രാജ്യങ്ങൾ കൈയൊഴിയുന്ന ജനവിഭാഗങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. പല സമുദായങ്ങളിൽ പല സംസ്കാരങ്ങളിൽ. രാഷ്ട്രമില്ലായ്മ വലിയൊരു ഭീതിയാണ്.

പ്രതീകാത്മകചിത്രം | AI
സന്തോഷത്തിൻ്റെ നാടായിട്ടാവും എല്ലാവരുടെയും മനസ്സിൽ ഭൂട്ടാൻ ഉണ്ടാവുക. സന്തോഷസൂചികയിൽ മുമ്പിലുള്ള, ടൂറിസം വലിയതോതിൽ കളങ്കപ്പെടുത്തിയിട്ടില്ലാത്ത, മലങ്കൂട്ടങ്ങൾ നിറഞ്ഞ സമാധാനമുള്ള ഒരിടം. രാജഭരണമുള്ള ബുദ്ധഭിക്ഷുക്കളുടെ നാട്. ഇങ്ങനെയൊക്കെയാണെങ്കിലും വലിയൊരു ജനവിഭാഗത്തെ നിർദാക്ഷിണ്യം പുറത്താക്കിയൊരു ചരിത്രംകൂടി ഭൂട്ടാനുണ്ട്. വംശീയതയെച്ചൊല്ലിയുള്ള ആ പുറത്താക്കലിനെപ്പറ്റിയാണിത്.
ചൈനയും ഇന്ത്യയുമായി മാത്രം അതിർത്തിപങ്കിടുന്ന കിഴക്കൻ ഹിമാലയൻ രാജ്യമാണ് ഭൂട്ടാൻ. ഭരണത്തലവൻ രാജാവ്. ഭരണഘടനയിലൂന്നിയുള്ള രാജഭരണം നിലനിൽക്കുന്ന രാജ്യം. മൂന്ന് പ്രധാന വംശീയ വിഭാഗങ്ങൾ ഇവിടെ കഴിയുന്നു. പടിഞ്ഞാറുഭാഗത്ത് സോങ്ഖ ഭാഷ സംസാരിക്കുന്ന, ബുദ്ധമതവിശ്വാസികളായ വരേണ്യ ഗാലോംഗുകൾ. ഇവർ ഒൻപതാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്ന് ഭൂട്ടാനിലേക്ക് വന്നവരാണെന്നു കരുതപ്പെടുന്നു.
രാജ്യത്തിന്റെ കിഴക്കാണ് ബുദ്ധമതവിശ്വാസികളായ ഷാർചോപ്പുകളുള്ളത്. ടിബറ്റോ ബർമൻ ഭാഷ സംസാരിക്കുന്ന ഇക്കൂട്ടർ ഭൂട്ടാനിൽ ഏറ്റവുമാദ്യം അധിവസിച്ചിരുന്നവരുടെ പിൻഗാമികളാണെന്ന് കരുതപ്പെടുന്നു. നേപ്പാളി സംസാരിക്കുന്ന, പ്രധാനമായും ഹിന്ദുമത വിശ്വാസികളായ ലോത്ഷാമ്പകൾ തെക്കുഭാഗത്തും കഴിയുന്നു. ഏറ്റവുമൊടുവിൽ രാജ്യത്തേക്ക് കുടിയേറിയ ലോത്ഷാമ്പകളോടാണ് ഭൂട്ടാൻ ഭരണകൂടം നിർദാക്ഷിണ്യം രാജ്യത്തുനിന്ന് ഇറങ്ങിപ്പോവാൻ പറഞ്ഞത്.
19-ാം നൂറ്റാണ്ടിൽ തെക്കൻ ഭൂട്ടാനിൽ സ്ഥിരതാമസമാക്കിയ നേപ്പാളി വംശജരുടെ വൈവിധ്യമാർന്ന സമൂഹമാണ് ലോത്ഷാമ്പകൾ. ഒരുരാജ്യം ഒരു ജനത എന്ന ആശയം മുന്നോട്ടുവെച്ച് മൂന്നരപ്പതിറ്റാണ്ടുമുമ്പ് ലക്ഷത്തിലേറെ ലോത്ഷാമ്പകളെ ഭൂട്ടാൻ ഭരണകൂടം പുറത്താക്കി. ലോത്ഷാമ്പ വംശീയ ഉന്മൂലനം എന്നാണിത് അറിയപ്പെടുന്നത്.
വെറുതെ വന്നവരല്ല ലോത്ഷാമ്പകൾ
17-ാം നൂറ്റാണ്ടിൽ തന്നെ ലോത്ഷാമ്പകൾ ഭൂട്ടാനിലേക്ക് വന്നുതുടങ്ങിയിരുന്നു. നേപ്പാളും ഭൂട്ടാനും നേരിട്ട് അതിർത്തി പങ്കിടാത്തതിനാൽ ഇന്ത്യയിലെ സിക്കിം വഴിയും പശ്ചിമബംഗാൾ വഴിയുമാണ് പോക്കുവരവുകൾ നടന്നത്. 1620-ൽ സ്തൂപങ്ങൾ നിർമിക്കാൻ നേപ്പാളിൽ നിന്ന് കൊണ്ടുവന്ന കരകൗശല സംഘത്തെ ആദ്യമെത്തിയവരായി കണക്കാക്കാം. രാജ്യത്തേക്ക് ക്ഷണിക്കപ്പെടാതെയും സ്വാഗതം ചെയ്യപ്പെടാതെയും വന്നവരാണ് ലോത്ഷാമ്പകളെന്ന് കരുതരുത്.
പ്രത്യേക ആവശ്യങ്ങൾക്കായി അവരെ ഇന്നാട്ടിലേക്ക് കൊണ്ടുവന്നതാണ്. പ്രത്യേകിച്ചും 19-ാം നൂറ്റാണ്ടിൽ വിദേശ തൊഴിലാളികളുടെ ആവശ്യം രാജ്യത്തുണ്ടായപ്പോൾ. അന്ന് ഭൂട്ടാനിൽ ആവശ്യത്തിന് മാനവശേഷിയില്ലായിരുന്നു. കൃഷിയും റോഡുനിർമാണവുമടക്കം രാജ്യത്ത് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പുറത്തുനിന്നുള്ള തൊഴിലാളികൾ വേണ്ടിവന്നു. ഇന്ത്യയിൽ നിന്നും നേപ്പാളിൽനിന്നുമടക്കം തൊഴിലാളികളെ ഭൂട്ടാനിലെത്തിച്ചായിരുന്നു നിർമാണങ്ങളെല്ലാം നടത്തിയത്.
കാര്യമായ നിയന്ത്രണങ്ങളോ സർക്കാർ മേൽനോട്ടമോ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ തെക്കൻ ഭൂട്ടാനിലേക്ക് ആളുകളുടെ കുടിയേറ്റം തുടർന്നു. പ്രധാനമായും നേപ്പാളിൽ നിന്നായിരുന്നു അത്. ഭൂട്ടാന്റെ പ്രധാന ഭക്ഷ്യോത്പാദന മേഖലയായ തെക്കൻ ഭൂട്ടാനിൽ ഇവർ സ്ഥിരതാമസമാക്കുകയും ചെയ്തു.
പതിയെ അംഗബലം ഉയർത്തി ഒരു സമൂഹമായി വളർന്നു. 'തെക്കുനിന്നുള്ളവർ' എന്നർഥം വരുന്ന ലോത്ഷാമ്പ എന്ന പേരും ഈ വിഭാഗത്തിന് ലഭിച്ചു. ഭൂട്ടാനികൾ ഇവരെ ചേർത്തുപിടിച്ചിരുന്നു ആദ്യമൊക്കെ. ഇവിടെ സ്ഥിരതാമസമാക്കിയവർക്ക് 1958-ലെ ദേശീയതാ നിയമപ്രകാരം ഭൂട്ടാൻ പൗരത്വവും നൽകി. അങ്ങനെ അവരവിടെ വീടുവെച്ചും കുടുംബങ്ങളായും കഴിയാൻ തുടങ്ങി.
‘ഭൂട്ടാനൈസേഷൻ’
ടിബറ്റൻ ബുദ്ധമതക്കാരുടെ പിൻഗാമികളാണ് ഭൂട്ടാൻ രാജവംശം. രാജ്യത്തെ എട്ടുലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 75 ശതമാനവും ബുദ്ധമതവിശ്വാസികൾ തന്നെ. അങ്ങനെയിരിക്കെ, നേപ്പാളി വംശജരുടെ ജനസംഖ്യ പതിയെ വർധിക്കുന്നതും അവർ രാഷ്ട്രീയപ്പാർട്ടി രൂപവത്കരിച്ചതുമെല്ലാം പ്രാദേശികർക്ക് ഭീഷണിയായി തോന്നി. വിരോധം തുടങ്ങുന്നത് ഒരുപക്ഷേ അവിടെയാവാം.
രാജ്യത്തിന്റെ ഐക്യത്തിന് നേപ്പാളികൾ ഭീഷണിയാണെന്ന് പതിയെ രാജാവിനുംതോന്നി. 1970-കളുടെ അവസാനം മുതൽ, ഭൂട്ടാൻ ഭരണകൂടം നേപ്പാളി സംസാരിക്കുന്നവരെ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും ഒഴിവാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വിവേചനത്തിന്റെ ശക്തമായ ഇരകളാവുകയായിരുന്നു പിന്നീട് ലോത്ഷാമ്പകൾ.
ഒരു രാഷ്ട്രം, ഒരു ജനത എന്ന തത്വത്തിലൂന്നി 1980-കൾ മുതൽ, ഭൂട്ടാൻ വിവേചനപരമായ പൗരത്വ നിയമങ്ങൾ നടപ്പിലാക്കി. ഇതിലൂടെ പൗരത്വം നേടാനും നിലനിർത്താനും കർശനവ്യവസ്ഥകൾ വന്നു. ദീർഘകാലം രാജ്യത്ത് താമസിച്ചവർക്കും പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും പറയാനും അറിയുന്നവർക്കും ബുദ്ധമതം അനുഷ്ഠിക്കുന്നവർക്കും മാത്രമേ പൗരത്വം നൽകുള്ളൂ എന്ന നയത്തിലേക്ക് വന്നു.
നിബന്ധനകൾ പാലിക്കാൻ പലർക്കും സാധിച്ചില്ല. ഇതിനകം പൗരത്വം നേടിയ ഒട്ടേറെ ലോത്ഷാമ്പകൾക്ക് അത് നഷ്ടമായി. ഇതിനു പുറമെ, സ്കൂളുകളിൽ നേപ്പാളി ഭാഷാപഠനം നിർത്തലാക്കി, സോങ്ഖ ഭാഷയും പരമ്പരാഗത ഭൂട്ടാനി വസ്ത്രധാരണ രീതികളും നിർബന്ധമാക്കി. നേപ്പാളി സംസ്കാരത്തിന്റെ ആചാരങ്ങളെയും ആവിഷ്കാരങ്ങളെയും പരിമിതപ്പെടുത്തുകയും ചെയ്തു.
കരുതിക്കൂട്ടിയുള്ള സെൻസസ്
തെക്കൻ മേഖലയിൽ സെൻസസ് നടത്തിയാണ് ലോത്ഷാമ്പകളുടെ എണ്ണം തിട്ടപ്പെടുത്തിയത്. നേപ്പാളി സംസാരിക്കുന്ന സമൂഹത്തെ ഭൂട്ടാനിൽ നിന്ന് പുറത്താക്കണമെന്ന ലക്ഷ്യത്തോടെ പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി സെൻസസ് നടത്തിയെന്നും ആരോപണമുണ്ട്. ലോത്ഷാമ്പകൾ ഭൂരിഭാഗവും നിയമവിരുദ്ധ കുടിയേറ്റക്കാരോ പൗരന്മാരല്ലാത്തവരോ ആണെന്ന് റിപ്പോർട്ടിൽ കാണിച്ചു.
പ്രതിഷേധവും കലാപവും
സർക്കാരിന്റെ നയങ്ങൾക്കെതിരെ നേപ്പാളികൾ പ്രതിഷേധിച്ചു. ഇതോടെ ഭൂട്ടാൻ സൈന്യം അടിച്ചമർത്തലിലേക്ക് കടന്നു. പ്രതിഷേധക്കാരിൽ ചിലർ സ്കൂളുകൾ കത്തിക്കുകയും സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമടക്കമുള്ള പ്രവൃത്തികളിലേക്ക് നീങ്ങി. കലാപാന്തരീക്ഷം വന്നതോടെ തെക്കൻ ഭൂട്ടാനിൽ സ്കൂളുകളും ആരോഗ്യ സേവനങ്ങളും നിർത്തിവച്ചു. പ്രകടനങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട പലരെയും പോലീസും സൈന്യവും തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് പറയപ്പെടുന്നു.
1990-കളിൽ, തങ്ങളുടെ തനതായ ദേശീയസ്വത്വം സംരക്ഷിക്കാനെന്ന പേരിൽ ലോത്ഷാമ്പകളെ ഭൂട്ടാൻ കൂട്ടമായി നാടുകടത്തി. സൈന്യം നടത്തിയ ദൗത്യത്തിൽ ഒരു ലക്ഷത്തോളം പേരെ പറഞ്ഞുവിട്ടുവെന്നാണ് കരുതുന്നത്. പലരും ആത്മരക്ഷാർഥം ഓടിപ്പോവുകയുംചെയ്തു. ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യവും വീടുമെല്ലാം വിട്ട് ഇക്കൂട്ടർക്ക് മാതൃരാജ്യമായ നേപ്പാളിലേക്ക് തിരിച്ചുപോവേണ്ടിവന്നു. സ്വത്തുക്കളിൽ ഭൂരിഭാഗവും സർക്കാർ കണ്ടുകെട്ടി. അതിർത്തികളിലും ചെക്ക്‌പോസ്റ്റുകളിലും നിയന്ത്രണങ്ങൾ വന്നു.
ലോത്ഷാമ്പകൾ മുമ്പ് കൈവശം വെച്ചിരുന്ന ഭൂമിയിൽ വടക്കൻ ഭൂട്ടാനികളെ പുനരധിവസിപ്പിക്കുന്ന നയവുമായി പിന്നീട് സർക്കാർ മുന്നോട്ടുപോയി. അതേസമയം, വലിയൊരു വിഭാഗം ലോത്ഷാമ്പകൾ ഭൂട്ടാനിൽ തുടരുകയും ചെയ്തു. അവർക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നെന്നും പറയപ്പെടുന്നു.
ഏറ്റെടുക്കാതെ നേപ്പാളും
സന്നദ്ധസംഘടനകളുടെ അടക്കം സഹായത്തോടെ ഇന്ത്യ വഴി അഭയാർഥികൾ മാതൃരാജ്യമായ നേപ്പാളിൽ തിരിച്ചെത്തി. പക്ഷേ, അവരെ സ്വീകരിക്കാൻ രാജ്യം തയ്യാറായിരുന്നില്ല. കിഴക്കൻ നേപ്പാളിന്റെ ഒരു കോണിൽ അഭയാർഥികളായി കഴിയാൻ മാത്രം അനുവദിച്ചു. യുഎൻ അഭയാർഥി ഹൈക്കമ്മിഷണറും നേപ്പാൾ സർക്കാരും ചേർന്നാണ് അവർക്ക് ക്യാമ്പുകൾ നിർമിച്ചുനൽകിയത്.
ആറ് പ്രധാന ക്യാമ്പുകളുണ്ടായിരുന്നു അന്ന്. ഒരുപാടുവർഷങ്ങൾ ക്യാമ്പുകളിൽ അവർ കഠിനജീവിതം നയിച്ചു. 2007 മുതൽ, ഐക്യരാഷ്ട്രസഭയുടെ ഇടപെടലോടെ ഒരു ലക്ഷത്തിലധികം അഭയാർഥികളെ യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പുനരധിവസിപ്പിച്ചു. കാലക്രമേണ, നേപ്പാളിലെ ക്യാമ്പുകളിലുള്ളവരുടെ എണ്ണം കുറഞ്ഞു.
പക്ഷേ, ആയിരക്കണക്കിനാളുകൾ ഇപ്പോഴും ക്യാമ്പുകളിലുണ്ട്. പുനരധിവസിപ്പിക്കപ്പെട്ട അഭയാർഥികളുടെ വിഷയത്തിൽ ചില സങ്കീർണ്ണതകൾ ഇക്കൊല്ലമുണ്ടായി. അമേരിക്ക ഏറ്റെടുത്ത ഏതാനുംപേരെ ഡൊണാൾഡ് ട്രംപ് ഭരണകൂടം തിരിച്ചയച്ചു. ഭൂട്ടാൻ പഴയ നയത്തിൽ തുടർന്ന് അവരെ പൗരന്മാരായി സ്വീകരിച്ചില്ല.
ഇതോടെ പലർക്കും നേപ്പാളിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് തിരിച്ചുപോവേണ്ടിവന്നു. നേപ്പാളും ഭൂട്ടാനും ഇതൊരു അടിയന്തര പ്രശ്‌നമായി എടുത്തിട്ടില്ല. മറ്റു രാജ്യങ്ങൾ ഏറ്റെടുക്കട്ടേയെന്ന നയമാണ് ഇരുരാജ്യങ്ങളും തുടരുന്നത്. നേപ്പാൾ സർക്കാർ അഭയാർഥികളെ പുനരധിവസിപ്പിക്കുന്നതിൽ നടപടി സ്വീകരിക്കാത്തതിൽ വ്യാപകവിമർശനം ഉയർന്നിരുന്നു.
ഭൂട്ടാൻ ചൈന പ്രശ്നം
കരയാൽ ചുറ്റപ്പെട്ട ഭൂട്ടാനിലേക്ക് നിലവിൽ ഇന്ത്യ വഴി മാത്രമേ പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. അതിർത്തിത്തർക്കങ്ങളുടെ പേരിൽ നയതന്ത്രബന്ധം മോശമായതിനാൽ ചൈനയും ഭൂട്ടാനുമായുള്ള അതിർത്തി ഔദ്യോഗികമായി അടച്ചിരിക്കുകയാണ്. വടക്കൻ ഭൂട്ടാനിലെ ചില പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് ദീർഘകാലമായി ചൈന അവകാശമുന്നയിക്കുന്നുമുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The story of the Lhotshampa people, expelled from Bhutan in the 1990s. Explore their history, the reasons for their expulsion, and their ongoing struggle for recognition.
Published: 17 Sept 2025, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented