ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ഹൊറർ-കോമഡി ചിത്രം തമ്മയ്ക്ക് ആദ്യദിനത്തിൽ സമ്മിശ്ര പ്രതികരണം. രക്തരക്ഷസ്സുകളുടെ ലോകത്തെ കഥ പറയുന്ന ചിത്രം ചൊവ്വാഴ്ചയാണ് പ്രദർശനത്തിനെത്തിയത്. ആയുഷ്മാന്റെയും രശ്മികയുടെയും പ്രകടനത്തെ വലിയൊരു വിഭാഗം പുകഴ്ത്തുമ്പോൾ ഇരുവർക്കും കോമഡി കൈകാര്യം ചെയ്യാൻ വേണ്ടത്ര സാധിക്കുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. രശ്മികയുടെ പ്രകടനത്തെ ഒട്ടേറെപ്പേർ പ്രകീർത്തിക്കുന്നുണ്ട്. ആദ്യഭാഗം അൽപം സ്ലോ ആണെന്നും രണ്ടാംഭാഗം മികച്ചതാണെന്നും ചിലർ പറയുന്നു. ചിത്രത്തിലെ അതിഥി വേഷങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ട്.

ആദിത്യ സർപോത്ദാറാണ് ചിത്രത്തിന്റെ സംവിധാനം. സ്ത്രീ (2018), ഭേദിയ (2022), മുഞ്ജ്യ, സ്ത്രീ 2 ( 2024) എന്നിവയ്ക്ക് ശേഷം മാഡോക്കിന്റെ ഹൊറർ-കോമഡി ലോകത്തെ അഞ്ചാമത്തെ ചിത്രമാണ് തമ്മ. പെട്ടെന്നൊരു ദിവസം രക്തരക്ഷസ്സായി മാറുന്ന ഒരു മനുഷ്യനായാണ് ആയുഷ്മാൻ ഖുറാനയെത്തുന്നത്. തുടർന്ന് അദ്ദേഹം രശ്മിക മന്ദാനയുടെ കഥാപാത്രവുമായി പ്രണയത്തിലാകുന്നു, തുടർന്ന് പല വെല്ലുവിളികളും നേരിടുന്നു. നവാസുദ്ദീൻ സിദ്ദിഖിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ദിനേശ് വിജനും അമർ കൗശിക്കും ചേർന്ന് നിർമ്മിച്ച ചിത്രത്തെ രക്തരൂക്ഷിതമായ പ്രണയകഥയെന്നാണ് വിശേഷിപ്പിക്കുന്നത്.

നടൻമാരും സഹനടന്മാരും ദൃശ്യങ്ങളും മികച്ചതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. അതുല്യമായ കഥയും പുതുമയുള്ള ആഖ്യാനവും തമ്മയെ വേറിട്ടുനിർത്തുന്നുവെന്നും അവസാനം വരെ പിടിച്ചുനിർത്തുന്ന ചിത്രമാണിതെന്നും ഇൻസ്റ്റഗ്രാമിൽ ഒരാൾ അഭിപ്രായപ്പെട്ടു. "മൊത്തത്തിൽ, തമ്മ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. ഇതൊരു സാധാരണ ബോളിവുഡ് ഡ്രാമയല്ല, മറിച്ച് ആഴത്തിലുള്ളതും മികച്ച പ്രകടനങ്ങളുമുള്ള ഒന്നാണ്." എന്ന് മറ്റൊരാളും.

"ഒരു ത്രില്ലർ എന്ന നിലയിൽ ഒരു തരത്തിൽ കണ്ടിരിക്കാം... വിരസമായ തിരക്കഥയും അതിഭാവുകത്വം നിറഞ്ഞ ട്വിസ്റ്റുകളും. ക്ലൈമാക്സ് എങ്ങനെയെങ്കിലും തീർന്നുകിട്ടിയാൽ മതിയെന്ന അവസ്ഥയായിരുന്നു.", ""രശ്മിക! രശ്മിക! രശ്മിക മാത്രം, അവരുടെ ഗംഭീര പ്രകടനം", "വികാരം, നാടകീയത, അപ്രതീക്ഷിതത്വം എന്നിവയുടെ ആകർഷകമായ ഒരു മിശ്രിതമാണ് തമ്മ. രണ്ടാം പകുതി മികച്ച അനുഭവം നൽകുന്നു"-എന്നിങ്ങനെ നീളുന്നു കമന്റുകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi