
''ഞാന്‍ സ്‌കൂളിലോ കോളേജിലോ പോയിട്ടില്ല. അന്നതിന് സാഹചര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ ജീവിതമാഘോഷിക്കുന്ന കൂട്ടുകാരെയും കിട്ടിയില്ല. വലുതായശേഷം ഞാന്‍ ആ ജീവിതം ആഘോഷിച്ചത് 'ഫ്രണ്ട്‌സ്' എന്ന പരമ്പരയ്‌ക്കൊപ്പമാണ്. ഞാന്‍ അതിലെ ചാണ്ട്‌ലര്‍ ബിങ് എന്ന കഥാപാത്രമാവാന്‍ ഞാന്‍ ദിവസവും ശ്രമിച്ചു. എനിക്കിത് താങ്ങാനാവുന്നതിലും അധികമാണ്.'' - മാത്യു പെറിയെന്ന അഭിനേതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ട് റഷ്യന്‍ വംശജനായ ക്രിസ്റ്റിയന്‍ പറഞ്ഞതാണിത്. അദ്ദേഹത്തിന്റെ ഭാര്യ മയ്യയുടെ അഭിപ്രായത്തില്‍ 'ക്രിസ്റ്റ്യന്റെ ഒരു ഭാഗം ഇപ്പോള്‍ മരിച്ചുപോയിരിക്കുന്നു.'

കാലത്തിന് അതീതമായി നിലനിന്ന, പ്രായ ലിംഗ വ്യത്യാസമില്ലാതെ ലോകമൊട്ടുക്കും ആരാധകരുള്ള ഒരു അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര, 'ഫ്രണ്ട്‌സ്'. ഓരോ കഥാപാത്രങ്ങളും കാണികളെ കുടുകുടാ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ 10 ഭാഗങ്ങള്‍. തൊണ്ണൂറുകളിലെ അവസാനത്തില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര ഇപ്പോഴും ഒ.ടി.ടി.യിലൂടെ തരംഗമാവുന്ന കാഴ്ച. പരമ്പരയിലെ റേച്ചല്‍, മോണിക്ക, ഫീബി, റോസ്, ജോയി, ചാണ്ട്‌ലര്‍ ബിങ് എന്നീ കേന്ദ്രകഥാപാത്രങ്ങളെല്ലാംതന്നെ പ്രേക്ഷകരുടെയും സുഹൃത്തുക്കളായിരുന്നു. നേരത്തെ എത്തിയവരും നേരം വൈകിയെത്തിയവരും അവരുടെ സൗഹൃദത്തില്‍ പങ്കു ചേര്‍ന്നു. എന്നാല്‍, പൊടുന്നനെയായിരുന്നു ആ സൗഹൃദക്കണ്ണിയിലെ ചാണ്ട്‌ലര്‍ ബിങ് ആയിരുന്ന മാത്യു പെറി എന്ന അഭിനേതാവ് സ്‌ക്രീനില്‍നിന്നെന്നപോലെ യഥാര്‍ഥ ജീവിതത്തില്‍നിന്ന് യാത്ര പറഞ്ഞുപോയത്. ആരാധകരെ പൊട്ടിച്ചിരിപ്പിച്ച, വിഷമങ്ങള്‍ മറക്കാന്‍ കൂട്ടുനിന്ന ചാണ്ട്‌ലര്‍ ബിങ് ഇനിയില്ല എന്ന യാഥാര്‍ഥ്യം ആരാധകരില്‍ പലരും ഇനിയും അംഗീകരിച്ചിട്ടില്ല.

1994-ല്‍ തുടങ്ങി 2004-ല്‍ അവസാനിച്ച ഈ സീരീസിന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും കാഴ്ചക്കാരുണ്ടെങ്കില്‍ അതിനു വലിയൊരു കാരണം ചാണ്ട്‌ലര്‍ ബിങ് എന്ന കഥാപാത്രമാണ്. ഒരുപാടുപേരെ സ്വാധീനിച്ച കഥാപാത്രം. അസ്വസ്ഥമാകുമ്പോള്‍ തമാശ പറഞ്ഞ്, കാണികളെ ഒന്നടങ്കം ചിരിപ്പിച്ചിരുന്ന, പ്രേക്ഷകര്‍ക്കു തന്നെ ഉറ്റ സുഹൃത്തായി മാറിയ ചാണ്ട്‌ലര്‍ ബിങ്. ആ വേഷം മനോഹരമാക്കിയ മാത്ത്യൂ പെറി.
'ഫ്രണ്ട്‌സ് പരമ്പര എന്റെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. 24 വയസ്സുള്ളപ്പോള്‍ തുടങ്ങിയ ഷോ എനിക്ക് 34 വയസ്സുള്ളപ്പോളാണ് അവസാനിച്ചത്. അത് എന്റെ ഇന്നത്തെ ജീവിതത്തെ രൂപപ്പെടുത്തി.''- 2021-ല്‍ ഫ്രണ്ട്‌സ് താരങ്ങളുടെ പുനസമാഗമ ചടങ്ങില്‍ പെറി പറഞ്ഞ വാക്കുകളാണിത്. അത്രത്തോളം ആ പരമ്പര അദ്ദേഹത്തിന്റെ ജീവിതമായി മാറിക്കഴിഞ്ഞിരുന്നു.
'അദ്ദേഹം അവിടെത്തന്നെയുണ്ടെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പല നിമിഷങ്ങളിലും വിഷമങ്ങള്‍ മറന്ന് ചിരിക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്. എന്റെ ഓര്‍മകളില്‍ ഒരിക്കലും മാത്യു പെറിക്ക് മരണമില്ല.''- ആരാധകനായ നിക്കിന്റെ ഈ വാക്കുകള്‍ ലക്ഷക്കണക്കിനു വരുന്ന ആരാധകരുടേതുകൂടിയാണ്.
ദ വെസ്റ്റ് വിങ്, ദ റോണ്‍ ക്ലാര്‍ക്ക് സ്‌റ്റോറി, സ്റ്റുഡിയോ 60 ഓണ്‍ ദ സണ്‍സെറ്റ് സ്ട്രിപ്, ഫൂള്‍സ് റഷ് ഇന്‍, ദ ഹോള്‍ നയന്‍ ഇയേഴ്‌സ്, ദ ഹോള്‍ ടെന്‍ ഇയേഴ്‌സ്, ആള്‍മോസ്റ്റ് ഹീറോസ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നെങ്കിലും ഫ്രണ്ട്‌സ് സീരീസില്‍ അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യത അത്രക്കധികമാണ്. എല്ലാവരുടേയും സ്‌നേഹം ഒരുപോലെ പിടിച്ചെടുത്ത ചാണ്ട്‌ലര്‍.

ഒത്തുചേർന്നപ്പോൾ (ഫയൽ ചിത്രം)
കുട്ടിക്കാലത്തെ കഷ്ടപ്പാടുകളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും സ്വയം ഉയര്‍ന്നുവന്ന മനുഷ്യന്‍. വിഷമങ്ങളിലൊക്കെ തമാശ പറഞ്ഞ് അതില്‍ നിന്നും ആശ്വാസം കണ്ടെത്തുന്ന മനുഷ്യന്‍. ചിരിപ്പിക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും എല്ലാവരേയും ചിരിപ്പിക്കുകയെന്നതിലേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞയാള്‍. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും അതിനേയൊക്കെ തന്റെ സര്‍ക്കാസം നിറഞ്ഞ തമാശകള്‍ കൊണ്ട് നേരിട്ട അയാള്‍ക്ക് കാണികളെ എളുപ്പത്തില്‍ കയ്യിലെടുക്കാന്‍ കഴിഞ്ഞിരുന്നു.
ആ സീരീസിനെ ഇത്രത്തോളെ ആസ്വാദ്യമാക്കിയതില്‍ ചാണ്ട്‌ലര്‍ക്കുള്ള പങ്ക് ചെറുതല്ല. തന്റെ 54ാം വയസ്സില്‍ മരണപ്പെടുമ്പോള്‍ അയാള്‍ സങ്കടക്കടലിലാക്കിയത് തമ്മിലറിഞ്ഞില്ലെങ്കിലും കണ്ടും കേട്ടും സുഹൃത്തുക്കളായ പ്രേക്ഷകരെത്തന്നെയാണ്.
മറക്കില്ല ഒരിക്കലും. കാരണം എന്നന്നേക്കുമായി ഓര്‍മ്മിക്കപ്പെടാനുള്ളത് അയാള്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്. പ്രിയപ്പെട്ട മാത്യു പെറി, നന്ദി... വിഷമം പിടിച്ച പല സമയങ്ങളിലും കൂട്ടായിരുന്നതിന്, സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതെകാത്തതിന്...ആശ്വസിപ്പിച്ചതിന്...
Content Highlights: mathhew perry, friends web series
Published: 02 Nov 2023, 02:08 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented