടാവകാശിയായ ഫ്രാൻസ് ഫെർഡിനന്റിന്റെ കാലത്ത് നിറയെ പൂക്കൾ നട്ടുപിടിപ്പിച്ചു.
കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു സസ്യശാസ്ത്രവിദഗ്ധനെ അദ്ദേഹം കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. എവിടെയും കാണാത്ത ഒരു പ്രത്യേകപുഷ്പം ഉദ്യാനത്തിൽ വേണം, ഇതായിരുന്നു ഫെർഡിനന്റിന്റെ ആവശ്യം. അങ്ങനെ വികസിപ്പിച്ചെടുത്തതാണ് കറുത്ത റോസാപ്പൂവ്. ഇത് കണ്ടപ്പോൾ ദൗർഭാഗ്യത്തിന്റെ പ്രതീകമായി പലർക്കും തോന്നി. നശിപ്പിച്ചുകളയാനും ആവശ്യപ്പെട്ടു. പക്ഷേ, രാജകുമാരൻ സമ്മതിച്ചില്ല. ഒടുവിൽ അദ്ദേഹവും വെടിയേറ്റാണ് മരിക്കുന്നത്. അതോടെ കറുത്ത റോസിനെ ദൗർഭാഗ്യം പിന്തുടരാൻ തുടങ്ങി.
മരണത്തിന്റെയും ദൗർഭാഗ്യത്തിന്റെയും പ്രതീകമായിട്ടാണ് കറുത്ത റോസിനെ പണ്ടുമുതലേ കാണുന്നത്. പ്രിയപ്പെട്ടവരുടെ മരണം അറിയിക്കുന്നതും കറുത്ത റോസിലൂടെ തന്നെ. കൊലപാതകം നടത്തുന്നതിനുമുമ്പ് ചിലർ അതിന്റെ സൂചകമായി കറുത്ത റോസാപ്പൂവ് കൊടുത്തയച്ചിരുന്നുവത്രേ.
യാഥാർഥ്യം എന്താണ്?
കറുത്ത റോസില്ലെന്നാണ് സസ്യശാസ്ത്രജ്ഞർ പറയുന്നത്. കടും പർപ്പിൾ, മറൂൺ, ബർഗണ്ടി എന്നീ നിറങ്ങളിലുള്ള പൂവുകൾ, ദൂരക്കാഴ്ചയിൽ കറുപ്പുപൂവായി തോന്നുന്നതെന്നാണ് അവരുടെ വാദം. ചുവപ്പിന്റെ അതിപ്രസരം കൊണ്ടാണ് അങ്ങനെ തോന്നുന്നത്. അതല്ലെങ്കിൽ വെള്ളറോസ് നിറംമുക്കിയെടുക്കുന്നതുമാവാം. എന്തായാലും പൂവിനെ ചുറ്റിപ്പറ്റിയുള്ള കഥകൾ ഇപ്പോഴും തീർന്നിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: truth behind the black rose, is it a reality or a myth?
Published: 02 Jul 2025, 04:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented