മലയാളസിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ കരിയറില്‍ 90-ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കോംബോയും മലയാളികള്‍ പണ്ടുപണ്ടേ ഏറ്റെടുത്തതാണ്. തന്റെ നൂറാമത്തെ ചിത്രം മോഹന്‍ലാലിനോടൊപ്പമായിരിക്കും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍ ഇപ്പോൾ.

To advertise here,

പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇത് വ്യക്തമാക്കുകയും അതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തത്. തന്റെ നൂറാമത്തെ ചിത്രത്തെക്കുറിച്ച് ഇതുവരെ യാതൊരു പദ്ധതിയും ഇല്ലെന്നും, എന്നാല്‍ അത് തീര്‍ച്ചയായും മോഹന്‍ലാലിനൊപ്പമായിരിക്കുമെന്നും പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറഞ്ഞു.

'ഞാനിന്ന് എന്താണോ, അതെല്ലാം അദ്ദേഹമുള്ളതുകൊണ്ടാണ്. അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ ആയില്ലായിരുന്നുവെങ്കില്‍, ഞാനും ഉണ്ടാകുമായിരുന്നില്ല. സിനിമകള്‍ ചെയ്യാന്‍ അദ്ദേഹം എന്നെ ശരിക്കും പ്രോത്സാഹിപ്പിക്കുകയും എന്റെ കരിയറിനെ പിന്തുണയ്ക്കുകയും ചെയ്തു. താനും മോഹന്‍ലാലും ഒരുമിച്ച് വളര്‍ന്നവരാണെങ്കിലും, അദ്ദേഹം ഇപ്പോഴും നിരവധി അവസരങ്ങളുള്ള ഒരു താരമാണെ'ന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

'ആദ്യത്തെ സിനിമ അദ്ദേഹത്തോടൊപ്പമായിരുന്നു. നൂറാമത്തേതും അങ്ങനെ തന്നെയായിരിക്കും. ഇങ്ങനെയൊരു കാര്യം ഒരു സംവിധായകനോ നടനോ ഇതുവരെ സംഭവിച്ചിട്ടില്ല, അവര്‍ ഒരുമിച്ച് ആ സിനിമ ചെയ്യുമ്പോള്‍, ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ഒരു റെക്കോര്‍ഡ് സൃഷ്ടിക്കും' പ്രിയദര്‍ശന്‍ പറയുന്നു.

1984-ല്‍ പുറത്തിറങ്ങിയ 'പൂച്ചക്കൊരു മൂക്കുത്തി' എന്ന കോമഡി ചിത്രത്തിലൂടെയായിരുന്നു പ്രിയദര്‍ശന്റെ സംവിധായകനായുള്ള അരങ്ങേറ്റം. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. പിന്നീടങ്ങോട്ടും അവര്‍ ഒരുമിച്ച് നിരവധി പ്രോജക്ടുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. 2021-ല്‍ പുറത്തിറങ്ങിയ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ആണ് ഇവര്‍ ഒന്നിച്ച ഒടുവിലത്തെ ചിത്രം.

പ്രിയദര്‍ശന്‍ ഇപ്പോള്‍ അക്ഷയ് കുമാറിനെ നായകനാക്കി ഹിന്ദിയില്‍ 'ഭൂത് ബംഗ്ല', 'ഹൈവാന്‍' എന്നീ ചിത്രങ്ങള്‍ ഒരുക്കുകയാണ്. ഹൈവാനില്‍ സെയ്ഫ് അലി ഖാനും അഭിനയിക്കുന്നുണ്ട്. സിനിമയില്‍ മോഹന്‍ലാലും അതിഥിവേഷത്തിലെത്തുമെന്ന് പ്രിയദര്‍ശന്‍ സ്ഥിരീകരിച്ചു.  മമ്മൂട്ടിക്കും ഫഹദ് ഫാസിലിനും ഒപ്പം 'പാട്രിയോട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. നന്ദ കിഷോറിന്റെ 'വൃഷഭ' കൂടാതെ, ജീത്തു ജോസഫിന്റെ 'ദൃശ്യം 3', 'റാം' എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിക്കും. ഇന്ത്യൻ ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കൂടി നേടിയത് മോഹൻലാലിന്‍റെ കിരീടത്തിൽ പുതിയൊരു പൊൻതൂവലായി. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi