കൊച്ചി വാഴക്കാലയിലെ പാറമട വീട്. 'ഉപ്പും മുളകും' എന്ന സിറ്റ്കോമിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. സംവിധായകന്‍ ബ്രേക്ക് പറഞ്ഞപ്പോള്‍ സുരേഷ് ബാബു പേപ്പറും പേനയുമായി എഴുതാനിരുന്നു. ഡയലോഗുകള്‍ എഴുതിക്കഴിഞ്ഞതോടെ കഥാപാത്രങ്ങളെല്ലാം വീണ്ടും കാമറയ്ക്ക് മുന്നിലേക്ക്. ഭാസി എന്ന കഥാപാത്രമായി സുരേഷ് ബാബുവും 'കട്ടയ്ക്കുകട്ടയ്ക്ക്' ബാലുവും നീലുവും പിള്ളേരും. തമാശകളും തല്ലുകൊള്ളിത്തരങ്ങളുമുള്ള, ബാലുവിന്റെ അടുത്തസുഹൃത്താണ് ഭാസി. പ്രേക്ഷകര്‍ക്ക് ഈ തലതെറിച്ച കഥാപാത്രത്തെ മാത്രമേ അറിയൂ. സുരേഷ് ബാബുവിനെ പരിചയമില്ല.

To advertise here,

ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോള്‍ സുരേഷ് ബാബു സംസാരിക്കാനെത്തി. ''വഴിതെറ്റി ഈ മേഖലയിലേക്ക് വന്നയാളാണ് ഞാന്‍, അതും 31-ാം വയസ്സില്‍. പല പണികള്‍ ചെയ്തിട്ടും ക്ലിക്കായില്ല. അപ്പോഴാണ് അമൃത ടി.വി.യില്‍ ഒരു പരിപാടി ചെയ്യാനായി ആളെ അന്വേഷിക്കുന്ന കാര്യമറിയുന്നത്. സുഹൃത്തിനോട് അവിടെ പോയിനോക്കാന്‍ പറഞ്ഞതും ഞാന്‍തന്നെ. കൂട്ടിന് ഞാനും പോയി. അവിടെവെച്ച്  'ഉപ്പും മുളകി'ന്റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെ ആദ്യമായി കണ്ടു. അന്ന് അദ്ദേഹവുമായി കുറേ സംസാരിച്ചു. കുറച്ചുകഴിഞ്ഞ് ഉണ്ണിച്ചേട്ടന്‍ എന്നോട് ചോദിച്ചു, 'നിങ്ങള്‍ക്കും ഒന്ന് എഴുതിക്കൂടേ?' 'ഞാനോ' എന്നാണ് ആദ്യം ചോദിച്ചത്. അപ്പോള്‍ ചേട്ടന്‍ പറഞ്ഞു, 'പറ്റും. നിങ്ങള്‍ സംസാരിക്കുന്നത് കേട്ടാല്‍തന്നെ അറിയാം'. അമൃത ടി.വി.യിലെ 'ചിരികിടതോം' പരിപാടിക്കുവേണ്ടിയാണ് ആദ്യമായി എഴുതിയത്. അതിലൊരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു,'' അതില്‍പിന്നെ സുരേഷ് ബാബുവിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 

സൗഹൃദങ്ങളുടെ കൂട്ടില്‍
''ചിരികിട തോം അത്ര വിജയിച്ചില്ല. പക്ഷേ, നല്ല രണ്ടുസുഹൃത്തുക്കളെ കിട്ടി. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയും തിരുവനന്തപുരം സ്വദേശി എസ്.പി. ശ്രീകുമാറും. അമൃതയില്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ഇരുവരും. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. ആ സൗഹൃദമാണ് പിന്നെ മുന്നോട്ടുനയിച്ചത്. അവര്‍  പിന്നെ മഴവില്‍ മനോരമയിലെ 'മറിമായം' എന്ന പരിപാടിയില്‍ അഭിനയിക്കാന്‍ തുടങ്ങി. അതേസമയം രണ്ട് സീരിയലില്‍ എഴുതാനുള്ള അവസരവും കിട്ടി. 

'ഉണ്ട'യുടെ നിര്‍മാതാവ് കൃഷ്ണന്‍ സേതുകുമാറാണ് ആദ്യം വിളിച്ചത്. സീരിയലിന് കഥയെഴുതാന്‍ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനുപുറത്ത് 'കഥയറിയാതെ' എന്ന പരമ്പരയ്ക്കായി എഴുതി. അതുകണ്ടാണ് സീരിയല്‍ സംവിധായകന്‍ ബൈജു ദേവരാജ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ 'സരയൂ' എന്ന സീരിയലിനുവേണ്ടി 400 എപ്പിസോഡുകളോളം എഴുതി,'' എഴുത്തില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സുരേഷ് ബാബുവിന് കഴിഞ്ഞു. 

''പിന്നാലെ ഉണ്ണിച്ചേട്ടന്‍ 'മറിമായ'ത്തിലേക്ക് വിളിച്ചു. അതില്‍ ചെറിയൊരു കഥാപാത്രത്തെ അഭിനയിക്കാന്‍ പറ്റി. സുഹൃത്തുക്കളുണ്ടല്ലോ, അതുകൊണ്ട് കുറച്ചുകാലം അവിടെ തുടര്‍ന്നു. ഉണ്ണിച്ചേട്ടന്‍ വിളിച്ചിട്ടാണ് വീണ്ടും അമൃത ടി.വി.യിലെത്തുന്നത്. ഇത്തവണ ബിജു സോപാനവും മുസ്തഫയും ശ്രീകുമാറുമുണ്ടായിരുന്നു. ബിജുവും വര്‍ഷങ്ങളായി എന്റെ സുഹൃത്താണ്. ഞങ്ങളെല്ലാം ചേര്‍ന്ന് 'ബാക്ക് ബെഞ്ചേഴ്‌സ്' എന്നൊരു പരമ്പര തുടങ്ങി. അതിന്റെ തിരക്കഥ എഴുതാനുള്ള അവസരവും കിട്ടി. ബിജുവിന് അതില്‍ ഒരു പ്രിന്‍സിപ്പാളിന്റെ കഥാപാത്രമായിരുന്നു,'' ആ കൂട്ടായ്മയാണ് 'ഉപ്പും മുളകി'ന്റെ തുടക്കത്തിന് കാരണമാവുന്നതും. 

''അന്നുമുതലേ ഉണ്ണിച്ചേട്ടനും ബിജുവും ശ്രീകുമാറും ഞാനും 'ഉപ്പും മുളകി'ന്റെ പിന്നാലെയായിരുന്നു. ബിജുവിനെ കേന്ദ്രകഥാപാത്രമാക്കിയാല്‍ എങ്ങനെയിരിക്കുമെന്ന് ഉണ്ണിച്ചേട്ടന്‍ ചോദിച്ചു. 'നല്ലതായിരിക്കും, തിരുവനന്തപുരം സ്ലാങ് തന്നെ പിടിക്കാം' എന്ന് ഞാനും പറഞ്ഞു. 'ഉപ്പും മുളകി'നായി ആദ്യം തിരക്കഥയെഴുത്ത് മാത്രമായിരുന്നു. പിന്നെയാണ് ഭാസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിക്കവര്‍ക്കും അറിയില്ല ഞാനാണ് എഴുതുന്നതെന്ന്. എന്നോടുതന്നെ പലരും പറയാറുണ്ട്, 'നല്ല തിരക്കഥയാണ്'. അതുകേട്ടാലും ഞാന്‍ വെറുതേ ചിരിക്കും. വേറൊന്നും പറയില്ല,'' തന്റെ ജീവിതം വഴിമാറിയ കഥകളിലൂടെ സുരേഷ് ബാബു ഒന്നെത്തിനോക്കി.

placeholder
'മുറ'യുടെ സെറ്റില്‍ സംവിധായകന്‍ മുഹമ്മദ് മുസ്തഫയ്‌ക്കൊപ്പം

''സീരിയലില്‍ പരസ്പരം പാരവയ്ക്കുന്നവരാണെങ്കിലും, ബിജുവും ഞാനും നല്ല സുഹൃത്തുക്കളാണ്. അഭിനയിക്കുമ്പോള്‍ പരസ്പരം നന്നായി മനസ്സിലാക്കുന്നവരാണ്. നിഷച്ചേച്ചിയുടെ കാര്യവും അങ്ങനെതന്നെ. ഇത് ശരിക്കും കുടുംബം തന്നെയാണ്. അങ്ങോട്ടുമിങ്ങോട്ടും ശാസിക്കാനും വഴക്കുപറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്.'' 

സീരിയലിനിടയില്‍ സിനിമയും
സീരിയലും സിറ്റ്കോമും കഴിഞ്ഞ് സിനിമയിലെത്തിനില്‍ക്കുകയാണിപ്പോള്‍ സുരേഷ് ബാബുവിന്റെ യാത്ര. ''സംവിധായകനും നടനും സുഹൃത്തുമായ മുഹമ്മദ് മുസ്തഫയാണ് സിനിമയിലേക്കുള്ള വഴി തെളിക്കുന്നത്. സഹോദരനെപ്പോലെയാണ് മുസ്തഫ. ഈ ഫീല്‍ഡില്‍നിന്ന് ഞാന്‍ വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നയാള്‍. ഞങ്ങളൊരുമിച്ചുകൂടുമ്പോഴെല്ലാം ഒരുപാട് കഥകള്‍ ചര്‍ച്ച ചെയ്യും. എന്ത് ചിന്തകള്‍ വന്നാലും ഞാന്‍ അദ്ദേഹത്തോട് പറയും, അദ്ദേഹം എന്നോടും. 15 വര്‍ഷമായിട്ട് ഇതുതന്നെയാണ് പരിപാടി. അവന്‍ സിനിമ സംവിധാനം ചെയ്യുമ്പോഴെല്ലാം ഞാനും അതിന്റെ ഭാഗമായി. അവന്‍ സംവിധാനംചെയ്ത 'കപ്പേള'യില്‍, ഞാന്‍ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. അതുകഴിഞ്ഞാണ് 'മുറ'യിലേക്കെത്തുന്നത്. ഒരുപാട് കഥകള്‍ മുന്‍പ് നമ്മള്‍ തയ്യാറാക്കിവെച്ചിരുന്നു. അതിലൊന്ന് തിരുവനന്തപുരത്തെ ഗ്യാങ്സ്റ്ററുകളെക്കുറിച്ചാണ്. അതാണ് 'മുറ' എന്ന സിനിമയാവുന്നത്. അതിലൂടെ സിനിമയ്ക്കായി ആദ്യമായി തിരക്കഥയെഴുതി.'' നല്ല സൗഹൃദങ്ങളുടെ ചിറകിലേറി പറക്കുകയാണ് സുരേഷ് ബാബു. 

സിനിമയ്ക്കായി നാലുതവണയാണ് 'ഉപ്പും മുളകി'ല്‍നിന്ന് സുരേഷ് ബാബു ബ്രേക്കെടുത്തത്. ''ഇപ്പോള്‍ 1300 എപ്പിസോഡെങ്കിലും എഴുതിയിട്ടുണ്ടാവും. 2000-മൊക്കെ എത്തുമ്പോള്‍ റെക്കോഡ് ആയേക്കാം, അല്ലേ?'' ആ 'ഭാസി'ച്ചിരി പുറത്തെടുത്തു.

കലയും ജീവിതവും
''തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലാണ് വീട്. അമ്മയും രണ്ടുചേച്ചിമാരുമുണ്ട്. ഒരു ചേച്ചി മരിച്ചുപോയി. ഇപ്പോള്‍ വീട്ടില്‍ അമ്മയും അളിയനും ചേച്ചിയുടെ മകനുമാണുള്ളത്. തൊട്ടടുത്തുതന്നെയാണ് രണ്ടാമത്തെ ചേച്ചിയും കുടുംബവും. എഴുത്താണ് എന്റെ പരിപാടി എന്ന് വീട്ടുകാര്‍ക്ക് ആദ്യമൊന്നും മനസ്സിലായിരുന്നില്ല. കുറച്ചുകഴിഞ്ഞാണ് അറിയുന്നത്. ഇപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പംതന്നെ വീട്ടുകാരും കട്ടസപ്പോര്‍ട്ടാണ്''.

''ജീവിതമൊരു തീര്‍ഥയാത്രയായിട്ടാണ് ഞാന്‍ കാണുന്നത്. സിനിമയും സീരിയലുമെല്ലാം വഴിയിലുള്ള സത്രങ്ങളും. അതെല്ലാം എനിക്ക് രണ്ടാമതാണ്. നല്ലൊരു മനുഷ്യനായി ജീവിക്കുക എന്നതാണ് പ്രധാനം. മനുഷ്യനില്‍നിന്നാണല്ലോ എല്ലാം ഉണ്ടായത്. കലയാണ് ജീവിതം എന്നൊക്കെ ചിലര്‍ പറയും. പക്ഷേ, ജീവിതം, ജീവിതംതന്നെയാണ്. അതിനിടയിലെ സന്തോഷങ്ങളാണ് ഈ സിനിമയും സീരിയലുമെല്ലാം...'' സുരേഷ് ബാബു സംസാരത്തിന് ഒരു ബ്രേക്കിട്ടു. എന്നിട്ട് പേനയും പേപ്പറും കൈയിലെടുത്ത് കഥയെഴുത്തിലേക്ക് തിരിഞ്ഞു. ഭാസിയാവാനും പ്രേക്ഷകരെ ചിരിപ്പിക്കാനും രസിപ്പിക്കാനുമുള്ള ശ്രമം.