കാഞ്ഞങ്ങാടിനടുത്ത് രാവണീശ്വരം എന്ന കൊച്ചുഗ്രാമം. ഇവിടെ ആരെയും അമ്പരപ്പിക്കുന്ന ജീവിതത്തിന് ഉടമയായ ഒരാളുണ്ട്. കാഴ്ചശക്തിയില്ലെങ്കിലും ഇരുട്ടില്‍ തളരാതെ, സ്വപ്രയത്‌നംകൊണ്ട് വ്‌ളോഗിങ്ങിലും പാചകത്തിലുമെല്ലാം മികവ് തെളിയിച്ച ആശാലത എന്ന അധ്യാപിക. രാവണീശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റാഫ്മുറിയില്‍ ആശട്ടീച്ചറെ കണ്ടുമുട്ടി. 
 ആശട്ടീച്ചര്‍ക്ക്അസാധ്യമായി ഒന്നുമില്ലെന്ന്  സഹപ്രവര്‍ത്തകരുടെ സാക്ഷ്യപ്പെടുത്തല്‍. അത് മുല്ലപ്പൂപ്പുഞ്ചിരിയോടെ സ്വീകരിച്ച് ടീച്ചര്‍ പറഞ്ഞു: ''പരിമിതികള്‍ക്കുള്ളില്‍നിന്നും സ്വപ്നങ്ങളെ സ്വന്തമാക്കാനാകുമെന്ന് ലോകത്തോടു പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്.'' ഇന്‍സ്റ്റയിലും യൂട്യൂബിലുമായി അഞ്ചുലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സുള്ള ഈ അധ്യാപിക അതിജീവനത്തിന്റെ അടയാളമാണ്. 

അസാധ്യമല്ല ഒന്നും 
''ഈയിടെ അഭിമുഖത്തില്‍ ഒരാള്‍ എന്നോടുചോദിച്ചു: 'ഒരുനിമിഷം നിങ്ങള്‍ക്ക് ആരെയെങ്കിലും കാണാന്‍ കാഴ്ച ലഭിക്കുകയാണെങ്കില്‍ ആരെ കാണും...?' എന്തായിരിക്കും ഞാന്‍ നല്‍കിയ ഉത്തരം?'' അകക്കണ്ണിന്റെ വെളിച്ചത്തില്‍ കൈകളിലെ കമ്പിളിനാരങ്ങയുടെ തൊലിപൊളിച്ച് ആശട്ടീച്ചര്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ യൂട്യൂബില്‍ ആ വീഡിയോ കണ്ടത് 47 ലക്ഷം പേരാണ്. കോവിഡ് കാലത്തിന് മുന്‍പുവരെ ടീച്ചര്‍ക്ക് തീര്‍ത്തും അപരിചിതമായിരുന്നു സോഷ്യല്‍ മീഡിയ.  ടീച്ചര്‍ ആ ലോകത്തിന്റെ ഭാഗമാകുന്നത് ലോക്ക്ഡൗണ്‍ കാലത്തിന് തിരശ്ശീലവീണപ്പോഴാണ്. അവര്‍ ആ തുടക്കത്തിന്റെ ഓര്‍മ്മ പങ്കുവച്ചു.

''കോവിഡ് കാലത്ത് സ്‌കൂളാവശ്യങ്ങള്‍ക്കായാണ് വാട്സാപ്പും ടെലിഗ്രാമുമൊക്കെ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയത്. ആ ഘട്ടത്തിലാണ് വീഡിയോസ് ചെയ്തുനോക്കിയാലോ എന്നു തോന്നിയത്. ഭര്‍ത്താവും മക്കളും വിദ്യാര്‍ഥികളുമൊക്കെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ VIPASSANA VLOG BY ASHALATHA എന്ന പേരില്‍ യൂട്യൂബിലും vipassana-by-asha എന്നപേരില്‍ ഇന്‍സ്റ്റയിലും ചാനല്‍ ആരംഭിച്ചു. 

placeholder
അച്ഛൻ ദാമോദരൻ,  അമ്മ മാലിനി, ഭർത്താവ് ശ്രീധരനുണ്ണി, മക്കളായ നന്ദകിഷോർ, അമൽ, അർജുൻ  എന്നിവർക്കൊപ്പം ആശാ ലത

ആദ്യവീഡിയോയില്‍ എന്നെ പരിചയപ്പെടുത്തി. പിന്നീട് പാചകം, അഭിമുഖം, പുസ്തകനിരൂപണം, യാത്ര, അങ്ങനെ പലതരത്തിലുള്ള വീഡിയോകള്‍ ചെയ്തു. ഷൂട്ടിങ്ങും എഡിറ്റിങ്ങും അപ്ലോഡിങ്ങും അടക്കമുള്ള കാര്യങ്ങള്‍ മക്കളാണ് നോക്കുന്നത്. 
എന്റെ പ്രായത്തിലുള്ളവര്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് ഇന്‍സ്റ്റയില്‍ കാഴ്ചക്കാരുണ്ടാകില്ലെന്നൊക്കെ മക്കള്‍ ആദ്യം പറഞ്ഞിരുന്നു. കാരണം, ഇന്‍സ്റ്റയില്‍ കൗമാരക്കാരാണല്ലോ കൂടുതല്‍ സജീവം. എന്നാല്‍, ഇന്‍സ്റ്റയിലെ കുട്ടികളും എന്നെ ഏറ്റെടുത്തു. 18-30 വയസ്സിനിടയിലുള്ളവരാണ് എന്റെ വീഡിയോകള്‍ ഇന്‍സ്റ്റയില്‍ കൂടുതല്‍ കാണുന്നതീ.  ഇന്ന് യൂട്യൂബില്‍ 2.73 ലക്ഷവും ഇന്‍സ്റ്റയില്‍ 1.17 ലക്ഷവും പേര്‍ എന്നെ ഫോളോചെയ്യുന്നുണ്ട്. ഇതില്‍നിന്ന് കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ പരിമിതികള്‍ക്കുള്ളില്‍നിന്നും ഇതൊക്കെ ചെയ്യാനാകുമെന്ന് ലോകത്തോടു പറയാനാണ് ശ്രമിക്കുന്നത്.'' 
 
ഇരുട്ടിനെ വെളിച്ചമാക്കി

അധ്യാപകരായ ദാമോദരന്‍-മാലിനി ദമ്പതിമാരുടെ മകളായി ജനിച്ച ആശ കുട്ടിക്കാലത്തേ കാഴ്ചപരിമിതയായിരുന്നു. പരിമിതിയുടെ പേരില്‍ മകള്‍ ഒരുസ്ഥലത്തുനിന്നും മാറ്റിനിര്‍ത്തപ്പെടരുതെന്ന് മനസ്സിലുറപ്പിച്ച മാതാപിതാക്കളാണ് ആശയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കിയത്. മികച്ച വിദ്യാഭ്യാസം നേടാനും സ്വന്തമായി ജോലിസമ്പാദിക്കാനുമുള്ള പ്രചോദനം നല്‍കിയത് അച്ഛനാണെന്ന് ആശാലത പറയുന്നു. 
''സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിപ്പിക്കണമെന്ന് പലരും പറഞ്ഞെങ്കിലും അച്ഛന്‍ തയ്യാറായില്ല. രാവണീശ്വരം സ്‌കൂളില്‍ത്തന്നെ എന്നെ ചേര്‍ത്തു. അക്ഷരങ്ങളെഴുതാന്‍ അമ്മ പഠിപ്പിച്ചു. എന്നാലും ഏഴാംക്ലാസ് വരെ ഞാന്‍ വെറുതേ ക്ലാസില്‍പ്പോയി ഇരിക്കുകയായിരുന്നു.  
എന്റെ പരിമിതി തിരിച്ചറിഞ്ഞ ലളിതാംബിക എന്ന കെമിസ്ട്രി അധ്യാപികയാണ് വഴികാട്ടിയായത്. സ്‌കൂളിലെ പഠനശേഷം വൈകുന്നേരം ടീച്ചറുടെ വീട്ടിലേക്ക് ഞാന്‍ ചെല്ലും. ടീച്ചര്‍ പ്രത്യേക ക്ലാസ് തരും. ആ ഒരിടപെടലാണ് എന്നെക്കൊണ്ടും പഠിക്കാന്‍ സാധിക്കുമെന്നൊരു ബോധ്യത്തിലേക്കെത്തിച്ചത്. സുഭദ്രട്ടീച്ചര്‍, വിജയന്‍ മാസ്റ്റര്‍ എന്നിവരും പിന്നീട് എന്നെ സഹായിച്ചു.

അവര്‍ക്കെല്ലാം ഞാന്‍ വിജയിച്ച് ഉയര്‍ന്ന പഠനത്തിനുപോയി നല്ലൊരു ജോലിനേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. കാസറ്റില്‍ റെക്കോഡുചെയ്താണ് പഠിച്ചിരുന്നത്. അന്ന് കാസറ്റിന് നല്ല വിലയുണ്ട്. അതിനാല്‍ ഒന്ന് പഠിച്ചശേഷം അതിനുമുകളില്‍ത്തന്നെ അടുത്തത് റെക്കോഡുചെയ്യും. 
 
പ്രീഡിഗ്രിക്കുശേഷം ഞാന്‍ ടി.ടി.സി.യും പിന്നീട് ബിരുദവും പി.ജി. യും പൂര്‍ത്തിയാക്കി. ബിരുദകാലത്തായിരുന്നു വിവാഹം. അക്കാലത്തുതന്നെ, പ്രൈമറി അധ്യാപികയായി രാവണീശ്വരം സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. കുട്ടികളുണ്ടായ ശേഷമാണ് ബി.എഡ്. പഠിക്കുന്നത്. സെറ്റ് പാസായശേഷം പി.എസ്.സി. എഴുതി ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി. പഠിച്ച അതേ സ്‌കൂളില്‍ അധ്യാപികയായിട്ട് രണ്ടുദശാബ്ദമാകുന്നു. എന്നെക്കൊണ്ട് സാധിക്കില്ലെന്നു പറഞ്ഞവര്‍ക്കുമുന്നില്‍ തലയുയര്‍ത്തിത്തന്നെ ജീവിക്കുന്നു...''
 
നല്ലതിനുവേണ്ടിയുള്ള വാശി
എന്തെങ്കിലും സാധിക്കില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്ത് പ്രതിസന്ധി നേരിട്ടാലും അത് ചെയ്യണമെന്ന വാശി ചെറുപ്പംമുതല്‍ ആശട്ടീച്ചര്‍ക്കുണ്ട്. ആ വാശിയാണ് തന്നെ ഇന്നുകാണുന്ന നല്ല ജീവിതത്തിലേക്ക് എത്തിച്ചതെന്ന് ടീച്ചര്‍ പറയുന്നു.
''നിന്നെക്കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞാല്‍പിന്നെ അതൊരു വാശിയാണ്. അത് എങ്ങനെയായാലും നേടണം. ഉദാഹരണത്തിന് മാവില്‍നിന്ന് ഒരു മാങ്ങവീണാല്‍ അത് ചുവട്ടില്‍ പോയി സ്വയം പെറുക്കിയെടുത്ത് തിന്നാല്‍ മാത്രമേ എനിക്ക് സന്തോഷം ലഭിക്കാറുള്ളൂ. അത് ആരെങ്കിലും പെറുക്കിത്തന്നാല്‍ അതിന് അത്ര മധുരമുണ്ടാവില്ല. ഏതുകാര്യവും സ്വയം ചെയ്യുമ്പോള്‍ കൈവരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. 
കുട്ടിക്കാലംമുതലേ കലോത്സവവേദികളില്‍ സജീവമായിരുന്നതിനാല്‍ ആള്‍ക്കൂട്ടത്തെ പേടിയുണ്ടായിരുന്നില്ല. പ്രസംഗത്തിനും കഥാപ്രസംഗത്തിനുമൊക്കെ സ്ഥിരം മത്സരാര്‍ഥിയായിരുന്നു. 

പ്രൈമറി അധ്യാപികയായ കാലത്തുതന്നെ പാചക പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. അച്ചാര്‍, ചമ്മന്തിപ്പൊടി, സ്‌ക്വാഷ്, ജാം അങ്ങനെ പലതും ഉണ്ടാക്കിനോക്കി. അന്നത്തെ ഒരു സഹപ്രവര്‍ത്തകയില്‍ നിന്നാണ് അതെല്ലാം പഠിച്ചെടുത്തത്. 
അരമണിക്കൂര്‍കൊണ്ട് തീര്‍ക്കാവുന്ന ഒരു കാര്യം വീഡിയോയ്ക്കു വേണ്ടി ചെയ്യുമ്പോള്‍ ഒന്നരമണിക്കൂര്‍ ചെലവഴിക്കേണ്ടിവരും. എന്നാല്‍ ഏതൊരുകാര്യവും ആസ്വദിച്ചുചെയ്താല്‍ അതൊരു ബുദ്ധിമുട്ടായി തോന്നില്ല. 
എന്റെ വ്‌ളോഗുകള്‍ കാണുമ്പോള്‍ ചിലരൊക്കെ എനിക്ക് കാഴ്ചയുണ്ട് എന്ന രീതിയില്‍ കമന്റുകള്‍ ഇടാറുണ്ട്. വീഡിയോകളില്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് അങ്ങനെ തോന്നുന്നുണ്ടായിരിക്കാം. വീടിനുള്ളില്‍ ഞാന്‍ എന്ത് അഭ്യാസവും കാണിക്കും. എന്നാല്‍ വീടിന്റെ പടികള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഇന്നും ഒറ്റയ്ക്ക് നടക്കാനാവില്ല. അതെന്റെ ഏറ്റവും വലിയ പരാജയം കൂടിയാണ്.''

placeholder
വിദ്യാർഥിനികൾക്കൊപ്പം

ടെക്‌നോളജിയില്‍ പ്രതീക്ഷയുണ്ട്
ഭര്‍ത്താവ് ശ്രീധരനുണ്ണിയും മക്കളായ നന്ദകിഷോറും അമല്‍ കിഷോറും അര്‍ജുന്‍ കിഷോറുമൊക്കെ തന്റെ എന്താവശ്യത്തിനും കണ്ണായി മാറുന്നുണ്ടെന്ന് ആശട്ടീച്ചര്‍ പറയുന്നു. പരിമിതി നേരിടുന്ന പല മനുഷ്യരും വീട്ടിലും തൊഴിലിടങ്ങളിലുമെല്ലാം പിന്തുണ കിട്ടാതെ കഷ്ടപ്പെടുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ താന്‍ ഭാഗ്യവതിയാണെന്ന് ടീച്ചര്‍ ഉറപ്പിക്കുന്നു. സാങ്കേതിക വിദ്യയിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ തനിക്കുമുന്നില്‍ കാഴ്ചയുടെ വാതിലുകള്‍ തുറന്നിടുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നു.

''ഞാനടക്കമുള്ള പരിമിതി നേരിടുന്ന മനുഷ്യര്‍ക്ക് സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഒരുപാട് സഹായകരമാകുന്നുണ്ട്. കാഴ്ചപരിമിതിയുള്ളവരെ വായനയില്‍ സഹായിക്കാന്‍ ഒരുപാട് ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. എല്ലാ കാര്യവും ആപ്പുകളുടെ സഹായത്തോടെ കേട്ട് മനസ്സിലാക്കാം. നാളെ ഒരുപക്ഷേ, എ.ഐ.യുടെ സഹായത്തോടെ പരസഹായമില്ലാതെ കാഴ്ചപരിമിതര്‍ക്ക് ഒറ്റയ്ക്ക് നടക്കാന്‍ സാധിച്ചേക്കാം. ഇലോണ്‍ മസ്‌ക് അടക്കമുള്ളവര്‍ അത്തരം ആശയങ്ങള്‍ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ശുഭപ്രതീക്ഷയിലാണ്. 
പരിമിതിയെ ആത്മവിശ്വാസംകൊണ്ട് മറികടക്കാം എന്ന തിരിച്ചറിവ് ഉണ്ടാകണം. ഏതുനിമിഷവും പരിമിതിയെക്കുറിച്ചുമാത്രം ചിന്തിച്ചിരിക്കാതെ അതിനെ മറികടക്കാന്‍ എന്തെല്ലാം ചെയ്യാം എന്ന് ആലോചിക്കുക.'' 

പഠിക്കുക, സമ്പാദിക്കുക
സ്വന്തമായി സമ്പാദിക്കാന്‍ സാധിച്ചാല്‍ ഏത് പ്രതിസന്ധിയെയും നേരിടാം എന്ന് ആശട്ടീച്ചര്‍ ഉറപ്പിച്ചുപറയുന്നു. 
''സ്ത്രീകള്‍ സമ്പാദിച്ചാല്‍ മാത്രം പോരാ അത് ചെലവഴിക്കാനുള്ള സ്വാതന്ത്ര്യംകൂടി ഉണ്ടാവണം. എങ്കില്‍ മാത്രമേ തീരുമാനങ്ങളെടുക്കാനുള്ള അധികാരം നമ്മളിലേക്ക് എത്തൂ. വീട്ടില്‍ ഏത് കാര്യത്തിലും എനിക്ക് എന്റേതായ അഭിപ്രായമുണ്ട്. സ്വയം സമ്പാദിക്കുന്നതുകൊണ്ടാണ് അത്തരമൊരു അഭിപ്രായസ്വാതന്ത്ര്യം ലഭിക്കുന്നതെന്നാണ് വിശ്വാസം. അല്ലെങ്കില്‍ ചിലപ്പോള്‍ എന്റെ അഭിപ്രായം ചോദിക്കണം എന്നേ ഇല്ല. 
വരുമാനമുള്ള സ്ത്രീയോടും ഇല്ലാത്തവളോടും കുടുംബവും സമൂഹവും പെരുമാറുന്നത് രണ്ട് തരത്തിലായിരിക്കും. ഞാന്‍ ക്ലാസിലെ കുട്ടികളോട് എപ്പോഴും പറയും: നിങ്ങള്‍ക്കുമുന്നില്‍ രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് നല്ലൊരു ജോലിനേടി പിന്നീട് ഇഷ്ടമുള്ളതെല്ലാം ചെയ്യാം. രണ്ടാമത്തെത് അടുക്കളപ്പണിയുംചെയ്ത് വീടിനുള്ളില്‍ ഒതുങ്ങാം. ഏത് വേണമെന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്. നല്ലൊരു ജോലി ഉണ്ടെങ്കില്‍ ബാക്കിയെല്ലാം നമുക്ക് ചെയ്യാന്‍ സാധിക്കും.''
സംസാരം നിര്‍ത്തുമ്പോള്‍ പ്രതിസന്ധികളെ അതിജീവിച്ച കരുത്തയായ സ്ത്രീയുടെ ഊര്‍ജം ടീച്ചറുടെ മുഖത്ത് പ്രസരിച്ചു.