
രണ്ട് നൂറ്റാണ്ടിന്റെ കഥകളുറങ്ങുന്ന കലാലയ മുറ്റം. നിറയൗവനത്തിന്റെ ഇരുന്നൂറിലേറെ വർഷങ്ങൾ. കോട്ടയത്തെ സി.എം.എസ്. (ചർച്ച് മിഷൻ സൊസൈറ്റി) കോളേജ്. 1817-ൽ തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയാണതിന് തറക്കല്ലിട്ടത്. 'പഠിത്ത വീട്' എന്ന ചെല്ലപ്പേരിൽ നിന്നാ കലാലയം സി.എം.എസ്. കോളേജ് ആയി മുതിർന്നു.
കലാലയത്തിന്റെ പിറവി സാധ്യമായത് ഒരു സ്ത്രീയുടെ ദീർഘവീക്ഷണത്തിൽ നിന്നാണെന്നത് ചരിത്രത്തിന്റെ സൗന്ദര്യം. 1813- ൽ മഹാറാണി ഗൗരി ലക്ഷ്മിബായിയാണ് കലാലയം പടുത്തുയർത്താൻ സ്ഥലം വിട്ടുനൽകാൻ മുൻകൈയെടുത്തത്. നാടിന് വിദ്യയുടെ വെളിച്ചം പകരാനായുള്ള വിലപ്പെട്ട തീരുമാനത്തിൽ അങ്ങനെ ഒരു സ്ത്രീയുടെ കൈയൊപ്പ് പതിഞ്ഞു.
208 വർഷങ്ങൾക്കിപ്പുറം കാലത്തിന്റെ കാവ്യനീതി പോലെ കേരളത്തിലെ ഏറ്റവും പഴക്കമേറിയ ആ കലാലയത്തിന്റെ അമരക്കാരിയായി ആദ്യമായി ഒരു വനിതാ പ്രിൻസിപ്പൽ ചുമതലയേറ്റു, ഡോ. അഞ്ജു സൂസൻ ജോർജ്.
പതിനെട്ട് വർഷമായി സി.എം.എസ്സിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ഡോ. അഞ്ജു. എഴുത്തുകാരിയും ഗവേഷകയും സി.എം.എസ്. കോളേജിലെ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ സ്ഥാപക ഡയറക്ടറുമാണ് അവർ. അധ്യാപനത്തോടുള്ള ഇഷ്ടം ഹൃദയത്തിലേറ്റിയ ഡോ. അഞ്ജു അറിവിന്റെ വഴിയിലെ അനുഭവങ്ങൾ പങ്കിടുന്നു.
അധ്യാപനമാണ് വഴിയെന്ന് എപ്പോഴാണ് ഉറപ്പിച്ചത്?
അധ്യാപനജോലിയുടെ ലോകത്താണ് ഞാൻ ജനിച്ചതും വളർന്നതും. മാതാപിതാക്കൾ അധ്യാപകരാണ്. സി.എം.എസിലെ ചരിത്രവകുപ്പ് തലവനായിരുന്നു അപ്പ പ്രൊഫ. ജോർജ് കുര്യൻ. അമ്മ പ്രൊഫ. ലൈസ വർക്കി മാവേലിക്കര ബിഷപ് മൂർ കോളജിൽ ഫിസിക്സ് വകുപ്പ് മേധാവിയായി വിരമിച്ചു. ആളുകൾ ഏറെ ബഹുമാനം നൽകുന്ന ഒരു തൊഴിൽമേഖലയാണ് അതെന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. ആ ബഹുമാനം എനിക്കും നേടിയെടുക്കണം എന്ന തോന്നലാണ് അധ്യാപനത്തിലേക്ക് എന്നെ ആദ്യം ആകർഷിച്ചത്. എല്ലാവരും മെഡിസിനിലേക്കും എൻജിനീയറിങ്ങിലേക്കും വഴിതിരിയുന്ന കാലത്താണ് ഞാൻ ടീച്ചിങ് തിരഞ്ഞെടുക്കുന്നത്. നല്ല മാർക്കുണ്ടായിട്ടും എന്തുകൊണ്ടാണ് ആ പ്രൊഫഷനിലേക്കൊന്നും പോകാത്തതെന്ന് പലരും ചോദിച്ചിരുന്നു. ഇംഗ്ലീഷിലാണ് എനിക്ക് താത്പര്യമെന്ന് ആളുകളെ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമായിരുന്നു. പക്ഷേ, അപ്പായും അമ്മയും പിന്തുണച്ചു.
അധ്യാപനത്തിൽ ആരാണ് റോൾമോഡൽസ്?
എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികൾ 20 വർഷം മുമ്പ് എന്നെ പഠിപ്പിച്ച രണ്ട് അധ്യാപകരാണ്. ഡോ. ജി.എസ്. ജയശ്രീയും ഡോ. സൂസൻ ഉമ്മനും. ജയശ്രീ മാം കേരളാ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് വിരമിച്ചു. ഡോ. സൂസൻ ഉമ്മൻ, പോസ്റ്റ്ഗ്രാജ്യുവേഷന് സ്റ്റെല്ലാ മേരീസിൽ എന്റെ എച്ച്.ഒ.ഡി. ആയിരുന്നു.
അധ്യാപികയെന്ന നിലയിൽ ഏറ്റവും സന്തോഷം നൽകുന്ന നിമിഷം?
വർഷങ്ങൾക്ക് മുമ്പ് പഠിപ്പിച്ച കുട്ടികൾ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നമ്മളെ വിളിക്കുകയോ കാണാൻ വരുകയോ ചെയ്യുന്നതാണ് ഏറ്റവും സന്തോഷം തരുന്ന കാര്യം.
അധ്യാപനത്തിലെ ആദ്യദിനങ്ങൾ?
അധ്യാപികയായി ആദ്യം എത്തിയത് സി.എം.എസ്സിൽ തന്നെയാണ്. അവിടെ ആർക്കും കിട്ടാത്ത ഒരു ഭാഗ്യം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അപ്പായുടെ സഹപ്രവർത്തകയാവുക എന്നത്. മൂന്ന് വർഷം ഞങ്ങളൊന്നിച്ച് ജോലി ചെയ്തു. അവിടെയുള്ള മറ്റധ്യാപകരും എന്നേക്കാൾ ഏറെ മുതിർന്നവരായിരുന്നു. എന്നോടവർക്ക് വലിയ വാത്സല്യമായിരുന്നു. എന്നാൽ ക്ലാസ്സിൽ ചെന്നപ്പോൾ കഥമാറി. ആദ്യത്തെ ദിവസം സെക്കൻഡ് ഇയർ ബി.എസ്.സി. ഫിസിക്സ് ബാച്ചിന് ക്ലാസ്സെടുക്കാൻ പോയി. പക്ഷേ, കുട്ടികൾ എന്നെ ശ്രദ്ധിക്കുന്നില്ല. ക്ലാസ്സിനെ നിയന്ത്രിക്കാൻ എനിക്കാവുന്നുമില്ല. അന്ന് ഡിപ്പാർട്ട്മെന്റിൽ വന്നിരുന്ന് 'ഈ പണി എനിക്ക് പറ്റില്ലെന്ന്' പറഞ്ഞ് കരഞ്ഞത് ഇന്നും ഓർമ്മയുണ്ട്. അന്ന് വകുപ്പ് തലവനായ യേശുദാസൻ സാർ ഉൾപ്പെടെയുള്ള അധ്യാപകർ 'ഞങ്ങളെല്ലാം ഇങ്ങനെയാണ് തുടങ്ങിയത്, കുറച്ച് കഴിയുമ്പോൾ ശരിയാകും' എന്നുപറഞ്ഞ് ആശ്വസിപ്പിച്ചു.
മറക്കാനാവാത്ത ഓർമ്മ…
ക്ലാസ്ടീച്ചറായിരുന്ന കാലത്ത് ക്ലാസ്സിലെ ഓരോ കുട്ടിയെയും വ്യക്തിപരമായി അറിയാൻ ശ്രമിച്ചിരുന്നു. അവരുടെ കുടുംബം, പഠനനിലവാരം, സാമൂഹികസാഹചര്യം എല്ലാം. ക്ലാസ്സിൽ ഒരു ആൺകുട്ടി എല്ലാത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സംസാരിക്കാൻ ശ്രമിച്ചാൽ അടുക്കില്ല, സുഹൃത്തുക്കളില്ല, ഒരു ഉത്സാഹവുമില്ല. മറ്റ് അധ്യാപകരോട് തട്ടിക്കയറും... പരാതികൾ ധാരാളം. ഒരു ദിവസം അവനോട് സംസാരിക്കാൻ അവസരം കിട്ടി. അവൻ മനസ്സുതുറന്നു. വീട്ടിൽ ഒരുപാട് പ്രശ്നങ്ങളുള്ള ഒരാളായിരുന്നു അവൻ. അന്നവൻ നാടുവിട്ടുപോകാൻ തീരുമാനിച്ച ദിവസമായിരുന്നു. അപ്പോഴാണ് ഞാനവനോട് സംസാരിക്കുന്നതും ആ തീരുമാനം അവൻ ഉപേക്ഷിക്കുന്നതും. അവൻ അവിടെ തുടർന്ന് പഠിച്ചു, കോഴ്സ് കഴിഞ്ഞു. ഇപ്പോഴും വിളിക്കാറുണ്ട്. ഇങ്ങനെയുള്ള ചില ദിനങ്ങളും അനുഭവങ്ങളുമാണ് അധ്യാപനത്തെ മനോഹരമാക്കുന്നത്.
തിരക്കിനിടയിൽ വായനയ്ക്കും മറ്റ് ഹോബികൾക്കുമൊക്കെ സമയമുണ്ടോ?
എല്ലാ ദിവസവും അര മണിക്കൂർ വായിക്കും. ഓർമ്മയുടെ മൂർച്ച കൂട്ടാനും മനസ്സ് ശാന്തമാകാനും വായന സഹായിക്കും. യുവാൽ നോവ ഹരാരിയാണ് പ്രിയപ്പെട്ട ഒരു എഴുത്തുകാരൻ. ശശി തരൂരിന്റെ ഭാഷാ ശൈലി ഇഷ്ടമാണ്. യാത്രകൾ ഇഷ്ടമാണെങ്കിലും സമയമില്ല. മക്കൾക്ക് വേണ്ടി ക്വാളിറ്റി ടൈം മാറ്റി വയ്ക്കുകയാണ് ഇപ്പോൾ. രണ്ട് മക്കൾ, ജോഹാനും നേഹായും. ഒരാൾ പ്ലസ്ടുവിലും മറ്റേയാൾ ഒൻപതാം ക്ലാസിലുമാണ്. ഭർത്താവ് ബിനു ജേക്കബ് ടാറ്റാ കൺസൾട്ടൻസിയിൽ സീനിയർ കൺസൾട്ടന്റ്.
എഴുത്തിന്റെ ലോകത്തെപ്പറ്റി?
'Woes of a Woman...' മകൻ ജനിച്ച സമയത്ത് എഴുതിയ പുസ്തകമാണ്. ശശി തരൂർ സാറാണ് അതിന് ആമുഖം എഴുതിയത്. മോന് ഒരു വയസ്സായപ്പോഴാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. കുഞ്ഞിനെ വിട്ട് ദൂരെ ജോലിക്ക് പോകുന്ന ഒരമ്മയുടെ വേദനകളാണ് ആ പുസ്തകം. സർക്കസിൽ കോമാളി ബോളുകൾ അമ്മാനമാടുന്നത് കണ്ടിട്ടില്ലേ. സ്ത്രീകൾ അവരുടെ ജീവിതത്തിലും അതുപോലുള്ള 'ജഗ്ലിങ്' നേരിടുന്നുണ്ട്. സമൂഹത്തിൽ ഇന്നും അതിനൊരു കൃത്യമായ സിസ്റ്റമില്ല. ചിലർ കുഞ്ഞുങ്ങൾക്ക് വേണ്ടി കരിയറിൽ നിന്ന് മാറി നിൽക്കാറുമുണ്ട്. എന്നാൽ അന്ന് ആ പുസ്തകമെഴുതിയതിൽ നിന്ന് എന്റെ കാഴ്ച്ചപ്പാടുകൾ ഇന്ന് മാറി. സ്ത്രീകൾക്ക് രണ്ടും ചെയ്യാം, രണ്ടും ആസ്വദിക്കാം. പക്ഷേ ഇപ്പോൾ ഉത്തരവാദിത്തങ്ങൾക്കിടയിൽ എഴുതാനുള്ള സമയമില്ല. ഇനി ഇവിടെ നിന്ന് എന്നിറങ്ങുന്നോ അന്നേ വീണ്ടും എഴുത്ത് തുടങ്ങൂ.
കേരളത്തിലെ ആദ്യത്തെ കോളേജിന്റെ ആദ്യ വനിതാ പ്രിൻസിപ്പൽ. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നോ?
വെല്ലുവിളികൾ ഉണ്ടായിരുന്നു. അത് ഇത്രയും പഴക്കമുള്ള വലിയ കോളേജിന്റെ പ്രിൻസിപ്പലെന്ന ഉത്തരവാദിത്തത്തിൽ വരുന്ന വെല്ലുവിളികളായിരുന്നു. ഒരു സ്ത്രീ ആയതുകൊണ്ട് ഉണ്ടായവയല്ല. ഒരു വർഷത്തോളം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി. അതിനുശേഷമാണ് പ്രിൻസിപ്പലാവുന്നത്. ഇവിടെ എനിക്കൊരു സപ്പോർട്ടിങ് സിസ്റ്റമുണ്ട്. അതാണ് എന്റെ ആശ്വാസവും അനുഗ്രഹവും ധൈര്യവും. വർഷങ്ങളായി പുരുഷന്മാരിരിക്കുന്ന കസേരയാണ്. 'മോളാണോ പ്രിൻസിപ്പൽ?' എന്ന് ചോദിച്ചവരുണ്ട്.
അധികാരസ്ഥാനങ്ങളിലേക്ക് ഇന്നും സ്ത്രീകൾക്ക് എത്തിപ്പെടാൻ കടമ്പകൾ ഏറെയാണല്ലോ?
സ്ത്രീകളോട് ഇന്നും സമൂഹം ആദ്യം പറയുന്ന വാക്ക് 'പറ്റില്ല' എന്നതാണ്. പലതും പറയാതെ പറയും, ആ ജോലി ബുദ്ധിമുട്ടാണ്, വീട്ടിൽ പോകാൻ നേരം വൈകും, യാത്ര ചെയ്യേണ്ടി വരും, കുഞ്ഞുങ്ങളുടെ കാര്യം ആര് നോക്കും... അങ്ങനെ പ്രശ്നങ്ങളുടെ ഒരു നിരതന്നെ സ്ത്രീകളുടെ തലയിലേക്ക് ഇടും. എനിക്കിത് പറ്റും എന്ന് കരുതുന്ന സ്ത്രീയുടെ തലയിൽ നിനക്കിത് ചേരില്ല എന്ന തോന്നലാണ് ഉണ്ടാക്കുക. എന്നാൽ പുരുഷന്മാരുടെ മുന്നിൽ ഇങ്ങനെ നൂറ് പ്രശ്നങ്ങൾ വെച്ച് നോക്കൂ, മറ്റാരെങ്കിലും അവർക്ക് വേണ്ടി അതെല്ലാം കൈകാര്യം ചെയ്തോളും എന്ന് ചിന്തിക്കുന്ന സമൂഹമാണ് നമ്മുടേത്. സ്വന്തം കഴിവിൽ വിശ്വാസമുള്ള സ്ത്രീകൾക്ക് എത്ര ഉയരത്തിൽ വേണമെങ്കിലും എത്താം. എന്നാൽ അതിനൊപ്പം സപ്പോർട്ടിങ് സിസ്റ്റം കൂടി വേണം. ഒരു പരിധിക്ക് മുകളിലേക്ക് ഒരു പടിപോലും കയറാൻ സമൂഹം സ്ത്രീയെ സമ്മതിക്കാറില്ല.
പുതിയ തലമുറ പാഷനനുസരിച്ചാണോ കരിയർ തിരഞ്ഞെടുക്കുന്നത്?
അവരവരുടെ ഉള്ളിലേക്കിറങ്ങി ചിന്തിക്കണം എന്നാണ് ഞാനെന്റെ വിദ്യാർഥികളോട് പറയുക. നമ്മൾ തിരഞ്ഞെടുത്ത വിഷയം ഭാവിയിലേക്ക് യോജിക്കുന്നതാണോ, സന്തോഷം തരുന്നതാണോ എന്നൊക്കെ ചിന്തിച്ച് മാത്രമേ പഠനമേഖല തിരഞ്ഞെടുക്കാവൂ. സത്യത്തിൽ ഇപ്പോൾ കുട്ടികൾക്ക് ചിന്തിക്കാൻ പോലും സമയമില്ല. റീലുകളിലും മറ്റും മറ്റാരുടെയോ ജീവിതം നോക്കിയിരുന്ന് അവർ സമയം കളയുകയാണ്. ഡിജിറ്റൽ ഗാഡ്‌ജെറ്റുകളുടെ അമിത ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്.
വിദ്യാർഥികൾ വിദേശത്തേക്ക് ഒഴുകുമ്പോൾ നമ്മുടെ കലാലയങ്ങളിൽ വിദ്യാർഥി ക്ഷാമമുണ്ടോ?
ഇപ്പോൾ കുട്ടികൾ തിരിച്ചു വരികയാണ്. വിദേശത്ത് പലർക്കും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. തേർഡ് ക്ലാസ് സിറ്റിസണായി അവരെ കരുതുന്നു. പലർക്കും നല്ല ജോലികളോ കോഴ്സുകളോ കിട്ടുന്നില്ല. ഈ വർഷം നമ്മുടെ കോളേജുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.
ഭാഷാവിഷയങ്ങൾ പഠിക്കാനെത്തുന്ന കുട്ടികൾ കുറവാണോ?
എനിക്ക് വായിക്കണം, അല്ലെങ്കിൽ ബുക്കുകൾ ഇഷ്ടമാണ്... അതുകൊണ്ട് ഇംഗ്ലീഷും മലയാളവും ഒക്കെ പഠിക്കണം എന്ന് കരുതുന്ന കുട്ടികൾ ഇന്നുമുണ്ട്. പക്ഷേ, അവരുടെ രീതികൾ മാറി. പലർക്കും പുസ്തകങ്ങളോടും വായനയോടും താത്പര്യം കുറവാണ്. ക്ഷമയോടെ പുസ്തകം വായിക്കാനുള്ള കഴിവ് പലരിലും നഷ്ടമാവുകയാണ്.
അധ്യാപകർ വലിയ വെല്ലുവിളികൾ നേരിടുന്നില്ലേ?
ഇന്ന് കുട്ടികൾ മാറി. അവരുടെ അറ്റൻഷൻ സ്പാനിൽ കുറവുണ്ട്. കുട്ടികളെ ക്ലാസിൽ പിടിച്ചിരുത്തുക വലിയ വെല്ലുവിളിയാണ്. എല്ലാ അറിവും അവർക്ക് വിരൽത്തുമ്പിൽ കിട്ടും. ആ സൗകര്യങ്ങൾ ശരിയായി ഉപയോഗിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാൻ അവരെ സഹായിക്കാൻ അധ്യാപകർക്കും കഴിയണം.
അധ്യാപകർ ഒരുപാട് റിസർച്ച് ചെയ്ത് തയ്യാറാക്കി നൽകുന്ന നോട്ടുകളും പുസ്തകങ്ങളും ലൈബ്രറികളുമൊക്കെ റഫർ ചെയ്ത് കുട്ടികൾ പഠിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഇന്നതൊന്നുമില്ല. ചാറ്റ് ജിപിടി വഴി കിട്ടുന്ന അറിവാണ് അവരുടെ പ്രധാന പഠനോപാധി. വായിക്കുകയും സ്വയം കണ്ടെത്തുകയും പഠിക്കുകയും ചെയ്യുന്ന പ്രക്രിയ നടക്കുന്നില്ല. ഇതല്ല ശരിയെന്ന് അവരെ പറഞ്ഞു മനസ്സിലാക്കേണ്ട ഭാരം അധ്യാപകർക്കാണ്. ചിന്തിക്കാനുള്ള കഴിവ് യന്ത്രങ്ങൾക്ക് കൊടുത്തിട്ട് ഇത്രയും മതിയെന്ന് പറഞ്ഞ് കൈകെട്ടിയിരുന്നാൽ ലോകം ഇന്നുകാണുന്ന രൂപത്തിലെത്തുമായിരുന്നില്ല.
അധ്യാപകർക്ക് പകരം എ.ഐ. വരുന്ന കാലമുണ്ടാകുമോ?
ഹ്യൂമൻ പ്രസൻസ് അധ്യാപനത്തിൽ പ്രധാനമാണ്. അധ്യാപകൻ കുട്ടികളെ അറിഞ്ഞ് അവരുടെ വ്യക്തിത്വവികാസത്തിന് സഹായിക്കുന്നതിന് പകരമാകാൻ ഒരു എ. ഐ. ടൂളിനും കഴിയില്ല.
വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി യുവതലമുറയ്ക്ക് തെരുവിലിറങ്ങേണ്ടി വരികയാണോ?
പഠിച്ചിറങ്ങുന്ന യുവാക്കളിൽ എത്രപേർക്ക് തൊഴിൽ ലഭിക്കുന്നു എന്നത് ഒരു വലിയ ചോദ്യമാണ്. പല വലിയ കമ്പനികളിലും കാമ്പസ് റിക്രൂട്ട്മെന്റുകളൊന്നും നടക്കുന്നില്ല. വെറുതേ ഒരു ഡിഗ്രി മാത്രമല്ലാതെ, പലതരം സ്‌കില്ലുകൾ നേടുകവഴി തൊഴിൽ സാധ്യത ഉയർത്താനാകും. അതിനുള്ള വഴികൾ കുട്ടികൾക്ക് കണ്ടെത്തി നൽകു കയാണ് അധ്യാപകരുടെ ഉത്തരവാദിത്വം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: CMS College Kottayam appoints its first-ever woman principal in its 208-year history. Dr. Anju Susan George takes charge as principal, bringing 18 years of experience as an English associate professor.
Published: 02 Oct 2026, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented