കോള്‍ഡ് വാര്‍ അഥവാ ശീതയുദ്ധം. 1940-കളില്‍ തുടങ്ങി 90-കളിലാണ് അത് അവസാനിച്ചത്. അമേരിക്കയും സോവിയറ്റ് യൂണിയനുമിടയിലുള്ള ആ സംഘര്‍ഷത്തിനിടയില്‍ ഒരുപാട് ദുരന്തങ്ങളുണ്ടായി. അതില്‍ പലതും ഇന്നും നിഗൂഢമായി തന്നെ തുടരുന്നു. 

To advertise here,

അതിലൊന്നാണ് 'ഐസ്ഡല്‍ ലേഡി' (ഐസ്ഡല്‍ വുമണ്‍) എന്ന് അറിയപ്പെടുന്ന സ്ത്രീയുടെ മരണം. നോര്‍വെയിലാണ് ഈ സംഭവം. നോര്‍വെ ബെര്‍ജെനിലുള്ള അള്‍റെകെന്‍ എന്ന പ്രദേശം പ്രശസ്തമാവാന്‍ കാരണം അവിടെയുള്ള ഐസ് വാലിയാണ്. ഇതിന്‌ ഡെത്ത് വാലിയെന്നും ഐസ്ഡല്‍ എന്നും വിളിപ്പേരുണ്ട്. ട്രെക്കിങ്ങിന് വളരെ യോജിച്ച സ്ഥലമാണിത്. ഹൈക്കിനിടെയുള്ള അപകടങ്ങളും അതിനെത്തുടര്‍ന്നുള്ള മരണങ്ങളും നിത്യസംഭവമാണിവിടെ. ആത്മഹത്യ ചെയ്യാന്‍ ആളുകള്‍ പലപ്പോഴും തിരഞ്ഞെടുക്കുന്നതും ഈ സ്ഥലം തന്നെ.

1970 നവംബര്‍ 29. അന്ന് ഹൈക്കിങ്ങിന് വന്ന ആളുകളുടെ എണ്ണം കുറവായിരുന്നു. ഒരച്ഛനും രണ്ടുമക്കളും കൂടി ഡെത്ത് വാലിയിലൂടെ നടക്കുകയായിരുന്നു. അല്പദൂരം പോയപ്പോള്‍, എന്തോ കരിഞ്ഞതുപോലുള്ള ഒരു മണം. അവര്‍ ആ ദിക്കിലേക്ക് പോയി. മുമ്പില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പാറപ്പുറത്ത് പകുതിയിലേറെയും കത്തിക്കരിഞ്ഞൊരു ദേഹം. അടുത്തുതന്നെ ക്യാമ്പ് ഫയറിന്റെ അവശിഷ്ടങ്ങളും. 

അവര്‍  പോലീസിനെ വിവരമറിയിച്ചു. പോലീസ് ഉടനെയെത്തി. പുറകെ വിവരമറിഞ്ഞ് ആളുകളും വന്നുകൊണ്ടേയിരുന്നു. നീണ്ടുനിവര്‍ന്നുകിടക്കുന്നതുപോലെയാണ് മൃതദേഹം. ശരീരത്തിന്റെ മുന്‍ഭാഗവും വസ്ത്രങ്ങളും ഏറെക്കുറെ കത്തിയിട്ടുണ്ട്. മുഖം തിരിച്ചറിയാന്‍ പറ്റുന്നില്ല. അതിനോട് ചേര്‍ന്നുതന്നെ നോര്‍വീജിയന്‍ മദ്യത്തിന്റെ ഒരു കുപ്പി, പ്ലാസ്റ്റിക്കിന്റെ രണ്ട് വെള്ളക്കുപ്പി, പ്ലാസ്റ്റിക് പാസ്‌പോര്‍ട്ട് ഹോള്‍ഡര്‍, റബ്ബര്‍ ബൂട്ടുകള്‍, സ്‌കാര്‍ഫ്, നൈലോണിന്റെ സ്‌റ്റോക്കിങ്‌സ്, കുട, പേഴ്‌സ്, തീപ്പെട്ടി എന്നിവയുമുണ്ട്. ഒപ്പം വാച്ചും കമ്മലും മോതിരവും തൊപ്പിയും കുറേ പേപ്പര്‍ കഷണങ്ങളും. അദ്ഭുതം എന്തെന്നുവെച്ചാല്‍, ഇതെല്ലാം ഭംഗിയായിട്ടാണ് മൃതദേഹത്തിന് ചുറ്റും വെച്ചിരിക്കുന്നത്. തൊപ്പിയില്‍ പെട്രോളിന്റെ അംശമുണ്ടായിരുന്നു.

placeholder
സ്ത്രീയുടെ രേഖാചിത്രം / wikipedia
രേഖാചിത്രം / wikipedia

അടയാളങ്ങളൊന്നുമില്ലാതെ
ഈ വസ്തുക്കളിലെല്ലാമുള്ള അടയാളങ്ങളും ലേബലുകളും തിരിച്ചറിയാനാവാത്ത വിധത്തില്‍ മായ്ച്ചുകളയുകയുകയോ മുറിച്ചുമാറ്റുകയോ കീറിക്കളയുകയോ ചെയ്തിരുന്നു. ആരാണെന്നോ എന്താണെന്നോ തിരിച്ചറിയാനുള്ള യാതൊരു അടയാളങ്ങളുമില്ല. രണ്ടുദിവസത്തിനുശേഷം ബെര്‍ജെന്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള രണ്ട് സ്യൂട്ട്‌കേസുകള്‍ കണ്ടെത്തി. വിഗ്ഗുകള്‍, മേക്കപ്പ് കിറ്റ്, വസ്ത്രങ്ങള്‍, നോര്‍വീജിയന്‍ കറന്‍സി, സണ്‍ഗ്ലാസുകള്‍, നോട്ട്പാഡ്, എയര്‍പോര്‍ട്ട് ചെക്കിന്‍ ഫോമുകള്‍, സ്ഥലത്തിന്റെ മാപ്പ് എന്നിവയാണ് അതിലുണ്ടായിരുന്നത്. സണ്‍ഗ്ലാസിലെ വിരലടയാളം, മരിച്ച സ്ത്രീയുടെ വിരലടയാളവുമായി യോജിക്കുന്നതാണെന്ന് പിന്നീട് കണ്ടെത്തി. 

നോട്ട്പാഡില്‍ കുറേ സ്ഥലപ്പേരുകള്‍ കുറിച്ചുവെച്ചിരുന്നു. ചെക്കിന്‍ ഫോമുകളില്‍നിന്ന് ഒരു കാര്യം വ്യക്തമായി, അവര്‍ യൂറോപ്പില്‍ മുഴുവന്‍ യാത്ര ചെയ്തിരുന്നുവെന്ന്. ഓരോ ചെക്കിന്‍ ഫോമിലും ജനനത്തീയതിയും ജോലികളും മാറിക്കൊണ്ടേയിരുന്നു, പേരുകളും. യാത്ര ചെയ്യാനായി ഉപയോഗിച്ചതാണെങ്കില്‍ എട്ടിലേറെ വ്യാജ പാസ്‌പോര്‍ട്ടുകളും. നോട്ട്പാഡില്‍ കുറേ കോഡ് ഭാഷയിലുള്ള കുറിപ്പുകളുമുണ്ടായിരുന്നു. 

പ്രദേശത്തെ ഹോട്ടലുകളിലേക്കും റെയില്‍വേ സ്‌റ്റേഷനുകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. നവംബര്‍ 23-നാണ് അവരെ അവസാനമായി കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അവിടെയൊരു ഹോട്ടലിലായിരുന്നു അവര്‍ കുറച്ചുദിവസം താമസിച്ചിരുന്നത്. ഹോട്ടലില്‍വെച്ച് പലരോടും സംസാരിക്കുന്നതും അടുത്തുപെരുമാറുന്നതും പലരും കണ്ടിരുന്നു. അഞ്ചടിയിലേറെ പൊക്കമുള്ള സ്ത്രീയാണെന്നും ഹോട്ടലിലെ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. 23-നാണ് അവര്‍ ഹോട്ടലില്‍നിന്ന് ചെക്കൗട്ട് ചെയ്തത്. ഒരു ടാക്‌സി വേണമെന്ന് അവര്‍ പറഞ്ഞതനുസരിച്ച് ജീവനക്കാര്‍ ടാക്‌സി ഏര്‍പ്പാടാക്കി കൊടുത്തു. ആ ടാക്‌സി ഡ്രൈവറെയും പിന്നീട് കണ്ടെത്താനായില്ല. അതോടെ അന്വേഷണം വഴിമുട്ടി. 

മൃതദേഹത്തിന്റെ ഓട്ടോപ്‌സി റിപ്പോര്‍ട്ട് അധികം വൈകാതെ കിട്ടി. ജീവനോടെയാണ് അവരെ കത്തിച്ചതെന്ന് മനസ്സിലായത് അപ്പോഴാണ്. വയറ്റിനുള്ളില്‍നിന്ന് 50-ലേറെ ഉറക്കഗുളികകളുടെ അവശിഷ്ടവും ലഭിച്ചു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കി. അതുവെച്ചായി പിന്നീടുള്ള അന്വേഷണം. ഫെബ്രുവരിയിലാണ് ആ പ്രദേശത്ത് എത്തിയതെന്ന് പല ഹോട്ടലുകളില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. വിവരങ്ങള്‍ വെച്ച് തയ്യാറാക്കിയ സ്‌കെച്ചുകള്‍ ഇന്റര്‍പോള്‍ വഴി എല്ലാ രാജ്യങ്ങളിലുമെത്തി. ഒരു തുമ്പും കിട്ടിയില്ല. 

placeholder
ഐസ്ഡല്‍ ലേഡിയുടെ അന്ത്യകര്‍മങ്ങള്‍ക്കിടെ
ഐസ്ഡല്‍ ലേഡിയുടെ അന്ത്യകര്‍മങ്ങള്‍ക്കിടെ

ചാരവനിതയെന്ന് ചിലര്‍
നവംബര്‍ 28-ന് ആ സ്ഥലത്തുവെച്ച് ഈ സ്ത്രീയെ കണ്ടിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പിന്നീട് വെളിപ്പെടുത്തി. അവര്‍ക്കൊപ്പം രണ്ട് പുരുഷന്‍മാരുണ്ടായിരുന്നുവെന്നും സ്ത്രീയുടെ മുഖം ഏറെ ഭയന്നതുപോലെയായിരുന്നുവെന്നും അയാള്‍ പറഞ്ഞു. പക്ഷേ, അതൊന്നും അന്വേഷണത്തെ സഹായിച്ചില്ല.

പലരും പല കഥകളുമുണ്ടാക്കി. ചാരവനിതയാണെന്നായിരുന്നു നിഗമനങ്ങളില്‍ ഏറ്റവും പ്രധാനം. ശീതയുദ്ധം നടക്കുന്ന സമയമായതുകൊണ്ട് തന്നെ കുറേപ്പേര്‍ അതിനെ പിന്തുണച്ചു. അന്വേഷണങ്ങളില്‍നിന്ന് തെളിഞ്ഞത് അവര്‍ പല ഭാഷകള്‍ സംസാരിക്കുമെന്നായിരുന്നു. യാത്ര ചെയ്തിരുന്നതും ഹോട്ടലുകളില്‍ താമസിച്ചിരുന്നതും പല പേരുകളില്‍. ഇതും ചാരവനിതയെന്നതിന് ഉറപ്പിക്കാന്‍ കാരണമായി.  

എന്നാല്‍, ലൈംഗികതൊഴിലാളിയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. അതുകൊണ്ടാണ് അവര്‍ പല പേരുകള്‍ സ്വീകരിച്ചതെന്നും സ്വന്തം പേര് വെളിപ്പെടുത്താതിരുന്നതെന്നും അവര്‍ ഊഹിച്ചു. ഓരോ ആളുകളെ കാണാന്‍ പോയിരുന്ന സ്ഥലങ്ങളാണ് നോട്ട്പാഡില്‍ കുറിച്ചതെന്നും കൂടി അവര്‍ പറഞ്ഞുവെച്ചു. ആ സ്ത്രീ ഹോട്ടലില്‍വെച്ച് അടുത്തുപെരുമാറിയിരുന്നവര്‍ പോലും കേസന്വേഷണത്തിന് സഹകരിക്കാതിരുന്നതിന് കാരണവും ഇതുതന്നെയെന്നായിരുന്നു വാദം.    

ഒടുവില്‍ പോലീസ് കേസ് അവസാനിപ്പിച്ചു. ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, അവര്‍ കൊല്ലപ്പെട്ടതാണെന്ന് വേറെ പലരും വാദിച്ചു. 

placeholder
മൃതദേഹം അടക്കിയ സ്ഥലം / wikipedia
മൃതദേഹം സംസ്‌കരിച്ചതിവിടെ

പിന്നീട് നടന്നത്...
1991-ല്‍ ഒരു ടാക്‌സി ഡ്രൈവര്‍ രംഗത്തെത്തി. താനാണ് അവരെ ബെര്‍ജെന്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും വഴിയില്‍വെച്ച് മറ്റൊരാള്‍ കൂടി കാറില്‍ കയറിയെന്നും അയാള്‍ പറയുന്നു.  

2019-ല്‍ ഫ്രഞ്ച് പത്രത്തില്‍ വീണ്ടും 'ഐസ്ഡല്‍ ലേഡി' വാര്‍ത്തയായി. ആ സ്ത്രീയെക്കുറിച്ച് ആ പ്രദേശത്തുള്ളൊരാള്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്ത. തനിക്ക് അവരുമായി ബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ അറിയുമായിരുന്നുവെന്നൊക്കെ അയാള്‍ പറഞ്ഞു. ഒട്ടേറെ ഭാഷകള്‍ അവര്‍ക്ക് അറിയാമായിരുന്നു. പ്രായം കുറവുതോന്നിക്കുന്ന വസ്ത്രങ്ങളായിരുന്നു അവര്‍ ധരിച്ചിരുന്നത്. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും അവര്‍ ആരോടും പറഞ്ഞിരുന്നില്ല. വിദേശരാജ്യങ്ങളില്‍നിന്ന് അവര്‍ക്ക് പലപ്പോഴും ഫോണ്‍കോളുകള്‍ വരുമായിരുന്നു. അവരുടെ കൈവശം ഒട്ടേറെ വിഗ്ഗുകള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ഒരു ചാരവനിതയാണെന്ന് സംശയം തോന്നിയിരുന്നുവെന്നും ആ റിപ്പോര്‍ട്ടിലൂടെ അയാള്‍ വെളിപ്പെടുത്തി. അന്ന് അധികൃതരെ അറിയിക്കാന്‍ അയാള്‍ ശ്രമിച്ചുവെങ്കിലും, പേടി കാരണം അതിന് മുതിര്‍ന്നില്ല. പക്ഷേ, മറ്റൊരു വിവരവും അയാളുടെ കൈയിലുമില്ലായിരുന്നു.

ഒരു തെളിവുകളും അവശേഷിപ്പിക്കാതെ, ആരാലും തിരിച്ചറിയപ്പെടാതെ, മരണത്തിലേക്ക് പോയ ഒരു സ്ത്രീ. അവര്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പോലും ലഭ്യമല്ല. നോര്‍വീജിയന്‍ ചരിത്രത്തിലെ തെളിയിക്കപ്പെടാത്ത നിഗൂഢതയായി അതിന്നും അവശേഷിക്കുന്നു.