
തിരുവല്ല മുത്തൂരിനടുത്തുള്ള 'മാധവം'. ഗേറ്റ് തുറന്ന ശബ്ദം കേട്ടതും ഗൗരിയും ലക്ഷ്മിയും തൊഴുത്തില്‍ നിന്നെത്തിനോക്കി. ഈ വീട്ടിലേക്ക് വിരുന്നുകാരെത്തുമ്പോള്‍ ആദ്യമറിയുന്നതും ഇവരാണ്. വസ്ത്രവ്യാപാരരംഗത്തെ പ്രമുഖരായ മഹാലക്ഷ്മി സില്‍ക്‌സ് ഉടമ ടി.കെ. വിനോദ്കുമാറിന്റെ അരുമകളാണിവര്‍. ഗീര്‍, പുങ്കാനൂര്‍ ഇനത്തില്‍പ്പെട്ട പശുക്കള്‍. കിടാവ് പിറന്നതില്‍പ്പിന്നെ നല്ല സന്തോഷത്തിലാണ് ഗൗരി. അരികില്‍ ലക്ഷ്മിയും കിടാവും.
പട്ടാണോ, പശുവാണോ ഇഷ്ടങ്ങളില്‍ മുന്നില്‍ എന്ന് ചോദിച്ചാല്‍ വിനോദ്കുമാര്‍ ആദ്യം പുഞ്ചിരിക്കും. പിന്നെ പറയും, ''രണ്ടും ഒരുപോലെ പ്രിയപ്പെട്ടതാണ്.'' മഹാലക്ഷ്മി സില്‍ക്‌സിലെ പട്ടുസാരികളെ ഹൃദയത്തോടുചേര്‍ക്കുന്ന വിനോദ്കുമാര്‍ 'മാധവ'ത്തില്‍ ഗോക്കളെ സ്‌നേഹിക്കുന്ന ഗൃഹനാഥനാണ്.
ഇന്ത്യയിലെമ്പാടുമുള്ള, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗോക്കളുടെ സംരക്ഷണം അദ്ദേഹത്തിന് ജീവിതവ്രതമാണ്. പട്ടിനോടുള്ള സ്‌നേഹത്തോളം വ്യാപ്തിയുണ്ട് പൈക്കളോടുള്ള പ്രിയത്തിനും. അതുതന്നെയാണ് വിനോദ്കുമാറിനെയും മഹാലക്ഷ്മി സില്‍ക്‌സിനെയും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ''ഒരുകാലത്ത് നമ്മുടെ ആരോഗ്യസംരക്ഷകരായിരുന്നു പശുക്കള്‍. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടന്‍പശുക്കളെ നിലനിര്‍ത്തുകയെന്നതാണ് ലക്ഷ്യം. നമ്മുടെ ആരോഗ്യപരിപാലനത്തിന് നാടന്‍പശുക്കള്‍ അത്യന്താപേക്ഷിതമാണ.'' പ്രകൃതിയുടെയും മണ്ണിന്റെയും ജൈവീകഘടന നിലനിര്‍ത്താന്‍ ഗോക്കളെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നാണ് വിനോദ്കുമാറിന്റെ കാഴ്ചപ്പാട്.
ആത്മാവറിഞ്ഞ് ഗ്രാമങ്ങളിലൂടെ
വിവിധ സംസ്ഥാനങ്ങളിലൂടെ പട്ട് തേടിയുള്ള വിനോദിന്റെ ഓരോ യാത്രയും അവസാനിക്കുന്നത്, ആ നാട്ടിലെ ഏതെങ്കിലും ഗോശാലയുടെ മുന്നിലാവും. അങ്ങ് കശ്മീരില്‍ നിന്ന് തുടങ്ങുന്ന യാത്രകള്‍. ''മധ്യപ്രദേശിലെ ചന്ദേരി സില്‍ക്കും പഞ്ചാബിലെ ഫുല്‍ക്കരി സാരിയും ഒറിയ പട്ടും ബംഗാള്‍ കോട്ടണും ട്രഡീഷണല്‍ സാരിയായ കാന്ത സ്റ്റിച്ചും ജാംദാനിയും മുര്‍ഷിദാബാദിലെ മുര്‍ഷിദാബാദ് സില്‍ക്കും ബാലുച്ചേരി സാരികളും ആന്ധ്രയിലെ മംഗല്‍ഗിരി, വെങ്കടഗിരി, പോച്ചംപള്ളി, ധര്‍മാവരം സാരികളും ഛത്തീസ്ഗഢിലെ ചാപ്പയിലും റായ്ഗഢിലും നെയ്യുന്ന ഇന്ത്യന്‍ ട്രഡീഷണല്‍ സില്‍ക്കുകളായ ടസര്‍ സില്‍ക്കും മൂംഗ ഗിച്ച സില്‍ക്കും മധ്യപ്രദേശിലെ ചന്ദേരി-മഹേശ്വരി സില്‍ക്കുകളും ബിഹാറിലെ ഭാഗല്‍പൂര്‍ സില്‍ക്കും ഔറംഗാബാദിലെ പൈത്തനി സാരികളും വാരണാസിയിലെ ജാംഗ്ല സാരിയും ജാമവര്‍ സാരികളും മുബാരക്പുര്‍ സില്‍ക്കും പീലികോട്ടി വീവിങ് ടെക്‌നിക്കും... ഇതെല്ലാം കടന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുമ്പോഴുമുണ്ട് വ്യത്യസ്തമായ നെയ്ത്തുഗ്രാമങ്ങള്‍. അവിടത്തെ കാഞ്ചീപുരവും സേലവും ആരണിയും ചെയ്യാറും ഒന്നുപുരവും ദേവികാപുരവും ചിന്താമണിയൂരും നെഗമവും പൊള്ളാച്ചിയും കടന്ന് ഇങ്ങ് കേരളത്തിലെ കുത്താമ്പുള്ളിയിലവസാനിക്കുന്ന യാത്രകള്‍.''
ഓരോ നെയ്ത്തുഗ്രാമവും അവിടുത്തെ നൂലിഴകളും പറയുന്നത് പല കഥകളാണ്. ആ ഗ്രാമത്തിന്റെ സംസ്‌കാരംകൂടി ചുരുള്‍നിവര്‍ത്തുന്ന സാരികള്‍. നെയ്ത്തുഗ്രാമങ്ങളുടെ ആത്മാവറിഞ്ഞുള്ള, തുടരുന്ന ദീര്‍ഘയാത്രകള്‍ വിനോദ്കുമാറിനെ ഒരിക്കലും മടുപ്പിക്കില്ല. മനസ്സുനിറയ്ക്കുന്ന പട്ടുസാരികള്‍ തിരഞ്ഞെടുത്താല്‍പ്പിന്നെ പശുക്കളെ തേടിയുള്ള യാത്ര തുടങ്ങുകയായി. നെയ്‌തെടുക്കുന്ന പട്ടുസാരികള്‍ കാണുമ്പോള്‍ കിട്ടുന്ന അതേ സംതൃപ്തിയാണ് പശുക്കളെത്തേടിയുള്ള യാത്രകളും അദ്ദേഹത്തിന് നല്‍കുന്നത്.
''പട്ടുനൂല്‍ തിരഞ്ഞെടുക്കുന്നതുമുതല്‍ അത് ഡൈ ചെയ്യുന്നതും സാരിയാവുന്നതും വരെയുള്ള ഓരോ ഘട്ടത്തിലും നെയ്ത്തുകാരുമായി നിരന്തരം സംസാരിക്കും. അങ്ങനെ സ്വന്തമായി നെയ്‌തെടുക്കുന്ന സാരികളാണ് മഹാലക്ഷ്മിയിലേത്. അതാണിവിടത്തെ പ്രത്യേകതയും,'' വിനോദ് കുമാര്‍ പറയുന്നു. മന്ത്രകോടി സാരികള്‍ തയ്യാറാക്കുന്നത് വിനോദ്കുമാറിന്റെ പ്രത്യേക മേല്‍നോട്ടത്തിലാണ്. ''ശില്പി ശില്പം കൊത്തിയെടുക്കുന്നതുപോലെയാണ്, തറിയില്‍ നെയ്ത്തുകലാകാരന്‍ മന്ത്രകോടി നെയ്യുന്നത്.''
നെയ്ത്തുകാരന്റെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും കഥ പറയുന്നതാണ് ഓരോ മന്ത്രകോടിയുമെന്നതാണ് ഇദ്ദേഹത്തിന്റെ പക്ഷം. അത്രയും പവിത്രമാണ് അദ്ദേഹത്തിനത്. എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്രയും വധുക്കള്‍ക്ക് മന്ത്രകോടി നെയ്തുകൊടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും വിനോദ് കുമാര്‍ പങ്കുവെക്കുന്നു. വസ്ത്രങ്ങളോടും പട്ടിനോടും വിനോദ്കുമാറിന് അവസാനിക്കാത്ത അഭിനിവേശമാണ്. അതുതന്നെയാണ് നെയ്ത്തുഗ്രാമങ്ങളില്‍ ചെന്ന് സാരികളും ലെഹംഗകളും മന്ത്രകോടി സാരികളും തന്റെ മേല്‍നോട്ടത്തില്‍ നെയ്‌തെടുക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും. ''പട്ട് തിരഞ്ഞുള്ള അങ്ങനൊരു യാത്രയ്ക്കിടയിലാണ് നീളന്‍ ചെവികളും നീളന്‍മുഖവുമുള്ള കൃഷ്ണയെ ആദ്യമായി കാണുന്നത്. ഗീര്‍ ഇനത്തില്‍പ്പെട്ട കൃഷ്ണ വൈകാതെതന്നെ ഗുജറാത്തില്‍നിന്ന് കേരളത്തിലെത്തി. അതൊരു തുടക്കം മാത്രമായിരുന്നു.'' പിന്നീട് ഓരോതവണയും പട്ടിനൊപ്പം അവിടത്തെ പശുക്കളും വിനോദ്കുമാറിന്റെ അതിഥികളായെത്തി.
പട്ടും പശുവും ഒരുപോലെ
അതിഥികളുടെ എണ്ണം കൂടിയപ്പോള്‍ രണ്ട് ഗോശാലകളും ആരംഭിച്ചു വിനോദ്കുമാര്‍. ആദ്യത്തെ ഗോശാല തുടങ്ങിയത് പതിന്നാലുവര്‍ഷം മുന്‍പായിരുന്നു. അന്ന് അഞ്ചുപശുക്കളാണുണ്ടായിരുന്നത്. ഇപ്പോള്‍ തിരുവല്ലയ്ക്കടുത്തുള്ള കുന്നന്താനത്തും മുത്തൂരുമുള്ള ശാലകളില്‍ 23-ഓളം ഇനങ്ങളില്‍പ്പെട്ട 450-ഓളം പശുക്കളാണുള്ളത്. എല്ലാം നാടന്‍പശുക്കളാണെന്നതാണ് പ്രത്യേകത. രാജസ്ഥാനില്‍നിന്നുള്ള താര്‍പാര്‍ക്കര്‍, ആന്ധ്രയില്‍നിന്നുള്ള പുങ്കാനൂര്‍, ഹരിയാണ, നഗോരി, സഹിവാള്‍, വെച്ചൂര്‍, ഉംബ്ലാച്ചേരി, ഗീര്‍... ഇവയില്‍ പുങ്കാനൂര്‍ ഇനത്തിന്റെ പാലിന് ഗുണമേന്മ അധികമാണ്. ഇവയുടെ പാലുപയോഗിച്ചാണ് തിരുപ്പതി വെങ്കിടാചലപതിക്ക് അഭിഷേകം നടത്തുന്നത്. 2017-ലെ മികച്ച ഗോശാലയ്ക്കുള്ള ഗോപാല്‍രത്‌ന പുരസ്‌കാരം വിനോദ്കുമാറിന്റെ ഗോശാലയെത്തേടിയെത്തിയിട്ടുണ്ട്.
മഹാലക്ഷ്മി സില്‍ക്‌സിന്റെ തിരുവല്ല, മുത്തൂര്‍, ഏറ്റുമാനൂര്‍ ശാഖകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിലും വിദേശത്തുമായി ഉടന്‍ ആരംഭിക്കാന്‍ പോവുന്ന ഷോറൂമുകളുടെ പണിത്തിരക്കിനുമിടയില്‍ ഗോശാലയുടെ കാര്യങ്ങളും വിനോദ്കുമാര്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്നു.
''പട്ട് തേടിയുള്ള യാത്രയ്ക്കിടയില്‍ ഒരു വീട്ടില്‍നിന്ന് കഴിച്ച റൊട്ടിയുടെയും ദാലിന്റെയും അച്ചാറിന്റെയും തൈരിന്റെയും രുചി ഇന്നും ഞാന്‍ മറന്നിട്ടില്ല. അവിടെ ഒട്ടുമിക്ക വീടുകളിലും ഗോശാലകളുണ്ട്. ആ പാലാണ് അവരുപയോഗിക്കുന്നത്. അവരുടെ പാടത്ത് കടുകും എള്ളും പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. ആവശ്യത്തിനുള്ള ഉരുളക്കിഴങ്ങും പച്ചക്കറികളും മാത്രമല്ല, റൊട്ടിയുണ്ടാക്കാനുള്ള ഗോതമ്പും അവരുടെ പാടത്തുനിന്നുതന്നെ കിട്ടും. ഇത്രയും ആരോഗ്യകരമായ ഭക്ഷണം വേറേ എവിടെയുണ്ട്. ആ ഗ്രാമങ്ങളിലെ ജീവിതവും സംസ്‌കാരവുമെല്ലാം നമ്മളെയും അറിയാതെ സ്വാധീനിക്കും. ഗോശാല തുടങ്ങാനും അതൊക്കെ ഒരു കാരണമായിട്ടുണ്ടാവും,'' വിനോദ്കുമാര്‍ വിശദീകരിച്ചു.
''നിരണത്ത് പതിനെട്ടേക്കര്‍ സ്ഥലത്ത് ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൃഷി നടത്തുന്നുണ്ട്. ഗോശാലയില്‍നിന്നുള്ള ചാണകവും ഗോമൂത്രവുമാണ് വളം. ആ പാടത്തുനിന്നുള്ള അരിയാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഗൗരിയുടെയും ലക്ഷ്മിയുടെയും സംരക്ഷണത്തിന് മൂന്നുപേരുണ്ടിവിടെ.'' സംസാരത്തിനിടയില്‍ പശുക്കള്‍ക്കുള്ള ഭക്ഷണമെത്തി. തിന, വന്‍പയര്‍, ചെറുപയര്‍ എന്നിവ പൊടിച്ച് ചോളവും വെള്ളവും ചേര്‍ത്ത് കുഴച്ചാണ് പശുക്കള്‍ക്ക് കൊടുക്കുന്നത്.
വിനോദ്കുമാറിന്റെ വീടിന് സ്ഥാനം നിര്‍ണയിക്കുന്നതില്‍പ്പോലും പശുക്കള്‍ക്ക് പങ്കുണ്ട്. ആ കഥയിങ്ങനെ: ''എന്റെ ഗുരുനാഥനാണ് ചെറുവള്ളി നാരായണന്‍ നമ്പൂതിരി. അദ്ദേഹമാണ് വീടിന് സ്ഥാനം കണ്ടത്. ആ സ്ഥലം വൃത്തിയാക്കിയശേഷം കോമ്പൗണ്ട് അടച്ച്, അവിടെ പശുക്കള്‍ക്കായി സ്ഥലമൊരുക്കി. മൂന്നു പശുക്കളെ അവിടേക്കെത്തിച്ചു. അപ്പോള്‍ ചെറുവള്ളി തിരുമേനി പറഞ്ഞു, ഈ പശുക്കള്‍ കൂടുതല്‍ സമയവും എവിടെയാണ് കിടക്കുന്നതെന്ന് നോക്കണം, അവിടെയാണ് ഏറ്റവും നല്ല വായുവുള്ള സ്ഥലമെന്ന്. ''
'മാധവ'ത്തില്‍നിന്ന് നേരേ മുത്തൂരിലുള്ള ഗോശാലയിലേക്ക്. നല്ല വൃത്തിയായി സജ്ജീകരിച്ചിരിക്കുന്ന ഗോശാല. വെള്ളവും തീറ്റയും കൊടുക്കാന്‍ പ്രത്യേക അറകളോടുകൂടിയ സംവിധാനം. ഫോട്ടോയെടുക്കുന്നതിനിടയില്‍ ഒരു പശുക്കിടാവ് ഓടിക്കളിക്കാന്‍ തുടങ്ങി. ''ഇവനാണ് ഇവിടുത്തെ പുതിയ അംഗം,'' വിനോദ്കുമാര്‍ പറയുമ്പോള്‍ തന്നെക്കുറിച്ചാണെന്ന ഭാവമൊന്നുമില്ലാതെ, കിടാവ് അമ്മയുടെ പാല്‍കുടിക്കാനോടി...
Content Highlights: mahalekshmi silks owner tk vinodkumar speaks
Published: 17 Apr 2024, 10:59 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented