
''അയാള്‍ സംഗീതത്തിന്റെ രാജാവായിരുന്നു.''
ഈ ഒറ്റ ഡയലോഗ് മതി സിനിമ ഏതെന്നറിയാന്‍, ദേവദൂതന്‍. രഘുനാഥ് പലേരി എഴുതി, സിബി മലയില്‍ സംവിധാനം ചെയ്ത മിസ്റ്ററി ഹൊറര്‍ ചിത്രം. സംഗീതസാന്ദ്രമായ സിനിമയ്ക്ക് മ്യൂസിക്കല്‍ മിസ്റ്ററി എന്ന പേരാകും കൂടുതല്‍ ചേര്‍ച്ച. ദേവദൂതന്‍ അടിമുടി സംഗീതമാണ്. കഥയുടെ കാതലും പ്രാണനുമാകുന്നു, വിദ്യാസാഗറിന്റെ ഈണങ്ങള്‍. ദൈവികമായ സംഗീതത്തിന്റെ അലയൊലികള്‍ സ്വര്‍ഗീയമാധുര്യത്തോടെ, നിഗൂഢമന്ദഹാസത്തോടെ, വിഭ്രമിപ്പിക്കുന്ന മായാനദിയായി ഒഴുകിപ്പരക്കുന്നു. കോടമഞ്ഞ് പുതച്ച പച്ചപ്പും വര്‍ണപ്പൂക്കളും ഇരുള്‍ കട്ടപിടിച്ച ഇടനാഴികളും മാറിമാറി പശ്ചാത്തലമാകുമ്പോള്‍ ഒരുപോലെ അലിഞ്ഞുചേരുന്ന സംഗീതം.
താന്‍ പഠിച്ച കോളേജിലേക്ക് ഒരു സംഗീതശില്‍പം സംവിധാനം ചെയ്യാനെത്തുന്ന വിശാല്‍ കൃഷ്ണമൂര്‍ത്തി (മോഹന്‍ലാല്‍). വിശാലാണ് സിനിമയിലെ ദേവദൂതന്‍. എന്തുകൊണ്ടാകാം വിശാല്‍ ദേവദൂതനായി തിരഞ്ഞെടുക്കപ്പെട്ടത് എന്നതിന്റെ ഉത്തരവും സംഗീതമാണ്. കലാലയത്തില്‍ ചുവടുവെക്കുന്നത് മുതല്‍ വിശാലിനെ വഴി നടത്തുന്ന അതീന്ദ്രിയശക്തി അയാളുടെ ചിന്തകളെയും ചലനങ്ങളെയും നിയന്ത്രിക്കുന്നു. സംഗീതമാണ് ആ ശക്തിയുടെ ചാലകം. നിലയ്ക്കാത്ത സംഗീതത്തിലൂടെയാണ് അത് വിശാലിലേക്ക് കടന്നെത്തുന്നത്. ആ ദൈവികസംഗീതത്തെ ഉള്‍ക്കൊള്ളാന്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിക്കെ കഴിയൂ. അയാളുടെ സംഗീതമാണ് അയാളുടെ നിയോഗം നിശ്ചയിക്കുന്നത്.

രാത്രികാലങ്ങളില്‍ സ്വയം വായിക്കുന്ന സപ്തസ്വരമണിയുടെ കഥ തേടിയുള്ള യാത്രയില്‍ ആകസ്മികതകള്‍ വിശാലിനെ എങ്ങോട്ടൊക്കെയോ കൊണ്ടെത്തിക്കുകയാണ്. അതിനിടയിലെപ്പോഴോ അലീനയുടെയും മഹേശ്വറിന്റെയും(വിനീത്) പ്രണയത്തിലേക്ക് വിശാല്‍ എത്തിച്ചേരുന്നു. ദൈവികമായ സംഗീതം സൃഷ്ടിച്ച മഹേശ്വര്‍. ആ സംഗീതത്തെ പ്രണയിച്ച് ആയുസ്സ് മുഴുവന്‍ അയാള്‍ക്കായി കാത്തിരിക്കുന്ന അലീന. മഹേശ്വറിന്റെ ഈണങ്ങളില്‍ ഒളിച്ചിരിക്കുന്ന രഹസ്യങ്ങള്‍ വിശാലിന് മുന്നില്‍ മാത്രം സ്വയം വെളിപ്പെടുത്തുന്നു. അപൂര്‍ണമായ അവരുടെ അനുരാഗത്തിന്റെ കഥയ്ക്ക് പൂര്‍ണത പകരാനുള്ള ദൗത്യം തന്നില്‍ നിക്ഷിപ്തമാണെന്ന് വിശാല്‍ തിരിച്ചറിയുന്നത് സംഗീതത്തിന്റെ ഇടര്‍ച്ചകളില്‍ നിന്നാണ്.
സംഗീതം തന്നെയാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ പ്രേക്ഷകമനസ്സില്‍ കൊരുത്തിടുന്നതും. ചെറുപ്രായത്തില്‍ അതിമാനുഷികമായ സൗന്ദര്യത്തികവോടെ സംഗീതമൊരുക്കിയ നിഖിലിനും ആ സംഗീതം അയാള്‍ക്കായി പകര്‍ത്തിയെഴുതി കാത്തുസൂക്ഷിച്ച പ്രണയിനിക്കും കാലങ്ങള്‍ക്കുശേഷം അതിന്റെ ഏടുകള്‍ കണ്ടെടുക്കുന്ന വിശാലിനും മാത്രമല്ല, ആല്‍ബര്‍ട്ടോ(മുരളി) എന്ന വില്ലന് പോലും സംഗീതത്തിന്റെ മേമ്പൊടിയുണ്ട്. കരുണയില്ലാത്ത കാറ്റിരമ്പലിന്റെ കമ്പനം അയാള്‍ ചുറ്റിയ കരിമ്പടത്തിന്റെ മടക്കുകളിലുണ്ട്.
പശ്ചാത്തല സംഗീതത്തിന് ഇത്രയും പ്രാധാന്യമുള്ള തിരക്കഥ അപൂര്‍വം. സെവന്‍ ബെല്‍സിന്റെ അത്യപൂര്‍വനാദം മുഴങ്ങുന്ന രാത്രിരംഗങ്ങളുണ്ട് സിനിമയില്‍. ആര്‍ക്കും പരിചയമില്ലാത്ത സ്വരമായിരിക്കണം ഒരുക്കേണ്ടത്. ഇവിടെയാണ് സിനിമ സിബി മലയിലിന്റെ കൈയില്‍ നിന്നും വിദ്യാസാഗറിന്റെ കൈയിലേക്ക് പോകുന്നത്. നഷ്ടപ്രണയത്തിന്റെ വേദന തുളുമ്പുന്ന, രഹസ്യം പറയാന്‍ വെമ്പുന്ന സപ്തസ്വരമണിയുടെ വെമ്പല്‍, അനുപാതം ചെറുതായൊന്ന് പിഴച്ചാല്‍ പ്രതികാരദാഹിയായ ദുരാത്മാവിന്റെ ക്രൗര്യമായി മാറിപ്പോയേനെ. നിഗൂഢത നിലനിര്‍ത്തിക്കൊണ്ട്, ഭീതിയുടെ ഭാവം കൈമോശം വരാതെ, കാന്തികശക്തിയുള്ള സംഗീതമൊരുക്കി വിദ്യാസാഗര്‍. ആ സംഗീതത്തില്‍ മുഴങ്ങുന്നുണ്ട് അലീനയോടുള്ള മഹേശ്വറിന്റെ പ്രണയം, കാത്തിരിപ്പിക്കുന്നതിനുള്ള ക്ഷമാപണം, നിസ്സഹായതയുടെ അടക്കിപ്പിടിച്ച തേങ്ങല്‍, സത്യം കണ്ടെത്തൂ എന്ന യാചന പോലും.

മോക്ഷം കാക്കുന്ന ഒരാത്മാവിന്റെ അദൃശ്യചൈതന്യം സിനിമയിലുടനീളം പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നത് വിദ്യാസാഗറിന്റെ കലാവൈഭവമാണ്. വീശിയടിക്കുന്ന കാറ്റും കോരിച്ചൊരിയുന്ന മഴയും തിളങ്ങുന്ന വെള്ളിടിമിന്നലും കൊട്ടിയടയുന്ന ജനാലകളും നായ്ക്കൂട്ടങ്ങളുടെ ഇടമുറിയാത്ത കുരയും പ്രാവിന്റെ ചിറകടിയും കുറുകലും കുതിരക്കുളമ്പടിയും...കാത്തിരിപ്പിന് വിരാമം വീഴുന്ന, പ്രണയപൂര്‍ണതയുടെ നിമിഷത്തില്‍ ഇണപ്രാവുകളുടെ ചിറകടിക്കൊപ്പം ആകാശത്തേക്കുയരുന്ന അലൗകിക സിംഫണി. ദൃശ്യങ്ങളെ ഏഴഴക് നല്‍കി കാഴ്ചക്കാരുടെ കാതിലൂടെയും മനസ്സിലെത്തിച്ച വിദ്യാസാഗര്‍ മാജിക്.
നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്. നാലിനും കൈതപ്രത്തിന്റെ വരികള്‍. ത്യാഗരാജ കീര്‍ത്തനത്തോടെയാണ് തുടക്കം തന്നെ. മന്ത്രകോടി നെയ്‌തൊരുങ്ങി, പള്ളിമേട പൂത്തൊരുങ്ങി, കാരുണ്യത്തിരികളും മംഗല്യപ്പന്തലുമൊരുങ്ങി...നീ വരുവോളം നിനക്കായ് ഞാന്‍ കാത്തിരിക്കാം എന്ന യാത്രാമൊഴിയാണ് യേശുദാസും പി.വി പ്രീതയും ഒന്നിച്ച കരളേ നിന്‍ കൈ പിടിച്ചാല്‍. കെ.എസ്. ചിത്രയും ജയചന്ദ്രനും ഒന്നിച്ച, മണിവില്ലിന്‍ നിറവും മാഞ്ചോളം കുളിരും നിറയുന്ന പൂവേ പൂവേ പാലപ്പൂവേ. ഈശ്വരന്‍ നിറച്ചുവെച്ച മഹാസാഗരം പോലെ ചുറ്റിലുമൊഴുകുന്ന പ്രണയത്തില്‍ ദിക്കറിയാതെ ഒഴുകുന്ന തന്റെ ഹൃദയ മഹേശ്വരഗായകനെ അലീന ഓര്‍ക്കുമ്പോള്‍, എന്‍ ജീവനേ.. എന്ന ഗാനത്തിന് ശബ്ദമായത് എസ്. ജാനകി.

വിദ്യാസാഗര്‍ ഒരുക്കിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ ബോക്‌സോഫീസില്‍ വമ്പന്‍ പരാജയമായിരുന്നു. കാലാന്തരത്തില്‍, മലയാളി പ്രേക്ഷകര്‍ക്ക് പറ്റിയ വലിയ അബദ്ധങ്ങളിലൊന്നായി ദേവദൂതന്റെ പരാജയം വിലയിരുത്തപ്പെട്ടു. സിനിമയ്ക്ക് ക്ളാസ്സിക് പരിവേഷം കൈവന്നു. സിനിമയെ നെഞ്ചേറ്റുന്ന ആരാധകവൃന്ദമാണ് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ റീറിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ധൈര്യമാകുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി കഴിഞ്ഞു. കാത്തിരുന്ന് കാണാം, ദേവദൂതന്റെ വിധി.
Content Highlights: Vidyasagar's Heavenly Composition for Devdoothan
Published: 17 Jul 2024, 03:04 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented