നാലുചിത്രങ്ങളാണ് ഇത്തവണ ഓണം റിലീസായെത്തിയത്. അതിൽ രണ്ടു സിനിമകളിലും നായികയായത് കല്യാണി പ്രിയദർശനാണ്. 'ലോക ചാപ്റ്റർ 1: ചന്ദ്ര', 'ഓടും കുതിര ചാടും കുതിര' എന്നിവയാണ് കല്യാണിയുടേതായി പുറത്തിറങ്ങിയത്. കല്യാണിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു.
മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്റെയും നായികയുടെയും മകൾ. പക്ഷേ, അച്ഛനമ്മമാരുടെ പേരിനപ്പുറം സിനിമ അവൾക്ക് സ്വന്തമായൊരു മേൽവിലാസം നൽകി. അങ്ങനെ ലിസിയുടെയും പ്രിയദർശന്റെയും മകൾ കല്യാണി മലയാളത്തിന്റെ പ്രിയനായികയായി. അരങ്ങേറ്റം മലയാളത്തിലൂടെത്തന്നെയാകും എന്ന പൊതുധാരണയെ തിരുത്തിക്കൊണ്ടാണ് കല്യാണി വെള്ളിത്തിരയിലേക്കുള്ള വാതിൽ തുറന്നത്. തമിഴിലും തെലുഗുവിലും തന്റെ പേര് പതിച്ചശേഷമായിരുന്നു മലയാളത്തിലേക്കുള്ള വരവ്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ നിക്കി എന്ന മുൻകോപക്കാരിയായ കഥാപാത്രത്തെ നിറഞ്ഞ കൈയടികളോടെയാണ് ആരാധകർ വരവേറ്റത്. 'ഹൃദയ'ത്തിലെ നിത്യ, 'ബ്രോ ഡാഡി'യിലെ അന്ന, 'തല്ലുമാല'യിലെ ബീപാത്തു, 'ശേഷം മൈക്കിൽ ഫാത്തിമ'യിലെ പാത്തു, 'വർഷങ്ങൾക്ക് ശേഷ'ത്തിലെ ആനി... വെള്ളിത്തിരയിൽ കല്യാണിയുടെ പലമുഖങ്ങൾ പ്രേക്ഷകർ കണ്ടു. സ്വപ്‌നങ്ങളും ചേരുവകളായ തന്റെ ജീവിതത്തിന്റെ അധ്യായങ്ങൾ തുറക്കുകയാണ് കല്യാണി.
എങ്ങനെയാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്?
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അങ്ങനെ അളവുകോലൊന്നും ഇല്ല. പക്ഷേ, ഓരോ സിനിമകളിലൂടെയും കംഫർട്ട്‌സോണിൽ നിന്നും പരിമിതികൡ നിന്നും പുറത്തുകടക്കാൻ ശ്രമിക്കാറുണ്ട്. മുൻനിര നായകന്മാരോടൊപ്പം അഭിനയിച്ച് ഒരു നായിക എന്ന നിലയിൽ വളർന്നു വരണം എന്ന് ആദ്യത്തെ സിനിമ ചെയ്യുമ്പോൾ ആഗ്രഹിച്ചിരുന്നു. 'ഹൃദയ'ത്തിലൂടെ എനിക്ക് ഡബ് ചെയ്യാനുള്ള അവസരം കിട്ടി. 'ബ്രോ ഡാഡിയിൽ' ലാലങ്കിളിന്റെ(മോഹൻലാൽ) കൂടെ അഭിനയിക്കുമ്പോൾ വളർന്നേ പറ്റൂ. ആ സിനിമയിൽ സ്‌ക്രീൻ സ്‌പേസും കിട്ടി. 'തല്ലുമാലയിൽ' എന്റെ വ്യക്തിത്വം തന്നെ ഞാൻ മാറ്റിവച്ചു. കാരണം ആ കഥാപാത്രം ഞാനേ അല്ല. 'ശേഷം മൈക്കിൽ ഫാത്തിമയിൽ' എന്റെ ഭാഷയിൽ മാറ്റം വരുത്തി. 'ആന്റണി'' എനിക്ക് ശാരീരികമായും മാറ്റം വരുത്തേണ്ടിവന്നു. അങ്ങനെ ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും അതിനായി സ്വയം മാറാൻ ശ്രമിക്കാറുണ്ട്. പുറത്തിറങ്ങുന്നതോടെ സിനിമ പ്രേക്ഷകരുടേതായി മാറുമല്ലോ. അവരിലേക്ക് കഥാപാത്രത്തെ പൂർണതയോടെ എത്തിക്കാൻ എനിക്കാവുന്നതെല്ലാം ചെയ്യാറുണ്ട്. സിനിമ തിരഞ്ഞെടുക്കുമ്പോൾ കഥ നല്ലതായിരിക്കണം. അഭിനേതാവെന്ന നിലയിൽ എനിക്ക് വളരാനുള്ള ഇടം അതിൽ ഉണ്ടായിരിക്കണം.
മോഹൻലാലിനെയോ പ്രിയദർശനെയോ പോലെ 40- 50 വർഷം സിനിമാമേഖലയിൽ നിൽക്കാൻ പുതു തലമുറയിൽപ്പെട്ടവർ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. അതേ അഭിപ്രായമാണോ കല്യാണിക്കും?
ഇഷ്ടമുള്ള കഥാപാത്രങ്ങളും തിരക്കഥകളും കിട്ടുകയാണെങ്കിൽ ഞാൻ ചെയ്യും. അതിന് വർഷങ്ങളുടെ കണക്ക് നോക്കുന്നില്ല. സിനിമ എനിക്കിഷ്ടമാണ്. പാഷനുവേണ്ടിയാണ് ഞാൻ ഇതു ചെയ്യുന്നത്. പണത്തിനു വേണ്ടിയല്ല. അതുകൊണ്ടാവാം എത്രകാലം ജോലി ചെയ്യണം എന്ന കണക്കുകൂട്ടലൊന്നുമില്ല.
സിനിമകൾ തിരഞ്ഞെടുക്കുന്നതിലും വലിയ സൂക്ഷ്മതയുണ്ടല്ലോ?
സമയമെടുത്താണ് ഞാൻ ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. അതെന്റെ പാഷനായതുതന്നെയാവാം അതിനുള്ള കാരണം. ഒരുപാട് ആളുകൾക്ക് സിനിമ അവരുടെ തൊഴിലും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ഉപാധിയും കൂടിയാണ്. എനിക്കിപ്പോൾ അങ്ങനെയുള്ള ഉത്തരവാദിത്തങ്ങളൊന്നുമില്ല.
അച്ഛനുമായി ചേർന്ന് ഒരു ഹാസ്യ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
എനിക്ക് കോമഡി സിനിമകൾ ചെയ്യാൻ ഇഷ്ടമാണ്. അച്ഛന്റെ സിനിമകൾ ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. പക്ഷേ, അതേ സിനിമ ഇപ്പോൾ എടുത്താൽ അത് വിജയിക്കുമോ എന്ന് അറിയില്ല. തമാശകൾ കാലത്തിനനുസരിച്ച്, തലമുറകൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. എനിക്ക് ഇഷ്ടമുള്ള തമാശകളായിരിക്കില്ല എന്റെ അനിയന് ഇഷ്ടം. അതായിരിക്കില്ല എന്റെ അച്ഛന് ഇഷ്ടം. ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും.
'ശേഷം മൈക്കിൽ ഫാത്തിമ'യിലെ കഥാപാത്രവും ജീവിതസാഹചര്യങ്ങളും ഭാഷയും എല്ലാം വ്യത്യസ്തമാണ്. അത്തരത്തിൽ തീരെ പരിചിതമല്ലാത്ത കഥാപാത്രങ്ങൾ ചെയ്യുമ്പോൾ വെല്ലുവിളിയുണ്ടാവില്ലേ?
വെല്ലുവിളിയുണ്ടാക്കുന്ന കഥാപാത്രങ്ങൾ എനിക്കിഷ്ടമാണ്. വിശ്വസിച്ചേല്പിക്കുന്ന കഥാപാത്രങ്ങൾ മനോഹരമാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്. അഭിനേതാവെന്ന നിലയിൽ വളരണമെങ്കിൽ വെല്ലുവിളികൾ സ്വീകരിക്കാൻ തയ്യാറാവണം. 'ശേഷം മൈക്കിൽ ഫാത്തിമ'യിലെ പ്രധാന വെല്ലുവിളി ഭാഷയായിരുന്നു. സാധാരണക്കാരുടെ ജീവിതം കാണിക്കുന്ന കഥാപാത്രങ്ങളൊന്നും അതുവരെ ഞാൻ ചെയ്തിരുന്നില്ല. അതുകൊണ്ട് ആ കഥാപാത്രം എന്നെ സംബന്ധിച്ച് പുതുമയുള്ളതായിരുന്നു.
ആരുടെ കൂടെ അഭിനയിക്കുമ്പോഴാണ് കൂടുതൽ കംഫർട്ടബിൾ ആയി തോന്നാറുള്ളത്?
ആരുടെ കൂടെ അഭിനയിച്ചാലും ഞാൻ കംഫർട്ടബിളാണ്. ഞാനും പ്രണവും ചെറുപ്പംമുതലേ കൂട്ടുകാരാണ്. അതുകൊണ്ട് പ്രണവിന്റെ കൂടെ അഭിനയിക്കുമ്പോൾ കൂടുതൽ കംഫർട്ടബിളായി തോന്നും.
ഏതെങ്കിലും പഴയ സിനിമയുടെ റീമേക്കിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ?
'കിലുക്കം' സിനിമയുടെ റീമേക്ക്. പക്ഷേ, അതിൽ ലാലങ്കിളിന്റെ ഭാഗം ഞാനും രേവതി മാമിന്റെ ഭാഗം അപ്പുവും (പ്രണവ്) ചെയ്താൽ അതിലൊരു വ്യത്യസ്തതയുണ്ടാകും.
ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങൾ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ?
അങ്ങനെ തോന്നിയിട്ടില്ല. പക്ഷേ, 'തേൻമാവിൻ കൊമ്പത്തി'ലെ കാർത്തുമ്പിയുടെ കഥാപാത്രമൊക്കെ പ്രചോദനമായിട്ടുണ്ട്. പക്ഷേ, ചെയ്യണമെന്ന് തോന്നിയിട്ടില്ല. കാരണം ശോഭനാ മാമിന്റെ പത്ത് ശതമാനം പോലും എനിക്ക് ചെയ്യാൻ കഴിയില്ല.
ഒരു സംവിധായകൻ എന്നതിനപ്പുറത്തേക്ക് അച്ഛന്റെ ക്രിയേറ്റിവിറ്റിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഞാൻ അച്ഛന്റെ അധ്വാനത്തെയാണ് കാണുന്നത്. എന്റെ ഏറ്റവും വലിയ പ്രചോദനമാണ് അച്ഛൻ. പനിപിടിച്ച് വിറയ്ക്കുന്ന അവസ്ഥയിൽ പോലും അച്ഛൻ ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരുമിച്ചിരിക്കുമ്പോൾ അച്ഛൻ പണ്ടത്തെ അനുഭവങ്ങളൊക്കെ പറയും. അത് വളരെ രസമാണ്. അച്ഛന്റെ തമാശകൾക്കൊക്കെ അടിസ്ഥാനം ആ അനുഭവങ്ങളായിരിക്കും. സിനിമയിൽ അതിന്റെ പത്ത് ശതമാനമൊക്കെയേ ആവിഷ്‌കരിച്ചിട്ടുള്ളൂ.
കല്യാണിയുടെ കാഴ്ച്ചപ്പാടിൽ എന്താണ് ഫെമിനിസം?
ഫെമിനിസം എന്നത് വളരെ സിംപിളാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങളും ഫെമിനിസ്റ്റാണ്.
ഫിറ്റ്‌നെസ്സ് രഹസ്യം?
കഠിനാധ്വാനം തന്നെ, മറ്റൊരു രഹസ്യവുമില്ല. 'ആന്റണി'ക്കു വേണ്ടി ഞാൻ ഒരുപാട് ഫിസിക്കൽ ട്രെയിനിങ് ചെയ്തിരുന്നു. കിട്ടിയ സമയത്തൊക്കെ വർക്കൗട്ട് ചെയ്തു. അപ്പോഴാണ് ഫിറ്റ്‌നെസ്സിന്റെ മൂല്യം മനസിലാക്കുന്നത്. ഡയറ്റ് വളരെ ശ്രദ്ധിക്കുന്ന ആളാണ് ഞാൻ. ഷൂട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യും. ആദ്യമൊക്കെ ഷൂട്ടിന് പോകുമ്പോൾ എനിക്ക് സ്‌ട്രെസ്സ് കൂടുതലായിരുന്നു. അങ്ങനെ മെഡിറ്റേഷൻ ചെയ്തുതുടങ്ങി.
കല്യാണിക്ക് കൂടുതൽ സാമ്യം ആരോടാണ്? ലിസിയോടോ, പ്രിയദർശനോടോ?
എനിക്ക് അച്ഛന്റെ 90 ശതമാനം തമാശയും അമ്മയുടെ പത്തുശതമാനം ഭംഗിയുമാണ് കിട്ടിയിട്ടുള്ളത്.
സൗഹൃദങ്ങളെപ്പറ്റി പറയാമോ?
സിനിമയിൽ വന്നതിനു ശേഷം എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായി. 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ നിർമ്മാതാവായ ജഗദീഷ് പളനിസ്വാമി എന്റെ അടുത്ത സുഹൃത്താണ്. അവന് എന്റെ കഴിവുകളെക്കുറിച്ചറിയാം. കീർത്തി, പ്രണവ് അങ്ങനെ ചെറുപ്പം മുതലുള്ള സുഹൃത്തുക്കളുമുണ്ട്.
സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ കല്യാണി എന്താവുമായിരുന്നു?
ഇതിനുള്ള ഉത്തരം ഞാൻ തമിഴിൽ പറയാം. സിനിമ താൻ എൻ വാഴ്‌കൈ. എനക്ക് തെരിഞ്ചത് സിനിമ മട്ടും താൻ. ആർക്കിടെക്ചർ പഠിച്ചെങ്കിലുംഅച്ഛനോട് ഞാൻ പറഞ്ഞിരുന്നു സിനിമയാണെന്റെ വഴിയെന്ന്. അഭിനേതാവാകും എന്നല്ല. സിനിമയിൽ എന്തെങ്കിലും ആകും എന്നാണ് പറഞ്ഞത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Kalyani Priyadarshan, daughter of Lissy and Priyadarshan, talks about her acting career, film choices and the influence of her parents
Published: 01 Sept 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented