ലോകറെക്കോഡുകളേറെ പിന്നിലാക്കിയാണ് ഫൗജ സിങ് മറയുന്നത്. ലോകത്തിലെ ഏറ്റവും പ്രായമുള്ള മാരത്തൺ ഓട്ടക്കാരനായിരുന്ന അദ്ദേഹത്തിന്, 114 വയസ്സായിരുന്നു. ജലന്ധർ-പത്താൻകോട്ട് ദേശീയപാതയിലൂടെ നടക്കുമ്പോൾ, കാറിടിക്കുകയായിരുന്നു. വാഹനം നിർത്താതെ പോവുകയും ചെയ്തു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെറുപ്പത്തിലേ കാലുകൾക്ക് ശേഷിക്കുറവുണ്ടായിരുന്നു അദ്ദേഹത്തിന്. അഞ്ചാം വയസ്സിലാണ് ചെറുതായി നടന്നുതുടങ്ങിയതുപോലും. പഞ്ചാബിൽ കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുകയായിരുന്നു. 1992-ൽ ഭാര്യ മരിച്ചതോടെ കടുത്ത ഒറ്റപ്പെടലിലായി. അങ്ങനെ ലണ്ടനിലേക്ക് മാറി. അതുകഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞപ്പോൾ ഇളയമകനും മരിച്ചു. ഇത് അദ്ദേഹത്തിന് താങ്ങാനായില്ല. ആ വിഷമങ്ങളിൽനിന്നുള്ള മുക്തിയെന്ന നിലയിലാണ് ജോഗിങ് ചെയ്യാൻ തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് 83 വയസ്സായിരുന്നു. ജോഗിങ് അദ്ദേഹത്തെ എത്തിച്ചത് മറ്റൊരു ലോകത്താണ്. പതുക്കെ അത് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഊർജമായി. കാലുകളുടെ ശേഷിക്കുറവൊന്നും അവിടെ തടസ്സമായില്ല.
89-ാം വയസ്സിലാണ് ഫൗജ സിങ് ആദ്യമായി മാരത്തൺ മത്സരത്തിൽ പങ്കെടുക്കുന്നത്. ലണ്ടൻ മാരത്തണിലാണ് ആദ്യമായി മത്സരിച്ചത്. ആറുമണിക്കൂറും 54 മിനിറ്റും കൊണ്ട് ആ മാരത്തൺ പൂർത്തിയാക്കാൻ കഴിഞ്ഞു.
നൂറുവയസ്സുള്ളപ്പോൾ ടൊറന്റോയിൽ നടന്ന ഒൺടാറിയോ മാസ്‌റ്റേഴ്‌സ് മീറ്റിൽ പങ്കെടുത്ത അദ്ദേഹം, പല റെക്കോഡുകളും തകർത്തെറിഞ്ഞു. 23.14 സെക്കന്റിൽ 100 മീറ്ററും, 52.23 സെക്കന്റിൽ 200 മീറ്ററും, 2.13 മിനിറ്റിൽ 400 മീറ്ററും പൂർത്തിയാക്കി ലോകറെക്കോഡ് കരസ്ഥമാക്കി. മൂന്നുദിവസത്തിനുശേഷം ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തൺ, എട്ടുമണിക്കൂർ 11 മിനിറ്റ് കൊണ്ടാണ് തീർത്തത്. അതോടെ മാരത്തൺ പൂർത്തിയാക്കുന്ന ആദ്യ ശതാബ്ദിക്കാരനായി അദ്ദേഹം. പക്ഷേ, ഈ നേട്ടം ഗിന്നസ് വേൾഡ് റെക്കോർഡ്‌സിലിടം നേടിയില്ല. അദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ചുള്ള ഔദ്യോഗികരേഖകൾ ഇല്ലാത്തതായിരുന്നു കാരണം.
2013-ൽ ഹോങ്കോങ് മാരത്തണിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. 101 വയസ്സുള്ള ഫൗജ അന്ന് പൂർത്തിയാക്കിയത് 10 കിലോമീറ്ററാണ്. ഒരു മണിക്കൂർ 32 മിനിറ്റിലായിരുന്നു ആ നേട്ടം. 2012-ൽ ലണ്ടൻ ഒളിംപിക്‌സിൽ ദീപശിഖാ വാഹകനായിരുന്നു. നേട്ടങ്ങൾ കൈവരിച്ചതോടെ ടർബൻഡ് ടൊർണാഡോ (turbaned tornado) എന്ന വിളിപ്പേര് ലഭിച്ചു. 'ദ ടർബൻഡ് ടൊർണാഡോ' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ജീവചരിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ഖുശ് വന്ത് സിങ്ങാണ് ഇത് എഴുതിയത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: fauja singh worlds oldest marathon runner dies at 114 after a road accident. He achieved numerous records despite a challenging life
Published: 15 Jul 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented