തമിഴിലൂടെ അരങ്ങേറ്റം കുറിച്ച് കന്നട,തെലുഗു, മലയാളം തുടങ്ങിയ ഭാഷകളിലൂടെ അഭിനയരംഗത്ത് സജീവമാണ് വരലക്ഷ്മി ശരത്കുമാർ. ഇപ്പോഴിതാ കരിയറിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നെന്ന സന്തോഷവാർത്തയാണ് താരം പങ്കുവെക്കുന്നത്. തന്റെ ആദ്യ സംവിധാന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് വരലക്ഷ്മി അതും സ്വന്തം നിർമാണകമ്പനിയിൽ.

To advertise here,

സഹോദരി പൂജയുടെ നിർമാണത്തിൽ സരസ്വതി എന്നുപേരിട്ടിരിക്കുന്ന ചിത്രമാണ് വരലക്ഷ്മി സംവിധാനം ചെയ്യാനെരുങ്ങുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ വാർത്ത പങ്കുവെച്ചത്. തങ്ങളുടെ പ്രൊഡക്ഷൻ ഹൗസിൻ്റെ പേര് 'ദോശ ഡയറീസ്' എന്നാണെന്ന് നടിയുടെ കുറിപ്പിൽ പറയുന്നു.

ദോശ ഡയറീസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ 
പോസ്റ്റ് ഇങ്ങനെ: " നടി വരലക്ഷ്മി ശരത്കുമാറും സഹോദരി പൂജ ശരത്കുമാറും നിർമ്മാതാക്കളായി കൈകോർത്ത് തങ്ങളുടെ ആദ്യ നിർമ്മാണ കമ്പനിയായ ദോശ ഡയറീസ് ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഒരു പ്രത്യേക നാഴികക്കല്ലായി, 'സരസ്വതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ വരലക്ഷ്മി ശരത്കുമാർ തൻ്റെ സംവിധാന അരങ്ങേറ്റവും കുറിക്കുന്നു.

ചിത്രത്തിൽ ശക്തമായ  താരനിരയും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നു. സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ഈ സഹോദരിമാർക്ക് ഇതൊരു ആവേശകരമായ പുതിയ യാത്രയുടെ തുടക്കമാണ്. ദോശ ഡയറീസ് ചാപ്റ്റർ 1". എന്നാൽ ഏവരോടും സംവിധായക എന്ന നിലയിലുള്ള തന്റെ ആകാംക്ഷ പങ്കുവെച്ചുകൊണ്ടായിരുന്നു വരലക്ഷ്മിയുടെ പോസ്റ്റ്.

"ഒരു സംവിധായിക എന്ന നിലയിൽ എൻ്റെ യാത്ര ആരംഭിക്കുന്നു. അതിൽ ഞാൻ വളരെ ആവേശത്തിലാണ്. എൻ്റെ സഹോദരി പൂജയോടൊപ്പം നിർമ്മാതാവാകാൻ കഴിയുന്നത് ഒരു വലിയ ബോണസാണ്. എന്നിൽ വിശ്വാസമർപ്പിച്ച എൻ്റെ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും നന്ദി. നിങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കും. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം." പ്രകാശ് രാജ്, പ്രിയാമണി, നവീൻ ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ...’’

വരലക്ഷ്മി ശരത്കുമാർ ഒരു ഹോളിവുഡ് പ്രോജക്റ്റിലും അഭിനയിക്കാൻ ഒരുങ്ങുകയാണ്. ചന്ദ്രൻ രത്നം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീലങ്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 'റിസാന എ കേജ്ഡ് ബേർഡ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi