സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് സിനിമയിലെ പ്രഭാസിന്റെയും, തൃപ്തി ദിമ്രിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതുവത്സരത്തിൽ പുറത്തുവിട്ടു. പോസ്റ്ററിൽ പ്രഭാസിൻ്റെ രൂപഭാവങ്ങളിലെ തീവ്രതയെപ്പറ്റി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചർച്ചചെയ്യുകയാണിപ്പോൾ. മുറിവേറ്റ ശരീരവും നീണ്ട മുടിയും ഇടതൂർന്ന താടിയുമായി പുറംതിരിഞ്ഞുനിൽക്കുന്ന പ്രഭാസിന് തൃപ്തി സിഗരറ്റ് കത്തിച്ചുകൊടുക്കുന്ന രംഗമാണ് പോസ്റ്ററിലുള്ളത്. പ്രഭാസിന്റെ തോളിലും കൈകളിലും പുറത്തും ബാൻഡേജുകളും കാണാം. അയഞ്ഞ വെളുത്ത പാന്റ്സാണ് വേഷം. ഒരു കയ്യിൽ മദ്യ ഗ്ലാസ്സും പിടിച്ചാണ് നിൽപ്. സാരിയാണ് തൃപ്തിയുടെ വേഷം. അതേസമയം, പ്രഭാസിന്റെ ലുക്കിന് 'അനിമൽ' സിനിമയിലെ രൺബീർ കപൂറിൻ്റെ റഫ് ആൻഡ് ടഫ് ലുക്കുമായി സാമ്യമുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.

പല സോഷ്യൽ മീഡിയ ഉപയോക്താക്കളും ഈ സാമ്യത്തെ പരിഹസിക്കുന്നുണ്ട്, ഇത് 'കട്ട് ആൻഡ് കോപ്പി' ജോലിയാണോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. പ്രഭാസിനേക്കാൾ കൂടുതൽ രൺബീർ കപൂറിനെപ്പോലെ തോന്നുന്നു, ഒറ്റ നോട്ടത്തിൽ രൺബീർ കപൂർ ആണെന്ന് കരുതി, അനിമ‌ലിലെ രൺബീറിൻ്റെ ഹെയർസ്റ്റൈൽ, ശരീരം, ശരീര ഭാഷ, മനോഭാവം എല്ലാമാണ് 'സ്പിരിറ്റി'ന്റെ ഫസ്റ്റ് ലുക്കിൽ കാണുന്നത്, 'അനിമൽ' ലുക്കിൽ രൺബീറിൻ്റെ അത്ര ചേർച്ച പ്രഭാസിനില്ലെന്ന് തോന്നുന്നു, എന്തായാലും വാംഗയ്ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും, ഇങ്ങനെ നീളുന്നു കമന്റുകൾ.

വിവേക് ഒബ്‌റോയ്, കാഞ്ചന, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രഭാസ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ ചെയ്യുന്നത്. തൃപ്തി അദ്ദേഹത്തിന്റെ പ്രണയിനിയായെത്തും. ദീപിക പദുകോൺ ആണ് ആദ്യം ഈ റോളിലേക്ക് കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ തൊഴിൽ മണിക്കൂറുകളുമായി ബന്ധപ്പെട്ട അസൗകര്യങ്ങളെത്തുടർന്ന് സിനിമയിൽ നിന്ന് അവർ പിന്മാറുകയായിരുന്നു. ശേഷമാണ് തൃപ്തിക്ക് ഈ റോൾ ലഭിച്ചത്. എട്ടുമണിക്കൂർ മാത്രമേ ജോലിചെയ്യാനാവൂ എന്ന നിലപാട് പ്രസവശേഷം ദീപിക എടുത്തിരുന്നു. ഈ ആവശ്യം അംഗീകരിക്കാൻ സ്പിരിറ്റ് സംഘം തയ്യാറായിരുന്നില്ല. അങ്ങനെയാണ് ദീപിക ചിത്രത്തിൽ നിന്ന് പുറത്തുപോയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi