'ഇത് പാര്‍ലെ ജി ഗേള്‍ തന്നെ', കുറച്ചുദിവസമായി ഒരു കുഞ്ഞിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. ആധാര്‍ കാര്‍ഡിനായി ഫോട്ടോയെടുക്കാന്‍ പോയപ്പോഴുള്ള ആ കുഞ്ഞിന്റെ ക്യൂട്ട് ഭാവങ്ങളാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. ഗുന്‍ഗുന്‍ ആന്റ് മോം എന്ന സോഷ്യല്‍മീഡിയ പേജില്‍നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിലെ കുട്ടിത്താരം ബേബി നൈഷയും.
സംഭവമിങ്ങനെ. ഇക്കഴിഞ്ഞ ജൂണിലാണ് ആധാര്‍ കാര്‍ഡിലേക്ക് ഫോട്ടോയെടുക്കാനായി, കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ ഓഫീസിലെത്തിയത്. കുഞ്ഞിനെ ഓഫീസിലെ കസേരയില്‍ കയറ്റിനിര്‍ത്തി. ഉദ്യോഗസ്ഥന് ക്യാമറ കുഞ്ഞിനുനേരെ ഫോക്കസ് ചെയ്തതും, അവള് കുട്ടി സൂപ്പര്‍മോഡലായി മാറി. ഗംഭീരമായി പോസ് ചെയ്യാന്‍ തുടങ്ങി. താടിക്ക് കൈകൊടുത്തും കള്ളനോട്ടം നോക്കിയും മനോഹരമായി പുഞ്ചിരിച്ചും നൃത്തം ചെയ്തുമെല്ലാം അവള് ആധാര്‍ ഫോട്ടോയെടുപ്പ് ആഘോഷമാക്കി.
മാതാപിതാക്കള്‍ കുഞ്ഞിന്റെ ഫോട്ടോയെടുപ്പിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. പക്ഷേ, അവളൊരു നിമിഷം പോലും നേരെനില്ക്കുന്നില്ല. ആധാര്‍ കാര്ഡിലേക്കാവശ്യമായ ഒരു ഫോട്ടോ പോലും കിട്ടുന്നുമില്ല. വീഡിയോ പെട്ടെന്നാണ് വൈറലായത്. ബേബി നൈഷയ്ക്ക് 'പാര്‍ലെ ജി ഗേളു'മായി സാമ്യമുണ്ടെന്നാണ് പലരുടെയും കണ്ടുപിടിത്തം.
'ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ വളരെ സന്തോഷകരമായിട്ടാണ് ജീവിക്കുന്നത്. അതാ കുഞ്ഞിന്റെ മുഖത്ത് കാണാനുണ്ട്', ആധാര്‍ കാര്‍ഡില്‍ മനോഹരമാവാന്‍ പോകുന്ന ഏക വ്യക്തി'...വീഡിയോയ്ക്കുതാഴെ കമന്റുകള്‍ പലതും ഇങ്ങനെയാണ്. എന്തായാലും വീഡിയോ ഹിറ്റായി, ഇതുവരെ 18.7 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.
ആരാണ് പാര്‍ലെ ജി ഗേള്‍?
പാര്‍ലെ ജി ബിസ്കറ്റ് കവറിനുമുകളിലുള്ള കൊച്ചുകുഞ്ഞാണ് 'പാര്‍ലെ ജി ഗേള്‍' എന്നറിയപ്പെടുന്നത്. ആരാണാ പെണ്‍കുട്ടിയെന്ന് തിരഞ്ഞുനടപ്പായിരുന്നു കുറേനാള്‍ സോഷ്യല്‍ മീഡിയ. കുറേക്കാലം അക്കാര്യം വളരെ ദുരൂഹവുമായിരുന്നു.
എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും രാജ്യസഭാ എം.പി.യുമായ സുധ മൂര്‍ത്തി, നീരു ദേശ്പാണ്ഡെ, ഗുഞ്ചന് ഗുന്ഡാനിയ എന്നിവരെ പാര്‍ലെ ജി-യുടെ പരസ്യത്തിനായി പരിഗണിച്ചുവെന്നും, ഒടുവില്‍ നീരു ദേശ്പാണ്ഡെയെ തിരഞ്ഞെടുത്തുവെന്നുമായിരുന്നു ചിലരുടെ കണ്ടുപിടുത്തം. അങ്ങനെ പല പ്രാദേശികപത്രങ്ങളിലും വാര്‍ത്തയും വന്നു. എന്നാല്‍ പാര്‍ലെ ജി തന്നെ ഇതിനെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും പൂര്‍ണ്ണവിരാമമിട്ടുകൊണ്ട് രംഗത്തെത്തി.
ഇങ്ങനെയൊരു കുട്ടിയില്ലെന്നും, ഒരു കുഞ്ഞിനെ വരച്ചാണ് മോഡലാക്കിയതെന്നുമാണ് കമ്പനിയുടെ വിശദീകരണം. 1960-കളില്‍ എവറസ്റ്റ് ക്രിയേറ്റീവ് ടീമാണ് ഇത് തയ്യാറാക്കിയതെന്നും ചിത്രകാരനായ മഗന്‍ലാല്‍ ദഹിയ ആണ് വരച്ചതെന്നും അവര്‍ പറഞ്ഞു.
Content Highlights: a kid poses for aadhaar card and the video went viral
Published: 09 Jul 2024, 02:24 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented