ധാതുക്കളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് ഉള്ളി. ദഹനത്തിനും ഹൃദയത്തിന്റെയും കുടലിന്റെയുമൊക്കെ ആരോഗ്യത്തിനും ഏറെ ഗുണംചെയ്യുന്ന വിളകൂടിയാണിത്. കഞ്ഞിക്കൊപ്പം കൂട്ടുന്ന ചമ്മന്തി മുതല്‍ പതിനാറുകൂട്ടം തൊടുകറികള്‍ വിളമ്പുന്ന സദ്യവരെയുള്ള വിഭവങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ളിയുണ്ട്. അരപ്പിലും താളിപ്പിലും മുങ്ങിയും ഒഴിച്ചുകറിയില്‍ പൊങ്ങിയും ഉള്ളി രുചിയില്‍ തന്റെ സാന്നിധ്യമറിയിക്കും.

To advertise here,

രുചിയും പോഷകങ്ങളും ധാരാളമുണ്ടെങ്കിലും തൊട്ടാല്‍ വിവരമറിയും എന്നമട്ടിലാണ് ഉള്ളിയുടെ പെരുമാറ്റം. ഉള്ളിയുടെ പകയ്ക്കുമുന്നില്‍ നീറിപ്പുകയ്ക്കുന്ന ഇഞ്ചിയും എരിപൊരി വീരന്‍ കാന്താരിയുമൊക്കെ എത്രയോ നിസ്സാരം. കത്തികൊണ്ടൊന്ന് ഉള്ളിയുടെ കവിളില്‍ തൊട്ടുനോക്കൂ, അതല്ലെങ്കില്‍ കളിയടയ്ക്കാ വലിപ്പമുള്ള കൊച്ചുള്ളി രണ്ടെണ്ണം എടുത്തൊന്ന് പൊളിച്ചു നോക്കൂ. തൊടുന്നവന്റെ കണ്ണില്‍ കുടുകുടെ കണ്ണീര് ചുരത്തി മടുപ്പിച്ചുകളയും ഇക്കൂട്ടര്‍. ഉള്ളിയും കണ്ണീരും തമ്മിലുള്ള ഈ ബന്ധം മനുഷ്യരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.

ഉള്ളിയില്‍ ചിലയിനം എന്‍സൈമുകളും സള്‍ഫെനിക് ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. മനുഷ്യരെ കരയിപ്പിക്കുന്നത് ഇക്കൂട്ടരുടെ പണിയാണത്രേ. ഉളളി മുറിക്കുമ്പോള്‍ എന്‍സൈമുകള്‍ സള്‍ഫെനിക് ആസിഡ് പുറപ്പെടുവിക്കും. ഇതോടെ പ്രൊപ്പെനതിയല്‍ ഓക്‌സൈഡുകള്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് നീരാവിയായി വായുവില്‍ കലരും. വാതകരൂപത്തില്‍ അദൃശ്യരായി വന്ന് കണ്ണ് നനയിപ്പിക്കുന്നത് ഇക്കൂട്ടരാണ്. ഈ വാതകം കണ്ണീരുമായി കലര്‍ന്ന് സള്‍ഫ്യൂരിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടും. അതോടെയാണ് കണ്ണില്‍ നീറ്റലുണ്ടാകുന്നത്. ഈ അസ്വസ്ഥതയകറ്റാന്‍ കണ്ണ് കൂടുതല്‍ ജലം പുറപ്പെടുവിക്കും. അതോടെ കരച്ചിലിന് സമാനമായ അവസ്ഥയുണ്ടാകും. സ്വയരക്ഷയ്ക്കായി ഉള്ളിക്ക് പ്രകൃതി കൊടുത്ത കഴിവായാണ് ഈ കരച്ചില്‍ വിദ്യയും അതിന്റെ രൂക്ഷ ഗന്ധവും കരുതപ്പെടുന്നത്.

ഉള്ളി കരയിക്കാതിരിക്കാന്‍ പലരും പലവിദ്യകളും പയറ്റിയിട്ടുണ്ട്. ഉള്ളി അരിയുമ്പോള്‍ കണ്ണടവെക്കുന്നതാണ് അതിലൊരു വിദ്യ. ചിലരാകട്ടെ വെള്ളത്തില്‍ മുക്കിപ്പിടിച്ച് അരിയും. കണ്ണ് നനയിക്കാതെ ഉള്ളി കഷണങ്ങളാക്കാന്‍ അഞ്ച് വഴികള്‍ ഇതാ...

  • മുറിക്കാനെടുക്കുംമുന്‍പ് ഉള്ളി ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക.
  • ഉള്ളി മുറിക്കാന്‍ നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുക.
  • ഫാനിന് ചുവട്ടിലോ അടുപ്പിനരികിലോ ഇരുന്ന് ഉള്ളി മുറിക്കുക.
  • നല്ല തണുത്തവെള്ളത്തിൽ ഉള്ളി അല്പനേരം മുക്കിവെക്കുക. അതിനുശേഷം മുറിച്ചാൽ, കണ്ണിൽനിന്ന് വെള്ളം വരില്ല.
  • കട്ടിങ് ബോഡില്‍ നനഞ്ഞ തുണിവിരിച്ചശേഷം ഉള്ളി അരിയുക.

    കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi