
മാന്നാര്‍ മത്തായിയുടെ ഉര്‍വശി തിയേറ്റേഴ്സിലേക്ക് ഗോപാലകൃഷ്ണന്റെ മുറപ്പെണ്ണായി കടന്നുവന്ന മീരയെ മലയാളി പെട്ടെന്നൊന്നും മറക്കില്ല. ത്രസിപ്പിക്കുന്ന ക്ലൈമാക്സില്‍ മീരാ വര്‍മ, സ്റ്റെല്ല ഫെര്‍ണാണ്ടസായി മാറുമ്പോള്‍ വാണി വിശ്വനാഥ് എന്ന മികച്ചൊരു നടിയെയാണ് മലയാളത്തിന് സ്വന്തമായത്. വര്‍ഷങ്ങള്‍ക്കിപ്പുറം വാണിയെ കണ്ടുമുട്ടുമ്പോള്‍ പഴയ പ്രസരിപ്പിന് മാറ്റമില്ല. പ്രായം തോല്‍ക്കുന്ന ലുക്കോടെ ഒരിടവേളയ്ക്കുശേഷം മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ് വാണി വിശ്വനാഥ്.
എവിടെയായിരുന്നു ഇതുവരെ?
''സിനിമയില്‍നിന്നുള്ള ഇടവേള എന്നതിനെക്കാള്‍ എന്റെ കുടുംബത്തിന് ആവശ്യമായിരുന്ന സമയത്ത് അവരോടൊപ്പമായിരുന്നു എന്നതാണ് സത്യം. ഞാന്‍ സിനിമയെക്കാള്‍ പ്രാധാന്യം നല്‍കിയത് കുടുംബത്തിനാണ്. മക്കള്‍ക്കൊപ്പമുള്ള സമയം പരമാവധി അവര്‍ക്ക് നല്‍കണമെന്ന് ആഗ്രഹിച്ചു. എന്റെ സിനിമാജീവിതം ഒരിക്കലും അവസാനിക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും സിനിമയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകളുണ്ട്. എന്നാല്‍, മക്കളുടെ കുട്ടിക്കാലത്ത് അവര്‍ക്ക് നല്‍കേണ്ട വാത്സല്യവും കരുതലും സ്നേഹവുമൊക്കെ പിന്നീട് നല്‍കാനാകില്ല. മക്കളെ നോക്കേണ്ട സമയത്ത് അവരെ നോക്കണം. കുട്ടികളെ നോക്കാന്തന്നെ സമയം തികയാതെവന്ന കാലത്ത് സിനിമയില്‍നിന്നൊരു ബ്രേക്ക് എന്നല്ലാതെ മറ്റൊരു ചിന്തയും എനിക്കുണ്ടായിരുന്നില്ല.''
സിനിമയിലേക്കുള്ള മടങ്ങിവരവിന് കാരണവും മക്കള്തന്നെയാണെന്നാണ് വാണി പറയുന്നത്. ''എന്റെ മകള്‍ ആര്‍ച്ച ഇപ്പോള്‍ പോളണ്ടില്‍ മെഡിസിന് പഠിക്കുകയാണ്. മകന് അദ്രി ചെന്നൈയില്‍ പ്ലസ് ടുവിന് പഠിക്കുന്നു. കുട്ടികള്‍ വലുതായിവന്നപ്പോള് അവര്‍ ആദ്യം ചോദിച്ച ചോദ്യങ്ങളിലൊന്ന്, അമ്മ ഇപ്പോള്‍ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു. ഞാന്‍ സിനിമയിലേക്ക് തിരികെപ്പോകണമെന്ന് നിര്‍ബന്ധിച്ചതും അവരായിരുന്നു. അവര്‍ പറയുന്നതുകേട്ട് ആദ്യമൊക്കെ ഞാന്‍ മടിപിടിച്ചിരുന്നെങ്കിലും പിന്നീട് എന്റെ ചിന്തകള്‍ മാറി. മക്കള്‍ വലുതായതോടെ ഇനി സിനിമ എന്ന സ്വപ്നത്തിലേക്ക് തിരികെനടക്കാമെന്ന് തോന്നിത്തുടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും എന്റെ മക്കള്‍ തന്നെയാണ്.''
മാറ്റമില്ലാത്ത ലുക്ക്
''ഞാന്‍ ഇപ്പോഴും നല്ല ലുക്കിലാണല്ലേ... നിങ്ങളൊക്കെ അങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം. സിനിമ ചെയ്യാതെ വീട്ടിലിരുന്ന സമയത്തും ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്യുമായിരുന്നു. വീട്ടുപണികളെല്ലാം ചെയ്യുന്നതിലും ഞാന്‍ അല്പം പോലും പിറകിലേക്ക് പോയിരുന്നില്ല. മീന്‍ മാര്‍ക്കറ്റിലും പച്ചക്കറി മാര്‍ക്കറ്റിലുമൊക്കെ പോകുന്ന ഞാന്‍ തിരിച്ചെത്തി വീട്ടിലെ എല്ലാ പണിയും ചെയ്യും.
വീട് വൃത്തിയാക്കുന്ന ജോലി എനിക്ക് എന്നുമിഷ്ടമുള്ളതാണ്. അതിനിടയില്‍ ഡാന്‍സ് ചെയ്യാന്‍ കിട്ടുന്ന അവസരവും പാഴാക്കാറില്ല. വീട്ടില്‍ ഏതെങ്കിലും പാട്ടുവെച്ചായിരിക്കും എന്റെ ഡാന്‍സ്. അങ്ങനെ വീട്ടുജോലി മുതല്‍ ഡാന്‍സ് വരെയായി ആക്ടീവായിരുന്നതുകൊണ്ടാകാം ഞാന്‍ ഇപ്പോഴും നിങ്ങള്‍ പറഞ്ഞതുപോലെ പഴയ ലുക്കില്ത്തന്നെയിരിക്കുന്നത്.''
ആക്ഷന്‍ റാണി
''ആക്ഷന്‍ റാണിയാകണമെന്നുവിചാരിച്ച് സിനിമയിലേക്ക് വന്നയാളൊന്നുമല്ല ഞാന്‍. റിയലിസ്റ്റിക്കായ മലയാളം സിനിമകളോട് എനിക്ക് എന്നും ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍, മലയാളത്തില്‍ എനിക്കു ലഭിച്ചത് മറ്റൊരുതരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. ആക്ഷന്‍ കഥാപാത്രങ്ങള്‍ എനിക്ക് നന്നായി ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് സംവിധായകരും പറഞ്ഞതോടെ അത്തരം കുറെ കഥാപാത്രങ്ങള്‍ ഒന്നിനുപിറകേ ഒന്നായി വന്നുകൊണ്ടിരുന്നു.
അന്നത്തെക്കാലത്ത് ആക്ഷന്‍ ചെയ്യുന്ന ഒരു നടിയെ മലയാളികള്‍ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തുവെന്നതാണ് വലിയ സന്തോഷം. വാഹനമോടിക്കല്‍ മുതല്‍ കുതിരയോട്ടം വരെയായി ഒരുപാട് കാര്യങ്ങള്‍ അഭിനയജീവിതത്തില്‍ ചെയ്യേണ്ടിവന്നു. അതെല്ലാം സന്തോഷത്തോടുകൂടിത്തന്നെയാണ് ചെയ്തത്. മലയാളത്തിന്റെ ആക്ഷന്‍ റാണി എന്ന വിലാസത്തെ സന്തോഷത്തോടും സ്നേഹത്തോടും കൂടിയാണ് ഇപ്പോഴും കാണുന്നത്.''
ആക്ഷന്‍ ഇനിയും വരട്ടെ
''ആക്ഷന്‍ കഥാപാത്രങ്ങള്‍ ആസ്വദിച്ചുതന്നെയാണ് ഞാന്‍ എന്നും ചെയ്തിരുന്നത്. പണ്ടൊക്കെ ആക്ഷന്‍ റാണി എന്നനിലയില്‍ കുറെപ്പേരൊക്കെ എന്നെ പേടിച്ചിരുന്നു. സെറ്റിലായാലും മറ്റേതെങ്കിലും പരിപാടിയിലായാലും പലരും എന്റെയടുത്തേക്ക് വെറുതേ അതുമിതുമൊന്നും പറഞ്ഞ് വരില്ലായിരുന്നു. ഞാന്‍ എന്തെങ്കിലും 'ആക്ഷന്‍' ചെയ്താലോ എന്നായിരുന്നു അവരുടെയൊക്കെ പേടി.
സിനിമയില്‍ മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ ചീത്തവിളിച്ചിരുന്ന കഥാപാത്രങ്ങളല്ലേ ഞാന്‍ ചെയ്തത്. സിനിമയില്‍ സൂപ്പര്‍ സ്റ്റാറുകളെ ചീത്തവിളിക്കുന്ന ഞാന്‍ ജീവിതത്തിലും അങ്ങനെയായിരിക്കാമെന്ന് ആ പാവങ്ങള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. എന്തായാലും അതിന്റെ പേരില്‍ എനിക്കു കിട്ടിയ പ്രത്യേക സുരക്ഷയുടെ കാര്യം ബഹുരസമാണ്.
ആക്ഷന്‍ വളരെ ഈസിയായി ചെയ്യാവുന്ന ഒന്നല്ല. നമ്മുടെ ശരീരം വളരെ പ്രയാസകരമായ അധ്വാനങ്ങളിലൂടെ കടത്തിവിട്ടാണ് പല വേഷങ്ങളും ചെയ്യേണ്ടിവരിക. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ എന്റെതായ സ്റ്റൈലുകള്‍ക്കപ്പുറത്ത് മറ്റുപലരെയും കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്. അതില്‍ ചില രംഗങ്ങളില്‍ മമ്മൂക്കയാണെങ്കില്‍ മറ്റിടങ്ങളില്‍ ലാലേട്ടനാകാം. രജനീകാന്തും കമലഹാസനുമൊക്കെ അതില്‍ വരുന്നുണ്ടാകും. പക്ഷേ, അതൊന്നും അവരാണെന്ന് ആര്‍ക്കും കണ്ടുപിടിക്കാനാകില്ല. അത്രമേല്‍ സൂക്ഷ്മമായി അവരെയൊക്കെ ഉള്ളിലൊളിപ്പിച്ചാകും അതൊക്കെ ചെയ്തിട്ടുണ്ടാകുക. 'ദി കിങ്' എന്ന സിനിമയില്‍ മമ്മൂക്കയെ അടിക്കാനായി ഞാന്‍ കൈയോങ്ങുമ്പോള്‍ അദ്ദേഹം പറയുന്ന ഒരു ഡയലോഗുണ്ട്: 'ഇനി നിന്റെ കൈ ഒരാണിനുനേരെയും ഉയരില്ല'. സത്യത്തില്‍ ആ ഡയലോഗിനുശേഷമാണ് ഞാന്‍ പലര്‍ക്കുനേരെയും കൈയുയര്‍ത്താന്‍ തുടങ്ങിയത്.''
നഖം വെട്ടിയ അഭിനയം
''പണ്ട് ഗ്ലാമര്‍ വേഷമൊക്കെ ചെയ്ത്, പാട്ടുസീനുകളിലൊക്കെ അഭിനയിച്ചതിനുശേഷമാവും ഫൈറ്റ് സീനുകളില്‍ അഭിനയിക്കേണ്ടിവരുന്നത്. ആ സമയത്ത് പാട്ടുസീനുകള്ക്കുവേണ്ടി നഖമൊക്കെ നീട്ടിവളര്ത്തിയിട്ടുണ്ടാവും. 'അടുത്ത സീനില്‍ ഫൈറ്റാണ്' എന്ന് അസിസ്റ്റന്റ് വന്നുപറയുമ്പോള്‍ ഞാനിരുന്ന് നഖം വെട്ടാന്‍ തുടങ്ങും. വാണി ഇത്ര കഷ്ടപ്പെട്ട് നഖം വളര്‍ത്തിയിട്ട് മൊത്തം വെട്ടിക്കളയുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നുവെന്ന് ചിലരൊക്കെ പറഞ്ഞിട്ടുമുണ്ട്. നഖം മുഴുവനായും വെട്ടിക്കളഞ്ഞില്ലെങ്കില്‍ കൈചുരുട്ടിപ്പിടിച്ച് ഇടിക്കുമ്പോള്‍ നല്ല വേദനയുണ്ടാകും. നഖംകൊണ്ട് എന്റെ കൈയില്‍ത്തന്നെ മുറിവുണ്ടാകുകയും ചെയ്യും.
ഷൂട്ടിങ്ങിനിടെ ചെറുതും വലുതുമായി ഇത്തരത്തിലുള്ള ഒരുപാടു പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ടൈമിങ് തെറ്റി എത്രയോതവണ ഇടികൊണ്ടിട്ടുമുണ്ട്. ചാടുമ്പോള്‍ കൈ എവിടേലും കൊണ്ടിടിക്കലും സ്ഥിരം പരിപാടിയായിരുന്നു. എന്റെ വലത്തെ കൈയുടെ ഷോള്‍ഡര്‍ എപ്പോഴും പ്രശ്നമാകാറുള്ള സ്ഥലമാണ്. 'ഷോള്‍ഡര്‍ ഡിസ്ലൊക്കേഷന്‍' വന്നാല്‍ പിന്നെ ഭയങ്കര വേദനയാണ്.''
രാഷ്ട്രീയവേഷം
''രാഷ്ട്രീയം എനിക്ക് ഇഷ്ടമുള്ള ഇടം തന്നെയാണ്. തെലുങ്കുദേശം പാര്‍ട്ടിയുള്‍പ്പെടെ പലയിടത്തുനിന്നും എനിക്ക് ക്ഷണമുണ്ടായിരുന്നു. ഞാന്‍ നടിയാവുമെന്നും രാഷ്ട്രീയത്തിലേക്ക് വരുമെന്നുമൊക്കെ കുഞ്ഞായിരുന്നപ്പോഴേ എന്റെ അച്ഛന് പ്രവചിച്ചിരുന്നു. അതൊക്കെ ഏറക്കുറെ അങ്ങനെതന്നെ സംഭവിച്ചിട്ടുമുണ്ട്.
ജ്യോത്സ്യന് എന്നനിലയില്‍ അച്ഛന് പ്രവചിച്ച കാര്യങ്ങള്‍ പലതും നടന്നതുകൊണ്ട് ചിലപ്പോള്‍ ഞാന്‍ ഭാവിയില്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയേക്കാം. എന്നാല്‍, രാഷ്ട്രീയത്തിലേക്കിറങ്ങാനൊക്കെ ഇനിയും സമയമുണ്ടല്ലോ എന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്. എത്രത്തോളം പാകതയും അനുഭവങ്ങളും വരുന്നുവോ അത്രയും നല്ലതാണ് രാഷ്ട്രീയത്തിന് എന്ന് ഉറച്ചുവിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ...''
Content Highlights: vani viswanath on her comeback to films
Published: 12 Jan 2025, 12:14 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented