2019-ൽ പുറത്തിറങ്ങിയ സിനിമയാണ് 'കബീർ സിങ്'. തെലുഗുസിനിമയായ 'അർജുൻ റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയിരുന്നു 'കബീർ സിങ്'. ഷാഹിദ് കപൂറും കിയാര അദ്വാനിയുമാണ് നായികാനായകൻമാരായത്. സംവിധാനം ചെയ്തത് സന്ദീപ് റെഡ്ഡി വാംഗയും. 'അർജുൻ റെഡ്ഡി' സംവിധാനം ചെയ്തതും സന്ദീപ് തന്നെയായിരുന്നു.

60 കോടിക്ക് നിർമിച്ച സിനിമ, ബോക്‌സോഫീസിൽ തകർത്തുവാരി. 380 കോടിയാണ് തിരിച്ചുപിടിച്ചത്. 2019-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്തു. ഷാഹിദിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് സിനിമ കൂടിയാണത്. സിനിമയിലെ നായകന്റെ ടോക്‌സിസിറ്റിയും മറ്റും ഏറെ വിവാദമായെങ്കിലും, സിനിമ സൂപ്പർഹിറ്റായി.

സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയുടെ പഴയൊരു അഭിമുഖം അതിനിടെ വൈറലാവുകയാണ്. കബീർ സിങ്ങായി രൺവീർ സിങ്ങിനെയായിരുന്നു താൻ ആദ്യം തിരഞ്ഞെടുത്തതെന്ന് പറയുകയാണ് സംവിധായകൻ. എന്നാൽ രൺവീർ അത് നിരസിക്കുകയായിരുന്നുവത്രെ. അങ്ങനെയാണ് ഷാഹിദ് കപൂറിലേക്ക് എത്തുന്നത്.

''അർജുൻ റെഡ്ഡി റീമേക്ക് ചെയ്യാനായി മുംബൈയിൽ നിന്ന് എനിക്ക് തുടർച്ചയായി കോളുകൾ വരുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ ആദ്യം വന്നത് രൺവീർ സിങ്ങായിരുന്നു. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനാണ് ഞാനാഗ്രഹിച്ചത്. പക്ഷേ രൺവീർ വേണ്ടെന്നുവെക്കുകയായിരുന്നു. 'വളരെ ഡാർക്ക് റോൾ' എന്നാണ് അദ്ദേഹം പിൻമാറാനുള്ള കാരണമായി പറഞ്ഞത്''. ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് താൻ ഷാഹിദിലേക്ക് എത്തിയതെന്നും സന്ദീപ് വെളിപ്പെടുത്തുന്നു.

''ഷാഹിദിന്റെ ട്രാക്ക് റെക്കോർഡ് ഒരു ആശങ്ക തന്നെയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഒരു സോളോ ചിത്രം പോലും 100 കോടി നേടിയിരുന്നില്ല. ഏറ്റവും കൂടുതൽ നേടിയത് 65 കോടിയായിരുന്നു. തെലുഗു സിനിമകളുടെ അക്കാലത്തെ ബിസിനസ് പോലും 55 മുതൽ 65 കോടി വരെയായിരുന്നു. അതുകൊണ്ട് എന്തിനാണ് ഷാഹിദിനെ ഉൾപ്പെടുത്തുന്നതെന്ന് പലരും ചോദിച്ചു. രൺവീർ ആയിരുന്നെങ്കിൽ, ഹിറ്റാകുമെന്നായിരുന്നു അവരുടെ അഭിപ്രായം. പക്ഷേ ഷാഹിദിനെക്കുറിച്ച് എനിക്കെന്തോ ഉറപ്പുണ്ടായിരുന്നു. അദ്ദേഹം അത്രയും മികച്ച നടനാണ്''.

അഭിമുഖം വീണ്ടും ചർച്ചയായതോടെ ഇതിനുതാഴെ ആളുകൾ കമന്റുകളുമായെത്തി. 'രൺവീർ അത് ചെയ്യാതിരുന്നത് നന്നായി, ആ സിനിമയുടെ വിജയത്തിനുശേഷം രൺവീറിന് വിഷമം തോന്നിയിട്ടുണ്ടാകാം, അതൊരിക്കലും സംഭവിക്കാതിരുന്നതിന് ദൈവത്തിന് നന്ദി'...കമന്റുകൾ നീളുന്നു.

ചോക്ലേറ്റ് ബോയ് ഇമേജിൽനിന്ന് ഷാഹിദ് കപൂറിന് പൂർണമായി വിടുതൽ കിട്ടിയത് 'കബീർ സിങ്ങി'നുശേഷമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi