പരീക്ഷണങ്ങൾ തുടരെ നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ് സിനിമ. മേക്കിങ്ങിന്റെ കാര്യത്തിലാണെങ്കിലും കഥാപാത്രങ്ങളുടെ കാര്യത്തിലാണെങ്കിലുമൊക്കെ ആ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ എല്ലാ പരീക്ഷണസിനിമകളും വിജയിക്കണമെന്നില്ല.
1999-ൽ പുറത്തിറങ്ങിയ ഒരു തമിഴ് സിനിമ ആളുകളെ ഞെട്ടിക്കുക മാത്രമല്ല, അവരെ രസിപ്പിക്കുകയും ചെയ്തു. ബോക്‌സോഫീസിലും സിനിമ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.
പറഞ്ഞുവരുന്നത് തമിഴ് കോമഡിയായ 'സുയംവരം' എന്ന സിനിമയെക്കുറിച്ചാണ്. അക്ഷരാർഥത്തിൽ ഒരു വമ്പൻപരീക്ഷണമായിരുന്നുവത്. പാളിപ്പോവുമെന്ന് പലരും പറഞ്ഞെങ്കിലും നിർമാതാവിന്റെ ഒറ്റനിർബന്ധത്തിൽ പൂർത്തിയാക്കിയ ചിത്രം.
ഗിരിധരിലാൽ നാഗ്പാൽ എന്ന നിർമാതാവിന്റെയുള്ളിൽ വർഷങ്ങളായി കൊണ്ടുനടക്കുന്ന ഒരു ആഗ്രഹമുണ്ടായിരുന്നു, ഒരു പരീക്ഷണസിനിമ ചെയ്യണം. അതും വെറും പരീക്ഷണസിനിമയല്ല. അത് 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുകയും വേണം.
ഒട്ടും എളുപ്പമായിരുന്നില്ലത്. എങ്കിലും അക്കാലത്തെ പ്രമുഖതാരങ്ങളെയും സംവിധായകരെയും അദ്ദേഹം നേരിട്ടുകണ്ട് സംസാരിച്ചു. മാർച്ചിൽ ചിത്രീകരിക്കാനായിരുന്നു ആദ്യം കരുതിയത്. അതു നടന്നില്ല. അതോടെ വിജയകാന്ത്, പ്രശാന്ത്, പ്രകാശ് രാജ് തുടങ്ങിയ താരങ്ങൾ സിനിമയിൽനിന്നൊഴിഞ്ഞു.
ഒടുവിൽ ഏപ്രിൽ മാസത്തിൽ ചിത്രീകരിക്കാൻ ഉറപ്പിച്ചു. ചെന്നൈയിലുള്ള കുറേ സ്റ്റുഡിയോകൾ അതിനായി നാഗ്പാൽ ബുക്ക് ചെയ്തുവെച്ചു.
ചിത്രീകരണത്തിനായുള്ള ടീം റെഡിയായി. 11 സംവിധായകരാണുണ്ടായിരുന്നത്. ഒപ്പം 19 ഛായാഗ്രാഹകരും നാല് എഡിറ്റർമാരും നാല് സംഗീതസംവിധായകരും അഞ്ച് ഡാൻസ് മാസ്റ്റർമാരും. 19 അസോസിയേറ്റ് ഡയറക്ടർമാർ, 45 അസിസ്റ്റന്റ് ഡയറക്ടർമാർ, 19 ക്യാമറമാൻമാർ, 36 അസിസ്റ്റന്റ് ക്യാമറമാൻമാർ എന്നിവരുൾപ്പെടെയുള്ള സംഘമാണ് പിന്നണിയിൽ പ്രവർത്തിച്ചത്. ബാക്ക്ഗ്രൗണ്ട് നർത്തകരുൾപ്പെടെ 1400-ലേറെ താരങ്ങൾ സിനിമയിൽ അഭിനയിച്ചു.
തിരക്കഥ പതിനൊന്നായി വിഭജിച്ച്, ഓരോ സംവിധായകനും നൽകി. ഓരോ സീനും സംവിധായകർ അഭിനേതാക്കൾക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു. ചിത്രീകരണത്തിനുമുമ്പ് ചെറിയൊരു റിഹേഴ്‌സലും. രാവിലെ ഏഴുമണിക്കാണ് ഷൂട്ടിങ് തുടങ്ങിയത്. അതുകഴിഞ്ഞ് നിശ്ചിതസമയത്തിനുള്ളിൽ ഓരോ സംവിധായകനും തന്റെ സീൻ ചിത്രീകരിച്ചുതീർക്കുകയായിരുന്നു. ചില സീനുകൾ ഷൂട്ട് ചെയ്തപ്പോഴേക്കും വിചാരിച്ചതിലും രണ്ടു മണിക്കൂർ കൂടുതലെടുത്തു. അതോടെ രണ്ടുസീനുകൾ വെട്ടിച്ചുരുക്കി. അവസാനസീൻ പൂർത്തിയാക്കിയത് തൊട്ടടുത്തദിവസം രാവിലെ 6.50-നും. 24 മണിക്കൂർ തികയുന്നതിന് കൃത്യം പത്തുമിനിറ്റ് മുമ്പ്.
വിജയകുമാർ, സത്യരാജ്, പ്രഭു, അബ്ബാസ്, റോജ, കസ്തൂരി, രംഭ, ഖുഷ്ബു, ഹീര തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാനതാരങ്ങൾ. 155 മിനിറ്റായിരുന്നു സിനിമയുടെ ദൈർഘ്യം. 25 കോടിയാണ് ആകെ ചെലവായത്. ചെലവായതിന്റെ ഇരട്ടി ബോക്‌സോഫീസിൽനിന്ന് തിരിച്ചുപിടിച്ചു. പിന്നീടിത് തെലുഗുവിലേക്ക് ഡബ്ബ് ചെയ്തു. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യണമെന്നും നിർമാതാവിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അത് നടന്നില്ല. ഈ സിനിമ വിജയിച്ചതിനുപിന്നാലെ മറ്റൊന്നുകൂടി നിർമാതാക്കൾ അനൗൺസ് ചെയ്തു. അഞ്ച് നടീനടൻമാരെ വെച്ച് 10 ദിവസത്തിനുള്ളിൽ തീർക്കുന്നൊരു പ്രൊജക്ട്. അതും ഒടുവിൽ വേണ്ടെന്നുവെക്കുകയായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore Suyamvaram, the Tamil film shot in 24 hours with 11 directors & 19 cinematographers. A daring experiment that became a box office hit!
Published: 04 Nov 2025, 04:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented