തമിഴക കുടുംബങ്ങളുടെ പ്രിയതാരം ശിവകാര്‍ത്തികേയന്‍ എആര്‍ മുരുകദോസ് സംവിധാനം ചെയ്ത 'മദ്രാസി'യിലൂടെ ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ ചുവടുറപ്പിക്കുന്നു. എസ്‌കെയുടെ അഭിനയത്തെ പ്രശംസിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്, സംവിധായകരായ ശങ്കര്‍, ലിംഗുസ്വാമി, ആനന്ദ് ശങ്കര്‍ എന്നിവരും രംഗത്തെത്തിക്കഴിഞ്ഞു.

To advertise here,

മിമിക്രി വേദികളിലും ചാനല്‍ ഷോകളിലും സജീവമായി നടന്ന ശിവ ചെറിയൊരു കാലംകൊണ്ടാണ് തമിഴ്‌സിനിമയില്‍ താരമായി ഉദിച്ചുയര്‍ന്നത്,അതിശയിപ്പിക്കുന്നതായിരുന്നു ആ വളര്‍ച്ച. വരുത്തപ്പെടാത്ത വാലിബര്‍സംഘം, രജനിമുരുകന്‍, റെമോ, വേലൈക്കാരന്‍, സീമരാജ, നമ്മവീട്ട് പിള്ളൈ, ഹീറോ, ഡോക്ടര്‍, പ്രിന്‍സ്, മാവീരന്‍, അമരന്‍ തുടങ്ങി നായകനായെത്തിയ ചിത്രങ്ങളുടെ തുടര്‍വിജയങ്ങള്‍ ശിവകാര്‍ത്തികേയനെ കോടികള്‍ വിലയുള്ള നടനാക്കിമാറ്റി.

സിനിമാപാരമ്പര്യം ഒന്നുംതന്നെയില്ലാത്ത കുടുംബത്തില്‍ നിന്നാണ് ശിവ സിനിമയിലേക്ക് ഇറങ്ങുന്നത്. പോലീസ് ഓഫീസറായിരുന്ന അച്ഛനായിരുന്നു കുട്ടിക്കാലം മുതല്‍ക്കേ ശിവയുടെ ഹീറോ. ഐപിഎസ് ആയിരുന്നു സ്‌കൂള്‍കാലത്തെ സ്വപ്‌നം. ജോലിയിലിരിക്കെയാണ് അച്ഛന്‍ മരണപ്പെടുന്നത്. അതുകൊണ്ട് തന്നെ വീട്ടുകാര്‍ക്ക് ശിവയെ പിന്നീട് ആ വഴിയിലേക്ക് പറഞ്ഞയക്കാന്‍ താല്‍പ്പര്യമുണ്ടായില്ല.

 എഞ്ചിനീയറിങ്ങ് പഠിച്ചവന്‍ സിനിമയെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത് തുടക്കത്തില്‍ കുടുംബത്തിലെല്ലാവരേയും ചൊടിപ്പിച്ചു. യാതൊരു റൂട്ട് മാപ്പും കയ്യിലില്ലാതെയായിരുന്നു സിനിമയിലേക്കുള്ള എടുത്തുചാട്ടം. അച്ഛനില്ലാത്ത കുട്ടി വഴിതെറ്റിപ്പോയെന്ന് ആരെക്കൊണ്ടും പറയിക്കില്ല എന്ന ചിന്ത അക്കാലത്ത് മനസ്സില്‍ ശക്തമായിരുന്നെന്ന് ശിവതന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.

സിനിമസ്വപ്‌നം കണ്ടിറങ്ങിയവന്റെ കയ്യില്‍ മിമിക്രിയായിരുന്നു ആകെയുണ്ടായിരുന്ന തുറുപ്പ് ചീട്ട്. നിരന്തരമായ പരിശ്രമത്തിലൂടെ പിന്നീട് പടവെട്ടിനേടിയതാണ് ഇന്ന് കാണുന്നതെല്ലാം. മിനിസ്‌ക്രീനിലൂടെയാണ് ശിവ വെള്ളിത്തിരയിലേക്കെത്തുന്നത്. 2012ല്‍ പാണ്ഡിരാജ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അതേവര്‍ഷം തന്നെ ധനുഷിന്റെ 'ത്രീ'യില്‍ നായകന്റെ സുഹൃത്ത് വേഷം. 2013ല്‍ മൂന്നുചിത്രങ്ങള്‍.

'കെഡി ബില്ല കിലാഡി രംഗ' ഹിറ്റായതോടെ യുവനിരയിലേക്ക് ഉയര്‍ന്നു. 2014-ല്‍ റിലീസ് ചെയ്ത 'മാന്‍കരാട്ടെ' തലവരമാറ്റി എഴുതി. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പ്രണയത്തിനായി നായകന്‍ പെണ്‍വേഷത്തിലെത്തിയ റെമോയിലൂടെ ശിവയുടെ സ്ത്രീവേഷവും പ്രേക്ഷകര്‍ കണ്ടു. ഫഹദിനൊപ്പം അഭിനയിച്ച വേലൈക്കാരനും പൊന്‍ റാം സംവിധാനംചെയ്ത സീമരാജയും കോളിവുഡില്‍നിന്ന് കോടികളാണ് വാരിയത്. മാവീരന്റേയും അമരന്റേയും സ്വീകാര്യത ഈയിടെ നമ്മള്‍ നേരില്‍ കണ്ടതാണ്.

നായകന്‍, നിര്‍മാതാവ്, പാട്ടെഴുത്തുകാരന്‍, ഗായകന്‍ എന്നിങ്ങനെ ചെറിയൊരുകാലംകൊണ്ട് ശിവകാര്‍ത്തികേയന്‍ സിനിമയുടെ മറ്റുമേഖലകളിലേക്കുകൂടി പടര്‍ന്നുകയറി. വന്‍വിജയങ്ങള്‍ കൂട്ടുവരുമ്പോഴും കഥകളുടെ തിരഞ്ഞെടുപ്പിനെകുറിച്ച് ശിവയ്ക്ക് കൃത്യമായ ധാരണയുണ്ട്. ''കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ കഴിയുന്ന കഥകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. പ്രേക്ഷകന് ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനൊപ്പം വ്യക്തിക്കും സമൂഹത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആശയങ്ങള്‍കൂടി സിനിമയില്‍ ഉള്‍പ്പെടുത്തുക എന്നത് എന്റെ ലക്ഷ്യമാണ്'' -തിരക്കഥയെകുറിച്ചുള്ള കാഴച്ചപ്പാടുകള്‍ യുവതാരം വിശദീകരിച്ചു.

പുതിയചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ ആഹ്ളാദം ശിവ പങ്കുവച്ചു. രുക്മിണി വസന്ത് നായികയായ ‘മദ്രാസി’യിലെ ഗാനങ്ങള്‍ ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ശ്രീ ലക്ഷ്മി മൂവീസ് നിര്‍മ്മിച്ച ചിത്രത്തില്‍ ബിജു മേനോനും മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi