ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ച് അമേരിക്കക്കാരെ പഠിപ്പിച്ച റൂത്ത് വെസ്റ്റ്‌ഹൈമര്‍ ഓര്‍മയായി. ന്യൂയോര്‍ക്ക് സിറ്റി റേഡിയോ ഷോയായ സെക്ഷ്വലി സ്പീക്കിങ്ങിലൂടെയാണ് റൂത്ത് ആളുകള്‍ക്കിടയില്‍ പ്രശസ്തയായത്. പിന്നീട് ഗുഡ് സെക്‌സ് വിത്ത് ഡോ.റൂത്ത് വെസ്റ്റ്‌ഹൈമര്‍ എന്ന ടോക്ക് ഷോയിലൂടെയും. 

To advertise here,

ലൈംഗികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, തുറന്ന സംസാരങ്ങള്‍ എന്നിവയില്‍നിന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പോലും അകന്നുനിന്ന സമയത്താണ് റൂത്തിന്റെ വരവ്. തന്റെ സെക്‌സ് ടോക്കുകളിലൂടെ അവര്‍ ആളുകള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കി. ആരോഗ്യകരമായ, നല്ല ലൈംഗികത എങ്ങനെ ആസ്വദിക്കണമെന്നതായിരുന്നു അവരുടെ സംസാരങ്ങളിലെല്ലാം നിറഞ്ഞുനിന്നത്. അങ്ങനെ അമേരിക്കക്കാരുടെ പ്രിയപ്പെട്ട സെക്‌സ് തെറാപ്പിസ്റ്റായി മാറി. എല്ലാത്തരം ലൈംഗികതയ്ക്കും ആളുകള്‍ക്കും ജെന്‍ഡറിനും ഇടം കൊടുത്തുവെന്നതാണ് റൂത്തിന്റെ പ്രത്യേകത. അങ്ങനെ ആളുകള്‍ അവര്‍ക്ക് സ്‌നേഹത്തോടെ ചാര്‍ത്തിക്കൊടുത്ത പേരാണ് ഡോ.റൂത്ത്. 

പത്താം വയസ്സുമുതല്‍ ഒറ്റയ്ക്ക്...
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് റൂത്ത് ജനിച്ചത്. കരോള്‍ റൂത്ത് സീഗല്‍ എന്ന് മുഴുവന്‍പേര്. മാതാപിതാക്കള്‍, മുത്തശ്ശിഎന്നിവര്‍ക്കൊപ്പമുള്ള സന്തോഷകരമായ ജീവിതം. അതിനിടയിലാണ് 1938-ല്‍ നാസികള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രക്ഷോഭം നടത്തുന്നത്. ആദ്യം തന്നെ റൂത്തിന്റെ അച്ഛനെ അവര്‍ പിടിച്ചുകൊണ്ടുപോയി. അതോടെ അമ്മയ്ക്കും മുത്തശ്ശിക്കും പേടിയായി. മകളെങ്കിലും രക്ഷപ്പെടട്ടെ എന്നുകരുതി, റൂത്തിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു അനാഥാലയത്തിലേക്ക് അയച്ചു. ഒപ്പം വേറെയും കുറേ ജൂതവംശജരായ കുട്ടികളുണ്ടായിരുന്നു. അന്നാണ് റൂത്ത് മാതാപിതാക്കളെ അവസാനമായി കാണുന്നത്. 

അതിനുപിന്നാലെ അമ്മയെയും മുത്തശ്ശിയെയും നാസികള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് മാറ്റി. അച്ഛനും മുത്തശ്ശിയും ക്യാമ്പുകളില്‍വെച്ച് മരിച്ചെന്ന് പിന്നീടറിഞ്ഞു. അമ്മ എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. 

ഏഴുവര്‍ഷങ്ങള്‍ക്കുശേഷം റൂത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് പാലസ്തീനിലേക്ക് കടന്നു. കൈയില്‍ ആകെയുള്ളത് ചെറിയൊരു സ്യൂട്ട്‌കേസ് മാത്രം. അതില്‍ കുടുംബത്തിന്റെ ഫോട്ടോകളും വസ്ത്രങ്ങളും. കുറച്ചുകാലം പല പ്രദേശങ്ങളിലും കര്‍ഷകത്തൊഴിലാളിയായി. അതിനിടയിലാണ് സയണിസ്റ്റ്‌ സൈനിക സംഘടനയില്‍ ചേരുന്നത്. അവിടെവെച്ച് സ്‌നൈപര്‍ (ഒളിഞ്ഞുനിന്ന് വെടിവെക്കുന്ന ജോലി) പരിശീലനം ലഭിച്ചു. പിന്നീട് സ്‌നൈപറായി പട്ടാളത്തോടൊപ്പം ചേര്‍ന്നു. 

placeholder
ഒരു അഭിമുഖത്തിനിടെ റൂത്ത് / ഫോട്ടോ: AP
ഒരു അഭിമുഖത്തിനിടെ റൂത്ത് / ഫോട്ടോ: AP

അവിടെവെച്ചുതന്നെ വിവാഹവും. ഇസ്രയേലി സൈനികനായിരുന്നു ഭര്‍ത്താവ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ പാരീസിലേക്ക് മാറി. അവിടെവെച്ച് സൈക്കോളജി പഠിച്ചു. കിന്റര്‍ഗാര്‍ട്ടനില്‍ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയത്. അധികം വൈകാതെ അമേരിക്കയിലേക്കും. അപ്പോഴേക്കും രണ്ടു വിവാഹമോചനം നടന്നിരുന്നു. മൂന്നാമത് വിവാഹം കഴിച്ചത് മാന്‍ഫ്രഡ് വെസ്റ്റ്‌ഹൈമറിനെ. അങ്ങനെ റൂത്ത് വെസ്റ്റ്‌ഹൈമര്‍ എന്നായി പേര്. 

അമേരിക്കയിലെ ഒരു സെക്‌സോളജി ക്ലിനിക്കില്‍ കുറച്ചുകാലം ജോലി ചെയ്തു. അതിനിടയില്‍ ലൈംഗികതയെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭിച്ചു. സെക്‌സ് തെറാപ്പിസ്റ്റായ ഹെലന്‍ സിങ്ങറിന് കീഴില്‍ ഏഴുവര്‍ഷത്തോളം പരിശീലനവും നേടി. അതിനിടയിലാണ് 1980-കളുടെ തുടക്കത്തില്‍ ന്യൂയോര്‍ക്ക് സിറ്റി റേഡിയോ ഷോ ചെയ്യാനായി വിളിക്കുന്നത്. അങ്ങനെയാണ് സെക്ഷ്വലി സ്പീക്കിങ് തുടങ്ങുന്നത്. ആഴ്ച തോറും 15 മിനിറ്റുള്ള പരിപാടി. എല്ലാ ഞായറാഴ്ചകളിലും രാത്രിയില്‍ അത് പ്രക്ഷേപണം ചെയ്തു. ഷോ വളരെ പെട്ടെന്നാണ് ആളുകളെ ആകര്‍ഷിച്ചത്. വിജയിച്ചെന്ന് മനസ്സിലായപ്പോള്‍, ഷോ ഒരുമണിക്കൂറായി ദീര്‍ഘിപ്പിച്ചു. എല്ലാത്തരം പ്രശ്‌നങ്ങളെക്കുറിച്ചും ആ ഷോയില്‍ റൂത്ത് സംസാരിച്ചു. അങ്ങനെ അമേരിക്കയിലെ വിശ്വസ്തരായ സെക്‌സ് എജ്യുക്കേറ്റര്‍മാരില്‍ ഒരാളായി അവര്‍. 

''ലൈംഗികത രസകരവും മനുഷ്യത്വപരവുമായിരിക്കണം,'' ഒരഭിമുഖത്തില്‍ റൂത്ത് പറഞ്ഞു. അങ്ങനെ ആ വിഷയത്തെ കൈകാര്യം ചെയ്തതുതന്നെയായിരുന്നു അവരുടെ വിജയവും.