ബോളിവുഡ് നടന്‍ സുഷാന്ത് സിങ് രജ്പുത്ത് ആത്മഹത്യ ചെയ്തപ്പോള്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന പേരാണ് റിയ ചക്രബര്‍ത്തിയുടേത്. അതിനുശേഷം കുറേക്കാലം സിനിമയില്‍നിന്നെല്ലാം അകന്ന് ജീവിക്കുകയായിരുന്നു റിയ. ഇപ്പോള്‍ പുതിയൊരു പോഡ് കാസ്റ്റ് ഷോയുമായി റിയ രംഗത്തെത്തിയിരിക്കുകയാണ്. പോഡ്കാസ്റ്റില്‍ ആദ്യ അതിഥിയായി എത്തിയത് സുഷ്മിത സെന്‍ ആണ്. അതില്‍ സുഷ്മിതയുമായുള്ള സംസാരത്തില്‍ തന്റെ പല കാര്യങ്ങളും റിയ തുറന്നുപറയുന്നുണ്ട്.

''എന്റെ ജീവിതത്തിലെ ആദ്യത്തെ ചാപ്റ്ററിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെ ഞാന്‍ കടന്നുപോയി, എന്റെ തന്നെ പല ഭാവങ്ങള്‍. ഇതെന്റെ പുതുജന്‍മം പോലെയാണ്. ജീവിതത്തില്‍ ഒരു രണ്ടാം അധ്യായമുള്ള എല്ലാവര്‍ക്കുമൊപ്പം എനിക്കെന്റെ പുതുജന്‍മം ആഘോഷിക്കണമെന്നുണ്ട്. പുതിയ കാര്യങ്ങള്‍ തുടങ്ങി, മുന്നോട്ടുപോവണം''.

റിയ പറഞ്ഞതുപോലെ തന്നെ പോഡ്കാസ്റ്റിന്റെ പേരും ചാപ്റ്റര്‍ 2 എന്നാണ്. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു രണ്ടാം ജന്‍മമാണെന്നാണ് അവര്‍ പറയുന്നത്. ഷോയില്‍ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ചും സാമ്പത്തികനിലയെക്കുറിച്ചും സുശാന്തിന്റെ മരണശേഷം റിയയെക്കുറിച്ച് ആളുകള്‍ക്കുണ്ടായ അഭിപ്രായങ്ങളെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. എങ്ങനെയാണ് തന്റെ ദൈനംദിന ചെലവുകള്‍ നടത്തുന്നതെന്നും റിയ പറയുന്നുണ്ട്. ''പലര്‍ക്കും എന്നെ സിനിമയില്‍ കാസ്റ്റ് ചെയ്യാന്‍ പേടിയാണ്. എനിക്ക് ഇപ്പോഴുള്ള ഇമേജ് തന്നെ കാരണം. അതുകൊണ്ട് സിനിമ പൂര്‍ണമായും ഒഴിവാക്കി. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും വേറെ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. മോട്ടിവേഷണല്‍ സ്പീക്കറായും ജോലി ചെയ്യുന്നു, അങ്ങനെയാണ് പണമുണ്ടാക്കുന്നത്''. 

ആളുകളുടെ മനസ്സില്‍ തന്നെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ചും റിയ വിശദീകരിക്കുന്നു. ''ഞാനൊരു മുറിയില്‍ കയറുമ്പോഴേക്കും അത് ധ്രുവീകരിക്കപ്പെടുന്നത് എനിക്ക് പെട്ടെന്ന് മനസ്സിലാവും. ഇവള്‍ ദുര്‍മന്ത്രവാദിനിയാണ് എന്ന് ചിലര്‍ കരുതുമ്പോള്‍ മറ്റുചിലര്‍ കരുതുന്നത് കരുത്തുള്ള പെണ്‍കുട്ടിയെന്നാണ്''.  

placeholder
ഒരു ചടങ്ങില്‍നിന്ന് / ഫോട്ടോ: PTI

സുഷാന്തിന്റെ മരണവും കേസുകളും
2020 ജൂണ്‍ 14-നാണ് ബാന്ദ്രയിലെ വീട്ടില്‍ സുഷാന്ത് തൂങ്ങിമരിക്കുന്നത്. സുഷാന്തും റിയയും പ്രണയത്തിലായിരുന്നു. ഒരുമാസം കഴിഞ്ഞപ്പോഴേക്കും സുഷാന്തിന്റെ അച്ഛന്‍ റിയയ്‌ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും വഞ്ചനയ്ക്കും കേസ് കൊടുക്കുകയും ചെയ്തു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റും പുറത്തുവിടുമെന്ന് പറഞ്ഞ് സുഷാന്തിനെ റിയ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛന്‍ ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം മരിക്കുന്നതിനുമുമ്പ് സുഷാന്ത് സഹോദരിയെ അറിയിച്ചിരുന്നുവത്രേ. 

ഓഗസ്റ്റ് 7-ന് കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റത്തിന്‍മേല്‍ ഇ.ഡി, റിയയെയും സഹോദരനെയും ചോദ്യം ചെയ്തു. അതിനുപുറകെ സെപ്റ്റംബര്‍ 8-ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തു. സുഷാന്തിന് നല്‍കാനായി മയക്കുമരുന്ന് വാങ്ങിയെന്നതായിരുന്നു കുറ്റം. അങ്ങനെ ഒരു മാസത്തിലേറെ റിയ ജയിലില്‍ കിടന്നു. പിന്നീട് ജാമ്യംകിട്ടി പുറത്തുവരികയും ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലെന്നും കുറ്റംതെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 

പുറത്തിറങ്ങിയ റിയയെ കാത്തിരുന്നത് വിദ്വേഷ പ്രചരണമാണ്. മുംബൈയിലെ പത്രപ്രവര്‍ത്തകര്‍ വരെ ദുര്‍മന്ത്രവാദിനിയെന്നും മറ്റും റിയയെ വിശേഷിപ്പിച്ചു. ബലാത്സംഗം ചെയ്യുമെന്നും വധിക്കുമെന്നും പറഞ്ഞ് പലരും റിയയുടെ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടു. ഇതിനെക്കുറിച്ച് അന്ന് ബി.ബി.സി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. അതില്‍ സുപ്രീം കോടതി സീനിയര്‍ അഭിഭാഷക ഇങ്ങനെ പറഞ്ഞു, ''മാധ്യമങ്ങള്‍ അപ്പോഴേക്കും റിയയെ കുറ്റവാളിയാക്കിക്കഴിഞ്ഞിരുന്നു. അവളെ അവര്‍ കൊലയാളിയാക്കി''.