ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ് 'ആഷിഖി' (1990). രാഹുൽ റോയും അനു അഗർവാളും പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമയിലെ, പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കുമാർ സാനു, പ്രശസ്തസംഗീതസംവിധായകരായ നദീം-ശ്രാവൺ തുടങ്ങിയവരുടെ കരിയർ സ്ഥാപിക്കുന്നതിലും 'ആഷിഖി'യിലെ പാട്ടുകൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് കമ്പനികളിലൊന്നായ ടി-സീരീസിന്റെ നല്ല കാലം തുടങ്ങുന്നതും ഈ സിനിമയോടെയാണ്. 

ജാനേ ജിഗർ ജാനേമൻ, മേ ദുനിയാ ഭുലാ ദൂംഗാ, നസർ കെ സാമ്‌നെ, തൂ മേരി സിന്ദഗി ഹേ, ദിൽ കാ ആലം, അബ് തേരെ ബിൻ, ധീരെ ധീരെ സെ മേരി സിന്ദഗി, മേരാ ദിൽ തേരെ ലിയെ...ഇങ്ങനെ എല്ലാം ഒന്നിനൊന്ന് മനോഹരമായ പാട്ടുകൾ. രണ്ടുകോടിയോളം കാസറ്റുകളാണ് വിറ്റുപോയത്. ടി-സീരീസിന്റെ വളർച്ചയ്ക്ക് ഇതൊരു വലിയ കാരണമായി. 1985-ൽ 20 കോടി ആയിരുന്നു കമ്പനിയുടെ വാർഷിക വിറ്റുവരവ്. 1991 ആയപ്പോഴേക്കുമത് 200 കോടിയായി, 1997-ൽ 500 കോടിയും. ഗുൽഷൻ കുമാർ ആണ്  ടി-സീരീസ് സ്ഥാപിച്ചത്. 

പഞ്ചാബിലാണ് ഗുൽഷൻ ജനിച്ചത്. പിന്നീടാണ് ജീവിക്കാനായി ഡൽഹിയിലേക്കെത്തുന്നത്. ആദ്യമൊരു ജ്യൂസ് വിൽക്കുന്ന കട തുടങ്ങി. അവിടെ ജ്യൂസ് കുടിക്കാൻ വരുന്നവരിൽനിന്നാണ് സംഗീതത്തോട് ആളുകൾക്കുള്ള താത്പര്യം അദ്ദേഹം തിരിച്ചറിയുന്നത്. അവിടുന്നാണ് ഇന്ത്യൻ സംഗീതവിപണിയുടെ തലപ്പത്തേക്കുള്ള യാത്ര തുടങ്ങുന്നതും. 1983-ൽ സൂപ്പർ കാസറ്റ്‌സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മ്യൂസിക് ലേബൽ എന്ന പേരിൽ ചെറിയൊരു കമ്പനി തുടങ്ങി. ആ ലേബലിൽ ഹിന്ദി സിനിമാ പാട്ടുകളുടെ വ്യാജപതിപ്പുകൾ വിറ്റുതുടങ്ങി. ജ്യൂസും സംഗീതവും കൂടി അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി. ആദ്യകാലത്ത് നോയ്ഡയിലായിരുന്നു കമ്പനിയുടെ ഓഫീസ്. ബിസിനസിന് ചെറിയ വളർച്ചയുണ്ടെന്ന് മനസ്സിലായപ്പോൾ മുംബൈയിലേക്ക് മാറി. അവിടുന്നാണ് ടി-സീരീസ് എന്ന് പേരുമാറ്റുന്നതും സിനിമാരംഗത്തേക്ക് കടക്കുന്നതും. 

1984-ലാണ് ടി-സീരീസിന്റെ ലേബലിൽ ആദ്യസിനിമയിറങ്ങുന്നത്. എന്നാൽ, ശ്രദ്ധിക്കപ്പെടുന്നത് 'ഖയാമത്ത് സെ ഖയാമത്ത് തക്' (1988) ഇറങ്ങിയപ്പോഴാണ്. അതിലെ പാട്ടുകളെല്ലാം ഇൻസ്റ്റന്റ് ഹിറ്റായി. പാപാ കെഹതെ ഹെ, ഏ മേരെ ഹംസഫർ, അകേലേ ഹെ തോ ക്യാ ഗം ഹെ, ഗസബ് കാ ദിൻ...അതോടെ കമ്പനിയുടെ നല്ല കാലം തുടങ്ങി. 

പക്ഷേ, 'ആഷിഖി' എന്ന സിനിമയിലൂടെയാണ് ടി-സീരീസിന്റെ പേര് ആളുകൾക്കിടയിൽ കൂടുതൽ പരിചിതമാവുന്നത്. ഇന്ത്യൻ സംഗീതരംഗത്ത് 90-കളിൽ ഒരു കുതിച്ചുചാട്ടമുണ്ടാവാൻ കാരണവും ടി-സീരീസ് എന്ന ലേബൽ തന്നെ. 'ആഷിഖി'യുടെ വിജയത്തിനുശേഷം നദീം-ശ്രാവൺ സഖ്യവും ടി-സീരീസും കുറേ പാട്ടുകളിൽ ഒരുമിച്ചു. 

ഞെട്ടലായി ആ മരണം
ഉയരങ്ങളിലേക്ക് കുതിക്കുന്തോറും ഗുൽഷൻ കുമാറിനെതിരെ നിരന്തരം ഭീഷണിസന്ദേശങ്ങളും വന്നുകൊണ്ടിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി നേരത്തെ തന്നെ ഗുൽഷൻ കുമാറിനെ നോട്ടമിട്ടിരുന്നു. പണത്തിനായുള്ള ഭീഷണികൾ തുടർന്നെങ്കിലും, അതിനെയൊക്കെ ഗുൽഷൻ പ്രതിരോധിച്ചു. 1997 ജൂലായിൽ ഗുൽഷനെതിരെ വധശ്രമം നടന്നെങ്കിലും ബോഡിഗാർഡ് അദ്ദേഹത്തെ രക്ഷപ്പെടുത്തി. 

ഓഗസ്റ്റ് 5-നും 8-നുമായി വീണ്ടും ഭീഷണി ഫോൺകോളുകൾ വന്നു. അതൊന്നും അദ്ദേഹം ശ്രദ്ധിച്ചതേയില്ല. ഓഗസ്റ്റ് 12-ന് പതിവുപോലെ അന്ധേരിയിലെ ജിതേശ്വർ മഹാദേവ് മന്ദിറിലെത്തിയതായിരുന്നു അദ്ദേഹം. അവിടുന്നാണ് അദ്ദേഹത്തിന്റെ ഒരുദിവസം തുടങ്ങുന്നത്. വർഷങ്ങളായുള്ള പതിവാണത്. ക്ഷേത്രത്തിൽനിന്ന് തിരിച്ചുവരുമ്പോഴാണ് രണ്ടുപേർ അടുത്തെത്തിയത്. 'കുറേ പൂജ ചെയ്തല്ലോ, ഇനി മുകളിൽ പോയി ചെയ്‌തോ' എന്നും പറഞ്ഞ് അവർ അദ്ദേഹത്തിനെതിരെ 16 തവണ വെടിയുതിർത്തു. അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഡ്രൈവർക്കും വെടിയേറ്റു. വെടിയേറ്റ് ഗുൽഷൻ നടുറോഡിൽ കിടന്നെങ്കിലും ആരും അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചില്ല. ഒടുവിൽ ആ വഴിയിൽ തന്നെ ഗുൽഷൻ കുമാർ എന്ന കാസറ്റ് രാജാവ് മരിച്ചുവീണു. 

നദീം-ശ്രാവൺ സഖ്യമാണ് ആ കൊലപാതകത്തിന് പിന്നിലെന്നാണ് ആദ്യം പുറത്തുവന്ന വിവരം. ഗുൽഷനുമായുള്ള ചില പ്രശ്‌നങ്ങളുടെ പേരിൽ, നദീം-ശ്രാവൺ അദ്ദേഹത്തിനെതിരെ ക്വട്ടേഷൻ കൊടുത്തതാണെന്ന് വാർത്തകൾ പരന്നു. എന്നാൽ, ഡി-കമ്പനി കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. കൊലപാതകക്കുറ്റം ഏറ്റെടുത്ത് ഒരാൾ മുന്നോട്ടുവരികയും ചെയ്തു. 

ആ സംഭവത്തോടെയാണ് നദീം-ശ്രാവണും ടി-സീരീസും തമ്മിലുള്ള ബന്ധം അവസാനിക്കുന്നത്. അതിനുശേഷം ഗുൽഷൻ കുമാറിന്റെ മകൻ ഭൂഷൺ കുമാറും ഗുൽഷന്റെ സഹോദരൻ കൃഷൻ കുമാറും കമ്പനിയുടെ നേതൃത്വം ഏറ്റെടുത്തു. ഇന്നും ഇന്ത്യൻ സംഗീതവിപണിയിലെ ഒരു വലിയ പേരുതന്നെയാണ് ടി-സീരീസ്.