
ഇന്റര്‍നെറ്റോ സോഷ്യല്‍മീഡിയയോ പ്രചാരത്തിലില്ലാതിരുന്ന കാലത്ത് മുപ്പത്തിയാറ് വയസ്സ് വരെ മാത്രം ജീവിച്ച് മരിച്ചുപോയ ഡയാന സ്പെന്‍സര്‍. ബ്രിട്ടീഷ് രാജകുമാരനെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്ത ഡയാന രാജകുമാരി.
എച്ച്.ഐ.വി രോഗികളെ ലോകം അകറ്റി നിര്‍ത്തുന്ന കാലമായിരുന്നു അത്. മരുന്നില്ലാതെ മാറാവ്യാധി സ്പര്‍ശത്തിലൂടെ പകരുമെന്നായിരുന്നു പരക്കെയുള്ള ധാരണ. ആരും എയ്ഡ്സ് രോഗികളുമായി അടുക്കുകയോ സംസാരിക്കുകയോ എന്തിന് കാണാന്‍പോലുമോ കൂട്ടാക്കിയിരുന്നില്ല. എയ്ഡ്സ് രോഗികള്‍ക്കുള്ള ആശുപത്രികളില്‍ പോകാന്‍ രോഗികള്‍ മടിച്ചു. അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പോലും സമൂഹത്തില്‍ വേര്‍തിരിവ് നേരിട്ടിരുന്നു.

അപ്പോഴാണ് 1987-ല്‍ ലണ്ടനിലെ മിഡില്‍സെക്സ് ഹോസ്പിറ്റലില്‍ എയ്ഡ്സ് യൂണിറ്റ് തുടങ്ങാന്‍ തീരുമാനിക്കുന്നത്. ഹോസ്പിറ്റലിന്റെ ആശയം ഡയാനയുടേത് തന്നെയായിരുന്നു. ഉദ്ഘാടനത്തിനെത്തിയ ഡയാന കയ്യുറ ധരിക്കാതെ എയ്ഡ്സ് രോഗിക്ക് കൈകൊടുക്കുന്ന ചിത്രം പത്രങ്ങളിലൂടെ ലോകമാകെ കണ്ടു. കണ്ടവരൊക്കെ ഞെട്ടി. പക്ഷേ, അതൊരു തുടക്കമായി. എയ്ഡ്സ് രോഗത്തെക്കുറിച്ച് ലോകത്തിനു കിട്ടാവുന്നതില്‍ ഏറ്റവും വലിയ ബോധവത്കരണമായിരുന്നു ഡയാനയുടെ ആ സന്ദര്‍ശനം.
വിദേശ രാജ്യങ്ങളില്‍ ചെന്നപ്പോള്‍ അവിടുത്തെ ആശുപത്രികളില്‍ പോകാനും എയ്ഡ്സ് രോഗികളെ കാണാനും ഡയാന സമയം കണ്ടെത്തി. സ്വവര്‍ഗാനുരാഗികള്‍ ബാധിക്കുന്ന രോഗം എന്നായിരുന്നു എയ്ഡ്സിനെപ്പറ്റിയുള്ള മറ്റൊരു തെറ്റിധാരണ. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്ക്കിടയില് എയ്ഡ്സ് വ്യാപകമാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പൊതുബോധം വളര്‍ന്നത്. എയ്ഡ്സ് കാരണം തകര്‍ന്നുപോയ കുടുംബങ്ങളെപ്പറ്റി ഡയാന നിരന്തരം ലോകത്തോട് സംസാരിച്ചു. സ്നേഹത്തോടെ സഹാനുഭൂതിയോടെ ഡയാന എയ്ഡ്സ് ബാധിതരെ ചേര്‍ത്തുനിര്‍ത്തി. സമൂഹം അകറ്റി നിര്‍ത്തിയ ആ മനുഷ്യരെ അവര്‍ അലിവോടെ കെട്ടിപ്പിടിച്ചു, ആര്‍ദ്രതയോടെ അവരോട് സംസാരിച്ചു. 1989 ല്‍ ഡയാന സൗത്ത് ലണ്ടനില്‍ ലാന്‍ഡ്മാര്‍ക് എയ്ഡ്സ് സെന്റര്‍ ആരംഭിച്ചു. 1990-ല്‍ അമേരിക്കയിലും അവര്‍ രോഗികള്‍ക്ക് അഭയകേന്ദ്രമൊരുക്കി.

ഇംഗ്ലണ്ടിലെ നാഷണല്‍ എയ്ഡ്സ് ട്രസ്റ്റിന്റെ നേതൃസ്ഥാനത്തേക്ക് ഡയാനയെത്തി. എയ്ഡസ് ബാധിതര്‍ക്ക് ചികിത്സാസഹായം നല്കുന്ന ലണ്ടന്‍ ലൈറ്റ്ഹൗസിലെ നിത്യസന്ദര്‍ശകയായിരുന്നു അവര്‍. 1997-ല്‍ സൗത്താഫ്രിക്ക സന്ദര്‍ശിച്ച ഡയാന നെല്‍സണ്‍ മണ്ടേലയെ ചെന്ന് കണ്ടു. മണ്ടേലയുടെ ചാരിറ്റി സംഘടനയുമായി കൈകോര്‍ക്കുകയായിരുന്നു ലക്ഷ്യം. ഏതാനും മാസങ്ങള്‍ക്ക് ശേഷം നടന്ന വാഹനാപകടത്തില്‍ ഡയാന കൊല്ലപ്പെട്ടപ്പോള്‍ അങ്ങേയറ്റം വിഷാദത്തോടെയായിരുന്നു മണ്ടേലയുടെ അനുസ്മരണം- ''കുഷ്ഠരോഗിയുടെ കൈകാലുകളില്‍ തലോടുമ്പോഴും എയ്ഡ്സ് ബാധിച്ചയാളുടെ കട്ടിലിലില്‍ അയാള്‍ക്കൊപ്പമിരുന്ന് കെ പിടിക്കുമ്പോഴും അവര്‍ പൊതുമനോഭാവങ്ങളെ മാറ്റിമറിക്കുകയും രോഗികളുടെ ജീവിതസാധ്യതകള്‍ മെച്ചപ്പെടുത്തുകയുമായിരുന്നു.''

മുഖ്യധാരയില്‍ നിന്ന് തഴയപ്പെട്ട മറ്റൊരു വിഭാഗമായിരുന്നു കുഷ്ടരോഗികള്. 1989-ല്‍ ഇന്തോനേഷ്യയിലെ സിറ്റനല ആശുപത്രി സന്ദര്‍ശിച്ച ഡയാന കുഷ്ഠരോഗികളുടെ അടുത്തിരുന്ന്, അവരുടെ കൈകാലുകളിലും മുഖത്തും കെട്ടിവെച്ച മുറിവുകളിലും സ്പര്‍ശിച്ചു. ഇന്ത്യയിലും നേപ്പാളിലും സിംബാബ്വേയിലും അവര്‍ കുഷ്ഠരോഗികളെ സന്ദര്‍ശിച്ചു. 1996-ല്‍ ലണ്ടനില്‍ നടന്ന ആന്റി ലെപ്രസി കോണ്‍ഫറന്‍സില്‍ ഡയാന സംസാരിച്ചിരുന്നു. ദി ലെപ്രസി മിഷന് എന്ന അന്താരാഷ്ട്ര സംഘടനയുടെ മുഖമായിരുന്നു അവര്‍. എല്ലാവരും ഭയത്തോടെ കണ്ടിരുന്ന, അറച്ച് മാറി നിന്നിരുന്ന കുഷ്ഠരോഗികള്‍ക്ക് നടുവിലിരിക്കുന്ന, സ്നേഹത്തോടെ സ്പര്‍ശിക്കുന്ന ഡയാനയുടെ ചിത്രം മനുഷ്യസ്നേഹത്തിന്റെ അടയാളമായി ചരിത്രം എന്നും ഓര്‍ത്തുവെക്കും.
1995-ല്‍ ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ എന്നെങ്കിലും ബ്രിട്ടീഷ് രാജ്ഞിയാകുമോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ആളുകളുടെ ഹൃദയത്തില്‍ രാജ്ഞിയായാല്‍ മതിയെന്നാണ് ഡയാന പറഞ്ഞത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ആ സിംഹാസനം അവര്‍ നേടുകയും ചെയ്തു.
Content Highlights: princess diana and her charity works
Published: 01 Nov 2024, 03:46 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented