അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകളില്‍ സജീവസാന്നിധ്യമാണ്. വ്യവസായി എലോണ്‍ മസ്‌കുമായി പരസ്യമായി കൊമ്പുകോര്‍ത്തതാണ് ഒടുവില്‍ ട്രംപിനെ വാര്‍ത്തകളില്‍ താരമാക്കിയത്. വളരെ പെട്ടെന്ന് ക്ഷുഭിതനാകുന്നയാളാണ് ട്രംപ് എന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തം. ട്രംപ് ദേഷ്യപ്പെടുന്നതും പരുഷമായി സംസാരിക്കുന്നതും വീഡിയോകളായി പ്രചരിക്കുന്നുണ്ട്. ഈ എടുത്തുചാട്ടവും മുൻകോപവും ചെറുപ്പം മുതല്‍ക്ക് അദ്ദേഹത്തിന്റെ ഒപ്പമുണ്ട്.

ചെറുപ്പത്തില്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത പ്രകൃതമായിരുന്നു ട്രംപിന്. കൗമാരകാലത്തിന്റെ വളര്‍ച്ചാഹോര്‍മോണുകള്‍ കൂടിയായപ്പോള്‍ വീട്ടുകാര്‍ ബുദ്ധിമുട്ടി. മകന്റെ പെരുമാറ്റം ഒന്ന് മയപ്പെടുത്താനും അച്ചടക്കമുള്ള ജീവിതച്ചിട്ട വരുത്താനും സൈനികസ്‌കൂള്‍ തന്നെയാകും നല്ലതെന്ന് ട്രംപിന്റെ അച്ഛന്‍ ഫ്രെഡ് ട്രംപിന് തോന്നി. അങ്ങനെ പതിമൂന്നാം വയസ്സില്‍ ട്രംപിനെ ബോര്‍ഡിങ് സ്‌കൂളിലേക്കയച്ചു. 1959-1964 ഹൈസ്‌കൂള്‍ കാലം ട്രംപ് പൂര്‍ത്തിയാക്കിയത് ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയിലാണ്.

റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ ഫ്രെഡ് ട്രംപ് കര്‍ക്കശക്കാരനായ അച്ഛനായിരുന്നു. മകന്റെ എതിര്‍പ്പുകളെ അദ്ദേഹം തള്ളി. ബോര്‍ഡിങ് സ്‌കൂളിലേക്കുള്ള പോക്ക് ഡൊണാള്‍ഡിന് എളുപ്പമായിരുന്നില്ല. അത്യാഢംബര വസതിയില്‍ എന്തിനും ഏതിനും ജോലിക്കാര്‍ വിളിപ്പുറത്തുള്ള സൗകര്യം നിറഞ്ഞ ജീവിതമായിരുന്നു അതുവരെ. ബോര്‍ഡിങ് സ്‌കൂളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഡൊണാള്‍ഡ് ട്രംപ് ബുദ്ധിമുട്ടി.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം ട്രംപ് അച്ഛന്റെ ബിസിനസിനൊപ്പം ചേര്‍ന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് അകന്നുള്ള ജീവിതമായിരുന്നു ഫ്രെഡ് ട്രംപിന്റെത്. ന്യൂയോര്‍ക്കായിരുന്നു അദ്ദേഹത്തിന്റെ വ്യവസായലോകത്തിന്റെ കേന്ദ്രം. നേരെ തിരിച്ചായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ സമീപനം. പൊതുസമൂഹത്തില്‍ സ്വന്തം ഇമേജ് സൃഷ്ടിക്കാൻ അദ്ദേഹം ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തി. ഒരു സെലിബ്രിറ്റി ഇമേജ് നേടിയെടുത്തു. അമേരിക്കയൊട്ടാകെ ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തു.