500 കോടിയും 600 കോടിയും നിർമാണച്ചെലവ് വരുന്ന ചിത്രങ്ങളൊന്നും ഇപ്പോൾ ഇന്ത്യൻസിനിമയിൽ പുത്തരിയല്ല. ആദിപുരുഷ്, ആർആർആർ, പുഷ്പ 2, കൽക്കി 2898 എഡി...ഈ ലിസ്റ്റ് നീളും. അതിന്റെ ഇരട്ടി പണംവാരാമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രവർത്തകർ ഇത്ര കോടികൾ ഒരു സിനിമയ്ക്കായി നിക്ഷേപിക്കുന്നത്. 'കൽക്കി 2' നിർമിക്കുന്നത് 700 കോടി ബജറ്റിലായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 'സ്പിരിറ്റ്' എന്ന പ്രഭാസ് ചിത്രത്തിന്റെ ബജറ്റ് 500 കോടിയായിരിക്കുമെന്നും പറയപ്പെടുന്നു.

കോടികൾ മുടക്കുന്ന സിനിമകളെക്കുറിച്ചുള്ള തന്റെ അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് നടി ദീപിക പദുകോൺ. 500 കോടി പടങ്ങളൊന്നും തന്നെ കൊതിപ്പിക്കുന്നില്ലെന്നാണ് ദീപിക പറയുന്നത്. ''ഈ ഘട്ടത്തിൽ അതൊന്നും ഒരു ഘടകമേയല്ല. 100 കോടി പടങ്ങളോ 500 കോടി പടങ്ങളോ എന്നതും വിഷയമല്ല''. തന്നെ ആകർഷിക്കുന്നത് വേറെ പല ഘടകങ്ങളുമാണെന്ന് അവർ പറയുന്നു. ഹാർപേർസ് ബസാറിനുനൽകിയ അഭിമുഖത്തിലാണ് ദീപിക സ്വന്തം നിലപാട് വ്യക്തമാക്കിയത്.

''മറ്റുള്ളവരെ, പ്രതിഭയുള്ളവരെ, ശാക്തീകരിക്കുക എന്നതാണ് എന്നെ ആവേശഭരിതയാക്കുന്നത്. ഞാനും എന്റെ ടീമും ഇപ്പോൾ അതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നല്ല എഴുത്തുകാരെയും, സംവിധായകരെയും, പുതിയ നിർമ്മാതാക്കളെയും പിന്തുണയ്ക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതാണ് എനിക്കിപ്പോൾ അർത്ഥവത്തായി തോന്നുന്നത്'', അവർ ചൂണ്ടിക്കാട്ടി.

''ചിലപ്പോൾ ആളുകൾ ധാരാളം പണം വാഗ്ദാനം ചെയ്യുകയും അത് മതിയെന്ന് നമ്മൾ കരുതുകയും ചെയ്യുന്നു. പക്ഷേ അങ്ങനെയല്ല. ചില കാര്യങ്ങൾ വാണിജ്യപരമായി വിജയിക്കണമെന്നില്ല. പക്ഷേ ഞാനാ ആളുകളിലോ അവർ നൽകുന്ന സന്ദേശത്തിലോ വിശ്വസിക്കുന്നു, അതിൽ ഉറച്ചുനിൽക്കുന്നു'', ദീപിക പറയുന്നു.

അനുഭവങ്ങളാണ് തന്നെ പല കാര്യങ്ങളും പഠിപ്പിച്ചതെന്നാണ് ദീപികയുടെ അഭിപ്രായം. ''മുമ്പ് ഞാൻ എല്ലാ കാര്യത്തിലും ഇത്ര വ്യക്തതയുള്ള വ്യക്തിയായിരുന്നോ എന്നെനിക്ക് ഉറപ്പില്ല. പക്ഷേ ഇപ്പോൾ എനിക്ക് വ്യക്തതയുണ്ട്. ഒരുപക്ഷേ 10 വർഷങ്ങൾക്ക് ശേഷം, ഇന്നത്തെ ചില തിരഞ്ഞെടുപ്പുകളെ ഞാൻ ചോദ്യം ചെയ്‌തേക്കാം''.

ബോളിവുഡിന്റെ കഠിനമായ തൊഴിൽ സംസ്‌കാരത്തെക്കുറിച്ചും ദീപിക സംസാരിച്ചു. ''അമിത ജോലിഭാരത്തെ നമ്മൾ നോർമലൈസ് ചെയ്തുകഴിഞ്ഞു. മനുഷ്യശരീരത്തിനും മനസ്സിനും ഒരു ദിവസം എട്ട് മണിക്കൂർ ജോലി മതി. ആരോഗ്യവാനായിരിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ പരമാവധി നൽകാൻ കഴിയൂ''.

നേരത്തെ 'കൽക്കി 2', 'സ്പിരിറ്റ്' എന്നീ സിനിമകളിൽനിന്നുള്ള ദീപികയുടെ പുറത്തുപോക്ക് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുല്യവേതനവും എട്ടുമണിക്കൂർ ജോലിയും ആവശ്യപ്പെട്ടതാണ് ദീപികയുടെ പുറത്തുപോക്കിലേക്ക് നയിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi