മുംബൈയിൽ പത്തുദിവസം നീണ്ടുനിന്ന ഗണപതി ചതുർഥി ആഘോഷങ്ങൾ സമാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഒട്ടേറെ ഗണേശവിഗ്രഹങ്ങൾ ഒന്നിച്ച് നിമജ്ജനം ചെയ്യുന്ന ‘മഹാവിസർജ’നോടുകൂടിയായിരുന്നു ചടങ്ങുകൾ അവസാനിപ്പിച്ചത്. ജുഹു ബീച്ചിലും ഗിർഗാവ് ചൗപാഠിയിലുമാണ് പ്രധാനമായും ആളുകൾ വിഗ്രഹം നിമജ്ജനം ചെയ്തത്.
ചടങ്ങുകൾക്കുശേഷം ജുഹു ബീച്ച് വൃത്തിയാക്കാനായി ആയിരങ്ങളാണ് എത്തിയത്. അതിന് നേതൃത്വം നൽകിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസാണ്. അവർക്കൊപ്പം ബോളിവുഡ് താരം അക്ഷയ് കുമാറും ചേർന്നു. ''ബീച്ചുകൾ എപ്പോഴും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ചത്'', അമൃത മാധ്യമപ്രവർത്തകരോട് സംസാരിച്ചതിങ്ങനെ. അതോടെ ബാങ്കറും ഗായികയും സാമൂഹ്യപ്രവർത്തകയുമായ അമൃതയെ പ്രശംസിച്ചുകൊണ്ട് ആളുകളെത്തി.
ഡോക്ടർ ദമ്പതികളായ മാതാപിതാക്കളുടെ മകളായി നാഗ്പൂരിലാണ് അമൃത ജനിച്ചത്. സംസ്ഥാന ടെന്നീസ് ടീമിൽ അംഗവുമായിരുന്നു. ചെറുപ്പംമുതലേ ശാസ്ത്രീയസംഗീതവും അഭ്യസിക്കുന്നു. പുണെയിലെ സിംബയോസിസ് ലോ സ്‌കൂളിൽനിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്.
പ്രിയങ്ക ചോപ്ര നായികയായെത്തിയ 'ഗംഗാജൽ' എന്ന സിനിമയിലൂടെ പിന്നണിഗാനരംഗത്തേക്കും അവർ കടന്നുവന്നു. അമിതാഭ് ബച്ചൻ അഭിനയിച്ച 'ഫിർ സെ' എന്ന മ്യൂസിക് വീഡിയോയ്ക്കുവേണ്ടിയും അമൃത ഗാനം ആലപിച്ചു. അതിനൊപ്പം വിവിധ സാമൂഹ്യവിഷയങ്ങൾ ലക്ഷ്യംവെച്ചുള്ള പാട്ടുകളും അമൃത പാടിയിട്ടുണ്ട്. നദികൾ സംരക്ഷിക്കാനായുള്ള മുംബൈ റിവർ ആന്തം, ആസിഡ് ആക്രമണത്തിനിരയായവർക്കുവേണ്ടിയുള്ള ഗാനം തുടങ്ങിയവ അതിലുൾപ്പെടുന്നു. 2017-ൽ ആസിഡ് ആക്രമണത്തിനിരയായവർക്കുവേണ്ടിയുള്ള ഫാഷൻ ഷോയും അമൃതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഒട്ടേറെ പുരസ്‌കാരങ്ങളും അമൃതയെ തേടിയെത്തിയിട്ടുണ്ട്.
അതിനൊപ്പം തന്നെ വിവാദങ്ങളിലും ഇടംപിടിച്ചു പലപ്പോഴും അമൃത. 2018-ൽ ആഡംബര ക്രൂയിസ് കപ്പലിന്റെ കന്നിയാത്രയിൽ അമൃതയും പങ്കെടുത്തിരുന്നു. പിന്നീട് ചടങ്ങിൽനിന്നുള്ള പല വീഡിയോകളും പുറത്തുവന്നു. അതിലൊന്ന് സെൽഫിയെടുക്കാനായി കപ്പലിന്റെ ഓരത്തിരിക്കുന്ന അമൃതയുടേതായിരുന്നു. അവിടുന്ന് മാറിയിരിക്കണമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പോലും അവർ അവഗണിച്ചുവെന്നും വാർത്തകൾ പരന്നു. വീഡിയോ പുറത്തുവന്നതോടെ അമൃത ഏറെ വിമർശിക്കപ്പെട്ടു. അതോടെ 'മോശം മാതൃക സൃഷ്ടിച്ചതിന്' അവർ ക്ഷമ ചോദിക്കുകയും ചെയ്തു.
2019-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനത്തിൽ 'നമ്മുടെ രാഷ്ട്രത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന് ആശംസകൾ നേർന്നത്. ഇതും ഏറെ വിവാദത്തിലായി.
ആക്‌സിസ് ബാങ്കിൽ കാഷ്യറായി ജോലിക്കു കയറിയ അമൃത, ട്രാൻസാക്ഷൻ ബാങ്കിങ് ഡിപ്പാർട്ട്‌മെന്റിന്റെ വൈസ് പ്രസിഡന്റാണ്. ഭർത്താവ് മുഖ്യമന്ത്രി പദത്തിലെത്തിയശേഷവും, ബാങ്കിലെ ജോലി തുടർന്നു അമൃത. നാഗ്പൂരിൽനിന്ന് മുംബൈയിലെ ബ്രാഞ്ചിലേക്ക് മാറുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Amruta Fadnavis wife of Devendra Fadnavis, known for her singing, social work and controversies
Published: 08 Sept 2025, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented