വീട്ടിൽ അലങ്കാരമത്സ്യങ്ങളെ വളർത്തുന്നതിനെപ്പറ്റി ആലോചിക്കുകയാണോ? അക്വേറിയത്തിൽ തുടക്കക്കാരാണെങ്കിൽ പരിചരിക്കാൻ എളുപ്പമുള്ള മത്സ്യങ്ങളെ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. മീനുകൾക്ക് അമിതമായി തീറ്റ കൊടുക്കാൻ പാടില്ല. ബാക്കിവരുന്ന തീറ്റകൾ അഴുക്കായി വെള്ളത്തിൽ കിടന്ന് മീനുകൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാവും. ദിവസത്തിൽ ഒന്നോ രണ്ടോ തവണ ചെറിയ അളവിൽ ഭക്ഷണം നൽകുക. കൃത്യസമയത്ത് വെള്ളം മാറ്റുകയും വേണം. തുടക്കക്കാർക്ക് അനുയോജ്യമായ അക്വേറിയം മത്സ്യങ്ങളെ പരിചയപ്പെടാം.

To advertise here,

1. സയാമീസ് ഫൈറ്റിംഗ് ഫിഷ്

ആകർഷകമായ നിറങ്ങളും, നീണ്ട മനോഹരമായ ചിറകുകളുമുള്ളവരാണ് ഫൈറ്റർ ഫിഷ്. കുറഞ്ഞ അളവിൽ ഓക്സിജനുള്ള വെള്ളത്തിൽ പോലും ജീവിക്കാൻ കഴിയും. ആൺ മത്സ്യങ്ങളെ ഒരുമിച്ച് ഇടാതിരിക്കുക, അവ പരസ്പരം ആക്രമിക്കാനിടയുണ്ട്.

2. ഗപ്പി

സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങിച്ചേരുന്ന, നിറമുള്ള കുഞ്ഞുമത്സ്യങ്ങളാണിവ. ചെറിയ ടാങ്കുകളിൽ വളർത്താം. മത്സ്യങ്ങളെ വളർത്താൻ പഠിക്കുന്നവർക്ക് അനുയോജ്യം. കൂട്ടമായി വളർത്താം. പെട്ടെന്ന് പെരുകുന്നവയാണ് ഗപ്പികൾ.

3. പ്ലാറ്റി

ശാന്ത സ്വഭാവമുള്ള ചെറിയ മത്സ്യങ്ങളാണിവ. പല നിറങ്ങളിൽ ലഭ്യമാണ്, പരിപാലിക്കാൻ എളുപ്പവും. കൂട്ടമായി കഴിയാനാണ് ഇവയ്ക്കിഷ്ടം. ചെടികളുള്ള കമ്മ്യൂണിറ്റി ടാങ്കുകളിൽ നന്നായി വളരും.

 

4. മോളി

കാലാവസ്ഥയുമായി പെട്ടെന്ന് പൊരുത്തപ്പെടുന്നവയാണ് മോളികൾ. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും (കൃത്യമായ ക്രമീകരണങ്ങളോടെ) ജീവിക്കാൻ കഴിയും. പെട്ടെന്ന് പ്രജനനം നടത്തുകയും ചെയ്യും.

5. സീബ്ര ഡാനിയോസ്

നല്ല കരുത്തുള്ള മത്സ്യങ്ങളാണിവ. ശരീരത്തിൽ നിറയെ വരകളുള്ള ഇക്കൂട്ടർ വിവിധ താപനിലകളെയും സാഹചര്യങ്ങളെയും അതിജീവിക്കും. അഞ്ചോ ആറോ എണ്ണത്തിനെ ഒരു ടാങ്കിൽ സൂക്ഷിക്കാം. നീന്താൻ ധാരാളം സ്ഥലം ആവശ്യമാണ്.

6. നിയോൺ ടെട്ര

തിളങ്ങുന്ന നീലയും ചുവപ്പും വരകളുള്ള മത്സ്യം കാണാൻ മനോഹരികളാണ്. തുടക്കക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട മത്സ്യങ്ങളിൽ ഒന്ന്. ശാന്ത സ്വഭാവമുള്ളതും കൂട്ടംകൂടി ജീവിക്കുന്നവയുമാണ്. ആറിലധികം മീനുകളെ ഒന്നിച്ച് വളർത്താം.

7. കോറിഡോറാസ് കാറ്റ്ഫിഷ്

ടാങ്കിന്റെ അടിത്തട്ടിൽ കഴിയുന്ന ഈ ചെറിയ മത്സ്യങ്ങൾ ബാക്കിവരുന്ന തീറ്റ കഴിച്ച് ടാങ്ക് വൃത്തിയാക്കാൻ സഹായിക്കുന്നു. മൂന്നുമുതൽ ആറെണ്ണത്തിനെ വരെ ഒരു ടാങ്കിൽ വളർത്താം. മണലിട്ട മൃദുലമായ അടിത്തട്ട് ഇതിനായി ഒരുക്കാം.

8. ചെറി ബാർബ്

ശാന്ത സ്വഭാവമുള്ള ചെറി ബാർബുകൾ കാഴ്ചയിൽ മനോഹരവും കൂടുതൽ പരിചരണം ആവശ്യമില്ലാത്തവയുമാണ്. കൂട്ടങ്ങളായി കഴിയാൻ ഇഷ്ടപ്പെടുന്നു. കുറച്ച് ചെടികൾകൂടിയുണ്ടെങ്കിൽ നല്ലത്. പ്രജനനസമയത്ത് ആൺ മത്സ്യങ്ങൾക്ക് കൂടുതൽ ചുവപ്പുനിറം വരും.

 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi