അമ്പിളിക്കറിയില്ലായിരുന്നു വിരഹിണികളായ എത്രയോ മണവാട്ടിമാരുടെ ഹൃദയഗീതമാണ് താന്‍ പാടി റെക്കോഡ് ചെയ്യാന്‍ പോകുന്നതെന്ന്. അതറിഞ്ഞത് കാലമേറെ കഴിഞ്ഞാണ്. 'ദുബായ് കത്തി'ന്റെ വരികള്‍ കേരളത്തിലെ ഒരു ഗാനമേളാവേദിയില്‍ ലൈവ് ആയി പാടിയ ദിവസം.
'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാല്‍' എന്ന വരി പാടിത്തുടങ്ങിയതും സ്വിച്ചിട്ടപോലെ നിശ്ചലവും നിശബ്ദവുമാകുന്നു സദസ്സ്. എങ്ങും അസ്വസ്ഥമായ മൗനം മാത്രം. മുന്നില്‍ നിരന്നിരിക്കുന്ന സ്ത്രീകളില്‍ ചിലര്‍ തലകുനിക്കുന്നു, മറ്റ് ചിലര്‍ കണ്ണീരൊപ്പുന്നു. ഏഴ് മിനിറ്റോളം നീണ്ട പാട്ട് പാടിത്തീര്‍ന്നപ്പോള്‍, സദസ്സില്‍ നിന്നുയര്‍ന്ന നിലയ്ക്കാത്ത കൈയടി ഇന്നുമുണ്ട് അമ്പിളിയുടെ കാതുകളില്‍; നാല് പതിറ്റാണ്ടിനിപ്പുറവും.
''ഒരു പാട്ടിന് മനുഷ്യമനസ്സിനെ എത്രത്തോളം ആഴത്തില്‍ സ്പര്‍ശിക്കാനും സ്വാധീനിക്കാനും കഴിയുമെന്ന് തിരിച്ചറിഞ്ഞ അപൂര്‍വ നിമിഷങ്ങളായിരുന്നു അവ'' അമ്പിളിയുടെ വാക്കുകള്‍. ചെന്നൈ എച്ച്.എം.വി. സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ 43 വര്‍ഷം മുന്‍പ് ആ പാട്ട് പാടാന്‍ നില്‍ക്കുമ്പോള്‍ അതിത്രത്തോളം ജനപ്രിയമാകുമെന്നോ സാധാരണക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കുമെന്നോ സങ്കല്പിച്ചിട്ടില്ല അമ്പിളി. പതിവുപോലെ ഗ്രാമഫോണ്‍ കമ്പനിക്കുവേണ്ടി മറ്റൊരു മാപ്പിളപ്പാട്ടുകൂടി, അത്ര മാത്രം. പക്ഷേ, താന്‍ പാടി റെക്കോഡ് ചെയ്തത് വെറുമൊരു മാപ്പിളപ്പാട്ടല്ല എന്നറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ അന്ന് 20 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഗായിക. ''ആ പാട്ടിന്റെ കൈപിടിച്ച് ഏകാന്തദുഃഖങ്ങളും വിഷാദരോഗവും വരെ മറികടക്കാന്‍ ശ്രമിച്ച കഥകള്‍ പലരും വിവരിച്ച് കേള്‍ക്കുമ്പോള്‍ വിസ്മയം തോന്നാറുണ്ടിപ്പോഴും.'' അമ്പിളിയുടെ വാക്കുകള്‍. എസ്.എ. ജമീല്‍ എഴുതി ചിട്ടപ്പെടുത്തിയ ആ ഗാനത്തിന് വാദ്യവിന്യാസം നിര്‍വഹിച്ചത് പ്രഗല്ഭ വയലിനിസ്റ്റും വിഖ്യാതമായ വിശ്വനാഥന്‍ രാമമൂര്‍ത്തി സഖ്യത്തിന്റെ ഭാഗവുമായിരുന്ന സാക്ഷാല്‍ ടി.കെ. രാമമൂര്‍ത്തി.

യൂട്യൂബില്‍ ദുബായ് കത്തിന്റെ വീഡിയോയ്ക്ക് താഴെ ചിതറിക്കിടക്കുന്ന കമന്റുകളില്‍ ചിലതെങ്കിലും മനസ്സില്‍ തട്ടും. ''എന്റെ ഉപ്പ ഗള്‍ഫിലായിരുന്ന കാലത്ത് ഉമ്മ ദിവസവും രാപ്പകലെന്നില്ലാതെ ആവര്‍ത്തിച്ച് കേട്ട് കരഞ്ഞിരുന്ന പാട്ടാണിത്. ഇപ്പോള്‍ വിദേശത്തുള്ള എന്റെ ഇക്കായെ ഓര്‍ത്ത് ഞാനും ഇതേ പാട്ട് തന്നെ പാടുന്നു''- ഒരു പെണ്‍കുട്ടിയുടെ ആത്മഗതം.
ഏറനാടന്‍ യുവാക്കള്‍ നാടും വീടും വിട്ട് ജീവനോപാധി തേടി ഗള്‍ഫില്‍ ചേക്കേറിയ കാലത്തിന്റെ വിരഹവിധുരമായ ഓര്‍മകളാണ് ഈ പാട്ടിന്റെ വരികളില്‍ തുളുമ്പിനില്‍ക്കുന്നത്. ജീവിക്കാന്‍വേണ്ടി പ്രവാസികളാകേണ്ടി വന്ന ഭര്‍ത്താക്കന്മാരെ ഓര്‍ത്ത് നാട്ടില്‍ നെടുവീര്‍പ്പിട്ട് കഴിഞ്ഞിരുന്ന ഭാര്യമാര്‍, പ്രത്യേകിച്ച് നവവധുക്കള്‍, ദുബായ് കത്തിന്റെ വരികളില്‍ വായിച്ചറിഞ്ഞത് സ്വന്തം ഹൃദയവികാരങ്ങള്‍ തന്നെ. മൊബൈലും ഇന്റര്‍നെറ്റും വാട്സ്ആപ്പും വീഡിയോ കോളും ഒന്നുമില്ലാതിരുന്ന, ടെലിഫോണ്‍പോലും ആര്‍ഭാടമായിരുന്ന കാലത്ത് ഉള്ളിലെ രഹസ്യാഭിലാഷങ്ങള്‍പോലും ഇത്ര കൃത്യമായി, ആത്മാര്‍ഥതയോടെ പാട്ടിലേക്ക് പകര്‍ത്താന്‍ ഒരു എഴുത്തുകാരന് എങ്ങനെ കഴിഞ്ഞു എന്നോര്‍ത്ത് അദ്ഭുതപ്പെട്ടിരിക്കണം അന്നത്തെ തലമുറ.
ഭാര്യമാരുടെ മനശാസ്ത്രം
ആ എഴുത്തുകാരന്‍ ഇന്നില്ല. നിലമ്പൂര്‍ സ്വദേശി സയ്യദ് അബ്ദുള്‍ ജമീല്‍ ഓര്‍മയായിട്ട് വര്‍ഷം ഇരുപതാകുന്നു. സാങ്കേതികവിദ്യ സങ്കല്പങ്ങള്‍ക്കതീതമായി പുരോഗമിച്ച ഇക്കാലത്ത് കത്ത് എന്ന ആശയംതന്നെ അപ്രസക്തമായി. മനുഷ്യന്റെ വിരല്‍ത്തുമ്പിലാണ് ലോകമിപ്പോള്‍. അതുകൊണ്ടുതന്നെ വിരഹവും വിപ്രലംഭ ശൃംഗാരവുമൊക്കെ കഥകളില്‍ മാത്രം.
'യൗവനത്തേന്‍ വഴിഞ്ഞേ പതിനേഴിന്റെ പൂവനപ്പൂ കൊഴിഞ്ഞേ, താരുണ്യത്തില്‍ കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ ഞാന്‍ കാഴ്ചപ്പണ്ടം മാത്രമായി, ഉഴിഞ്ഞിട്ട നേര്‍ച്ചക്കോഴി പോലെയായി' എന്ന് പരിതപിക്കുകയും 'ഞാനൊന്നു ചോദിക്കുന്നു ഈ കോലത്തില് എന്തിനു സമ്പാദിക്കുന്നു, ഒന്നുമില്ലെങ്കിലും തമ്മില്‍ കണ്ടുകൊണ്ട് നമ്മള്‍ രണ്ടുമൊരു പാത്രത്തില്‍ ഉണ്ണാമല്ലോ, ഒരു പായ് വിരിച്ചൊന്നിച്ചുറങ്ങാമല്ലോ' എന്ന് സ്വപ്‌നം കാണുകയും ചെയ്യുന്ന ഭാര്യമാരുടെ കാലവും അസ്തമിച്ചു. 'ദുബായ് കത്തി'ന്റെ ഗൃഹാതുരസൗന്ദര്യത്തിന് അതുകൊണ്ടൊന്നും മങ്ങലേറ്റിട്ടില്ലെന്ന് മനസ്സിലാക്കാന്‍ യൂട്യൂബ് ഒന്ന് സന്ദര്‍ശിക്കുകയെ വേണ്ടൂ; പാട്ടിന് ചുവട്ടിലെ കമന്റുകള്‍ വായിച്ചുനോക്കുകയും.
അമ്പിളിയുടെ കൗമാരശബ്ദത്തില്‍ ദുബായ് കത്ത് ഗ്രാമഫോണ്‍ റെക്കോഡായി എച്ച്.എം.വി. പുറത്തിറക്കിയത് 1977-ലാണ്. എന്നാല്‍ അതിന് മുന്‍പുതന്നെ ജമീല്‍ എഴുതി ചിട്ടപ്പെടുത്തിയ ആ പാട്ടിന്റെ ഖ്യാതി നാടെങ്ങും വ്യാപിച്ചിരുന്നു. ഗാനമേളയ്ക്ക് അകമ്പടി സേവിക്കാന്‍ വന്ന ഏതോ തബലിസ്റ്റാണ് 'കൊടുംചതി' എന്ന് ജമീല്‍ തന്നെ വിശേഷിപ്പിച്ച ആ പ്രശസ്തിക്ക് നിമിത്തമായത്. സുഹൃത്തും നാട്ടുകാരനുമായ പ്രമുഖ വ്യവസായി പി.വി. അബ്ദുല്‍ വഹാബിന്റെ ക്ഷണപ്രകാരം ഗാനമേള അവതരിപ്പിക്കാന്‍ അബുദാബിയില്‍ എത്തിയതായിരുന്നു ജമീല്‍. പോകുമ്പോള്‍ പ്രവാസി മലയാളികളെ ആകര്‍ഷിക്കാന്‍ പോന്ന എന്തെങ്കിലും ഒരദ്ഭുതം കൈയില്‍ കരുതണമെന്ന മോഹത്തില്‍നിന്നാണ് 'ദുബായ് കത്ത്' പിറവിയെടുക്കുന്നത്. മനഃശാസ്ത്ര ചികിത്സാരംഗത്തും സജീവമായിരുന്ന ജമീല്‍ സ്വാനുഭവങ്ങളില്‍നിന്ന് കുറിച്ച വരികളായിരുന്നു അവ. ''മാനസികമായ അസ്വസ്ഥകളുമായി അക്കാലത്ത് എന്നെ കാണാന്‍ വന്നിരുന്ന മിക്ക സ്ത്രീകളുടെയും പ്രശ്‌നം കല്യാണം കഴിഞ്ഞ് അധികം കഴിയും മുന്‍പ് ഭര്‍ത്താവിനെ പിരിഞ്ഞ് ജീവിക്കേണ്ടിവന്നതായിരുന്നു.'' ജമീല്‍ ഒരിക്കല്‍ പറഞ്ഞു. ''ദീര്‍ഘമായ ഇടവേളകളില്‍ വന്നെത്തിയിരുന്ന കത്തുകള്‍ക്കായുള്ള കാത്തിരിപ്പായിരുന്നു അവരുടെ ജീവിതം. മക്കള്‍ വളര്‍ന്നുവരുന്നത് കാണാന്‍ ഭാഗ്യമില്ലാത്ത ഭര്‍ത്താക്കന്മാര്‍. പ്രിയതമന്റെ സാമീപ്യംപോലും നിഷേധിക്കപ്പെടുന്ന ഭാര്യമാര്‍. അത്തരം അനുഭവങ്ങളാണ് എന്നെക്കൊണ്ട് ദുബായ് കത്ത് എഴുതിച്ചത്. ഒരൊറ്റ രാത്രികൊണ്ട് എഴുതി ട്യൂണ്‍ ചെയ്ത പാട്ടാണത്. അക്ഷരാര്‍ഥത്തില്‍ മാപ്പിളപ്പാട്ടല്ല; എങ്കിലും പശ്ചാത്തലം ഒന്നുതന്നെ.''

വഹാബിന്റെ വീട്ടിലായിരുന്നു ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ റിഹേഴ്സല്‍. പുതിയ പാട്ട് ആദ്യമായി കാസറ്റില്‍ റെക്കോഡ് ചെയ്യപ്പെട്ടതും അന്നുതന്നെ. ഇനിയാണ് തമാശ. പാട്ട് പകര്‍ത്തിയ കാസറ്റുമായി ഇരുചെവിയറിയാതെ'കടന്നുകളഞ്ഞ' ഗ്രൂപ്പിലെ തബലക്കാരന്‍, ചൂടോടെ അത് സുഹൃത്തായ കടയുടമയ്ക്ക് കൈമാറുന്നു.'ദുബായ് കത്തി'ന്റെ കച്ചവടമൂല്യം തിരിച്ചറിഞ്ഞ സുഹൃത്ത് ആദ്യം ചെയ്തത് കാസറ്റിന്റെ നൂറുകണക്കിന് കോപ്പിയെടുത്ത് വില്‍പ്പനയ്ക്ക് വെക്കുകയാണ്. രണ്ടോ മൂന്നോ ദിവസത്തിനകം അബുദാബിയിലെ മലയാളികള്‍ക്കിടയില്‍ ജമീലിന്റെ കത്തുപാട്ടിന്റെ ഖ്യാതി പടരുന്നു. പാട്ട് ചൂടോടെ വിറ്റുപോയിട്ടും പാട്ടുകാരന്‍ അജ്ഞാതനായി തുടര്‍ന്നു എന്നതാണ് വിരോധാഭാസം. ചതിയുടെ കഥയറിഞ്ഞ് ജമീല്‍ പൊട്ടിത്തെറിച്ചുപോയത് സ്വാഭാവികം. എന്തുചെയ്യാം? അതിനകം കടല്‍ കടന്ന് കേരളത്തിലും എത്തിക്കഴിഞ്ഞിരുന്നു ദുബായ് കത്തിന്റെ ഖ്യാതി.
കത്തുപാട്ടിന്റെ അഭൂതപൂര്‍വമായ ജനപ്രീതിയാണ് ഗ്രാമഫോണ്‍ റെക്കോഡ് ഇറക്കാന്‍ എച്ച്.എം.വി.യെ പ്രേരിപ്പിച്ചത്. അതിനുമുന്‍പ് എച്ച്.എം.വി.യുടെ തന്നെ ഒന്നുരണ്ട് ഹിറ്റ് മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ക്ക് ശബ്ദം പകര്‍ന്നിരുന്ന അമ്പിളിയെ ഗായികയായി നിശ്ചയിക്കുന്നു കമ്പനി. ''എച്ച്.എം.വി.യില്‍നിന്ന് കൃഷ്ണാജി എന്ന ഉദ്യോഗസ്ഥനാണ് എന്നെ പാടാന്‍ വിളിച്ചത്''-അമ്പിളിയുടെ ഓര്‍മ. ''ചെന്നപ്പോള്‍ ജമീല്‍ സാഹിബും രാമമൂര്‍ത്തി സാറും സ്ഥലത്തുണ്ട്. ജമീല്‍ സാഹിബ് ഒറ്റയിരിപ്പില്‍ പാടിപ്പഠിപ്പിച്ചശേഷം നേരേ റെക്കോഡിങ്ങിലേക്ക് കടക്കുകയായിരുന്നു. രഘു മാസ്റ്റര്‍ ആണ് സൗണ്ട് എന്‍ജിനീയര്‍. ആദ്യ ടേക്കില്‍ തന്നെ പാട്ട് ഓക്കേ. പിന്നാലെ ഭാര്യയ്ക്ക് ഭര്‍ത്താവയയ്ക്കുന്ന മറുപടിയുടെ രൂപത്തില്‍ ജമീല്‍ സാഹിബിന്റെ ശബ്ദത്തില്‍ മറ്റൊരു പാട്ടും റെക്കോഡ് ചെയ്തു.''
പ്രേംനസീറിന്റെ വാക്കുകള്‍
പാട്ടുകേട്ട് ആദ്യം ലഭിച്ച അഭിനന്ദനങ്ങളില്‍ ഒന്ന് നിത്യഹരിതനായകനായ പ്രേംനസീറില്‍നിന്നായിരുന്നു എന്നോര്‍ക്കുന്നു അമ്പിളി. ഒരുദിവസം ഏതോ കല്യാണച്ചടങ്ങില്‍ പങ്കെടുത്തശേഷം ചെന്നൈ സാലിഗ്രാമത്തിലെ അമ്പിളിയുടെ വീട്ടിലെത്തിയതായിരുന്നു നസീറും ബഹദൂറും സംവിധായകന്‍ ശശികുമാറും. ആവേശഭരിതരായാണ് മൂവര്‍ സംഘത്തിന്റെ വരവ്. കല്യാണവീട്ടില്‍വെച്ച് അപ്രതീക്ഷിതമായി കേട്ട 'ദുബായ് കത്തി'നെക്കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല നസീറിന്. ''അവിടെ വന്നവര്‍ മുഴുവന്‍ അമ്പിളിയുടെ പാട്ടിന്റെ ആകര്‍ഷണവലയത്തിലായിരുന്നു. ഇത്രയും അര്‍ഥവത്തായ ഒരു പാട്ട് അടുത്തകാലത്തെങ്ങും കേട്ടിട്ടില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം.'' ആരാധനാപുരുഷനായ നസീറിന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞുപോയെന്ന് അമ്പിളി.
''പാട്ടിന്റെ ഇരുപതിനായിരത്തിലേറെ റെക്കോഡുകളാണ് ഇറങ്ങിയ ഉടന്‍ വിറ്റഴിഞ്ഞത്. അപൂര്‍വമായ ഒരു റെക്കോഡ് ആയിരുന്നു അത്. ഇന്നുമുണ്ട് ആ പാട്ടുകള്‍ക്ക് ആവശ്യക്കാര്‍. നൂറുകണക്കിന് സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ടെങ്കിലും ദുബായ് കത്തിനോളം ജനപ്രീതി നേടിയവ വേറെയുണ്ടോ എന്ന് സംശയം.''
നിരവധി മാപ്പിളപ്പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും എസ്.എ. ജമീലിനെ മലയാളിയുടെ മനസ്സില്‍ കുടിയിരുത്തിയത് ദുബായ് കത്ത് തന്നെയാവണം. ''എന്റെ ജീവിതത്തെ ദുബായ് കത്തിന് മുന്‍പും പിന്‍പും എന്ന് വിഭജിക്കാമെന്ന് തോന്നുന്നു.'' ഒരു കൂടിക്കാഴ്ചയില്‍ കളിയും കാര്യവും ഇടകലര്‍ത്തി ജമീല്‍ പറഞ്ഞു. ''എന്റെ ഏറ്റവും മികച്ച രചനയെന്ന് ദുബായ് കത്തിനെ വിശേഷിപ്പിക്കാനാവില്ല. അതിലും ഗഹനമായ സൃഷ്ടികള്‍ നടത്തിയിട്ടുണ്ട്. എങ്കിലും ജനപ്രീതിയില്‍ ദുബായ് കത്ത് തന്നെ മുന്നില്‍. ചാവക്കാട്ടെയും തലശ്ശേരിയിലെയും മലപ്പുറത്തെയും മറ്റും സാധാരണക്കാരായ സ്ത്രീകള്‍ക്കിടയില്‍ ആ പാട്ടിന് ലഭിച്ച സ്വീകാര്യത അവിശ്വസനീയമായിരുന്നു. അന്ന് ലഭിച്ച കത്തുകളിലൊന്ന് ഇപ്പോഴും ഓര്‍മയിലുണ്ട്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഭര്‍ത്താക്കന്മാരുള്ള ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് എഴുതി ഒപ്പിട്ടയച്ച കത്താണ്. അതില്‍ എഴുതിയിരുന്നത് ഇങ്ങനെ: ''ഞങ്ങള്‍ സ്ത്രീകളുടെ മനസ്സിലെ വികാരവിചാരങ്ങളെയും പ്രതീക്ഷകളെയും പുതുമോഹന സങ്കല്പങ്ങളെയും ഞങ്ങളെക്കാള്‍ നന്നായി തിരിച്ചറിഞ്ഞ് ഗാനത്തില്‍ ആവിഷ്‌കരിച്ച താങ്കളെ വാഴ്ത്താന്‍ വാക്കുകളില്ല.'' പാട്ടില്‍ മയങ്ങി വിവാഹാഭ്യര്‍ഥനകളുമായി തന്നെ സമീപിച്ചവര്‍ വരെയുണ്ടെന്ന് ജമീല്‍.
കത്തുപാട്ടിന് ഒരു മറുപടി എഴുതണം എന്ന് ജമീലിനോട് അഭ്യര്‍ഥിച്ചത് ആസ്വാദകര്‍ തന്നെ. ഭര്‍ത്താവിന്റെ വീക്ഷണകോണില്‍നിന്നുള്ള മറുപടിപ്പാട്ടിന്റെ പിറവി അങ്ങനെയാണ്. 'അബുദാബീലുള്ളൊരു എഴുത്തുപെട്ടി അന്ന് തുറന്നപ്പോള്‍ കത്തുകിട്ടീ എന്‍ പ്രിയേ നീ നിന്റെ ഹൃദയം പൊട്ടി എഴുതിയ കത്ത് ഞാന്‍ കണ്ടു ഞെട്ടി' എന്ന വരികളിലായിരുന്നു പാട്ടിന്റെ തുടക്കം. 'എന്തെന്ത് സുഖഭോഗം നിനക്കിന്നുണ്ടെന്നാലും എന്നും സ്വര്‍ണംവെച്ച് വിളമ്പി നീ തിന്നാലും ഏറെ ഫോറിന്‍ പണം ഗള്‍ഫീന്ന് വന്നാലും എത്രയും സൂക്ഷിച്ചു വീട്ടില്‍ നീ നിന്നാലും, പറ്റിപ്പോകും തെറ്റ് പറ്റിപ്പോകും' എന്നിങ്ങനെ പോകുന്നു പാട്ടിന്റെ വരികള്‍. ''സ്ത്രീയുടെ ശരീരശാസ്ത്രവും മനഃശാസ്ത്രവുമാണ് ഞാന്‍ ആ വരികളില്‍ കോറിയിട്ടത്.'' ജമീലിന്റെ വാക്കുകള്‍.

ഇന്നും ദുബായ് കത്തിന്റെ ആരാധകരെ പതിവായി കണ്ടുമുട്ടാറുണ്ട് അമ്പിളി. ''റിയാലിറ്റി ഷോകളില്‍ പുതിയ കുട്ടികള്‍പോലും ആ ഗാനം പഠിച്ചുപാടുന്നത് കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നും. പാടി റെക്കോഡ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ അത് ഇത്രത്തോളം ഹിറ്റായി മാറുമെന്ന്. എങ്കിലും വരികള്‍ക്ക് അന്നേ എന്തോ പ്രത്യേകത തോന്നിയിരുന്നു. പാട്ടിലെ ആശയത്തിന് പ്രസക്തി നശിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം.'' സിനിമയിലും അല്ലാതെയുമായി ജനപ്രിയങ്ങളായ ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ പാടിയിട്ടുണ്ട് അമ്പിളി. അധികവും എ.ടി. ഉമ്മറിന്റെ സംഗീതത്തില്‍. 'മണിയറ'യില്‍ യേശുദാസിനൊപ്പം പാടിയ 'മിഴിയിണ ഞാന്‍ അടയ്ക്കുമ്പോള്‍ കനവുകളില്‍ നീ മാത്രം' (രചന: പി. ഭാസ്‌കരന്‍) എന്ന പാട്ട് ഏറെ പ്രശസ്തം. അതേ സിനിമയിലെ 'നിനവിന്റെ കായലില്‍', 'മൈലാഞ്ചി'യിലെ 'കോളേജ് ലൈല കോളടിച്ചു, ഇതുവരെ ഇതുവരെ എത്ര രാത്രികള്‍' തുടങ്ങി വേറെയുമുണ്ട് ഹിറ്റായ പാട്ടുകള്‍.
അമ്പിളി എന്ന ഗായികയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് 'ശ്രീഗുരുവായൂരപ്പന്‍'എന്ന ചിത്രത്തിലെ 'ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിനു ഉരുളി നിറച്ചും പാല്‍ച്ചോറു വെച്ചു' എന്ന പാട്ടോടെയാണ്. (ഒ.എന്‍.വി.- ദക്ഷിണാമൂര്‍ത്തി). തുടര്‍ന്ന് 'ഊഞ്ഞാലാ ഊഞ്ഞാലാ' (വീണ്ടും പ്രഭാതം), 'തേടിവരും കണ്ണുകളില്‍' (സ്വാമി അയ്യപ്പന്‍) തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍. പാട്ടില്‍ പഴയപോലെ സജീവമല്ല അമ്പിളി. പക്ഷേ മനസ്സ് നിറയെ ഇന്നും സംഗീതമാണെന്നുപറയുന്നു അവര്‍.
''ചാനലുകളില്‍ മെഗാ ഷോകള്‍ കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കും കാതടപ്പിക്കുന്ന ആരവങ്ങളുടെ അകമ്പടിയോടെ വേദിയില്‍ നിറഞ്ഞുനിന്ന ആ പഴയ കാലത്തെക്കുറിച്ച്. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ എല്ലാം മറക്കുമായിരുന്നു ഞാന്‍. ഇന്നും ഒറ്റയ്ക്ക് കണ്ണടച്ചിരിക്കുമ്പോള്‍ ആ ആരവങ്ങള്‍ വീണ്ടും കാതില്‍ മുഴങ്ങും. പാടണം; അവസാന ശ്വാസംവരെ...''ആരോടെന്നില്ലാതെ അമ്പിളി മന്ത്രിക്കുന്നു.
Content Highlights: ravi menon writes about singer ambili
Published: 07 Apr 2025, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented