തെലുങ്കിലെ ഈശ്വര്‍ എന്ന ആദ്യസിനിമയില്‍തുടങ്ങി ബാഹുബലിയും കഴിഞ്ഞ് ആദിപുരുഷിലേക്കെത്തുമ്പോള്‍ പ്രഭാസ് എങ്ങനെയൊക്കെ മാറി?
സത്യത്തില്‍ വളരെ ഉള്‍വലിഞ്ഞ പ്രകൃതമാണ് ഞാന്‍. ശരിക്കും നാണക്കാരന്‍. എന്റെ ആദ്യസിനിമയില്‍ നായികയെ റോഡില്‍വെച്ച് കെട്ടിപ്പിടിക്കുന്നൊരു സീനുണ്ട്. എനിക്കവരെ തൊടാന്‍ പോലും മടിയായിരുന്നു. ഷൂട്ടിങ് കാണാന്‍ വന്നവര്‍ക്കൊന്നും എന്നെ അറിയില്ലെന്നത് പ്ലസ് പോയിന്റാണ്. എങ്കിലും എന്റെ നാണം മാറുന്നില്ല. അതുകണ്ടപ്പോള്‍ സംവിധായകന്‍ പറഞ്ഞു, ''നീ നാണമൊക്കെ മാറ്റിവെക്കണം, അതില്‍നിന്നൊക്കെ പുറത്തുകടക്കണം''. ഞാന്‍ കൊടുക്കുന്ന അഭിമുഖങ്ങളുടെ കാര്യം തന്നെയെടുക്കാം. മുമ്പായിരുന്നുവെങ്കില്‍ എനിക്കൊരുപാട് സംസാരിക്കാന്‍ പറ്റില്ലായിരുന്നു. ബാഹുബലിക്ക് മുമ്പ് വളരെ കുറവ് അഭിമുഖങ്ങള്‍ മാത്രമേ തെലുങ്കില്‍ പോലും വന്നിട്ടുള്ളൂ. അധികം ആളുകളുമായി ഇടപഴകേണ്ടി വന്നിട്ടില്ല. അതിനുശേഷം എല്ലാം മാറി. പല സംസ്ഥാനങ്ങളില്‍ പോവുന്നു. പല ഭാഷകള്‍ സംസാരിക്കുന്നു. പലതരത്തിലുള്ള ആളുകളെ കാണുന്നു. അങ്ങനെ ആ നാണക്കാരനില്‍നിന്ന് പുറത്തുകടന്നുവെന്നാണ് തോന്നുന്നത്.  

ബാഹുബലി മുതല്‍ ആദിപുരുഷ് വരെ...എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആകെ അഞ്ച് സിനിമയേ റിലീസായിട്ടുള്ളൂ. അത് ബോധപൂര്‍വമാണോ?
അങ്ങനെയല്ല. 2013-ലാണ് 'ബാഹുബലി'യുടെ ഷൂട്ടിങ് തുടങ്ങുന്നത്. അതുമുതല്‍ 'ആദിപുരുഷ്' വരെ പത്ത് വര്‍ഷം കടന്നുപോയതറിഞ്ഞതേയില്ല. ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും രണ്ടുവര്‍ഷം വീതമാണെടുത്തത്. ഒരുപാട് വലിയ കാന്‍വാസില്‍ ആയതുകൊണ്ട് സ്വാഭാവികമായും സമയം ആവശ്യമായിരുന്നു. 'സാഹോ'യുടെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ പരമാവധി ഒരു വര്‍ഷം മതിയെന്നായിരുന്നു കരുതിയത്. പക്ഷേ അതും രണ്ടുവര്‍ഷത്തോളം നീണ്ടുപോയി. 'രാധേ ശ്യാം' തുടങ്ങിയപ്പോഴും വേഗത്തില്‍ തീര്‍ക്കാമെന്ന് വിചാരിച്ചു. പക്ഷേ, ഇവിടെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചത് കോവിഡാണ്. ഷൂട്ടിങ് നീട്ടിവെക്കേണ്ടി വന്നു. പിന്നെ പല പ്രാവശ്യം റിലീസിങ് മാറ്റിവെച്ചു. അങ്ങനെ അതും രണ്ടുവര്‍ഷത്തില്‍ കൂടുതലെടുത്തു. പിന്നെ ആദിപുരുഷ്. അതും രണ്ടുവര്‍ഷത്തോളമെടുത്തു ഷൂട്ടിങ്ങും റിലീസിങ്ങുമെല്ലാമായി. ഒരു സിനിമയ്ക്കായി അത്രയും സമയമെടുക്കുന്നത് എനിക്കിഷ്ടമല്ല. 

20 വര്‍ഷമായി സിനിമയിലെത്തിയിട്ട്. പക്ഷേ, താരമെന്ന രീതിയില്‍ കൂടുതല്‍ അറിയപ്പെട്ടത് 'ബാഹുബലി'ക്കുശേഷമല്ലേ?
സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, ജീവിതത്തിലെ തന്നെ ടേണിങ് പോയിന്റാണ് 'ബാഹുബലി'. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ബാഹുബലി. 2002-ലാണ് എന്റെ ആദ്യപടം റിലീസാവുന്നത്. അതിനുശേഷം തെലുങ്കില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു ശരാശരി താരമായിരുന്നു ഞാന്‍. പ്രഭാസ് എന്ന നടനെ ആളുകള്‍ തിരിച്ചറിയുന്നത് 'ബാഹുബലി'ക്കുശേഷമാണ്. കൂടാതെ കുറേ നല്ല സിനിമകളുടെ ഭാഗമാവാന്‍ പറ്റി. കേരളം, തമിഴ്നാട്, മുംബൈ...ഇങ്ങനെ എല്ലാ സ്ഥലങ്ങളിലുമുള്ള ആളുകളെന്നെ അംഗീകരിക്കാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ അവരോടുള്ള എന്റെ ഉത്തരവാദിത്തവും കൂടി. അവരെ എനിക്ക് സന്തോഷിപ്പിക്കണം. അതിനുകഴിഞ്ഞില്ലെങ്കിലും നിരാശപ്പെടുത്താതിരിക്കുകയെങ്കിലും വേണം. അതുകൊണ്ട് ഞാന്‍ ഓരോ ദിവസവും സ്വയം പുതുക്കിക്കൊണ്ടിരിക്കുകയാണ്. അതിനായുള്ള ശ്രമങ്ങള്‍ പരമാവധി നടത്തുന്നുമുണ്ട്. 

placeholder
prabhas
പ്രഭാസ്/ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

കഥാപാത്രങ്ങള്‍ക്കുവേണ്ടി ഓരോ തവണയും ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് എങ്ങനെയാണ്?
'ബാഹുബലി'യില്‍ അച്ഛന്റെ കഥാപാത്രത്തിനായി നല്ല തടി വേണമായിരുന്നു. പക്ഷേ, മകന്റെ കഥാപാത്രമാണെങ്കില്‍ മെലിഞ്ഞിരിക്കുകയും വേണം. ഫിസിക്കല്‍ ട്രെയിനര്‍മാരുടെ സഹായത്തോടെ ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. ആവശ്യമുള്ളപ്പോള്‍ ഭക്ഷണം കൂടുതല്‍ കഴിച്ചും അല്ലാത്തപ്പോള്‍ നന്നായി ഡയറ്റ് ചെയ്തുമാണ് ശരീരം നിയന്ത്രണത്തിലാക്കിയത്. ഒപ്പം ഫിറ്റ്നസ് ട്രെയിനിങ്ങും. മിക്കവാറും ദിവസങ്ങളില്‍ രാത്രി പന്ത്രണ്ട് മണിക്കാവും ഷൂട്ടിങ് തീരുന്നത്. അതുകഴിഞ്ഞാലും വ്യായാമം ചെയ്യും. 85 കിലോ മുതല്‍ 105 വരെയായിരുന്നു 'ബാഹുബലി'യുടെ സമയത്തെ ഭാരം. അതുകഴിഞ്ഞ് 'സാഹോ'യ്ക്കുവേണ്ടി 10 കിലോ കുറച്ചു. 

പത്തുവര്‍ഷത്തിനുശേഷമുള്ള പ്രഭാസിന്റെ ജീവിതം എങ്ങനെയായിരിക്കും? 
അടുത്ത പത്തുവര്‍ഷത്തെ വ്യക്തിജീവിതം നോക്കുകയാണെങ്കില്‍, എന്റെ കല്യാണം കഴിഞ്ഞ് സെറ്റിലായിട്ടുണ്ടാവും. അന്നും ആളുകളെന്റെ സിനിമകള്‍ കാണണമെന്നാണ് ആഗ്രഹം. അത്രയും കാലം സിനിമയില്‍ നിലനില്‍ക്കുക എന്നതുതന്നെ ഭാഗ്യമാണ്. മമ്മൂട്ടി സാര്‍, മോഹന്‍ലാല്‍ സാര്‍, ജയറാം സാര്‍...ഇവരൊക്കെ മുപ്പതും നാല്‍പ്പതും വര്‍ഷത്തിലധികമായി  ഇന്‍ഡസ്ട്രിയില്‍ തുടരുന്നവരാണ്. ഒരുപാട് അധ്വാനം വേണം അങ്ങനെ നിലനില്‍ക്കാന്‍. പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടിവരും. ജയിക്കുക, തോല്‍ക്കുക...ഓരോ വീഴ്ചയില്‍നിന്നുമെഴുന്നേറ്റ് വീണ്ടും പൊരുതുക...അത്രയുമൊക്കെ സമയം ഞങ്ങളുടെ തലമുറയ്ക്കുണ്ടാവുമോ എന്നറിയില്ല. അവരെപ്പോലെ പൊരുതാന്‍ കഴിവുള്ളവരാണോ ഞങ്ങള്‍ എന്ന കാര്യത്തിലും സംശയമുണ്ട്. എങ്കിലും അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും സിനിമയില്‍ നിലനില്‍ക്കാന്‍ പറ്റുമെന്നാണ് വിശ്വാസം. അതിനുള്ളില്‍ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും പറ്റും. 'ബാഹുബലി' വരെയുള്ള കാലം ഒരൊഴുക്കായിരുന്നു. എന്നാല്‍, അതിനുശേഷമുള്ള ഓരോ ദിവസവും ഓരോ പരീക്ഷണങ്ങളാണ്. ശരിക്കുമൊരു എക്സ്പിരിമെന്റല്‍ സ്റ്റേജ്.  

placeholder
adipurush
ആദിപുരുഷ് പോസ്റ്റര്‍



മലയാളത്തിലെയും തെലുങ്കിലെയും സിനിമകള്‍ തമ്മില്‍ എന്തൊക്കെ വ്യത്യാസങ്ങളാണ് തോന്നിയിട്ടുള്ളത്?
മലയാളം സിനിമ കൂടുതല്‍ റിയലിസ്റ്റിക് ആണ്. വളരെ നാച്വറലാണ് അവരുടെ അഭിനയവും. തെലുങ്കിലും ഇപ്പോള്‍ അങ്ങനെയുള്ള ചില സിനിമകളിറങ്ങുന്നുണ്ട്. അര്‍ജുന്‍ റെഡ്ഡി, പുഷ്പ... പോലുള്ളവ. എങ്കിലും കമേഴ്സ്യല്‍ എന്നതിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. മലയാളത്തില്‍ ലൂസിഫറും കമേഴ്സ്യല്‍ സിനിമയാണ്. പക്ഷേ അതിലും ഒരു റിയല്‍ എലമെന്റ് ഉണ്ട്. പതുക്കെ തെലുങ്കും അങ്ങനെയാവുമായിരിക്കാം.