തമിഴരുടെ മക്കള്‍ സെല്‍വനാണ് വിജയ് സേതുപതി. സിനിമയുടെ പിന്‍നിരയില്‍നിന്നും നായകരുടെ മുന്‍നിരയിലേക്ക് സേതുപതി വളര്‍ന്നത് പതിയെയാണ്. ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായ സേതുപതി, കിംഗ് ഖാന്റെ വില്ലനായി ബോളിവുഡിനെയും കയ്യിലെടുത്തു. 2023-ലെ ഏറ്റവും വലിയ ഹിറ്റായി മാറി സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റമായ 'ജവാന്‍'. ആയിരം കോടി
യിലധികമായിരുന്നു സിനിമയുടെ കളക്ഷന്‍. 

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് വിജയ് സേതുപതി. പല അഭിമുഖങ്ങളിലും മലയാളത്തിന്റെ മഹാനടനോടുള്ള തന്റെ ഇഷ്ടം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മോഹന്‍ലാലുമായുള്ള ആദ്യ കൂടിക്കാഴ്ചയെപ്പറ്റി സേതുപതി ഒരിക്കല്‍ ഓര്‍ത്തെടുത്തു. മുംബൈയില്‍ ചെന്ന സേതുപതി താന്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ മോഹന്‍ലാലും താമസിക്കുന്നുണ്ട് എന്നറിഞ്ഞു. ഒന്ന് നേരില്‍ കാണാമോ എന്ന് മോഹന്‍ലാലിന്റെ ടീമിനോട് സേതുപതി അന്വേഷിച്ചു. മോഹന്‍ലാല്‍ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു. സേതുപതിയുടെ ആഗ്രഹം പോലെ ഓട്ടോഗ്രാഫും നല്‍കി. ആ ഓട്ടോഗ്രാഫ് തന്റെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സേതുപതി പറയുന്നു. ''എന്റെ ഓഫീസില്‍ ഒറ്റ നടന്റെ ഓട്ടോഗ്രാഫ് മാത്രമേയുളൂ. അത് ലാല്‍ സാറിന്റേതാണ്.'' 

placeholder
മുമ്പൊരിക്കല്‍ 'തന്മാത്ര' സിനിമ കണ്ടതിനെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാല്‍ നായകനായ ബ്ലെസ്സി ചിത്രം കാണുക മാനസികമായി പ്രയാസമാണ് എന്നാണ് സേതുപതിയുടെ അനുഭവം. സിനിമയിലെ രമേശന്‍ നായര്‍ എന്ന നായകകഥാപാത്രം അല്‍ഷിമേഴ്സ് രോഗിയാണ്. സിനിമയിലെ ഒരു രംഗമാണ് സേതുപതിയെ സ്പര്‍ശിച്ചത്.

''ലാല്‍ സാര്‍ വീടാണെന്ന് തെറ്റിദ്ധരിച്ച്  ഓഫീസിലേക്ക് വന്നു വസ്ത്രങ്ങളഴിച്ചു  കുളിക്കാന്‍ പോകുന്ന ഒരു രംഗമുണ്ട്. ആ സിനിമ തന്നെ എനിക്ക് കാണാനാകില്ല. പ്രത്യേകിച്ചും ആ സീന്‍. എന്താണെന്നറിയില്ല. അത് അഭിനയമാണെന്നും ഞാന്‍ നടനാണെന്നും പഠിക്കാനായാണ് ആ സിനിമ കാണുന്നതെന്നും അറിയാം. എന്നാലും ആ സീന്‍ മുഴുമിപ്പിക്കാന്‍ എനിക്കാകില്ല.''

2019-ല്‍ പ്രശസ്ത അവതാരക അനുപമ ചോപ്ര ഒരു ആക്‌ടേഴ്‌സ് റൗണ്ട് ടേബിള്‍ നടത്തിയിരുന്നു. ദീപികാ പദുകോണ്‍, പാര്‍വതി തിരുവോത്ത്, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, മനോജ് ബാജ്‌പേയ്, ആയുഷ്മാന്‍ ഖുറാന, വിജയ് ദേവര്‍കൊണ്ട എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ വിജയ് സേതുപതിയും അതിഥിയായിരുന്നു. ഇഷ്ടപ്പെട്ട നടന്‍മാര്‍ ആരെന്നുള്ള അനുപമയുടെ ചോദ്യത്തിന് മോഹന്‍ലാല്‍ എന്നായിരുന്നു അന്നും സേതുപതിയുടെ മറുപടി. 

മമ്മൂട്ടിയോടും അളവറ്റ ബഹുമാനമാണ് സേതുപതിക്ക്. അതിരപ്പള്ളിയില്‍ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ സേതുപതി മമ്മൂട്ടിയെ കണ്ടിരുന്നു. ആഗ്രഹിച്ചപോലെ അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫിയുമെടുത്ത ശേഷമാണ് സേതുപതി മടങ്ങിയത്. വലിയ സ്‌നേഹത്തോടെയാണ് മമ്മൂട്ടി തന്നെ സ്വീകരിച്ചതെന്ന് സേതുപതി ഓര്‍ക്കുന്നു.