സോഷ്യല്‍മീഡിയയില്‍ 'വാഴ' എന്ന സിനിമയിലെ 'ഏയ് ബനാനേ' എന്ന പാട്ടാണ് ഇപ്പോള്‍ വൈറല്‍. ഒരു ഓണപ്പരിപാടിയില്‍ അഫ്‌സല്‍ എന്ന മലപ്പുറംകാരനാണ് ഈ പാട്ടുപാടിയത്. അഫ്‌സലിന്റെ പാട്ട് അക്ഷരാര്‍ഥത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. കമന്റുകളും ഷെയറുകളുമായി പാട്ട് കുതിക്കുകയാണ്. 

To advertise here,

''ഒരുപാട് സന്തോഷമുണ്ട്. ഏതെങ്കിലുമൊരു പാട്ട് ആളുകള്‍ ഏറ്റെടുത്തെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അന്നൊന്നും നടന്നില്ല. ഇപ്പോള്‍ പലയിടത്തുനിന്നും ആളുകള്‍ വിളിക്കുന്നു, അഭിനന്ദിക്കുന്നു...ഇത്രയൊന്നും പ്രതീക്ഷിച്ചതേയില്ല'', അഫ്‌സല്‍ പറയുന്നു. 3000 ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അഫ്‌സലിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിപ്പോള്‍, 60,000-ത്തിലേറെ പേരാണ്
ഫോളോ ചെയ്യുന്നത്. അതെല്ലാം ആ പാട്ട് നേടിക്കൊടുത്ത പ്രശസ്തി തന്നെ. ഏഴ് മില്യണ്‍ ആളുകള്‍ ആ വീഡിയോ കണ്ടുകഴിഞ്ഞു.

'എത്ര പ്രാവശ്യം ഈ പാട്ടുകേട്ടെന്ന് അറിയില്ല', 'ഈ പാട്ടുകേട്ടിട്ടാണ് ഒറിജിനല്‍ പാട്ട് കേള്‍ക്കാന്‍ പോയത്', 'നല്ല ശബ്ദം'....കമന്റുകള്‍ നീളുന്നു.

''കിന്‍ഷിപ്പ് ഫൗണ്ടേഷന്റെ ഭാഗമായുള്ള സ്‌നേഹതീരം വോളണ്ടിയര്‍ വിങ്ങിലെ അംഗമാണ് ഞാന്‍. കിന്‍ഷിപ്പ് ഫൗണ്ടേഷന്റെ ഓണപ്പരിപാടി നടക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഓണപ്പരിപാടികളുണ്ടാവാറുണ്ട്. പക്ഷേ ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെറിയ രീതിയിലായിരുന്നു ആഘോഷം. അതിനിടയിലാണ് ഈ പാട്ട് പാടിയത്. വീല്‍ചെയറില്‍ കുറേ ശ്രോതാക്കളുണ്ടായിരുന്നു എന്റെ മുന്നില്‍. അവരെ എത്രത്തോളം സന്തോഷിപ്പിക്കാന്‍ പറ്റുമോ, അത്രത്തോളം വേണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. അങ്ങനെ മതിമറന്ന് പാടിയതാണ്. അവരായിരുന്നു അത്രയും ആസ്വദിച്ചുപാടാന്‍ എനിക്ക് ഊര്‍ജം തന്നത്''. തിരൂര്‍ തലക്കടത്തൂര്‍ അരീക്കാട് സ്വദേശിയാണ് അഫ്‌സല്‍. 

ഉദ്ഘാടനം, കല്യാണപ്പരിപാടി ഉള്‍പ്പെടെയുള്ള വേദികളില്‍ പാടാറുണ്ട് അഫ്‌സല്‍. ''സ്‌കൂളില്‍ പഠിക്കുമ്പോഴേ ചെറുതായി പാടുമായിരുന്നു. അതിനുശേഷവും. അതൊക്കെ എന്റെ സന്തോഷത്തിനുവേണ്ടിയുള്ളതായിരുന്നു. പണം വാങ്ങിയിട്ടുള്ള പരിപാടിയൊന്നുമായിരുന്നില്ല. 2018-ല്‍ കുവൈത്തില്‍ പോയി. അടുത്തവര്‍ഷം അവിടെവെച്ച് നടന്നൊരു പരിപാടിയില്‍ പാട്ടുപാടി. എന്റെയൊരു സുഹൃത്ത് അതിന്റെ വീഡിയോ എടുത്ത് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തു. അന്നവിടെ എല്ലാവരും അതുകേട്ടിരുന്നു. കേട്ടവരെല്ലാം നല്ല അഭിപ്രായം പറയുകയും ചെയ്തു. കോവിഡ് സമയത്ത് ഞാന്‍ നാട്ടിലെത്തി. അതിനുശേഷമാണ് ഉദ്ഘാടനങ്ങള്‍ക്കും കല്യാണത്തിനുമൊക്കെ പാടാന്‍ തുടങ്ങിയത്''. 

ഒമ്പത് വര്‍ഷത്തോളമായി സ്‌നേഹതീരം വോളണ്ടിയര്‍ വിങ്ങിന്റെ ഭാഗമാണ് അഫ്‌സല്‍. ''കുറേ നല്ല മനുഷ്യരുടെ കൂട്ടായ്മയാണിത്. സേവനത്തിലൂടെ സന്തോഷം കണ്ടെത്തുന്നവര്‍. ഇപ്പോള്‍ 3000-ലേറെപ്പേരുണ്ട് ഇതില്‍''.

'വാഴ'യിലെ ഈ പാട്ടിന് വിനായക് ശശികുമാറാണ് വരികളെഴുതിയത്. പാടിയത് അശ്വിന്‍ ആര്യന്‍, പാര്‍വതിഷ് പ്രദീപ് എന്നിവരും.