നായകന്മാരെ ആഘോഷിച്ചിരുന്ന സിനിമാലോകത്ത് സ്ത്രീത്വത്തിന്റെ മുദ്ര പതിയിച്ച നായികമാർ എന്നും മലയാള സിനിമയുടെ അഭിമാനമായിരുന്നു. പുരുഷാധിപത്യ സമൂഹത്തിൽ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി,സ്ത്രീവിരുദ്ധതയ്‌ക്കെതിരെയും സാമൂഹിക ഉന്നമനത്തിനായും പ്രയത്‌നിച്ച കുറേ നായികാ കഥാപാത്രങ്ങൾ. ഫെമിനിസമെന്ന ആശയം കേരളത്തിൽ പ്രചാരം നേടും മുമ്പേ സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ പിറവിയെടുത്തിട്ടുണ്ട്. മലയാളി മനസ്സുകളിലെ മായാത്ത നായികാ കഥാപാത്രങ്ങളിലൂടെ….

To advertise here,

അവളുടെ രാവും പകലും

സിനിമ- അവളുടെ രാവുകൾ(1978)
സംവിധാനം- ഐവി ശശി

 അന്നുവരെ ഉണ്ടായിരുന്ന നായിക കഥാപാത്രങ്ങളെ പൊളിച്ചെഴുതുകയായിരുന്നു ‘അവളുടെ രാവുകളിലെ രാജി. ചെറുപ്പത്തിലെ അച്ഛനമ്മമാരെ നഷ്ടപ്പെടുന്ന രാജി,അനുജനെ വളർത്താൻ തെരുവിലേക്കിറങ്ങേണ്ടി വന്നു. ജീവിത സാഹചര്യങ്ങൾ അവളെ ഒരു ലൈഗിക തൊഴിലാളിയാക്കി മാറ്റി. തേവിടിശ്ശിയെന്നു വിളിച്ച് സമൂഹം ആക്ഷേപിച്ചപ്പോഴും ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പോരാടി. മനസ്സിൽ കളങ്കമില്ലാത്ത സ്‌നേഹം സൂക്ഷിച്ചിരുന്ന തന്റേടിയും, നെറിയുളളവളുമായിരുന്ന രാജി. മറ്റുളളവർ ഒറ്റപ്പെടുത്തുമ്പോഴും സ്വന്തമായി നിലപാടുകളുളള സ്ത്രീ. തെരുവുവേശ്യയായി ജീവിച്ച രാജിയെ ലക്ഷ്മി അമ്മ തന്റെ മകന്റെ ഭാര്യയായി സ്വീകരിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. അന്നത്തെ കാലത്ത് ചിന്തിക്കുവാൻ പോലും കഴിയാത്ത പര്യവസാനമായിരുന്നു അത്. 

ഗംഗയും നാഗവല്ലിയും

 സിനിമ- മണിച്ചിത്രത്താഴ്(1993)
സംവിധാനം- ഫാസിൽ

'ഇന്നേക്കു ദുർഗ്ഗാഷ്ടമി, ഉന്നൈ നാൻ കൊന്നു, ഉൻ രത്തത്തെ കുടിച്ചു ഓംകാര നടനമാടിടുവേൻ'. എക്കാലത്തെയും അവിസ്മരണീയമായ സ്ത്രീ കഥാപാത്രമാണ് നാഗവല്ലി.ഗംഗയുടെ ചിന്തയും വികാരവുമൊക്കെയാണ് നാഗവല്ലിയായി രൂപംകൊള്ളുന്നത്. നാഗവല്ലിയായി മാറുന്ന ഗംഗ, സ്ത്രീത്വത്തെ അടിച്ചമർത്തിയവരോടു പ്രതികാരം ചെയ്യാൻ വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ശോഭനയുടെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് നാഗവല്ലി. ഗംഗ എന്ന സാധാരണ പെൺക്കുട്ടിയിൽ നിന്നും നാഗവല്ലിയായി മാറുന്ന നടന വൈഭവമാണ് ആ കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നത്. 

പ്രതികാര ദുർഗയായ 'ഭദ്ര'

സിനിമ- കണ്ണെഴുതി പൊട്ടും തൊട്ട് (1999)
സംവിധാനം- ടി.കെ രാജീവ് കുമാർ

ഭദ്ര എന്ന പെൺകുട്ടിയുടെ തീക്ഷണമായ പ്രതികാരത്തിന്റെ കഥയാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്’. ജീവിതം തകർത്ത ജന്മിയോടും മകനോടും പ്രണയം നടിച്ച് രതിഭാവം നുകർന്ന് ഒടുവിൽ പ്രതികാര ദുർഗയായി മാറിയവൾ. കൺമുന്നിൽ അമ്മ ജീവനോടെ എരിഞ്ഞടങ്ങുന്നത് കാണേണ്ടി വന്ന ഒരു പെൺകുഞ്ഞിന്റെ വേദനയിൽ നിന്നുടലെടുത്തതാണ് അതിനുകാരണക്കാരായവരോടുളള അടങ്ങാത്ത രോഷം. ക്ഷമയുടെ ആൾരൂപമായി സ്ത്രീകളെ കാണുന്ന സമൂഹത്തിലാണ് ഭദ്രയും അവളുടെ പ്രതികാരവും പ്രസക്തമാവുന്നത്. പഴകിയ സ്ത്രീസങ്കൽപ്പങ്ങളുടെ അച്ചിൽ വാർത്തെടുത്തതല്ല കണ്ണുകളിൽ കത്തിയെരിയുന്ന കനലുമായി ജീവിക്കുന്ന ഭദ്രയെ. ഒരു സ്ത്രീയുടെ രോഷവും പ്രതികാരവും അധികം ചർച്ച ചെയ്യപ്പെടാത്ത അക്കാലത്തെ സിനിമകളിൽ ഭദ്ര വേറിട്ടതായിരുന്നു. നടേശൻ മുതലാളിയെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങുന്ന അവൾക്ക് മുന്നിൽ പ്രതിസന്ധികളേറെ ഉണ്ടായിട്ടും പതറാതെ നിശ്ചയദാർഡ്യത്തോടെ ലക്ഷ്യം കൈവരിച്ചവളാണ് ഭദ്ര.

സിംഗിൾ മദർ വനജ

സിനിമ- അച്ചുവിന്റെ അമ്മ(2005)
സംവിധാനം- സത്യൻ അന്തിക്കാട്
 

‘അച്ചുവിന്റെ അമ്മയിലെ’ വനജ മലയാളത്തിലെ ഏക്കാലത്തെയും ശക്തമായ അമ്മ കഥാപാത്രമാണ്. പതിമൂന്നാം വയസ്സിൽ തനിക്ക് കിട്ടിയ മകളെ സ്വന്തം കുഞ്ഞായി അളവറ്റ സ്‌നേഹം കൊടുത്തു പോറ്റി വളർത്തിയ അമ്മയാണ് ഉർവശി ചെയ്ത വനജ എന്ന കഥാപാത്രം. അച്ഛനാരെന്നറിയാത്ത കുട്ടിയെ വളർത്തുന്നതിനു സമൂഹത്തിന്റെ കുത്തുവാക്കുകളും പഴിയും കേൾക്കേണ്ടി വന്നപ്പോഴും തളരാതെ ജീവിതം പടുത്തുയർത്തി. തന്റെ കൺമുന്നിൽ നടക്കുന്ന അനീതികൾക്കെതിരെ പ്രതികരിക്കാൻ ധൈര്യം കാണിക്കുന്നവളാണ് വനജ. മകളെ വളർത്തുന്നതിനിടയിൽ സ്വന്തം ജീവിതം ജീവിക്കാൻ മറന്ന നിസ്വാർഥയായ ഒരമ്മ. മകളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായി. ഒടുവിൽ ആ മകൾ അവളുടെ ജന്മരഹസ്യം വെളിപ്പെടുത്താൻ വാശിപിടിക്കുമ്പോൾ നിസ്സഹായതയോടെ പകച്ചു നിന്നു. അമ്മയുടെ നന്മ തിരിച്ചറിഞ്ഞ് മകൾ മടങ്ങിയെത്തിയപ്പോഴും ആർക്കും വേണ്ടാതെ ഉപേക്ഷിക്കാനൊരുങ്ങുന്ന മറ്റൊരു കുഞ്ഞിനു അമ്മയാവുകയാണ് വനജ. 'സിംഗിൾ മദർ' എന്ന സങ്കൽപ്പം ഇന്നു നമുക്ക് ഏറെ പരിചിതമാണ്. അതിനു മുമ്പേ അച്ചുവിന്റെ അമ്മ ജീവിതത്തോട് പൊരുതി നേടിയതാണ് അവരുടെ ജീവിതം.

 

പുതിയകാലത്തെ ടെസ്സ

സിനിമ- 22 ഫീമെയിൽ കോട്ടയം(2012)
സംവിധാനം-ആഷിഖ് അബു

‘നവംബറിന്റെ നഷ്ടം’ എന്ന സിനിമയിലെ മീരയുടെ പുതിയ വേർഷനാണ് ‘22 ഫീമെയിൽ കോട്ടയ’ത്തിലെ ടെസ്സ. വഞ്ചിക്കപ്പെടുകയും ബലാത്സംഗത്തിനിരയാവുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ രോഷവും, തന്നെ നരകത്തിലേക്ക് തള്ളിവിട്ട പുരുഷനോടുളള പ്രതികാരവും ഒരു സാധാരണ നഴ്‌സായ ടെസ്സയിലുണ്ടാക്കുന്ന മാറ്റം ചെറുതല്ല. അവിടെ നിന്നാണ് ടെസ്സയുടെ പ്രതികാരത്തിന്റെ കഥ തുടങ്ങുന്നത്. നിസ്സഹായതയിൽ നിന്നുമാണ് അതിജീവനത്തിനായുള്ള പോരാട്ടം തുടങ്ങുന്നത്. തന്നെ ദ്രോഹിച്ച ഓരാരുത്തരെയും അവൾ തേടി കണ്ടുപിടിച്ച് പ്രതികാരം ചെയ്യുന്നു. സ്ത്രീകളെ വിൽപന ചരക്കാക്കുന്ന ലൈഗിക ദാരിദ്യമുളളവർക്ക് ഒരു താക്കീതായിരുന്നു ടെസ്സ. ഒരു പെണ്ണിനു എന്തു ചെയ്യാൻ കഴിയും? ഒരാണിന്റെ അസ്ഥിത്വം ഇളക്കാൻ വരെ കഴിയും എന്നതാണ് അവളുടെ ഉത്തരം. 

ആത്മാവു തൊട്ട നിരുപമ

സിനിമ- ഹൗ ഓൾഡ് ആർ യൂ?(2014)
സംവിധാനം- റോഷൻ ആൻഡ്രൂസ്

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ അത്യന്തം ശ്രദ്ധേയമായ ചിത്രമാണ് 'ഹൗ ഓൾഡ് ആർ യൂ?’. ജീവിതത്തിന്റെ മുപ്പത്തിയാറാം വയസ്സിൽ നിനക്കൊരു സ്വപ്നമുണ്ടാകാൻ പാടില്ലേ എന്ന് ചോദിക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തെ കാണാം.

 കുടുംബ ജീവിതത്തിന്റെ ചുറ്റുപാടുകളിലും ജോലിയിലെ ഒറ്റപ്പെടലിലും തളർന്ന് പോയ നിരുപമ. അവളെ വിലമതിക്കാത്ത ഭർത്താവും മകളും സാമൂഹിക സാഹചര്യങ്ങളും. ജീവിതത്തിന്റെ സന്തോഷങ്ങളെല്ലാം വറ്റിപോയിരിന്നു. എന്നാൽ അവിടെ നിന്നും സ്വന്തം അസ്ഥിത്വം തിരിച്ചറിഞ്ഞ് ഒരു സ്ത്രീയുടെ ആത്മബോധ്യത്തിന്റെ ശബ്ദമായിരുന്നു നിരുപമയുടെ കഥ. നാം ഓരോരുത്തരും സ്വന്തം ജീവിതത്തിന്റെ നായികമാരാകേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ കഥാപാത്രം. 

റാണി v/s പത്മിനി

ചിത്രം-റാണി പത്മിനി (2015)
സംവിധാനം-ആഷിഖ് അബു

സമൂഹം തന്നെക്കുറിച്ച് എന്തു പറയുമെന്ന് ആലോചിച്ച് വ്യാകുലപ്പെടാത്തവളാണ് റാണി. 'ഞാൻ പറയുന്നത് മാത്രം ഞാൻ കേട്ടാൽ മതി' എന്നതാണ് അവളുടെ പോളിസി. എന്നാൽ ആരോടും ഒന്നും പറഞ്ഞുകൊടുക്കാതെ തന്നെ തന്റെ പ്രവൃത്തികളിലൂടെ താനാരാണെന്നു ലോകത്തിനു കാണിച്ചു കൊടുക്കുന്ന മിടുക്കിയാണ് പത്മിനി. രണ്ട് വിരുദ്ധ ധ്രുവങ്ങളിലായിരുന്നിട്ടും അവർ ഒന്നിച്ചൊരു യാത്ര തുടങ്ങി. ചിറകൊതുക്കിയിരുന്നാൽ പിന്നെങ്ങനെയാണ് പറക്കാനാവുക? മാത്രവുമല്ല, പാറിപ്പറക്കാൻ ആഗ്രഹിക്കുന്ന മനസ്സുമായി എത്ര നാൾ അടച്ചിട്ട് നാലു ചുവരുകൾക്കുളളിൽ കഴിയാനാകും. വീട്ടിൽ ഒറ്റയ്ക്കാവുന്ന സ്ത്രീ നേരിടുന്നതിൽ കൂടുതലൊന്നും പുറത്ത് അവരെ കാത്തിരിക്കുന്നില്ല എന്ന തിരിച്ചറിവ് ചിറകുയർത്തി പറക്കാൻ പ്രചോദനമേകി. 'നീയൊരു പെണ്ണാണ് ആ ഓർമ വേണം, അടങ്ങി ഒതുങ്ങിയിരുന്നോണം' എന്ന വാക്കുകൾക്കു മുകളിലൂടെയായിരുന്നു സത്യത്തിൽ അവർ പറന്നുയർന്നത്.

പറന്നുയർന്ന പല്ലവി

സിനിമ-ഉയരെ(2019)
സംവിധാനം- മനു അശോകൻ

ടോക്‌സിക്കായ പ്രണയ ബന്ധത്തിന്റെ പീഡനങ്ങൾക്ക് ഇരയാവേണ്ടി വന്നവളാണ് 'ഉയരെ'യിലെ പല്ലവി. പ്രതിസന്ധികളെ തരണം ചെയ്തവൾ. തോൽക്കാൻ എളുപ്പമാണ്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതാനാണ് ശക്തി വേണ്ടത്.അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തത്തെ നേരിടാൻ പല്ലവി കാണിച്ച ധൈര്യമാണ് മുന്നോട്ടുളള ജീവിത്തിൽ അവൾക്ക് പറക്കാൻ ചിറകുകളേകിയത്. ഗോവിന്ദിനെ പോലുളള നരാചകന്മാർ സമൂഹത്തിൽ ഇനിയും ഉണ്ടാകും. അവരെ ചെറുക്കാനും ഉയർന്നു പറക്കാനും ശക്തമായ ചിറകുകളും ധൈര്യവും വേണം.

ഭാരതീയ അടുക്കളകളിലെ ഭാര്യ

സിനിമ- ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ(2021)
സംവിധാനം- ജിയോ ബേബി

പല വീടുകളിലെയും വീട്ടമ്മമാരുടെ പ്രതിനിധിയാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ' ഭാര്യ. സിനിമയിൽ പേരുപോലും പരാമർശിക്കാത്ത ഭാര്യാ കഥാപാത്രം അവതരിപ്പിച്ചത് നിമിഷ സജയനാണ്. സ്വന്തം അഭിപ്രായങ്ങൾ പറയാൻ കഴിയാത്ത വീട്ടിൽ ഒരു വീട്ടുവേലക്കാരിയെ പോലെ ജീവിക്കേണ്ടിവന്നവൾ. ജീവിതം അടുക്കളയിലും വീട്ടുജോലിയിലും ഉഴിഞ്ഞുവയ്‌ക്കേണ്ടി വന്ന പുരുഷാധിപത്യ സമൂഹത്തിന്റെ മറ്റൊരു ഇര.  കുടുംബത്തിലെ പുരുഷന്മാരുടെ ഇഷ്ടാനിഷ്ടങ്ങൽക്കനുസരിച്ച് തന്റെ ഇഷ്ടങ്ങൾ ബലികഴിപ്പിക്കേണ്ടി വന്നവൾ. ശ്വാസം മുട്ടിക്കുന്ന ഗൃഹാന്തരീക്ഷം. ഒടുക്കം നരക തുല്യമായ ജീവിതം വിട്ട് സ്വന്തം കാലിൽ നിൽക്കാൻ ആ വീടു വിട്ടിറങ്ങുന്നു. മറ്റുളളവരുടെ ചിറകിൽ ഒതുങ്ങി കൂടാതെ ചിറകുയർത്തി പറക്കാനാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. അതുതന്നെയാണ് ആ സിനിമ നൽകുന്ന സന്ദേശവും. ഇത്തരം മഹത്തായ ഭാരതീയ അടുക്കളകൾ നമ്മുടെ ഇടയിലും കുറവല്ല.

ജയ കീ ജയ്

സിനിമ-ജയ ജയ ജയ ജയ ഹേ(2022)
സംവിധാനം- വിപിൻ ദാസ്

‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലെ ജയഭാരതി ഗാർഹിക പീഡനങ്ങൾക്കെതിരെ പൊരുതാൻ ധൈര്യം കാണിച്ചവളാണ്. അടിച്ചമർത്തലുകളിൽ നിന്നു അടിപതറാതെ തനിക്കായി നിലകൊളളാൻ ശബ്ദമുയർത്തി. ഭർത്താവിൽ നിന്നേറ്റ പീഡനങ്ങൾ തിരിച്ചറിവിന്റെ പാതയിൽ സ്വതന്ത്രൃയായി നിൽക്കാൻ അവൾക്ക് ചിറകേകി. കുട്ടിക്കാലം മുതലെ വീട്ടുകാരുടെ ഇഷ്ടത്തിനു വഴങ്ങേണ്ടി വന്ന ജയയ്ക്ക് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ത്യജിക്കേണ്ടി വന്നു. ധൈര്യവും സാമർഥ്യവുമാണ് ജയയെ വ്യത്യസ്തയാക്കുന്നത്. പുതിയ കാര്യങ്ങൾ ആർജിക്കാനും അനീതിക്കെതിരെ ശബ്ദമുയർത്താനും ജയയ്ക്ക് കഴിഞ്ഞു. സ്തീധനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും പേരിൽ എത്ര ജീവിതങ്ങളാണ് പൊലിഞ്ഞത്. വ്യക്തി സ്വാതന്ത്യവും പരസ്പര ബഹുമാനവും ഇല്ലാത്ത ദാമ്പത്യങ്ങളിലെ സ്ത്രീകൾ പ്രതികരിച്ചാൽ മാത്രമേ ജീവിതം സുഗമമാകൂ. സ്വന്തം വ്യക്തിത്വത്തിനായി നിലകൊണ്ട ജയ സ്ത്രീസമൂഹത്തിന് പ്രചോദനമാണ്.

ആരുടെയും പീഡനങ്ങൾ സഹിച്ച് കാൽക്കീഴിൽ കിടക്കേണ്ടവരല്ല സ്ത്രീകൾ. ക്ഷമയും, സഹനവും അവൾക്ക് ജന്മനാ സിദ്ധിച്ചതുമല്ല. സമൂഹം അവളിൽ അടിച്ചേൽപ്പിച്ചതാണീ പരിവേഷങ്ങൾ. സ്ത്രീശാക്തീകരണത്തിൽ സിനിമയിലെ ഇത്തരം കഥാപാത്രങ്ങളുടെ പങ്ക് ചെറുതല്ല. ഓരോ കാലഘട്ടത്തിലെ സ്ത്രീകഥാപാത്രങ്ങളും നമ്മെ ഓർമിപ്പിക്കുന്നത് നാം ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നാണ്. സ്വന്തം ഇഷ്ടങ്ങൾ തിരഞ്ഞെടുക്കുക സ്വന്തം കാലിൽ നിൽക്കുക ആരെയും ഭയപ്പെടാതെ ജീവിക്കുക എന്നതാണ് ഓരോ കഥാപാത്രവും നൽകുന്ന സന്ദേശം. സ്ത്രീത്വത്തിന്റെ മുദ്ര പതിയിച്ച നായികമാർ ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi