അമേരിക്കയിൽ ക്രൂരതയുടെ പര്യായമായൊരു പേരാണ് നാനി ഡോസ്. 1954 ഒക്ടോബർ വരെ, വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും പര്യായമായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, അതിനുശേഷമാണ് അവരുടെ ക്രൂരതയുടെ കഥകൾ പുറംലോകം അറിഞ്ഞുതുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ, അവരുടെ അഞ്ചാമത്തെ ഭർത്താവിന്റെ മരണശേഷം.

 

ഒക്‌ലഹോമയിലെ ചെറിയൊരു ആസ്പത്രിയിൽവെച്ചാണ് അവരുടെ ഭർത്താവ് മരിക്കുന്നത്. ഛർദിയും കടുത്തപനിയും ബാധിച്ചാണ് അയാളെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസങ്ങൾക്കുശേഷം അസുഖമെല്ലാം മാറി വീട്ടിലേക്ക് പോവുകയും ചെയ്തു. പക്ഷേ എന്താണ് അസുഖമെന്ന് ഡോക്ടർമാർ അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയയാൾ അന്നേദിവസം തന്നെ മരിച്ചു. സംശയം തോന്നിയ ഡോക്ടർമാർ, ഓട്ടോപ്‌സി നടത്തണമെന്ന് ശഠിച്ചു. അതിലാണ് സാമുവലിന്റെ ശരീരത്തിൽ ആർസനിക് കൂടിയ അളവിലുണ്ടെന്ന് കണ്ടെത്തിയത്.

 

അതോടെ താൻ നടത്തിയ കൊലപാതകങ്ങളുടെ കഥ നാനി ഡോസ് ഏറ്റുപറഞ്ഞു. നാലു ഭർത്താക്കൻമാർ, രണ്ടുമക്കൾ, ഒരു സഹോദരി, അമ്മ, രണ്ട് പേരക്കുട്ടികൾ, ഭർതൃമാതാവ് എന്നിവരാണ് അവരുടെ ക്രൂരതയ്ക്കിരയായത്.

 

അലബാമയിലാണ് നാനി ജനിച്ചത്. ചെറുപ്പത്തിൽ തന്നെ കുട്ടികളെ, ഫാമിൽ ജോലി ചെയ്യാൻ അച്ഛൻ നിർബന്ധിച്ചിരുന്നു. സ്‌കൂളിൽ പോവാൻ പോലും സമ്മതിച്ചിരുന്നില്ല. നല്ല വസ്ത്രങ്ങളിടാനും പുറത്തുപോകാനും അനുവാദമില്ലായിരുന്നു. അത് പുരുഷൻമാരെ ആകർഷിക്കുമെന്നതായിരുന്നു അച്ഛൻ പറഞ്ഞ ന്യായം. അമ്മ വാങ്ങുന്ന പ്രണയനോവലുകളും പുസ്തകങ്ങളും വായിക്കുകയെന്നതായിരുന്നു നാനിയുടെ വിനോദം.

 

ചെറുപ്പത്തിൽ ഒരു യാത്രയ്ക്കിടയിൽ, നാനിയുടെ തല തീവണ്ടിയിലിടിച്ചിരുന്നു. അതിനുശേഷം തുടർച്ചയായി തലവേദനയും വിഷാദവും തന്നെ അലട്ടിയിരുന്നുവെന്നും അതാണ് കൊലപാതകങ്ങൾ നടത്താൻ കാരണമെന്നും നാനി പിന്നീട് പറഞ്ഞു.

 

1921-ൽ 16-ാമത്തെ വയസ്സിലായിരുന്നു നാനിയുടെ വിവാഹം. അന്ന് സമീപത്തുള്ളൊരു ലിനൻ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു നാനി. ഭർത്താവ് ചാർലിയും അവിടെത്തന്നെ. 18 വയസ്സായപ്പോഴേക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചു. പിന്നാലെ മൂന്ന് പെൺകുട്ടികൾ കൂടി. എങ്കിലും വിവാഹജീവിതത്തിൽ ചാർലിയും നാനിയും ഒട്ടും സന്തുഷ്ടരായിരുന്നില്ല. നാനി പതുക്കെ മദ്യപാനം, പുകവലി എന്നിവയിലേക്ക് തിരിഞ്ഞു. വൈകാതെ ഇതുരണ്ടും അവർക്ക് ലഹരിയായി മാറി.

 

1927-ൽ നാലുമക്കളിൽ രണ്ടുപേർ മരിച്ചു. ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത് ഭക്ഷ്യവിഷബാധയും. അതിനുപുറകെ തങ്ങളുടെ ആദ്യത്തെ കുട്ടിയായ മെൽവിനയെയും കൊണ്ട് ചാർലി വീടുവിട്ടിറങ്ങി. താൻ നാനിയെ പേടിച്ചോടുകയായിരുന്നുവെന്നാണ് പിന്നീട് ചാർലി പറഞ്ഞത്.

 

പിന്നാലെ ചാർലിയുടെ അമ്മ മരിച്ചു. നാനി തന്റെ കൂടെയുള്ള മകൾ ഫ്‌ളോറിനയെയും കൂട്ടി മറ്റൊരു കോട്ടൺ മില്ലിൽ ജോലിക്ക് ചേർന്നു. 1928-ൽ ചാർലിയും നാനിയും വിവാഹമോചിതരായി. മെൽവിനയും ഫ്‌ളോറിനയും നാനിക്കൊപ്പം താമസമായി. 1929-ൽ റോബർട്ട് ഫ്രാങ്ക്‌ളിൻ എന്നയാളെ നാനി വിവാഹം കഴിച്ചു. ഇയാൾ മദ്യപാനിയും ക്രിമിനലുമാണെന്ന് അധികം വൈകാതെ നാനി തിരിച്ചറിഞ്ഞു. എന്നിട്ടും ആ ബന്ധം 16 വർഷം നീണ്ടുനിന്നു. 1942-ൽ മെൽവിന വിവാഹിതയായി, അടുത്തവർഷം കുഞ്ഞുമുണ്ടായി. ആ കുഞ്ഞിന് റോബർട്ട് എന്നാണ് പേരിട്ടത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ അടുത്ത കുഞ്ഞും.

 

പ്രസവം കഴിഞ്ഞശേഷം മെൽവിനയെ വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ടാമത്തെ ദിവസം രാത്രി ക്ഷീണവും ഉറക്കമില്ലായ്മയും കാരണം തളർന്നുകിടക്കുകയായിരുന്നു മെൽവിന. അതിനിടയിൽ ഒരു ദുസ്വപ്‌നം പോലെ ഒരു കാഴ്ച കണ്ടു. കുഞ്ഞിന്റെ തലയിൽ നാനി ഒരു സേഫ്റ്റി പിൻ കുത്തുന്ന കാഴ്ച. പക്ഷേ കുഞ്ഞിനെ നോക്കിയപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എങ്കിലും ആ രാത്രി പുലർന്നപ്പോഴേക്കും ആ കുഞ്ഞ് മരിച്ചിരുന്നു. ഇതിനെക്കുറിച്ച് ഭർത്താവിനോട് മെൽവിന സംസാരിച്ചു. കുഞ്ഞ് മരിച്ചെന്ന് നാനിയാണ് തന്നോട് പറഞ്ഞതെന്ന് ഭർത്താവ് പറഞ്ഞു. ആ കുഞ്ഞ് എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞതുമില്ല.

 

ഒരുദിവസം മെൽവിന അമ്മയുമായി വഴക്കിട്ട് അച്ഛനെ കാണാൻ പോയി. ആദ്യത്തെ മകനായ റോബർട്ട് നാനിയുടെ വീട്ടിലായിരുന്നു. തിരിച്ചുവന്നപ്പോൾ റോബർട്ട് മരിച്ചുകിടക്കുന്നതാണ് മെൽവിന കണ്ടത്. ശ്വാസംമുട്ടലാണ് കാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. പക്ഷേ, എങ്ങനെ അത് സംഭവിച്ചുമെന്ന് അപ്പോഴും അറിയാൻ കഴിഞ്ഞില്ല. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും പേരക്കുട്ടിയുടെ മരണത്തിന്റെ പേരിൽ ലഭിച്ച ഇൻഷുറൻസ് തുക നാനി വാങ്ങിയെടുത്തു.

 

അടുത്തത് നാനിയുടെ ഭർത്താവായ റോബർട്ടിന്റെ മരണമായിരുന്നു. വിസ്‌കിയിൽ എലിവിഷം ചേർത്ത് കുടിച്ചതാണ് മരണകാരണം. അത് ആത്മഹത്യയെന്ന് എല്ലാവരും വിധിയെഴുതി. അധികം വൈകാതെ നാനിയുടെ മൂന്നാം വിവാഹം. ഇരുവരും തമ്മിലുള്ള ജീവിതത്തിനിടയിൽ നാനി പലപ്പോഴും അപ്രത്യക്ഷയായി. മാസങ്ങൾ നീണ്ട വിവാഹജീവിതത്തിനുശേഷം മൂന്നാമത്തെ ഭർത്താവും മരിച്ചു. ഹൃദയാഘാതമാണ് കാരണമായി പറഞ്ഞത്. പിന്നാലെ ഇരുവരും താമസിച്ച വീട് കത്തിനശിച്ചു. അതിൽനിന്നുള്ള ഇൻഷുറൻസ് തുകയും നാനിക്ക് ലഭിച്ചു. വീട് നശിച്ചതിനാൽ തന്റെ സഹോദരിയുടെ വീട്ടിലേക്കാണ് നാനി പോയത്. കിടപ്പുരോഗിയായിരുന്നു സഹോദരി. നാനി വീട്ടിലെത്തി കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും അവർ മരിച്ചു.

 

അധികം വൈകാതെ അടുത്ത വിവാഹം. നാനിയുടെ അമ്മയും, നാനിക്കും ഭർത്താവിനുമൊപ്പം താമസിക്കാനെത്തി. അടുത്ത ഇര അമ്മയായിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് അവർ മരിച്ചത്. നാലു മാസം കഴിഞ്ഞപ്പോൾ അതേ രീതിയിൽ തന്നെ നാലാമത്തെ ഭർത്താവിന്റെ മരണവും. രണ്ടുമാസം കഴിഞ്ഞപ്പോൾ നാനി അഞ്ചാം തവണ വിവാഹിതയായി. സാമുവൽ ഡോസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സാമുവലായിരുന്നു അവരുടെ അവസാനത്തെ ഇര. അദ്ദേഹത്തിന്റെ പേരിലുള്ള രണ്ട് ഇൻഷുറൻസ് പോളിസികൾ കിട്ടാനായാണ് സാമുവലിനെ നാനി കൊലപ്പെടുത്തിയത്. ഒടുവിൽ നാനി അറസ്റ്റിലാവുകയും ചെയ്തു.

 

അതിനുശേഷമുള്ള ചോദ്യം ചെയ്യലിലാണ് ഇത്രയും പേരെ താൻ കൊന്നുവെന്ന് നാനി സമ്മതിച്ചത്. കോടതിയിൽവെച്ച് താൻ നടത്തിയ ഓരോ കൊലപാതകങ്ങളും അവർ വിവരിച്ചു. കുറ്റബോധം ലവലേശമുണ്ടായിരുന്നില്ല അപ്പോൾ അവരുടെ മുഖത്ത്. പലപ്പോഴും ഓരോ കാര്യങ്ങളും വിവരിക്കുമ്പോൾ കുണുങ്ങിച്ചിരിക്കുകയും ചെയ്തു. അങ്ങനെയാണ് ഗിഗ്ലിങ് നാനി എന്ന് പേര് ലഭിച്ചത്. ജീവപര്യന്തം ശിക്ഷയാണ് നാനിക്ക് ലഭിച്ചത്. 1965-ൽ രക്താർബുദ ബാധിതയാണെന്ന് കണ്ടെത്തി. അധികം വൈകാതെ ജയിലിൽവെച്ച് തന്നെ മരണവും. ഗിഗ്ലിങ് ഗ്രാനി, ലോൺലി ഹാർട്ട്‌സ് കില്ലർ, ബ്ലാക് വിഡോ, ലേഡി ബ്ലൂ ബിയേർഡ് തുടങ്ങിയ പേരുകളിലും അവർ അറിയപ്പെടുന്നു.