പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ് എന്നത് 'പുലിമുരുകന്‍' സിനിമയിലെ ഏറെ ആഘോഷിക്കപ്പെട്ട ഡയലോഗാണ്. 1977-ല്‍ ബോക്‌സിങ് റിങ് വിട്ട ഒരാള്‍. റിട്ടയര്‍ ചെയ്ത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ബോക്‌സിങ്ങിലേക്ക് മടങ്ങിവരുന്നു. അന്നയാള്‍ക്ക് നാല്പത്തിയഞ്ച് വയസ്സ്. തളര്‍ച്ചയും കിതപ്പും പ്രതീക്ഷിച്ച ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മടങ്ങിവരവില്‍ മൂന്ന് ഹെവിവെയിറ്റ് കിരീടങ്ങള്‍. നാല്പത്തിയാറാം വയസ്സില്‍ ലോകത്തെ ഏറ്റവും പ്രായമേറിയ ഹെവിവെയിറ്റ് ചാമ്പ്യന്‍ എന്ന റെക്കോഡ്.
അമേരിക്കന്‍ ബോക്‌സിങ് സൂപ്പര്‍സ്റ്റാര്‍ ജോര്‍ജ് ഫോര്‍മാന്‍ മരണമടഞ്ഞത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. 'ബിഗ് ജോര്‍ജ്' എന്ന ഈ അതികായന്‍ രണ്ടുവട്ടം ലോക ഹെവിവെയിറ്റ് ചാമ്പ്യനായിട്ടുണ്ട്. ഒളിമ്പിക്‌സിലും സ്വര്‍ണം നേടി. ഫോര്‍മാന്റെ റിങ്ങിലെ അപരാജിതകുതിപ്പ് അവസാനിച്ചത് 1974-ല്‍ സാക്ഷാല്‍ മുഹമ്മദലിയുടെ മുന്നിലാണ്.
ബിസിനസുകാരനും നിര്‍മാതാവും എഴുത്തുകാരനും വൈദികനുമൊക്കെയായി വലിയൊരു ജീവിതം റിങ്ങിനു പുറത്തും അദ്ദേഹത്തിനുണ്ടായിരുന്നു. ഫോര്‍മാന്‍ അഞ്ച് വട്ടം വിവാഹിതനായിട്ടുണ്ട്. ഏഴ് പെണ്‍മക്കളും 5 ആണ്മക്കളുമടക്കം 12 മക്കളാണ് അദ്ദേഹത്തിന്. ആണ്‍കുട്ടികള്‍ക്കെല്ലാം ഒരേപേരാണ് നല്‍കിയിട്ടുള്ളത്- ജോര്‍ജ് എഡ്വേര്‍ഡ് ഫോര്‍മാന്‍.
മരണത്തിന് മൂന്നുവര്‍ഷത്തിനു മുന്‍പ് 2022-ല്‍ അദ്ദേഹത്തിനെതിരെ ലൈംഗികപരാതി ഫയല്‍ ചെയ്യപ്പെട്ടു. രണ്ട് സ്ത്രീകളാണ് കുട്ടിക്കാലത്ത് ഫോര്‍മാന്‍ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് പരാതിപ്പെട്ടത്. ഒരാള്‍ ഫോര്‍മാന്റെ മാനേജരുടെ മകളും മറ്റൊരാള്‍ അദ്ദേഹത്തോടൊപ്പം പരിശീലിച്ചിരുന്ന ബോക്‌സിങ് താരത്തിന്റെ മകളുമാണ്.
1970-കളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാര്‍ പറഞ്ഞത്. സഹകരിച്ചില്ലെങ്കില്‍ ഭീഷണിയുണ്ടായിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ചൂഷണങ്ങള്‍ സഹിക്കുകയായിരുന്നു എന്നുമാണ് പരാതിക്കാര്‍ പറഞ്ഞത്. ഇരുവര്‍ക്കും അന്ന് 15-16 വയസായിരുന്നു പ്രായം.

ആരോപണങ്ങളെ നിഷേധിക്കുകയാണ് ഫോര്‍മാന്‍ ചെയ്തത്. ''എന്നെയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കി പണം തട്ടാനുള്ള ശ്രമത്തിലാണ് രണ്ട് സ്ത്രീകള്‍. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1970-കളില്‍ ഞാന്‍ അവരെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആരോപണം. ഞാനതിനെ ശക്തമായി പൂര്‍ണമായും തള്ളിപ്പറയുന്നു.''
ഫോര്‍മാനെതിരെ ഉയര്‍ന്ന പരാതി വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മീ ടൂ ആരോപണങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്താണ് ഈ കേസും പുറത്തുവന്നത്. ലോസ് ഏഞ്ചല്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. ഏതായാലും നിയമനടപടികള്‍ പൂര്‍ത്തിയാകും മുന്‍പേയാണ് ഫോര്‍മാന്റെ വിയോഗം. വാസ്തവം എന്തായാലും ഇനിയത് വെളിച്ചം കാണുമോ എന്ന് കാത്തിരുന്നുകാണാം.
Content Highlights: american boxing legend george foreman accused of sexually abusing two minor girls in 1970s
Published: 24 Mar 2025, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented